credit-score

Sharing is caring!

ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് അല്ലെങ്കിൽ സിബിൽ എന്ന സ്ഥാപനത്തിന് ഇന്ത്യയിലെ ധനകാര്യ ഇടപാടുകളിൽ വലിയ പങ്കാണുള്ളത്. സിബിൽ സ്കോർ അല്ലെങ്കിൽ ക്രെഡിറ്റ് സ്കോർ എന്നത് ഒരു വ്യക്തിയുടെ തിരിച്ചടയ്ക്കൽ ശേഷിയേയാണ് സൂചിപ്പിക്കുന്നത്. 300 മുതൽ 900 വരെയുള്ള പരിധിയിലാണ് സിബിൽ സ്കോർ രേഖപ്പെടുത്തുന്നത്. ഉയർന്ന സിബിൽ സ്കോർ ഒരു വ്യക്തിയുടെ മികച്ച സാമ്പത്തിക അച്ചടക്കത്തിന്റെ നേർരേഖയാണ്. സിബിൽ സ്കോർ പ്രധാനപ്പെട്ടതാകുന്നതിന്റെ അഞ്ച് കാരണങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

ലോൺ, ക്രെഡിറ്റ് കാർഡ് എന്നിവ ലഭിക്കുവാൻ

നിങ്ങൾക്ക് ഉയർന്ന സിബിൽ സ്കോർ ഉണ്ടെങ്കിൽ ലോണുകളും ക്രെഡിറ്റ് കാർഡുകളും ലഭിക്കുവാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. പണം കടമായി നൽകുന്നതിന് മുൻപ് നിങ്ങൾ മികച്ച രീതിയിൽ പണം കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്ന് ധനകാര്യ സ്ഥാപനങ്ങൾ ഉറപ്പുവരുത്തുന്നത് സിബിൾ സ്കോറിൻ്റെ സഹായത്തോടുകൂടിയാണ്.

മികച്ച ക്രെഡിറ്റ് സ്കോർ എന്നത് നിങ്ങൾ സാമ്പത്തിക ഉത്തരവാദിത്വമുള്ള വ്യക്തിയാണെന്ന് അർത്ഥമാക്കുന്നുണ്ട്. അങ്ങനെ നിങ്ങളുടെ വിശ്വാസ്യത കൂടുകയും നിങ്ങൾക്ക് ലോണുകളും ക്രെഡിറ്റ് കാർഡുകളും നൽകുവാൻ ധനകാര്യസ്ഥാപനങ്ങൾ തയ്യാറാവുകയും ചെയ്യുന്നു.

ലോണുകളുടെ കുറഞ്ഞ പലിശ നിരക്ക്

മികച്ച ക്രെഡിറ്റ് സ്കോറുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങൾ എടുക്കുന്ന ലോണുകൾക്ക് താരതമ്യേന കുറഞ്ഞ പലിശ നിരക്കായിരിക്കും ചുമത്തുന്നത്. കാരണം നിങ്ങളുമായിട്ടുള്ള പണം ഇടപാടിൽ ധനകാര്യ സ്ഥാപനങ്ങൾ കാണുന്ന റിസ്ക് കുറവായിരിക്കും.

credit-cards

അതുപോലെ തന്നെ കുറഞ്ഞ സ്കോറുള്ള വ്യക്തികൾക്ക് ലോണുകൾ ലഭ്യമാകുമ്പോൾ ഉയർന്ന പലിശ ആയിരിക്കും ചുമത്തപ്പെടുന്നത്. അങ്ങനെയുള്ളവർക്ക് ക്രെഡിറ്റ് കാർഡ് ലഭ്യമാകുവാനും ബുദ്ധിമുട്ടായിരിക്കും. വലിയ സാമ്പത്തിക ബാധ്യതകൾ വരുത്തി വയ്ക്കാതെ ന്യായമായ പലിശ നിരക്കിൽ ലോണുകൾ ലഭ്യമാകണമെങ്കിൽ മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുവാൻ ശ്രമിക്കുക. ധനകാര്യ സ്ഥാപനങ്ങൾ എല്ലായിപ്പോഴും മികച്ച ക്രെഡിറ്റ് സ്കോറുള്ള വ്യക്തികൾക്കാണ് മുൻഗണന നൽകുന്നത്. 

ലോണിന് ആവശ്യമായ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നു

ഒരു നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ ലോണുമായി  ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുവാൻ സാധിക്കുന്നതാണ്. മികച്ച ക്രെഡിറ്റ് സ്കോറുള്ളവരുടെ ലോൺ അപേക്ഷകൾ ധനകാര്യസ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ പരിഗണിക്കുന്നു.

ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവരിൽ നിന്നും താരതമ്യേന കുറച്ച് രേഖകൾ മാത്രമേ ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടുകയുള്ളൂ. വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ലോൺ തുക നൽകുന്നതിനാൽ   അപേക്ഷകന് ബുദ്ധിമുട്ടുകളൊന്നും തന്നെ അനുഭവിക്കേണ്ടി വരുന്നില്ല.

മികച്ച ഓഫറുകൾ ആവശ്യപ്പെടാനുള്ള അവസരം

മികച്ച ക്രെഡിറ്റ് സ്കോറുള്ള വ്യക്തികൾക്ക് ലോണുകൾ ആവശ്യമുണ്ടെങ്കിൽ തങ്ങളുടെ ക്രെഡിറ്റ് സ്കോർ മുൻനിർത്തി ധനകാര്യ സ്ഥാപനങ്ങളോട് മികച്ച ഓഫറുകൾ ആവശ്യപ്പെടുവാനുള്ള അവസരമുണ്ട്. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തികൾക്ക് നിബന്ധനകളിലും, പലിശ നിരക്കിലും, ഉയർന്ന ലോൺ തുകയിലും, തിരിച്ചടയ്ക്കേണ്ട തവണകളിലും തുടങ്ങി ലോണുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തങ്ങളുടെ താൽപര്യങ്ങൾ ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ച ചെയ്യാവുന്നതാണ്.

new-house-financial-goals

ധനകാര്യ സ്ഥാപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ കർശനമായി പാലിക്കുന്നതിന് പകരം വിലപേശുവാനുള്ള ശേഷിയുള്ളവർക്ക് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ നേട്ടം നേടുവാനും സൗകര്യപൂർവ്വം തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കാനും സാധിക്കുന്നു.

മറ്റ് ധനകാര്യ ഉപകരണങ്ങളും സേവനങ്ങളും ലഭ്യമാകുവാൻ

മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുക വഴി പല ധനകാര്യ ഉപകരണങ്ങളും സേവനങ്ങളും വളരെ എളുപ്പത്തിൽ നിങ്ങൾക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നു. ലോണുകളും ക്രെഡിറ്റ് കാർഡുകളും കൂടാതെ ഇൻഷുറൻസുകൾക്കും, വാടകയ്ക്ക് താമസസ്ഥലം ലഭ്യമാകുവാനും, ചില ജോലികൾ ലഭിക്കാനും ഉയർന്ന ക്രെഡിറ്റ് സ്കോർ അനിവാര്യമാണ്.

അതായത് മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വ്യത്യസ്ത മേഖലകളിൽ കൂടുതൽ അവസരങ്ങൾ ഒരു വ്യക്തിക്ക് ലഭിക്കും.

സംഗ്രഹം

നിലവിലെ സാമ്പത്തിക ലോകത്ത് മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കുക എന്നത് അനിവാര്യമായ ഒന്നാണ്. ഒരു വ്യക്തിയുടെ വിശ്വാസ്യതയുടെ അളവുകോലാണ് ക്രെഡിറ്റ് സ്കോർ എന്ന് പറയാൻ കഴിയും. സിബിൽ സ്കോർ പ്രധാനപ്പെട്ടതാകുന്നതിന്റെ കാരണങ്ങൾ മനസ്സിലാക്കുവാനും അത് കൃത്യമായി കൈകാര്യം ചെയ്യുവാനും ശ്രമിക്കുക. മികച്ച സ്കോർ നിലനിർത്തുക വഴി ഭാവിയിൽ കൂടുതൽ ഗുണങ്ങൾ ലഭ്യമാകുവാനും പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാനും നിങ്ങൾക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം

ജീവിതത്തിലെ പല സാഹചര്യങ്ങളിൽ മുന്നോട്ടു പോകുവാനായി പലർക്കും ലോണുകളേയും പലതരത്തിലുള്ള കടങ്ങളേയും ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാൽ…

ഇ എം ഐ ഇടപാടുകൾ നടത്തുമ്പോൾ ഒഴിവാക്കേണ്ട 7 തെറ്റുകൾ

നിങ്ങൾ പണം കടം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നിങ്ങളുടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കേണ്ടത് വളരെ…

കടക്കെണിയിൽ നിന്നും എങ്ങനെ എളുപ്പത്തിൽ കരകയറാം

ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക പ്രതിസന്ധി എന്താണ് എന്ന ചോദ്യത്തിന് ഏറ്റവും ശരിയായ ഉത്തരം ലോണുകൾ…

കടങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുവാൻ സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന 5 ടിപ്പുകൾ

സ്വന്തം സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഉണ്ടായിരിക്കുക എന്നാൽ കേവലം കൈവശമുള്ള പണം കൈകാര്യം ചെയ്യുന്നതിൽ ഉപരിയായി…