debt-repayment

Sharing is caring!

സ്വന്തം സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഉണ്ടായിരിക്കുക എന്നാൽ കേവലം കൈവശമുള്ള പണം കൈകാര്യം ചെയ്യുന്നതിൽ ഉപരിയായി സാമ്പത്തിക സ്വാതന്ത്ര്യമുള്ള ഒരു ഭാവിക്കായി കൈക്കൊള്ളുന്ന ചുവടുവെപ്പാണ്. പല സാഹചര്യങ്ങളിലായി ഒരു വ്യക്തിക്ക് ഉണ്ടാകുന്ന കടങ്ങൾ കൃത്യമായി കൈകാര്യം ചെയ്യണമെങ്കിൽ ശരിയായ അറിവും മനോഭാവവും അനിവാര്യമാണ്. കടങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ സഹായിക്കുന്ന ചില കാര്യങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന ചില ടിപ്പുകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

ബഡ്ജറ്റ് തയ്യാറാക്കുക

വരവ് ചെലവുകൾ കൃത്യമായി മനസ്സിലാക്കുവാൻ ഒരു ബഡ്ജറ്റ് തയ്യാറാക്കുക. ഓരോ മാസവും നിങ്ങളുടെ പണം എങ്ങനെയെല്ലാമാണ് ചെലവഴിക്കപ്പെടുന്നതെന്നും എവിടെയെല്ലാമാണ് നിങ്ങൾക്ക് ചെലവ് ചുരുക്കുവാൻ സാധിക്കുന്നതെന്നും അതുവഴി എങ്ങനെ കടങ്ങൾ വേഗം ഒഴിവാക്കാമെന്നും കണ്ടെത്തുവാൻ ബഡ്ജറ്റ് നിങ്ങളെ സഹായിക്കും.

preparing-monthly-budget

ബഡ്ജറ്റ് തയ്യാറാക്കുവാനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ആകെയുള്ള വരുമാനം കണക്കാക്കുക എന്നതാണ്. അതിനുശേഷം വീട്ടു വാടക, കരണ്ട് ബില്ല്, വാട്ടർ ബില്ല്, വിനോദം, പലചരക്ക് സാധനങ്ങൾ തുടങ്ങിയ ചെലവുകൾ ഓരോന്നായി രേഖപ്പെടുത്തുക. പണം ചെലവഴിക്കേണ്ട ഓരോ മേഖലയുടേയും പ്രാധാന്യം അനുസരിച്ച് നിങ്ങളുടെ വരുമാനത്തിൽ നിന്നും എത്ര ശതമാനം വീതമാണ് ഓരോന്നിലേക്ക് മാറ്റിവയ്ക്കേണ്ടത് എന്ന് തിരിച്ചറിയുക.

കടം തിരിച്ചടയ്ക്കുന്നതിന് കൂടുതൽ പണം കണ്ടെത്തുവാൻ ഏതെല്ലാം മേഖലകളിലെ ചെലവുകൾ ഒഴിവാക്കാമെന്ന് കണ്ടെത്തുന്നത് വഴി സാധിക്കും.

മുൻഗണന ക്രമം  നിശ്ചയിച്ച ശേഷം കടങ്ങൾ തിരിച്ചടയ്ക്കുക

ഏതെല്ലാം കടങ്ങളാണ് നിങ്ങൾക്കുള്ളതെന്നും എത്ര ശതമാനം പലിശയാണ് ഓരോ കടങ്ങൾക്കും നൽകേണ്ടി വരുന്നതെന്നും രേഖപ്പെടുത്തിയ ഒരു ലിസ്റ്റ് തയ്യാറാക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് ആകെ എത്ര കടം ഉണ്ടെന്നും എത്ര തുകയാണ് നിങ്ങൾ പലിശയിനത്തിൽ ഓരോ മാസവും തിരിച്ചടയ്ക്കുന്നതെന്നും മനസ്സിലാക്കുവാൻ സാധിക്കും.

ഏത് കടത്തിനാണ് ഏറ്റവുമധികം പലിശ ചുമത്തപ്പെടുന്നതെന്ന് കണ്ടെത്തുക. ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് കൂടുതൽ പണം നൽകേണ്ടിവരുന്ന ഉയർന്ന പലിശയുള്ള കടങ്ങൾ തിരിച്ചടയ്ക്കുന്നതിന് മുൻഗണന നൽകുക.

ഏറ്റവും ഉയർന്ന പലിശയുള്ള കടം ആദ്യം അടച്ച് ഒഴിവാക്കിയ ശേഷം നൽകേണ്ടി വരുന്ന പലിശക്കനുസരിച്ച് ഓരോ കടങ്ങളായി ഒഴിവാക്കുവാൻ സാധിക്കണം. പലിശയിനത്തിൽ വലിയ തുക നൽകേണ്ടി വരുന്ന കടങ്ങൾക്കായി കൂടുതൽ തുക നീക്കിവയ്ക്കുമ്പോൾ നിങ്ങളുടെ മൊത്തം കടം വീട്ടുന്നതിൻ്റെ വേഗത വർദ്ധിക്കുന്നു.

എമർജൻസി ഫണ്ട്

അപ്രതീക്ഷിതമായി ജീവിതത്തിൽ കടന്നുവരുന്ന ചെലവുകൾക്ക് പണം കണ്ടെത്താൻ നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം എമർജൻസി ഫണ്ടിലേക്ക് മാറ്റിവയ്ക്കുക. സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു ജീവിതത്തിന് എമർജൻസി ഫണ്ട് അനിവാര്യമാണ്. അത്യാവശ്യഘട്ടങ്ങളിൽ ഉയർന്ന പലിശ നൽകേണ്ടിവരുന്ന ലോണുകളും, ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെങ്കിൽ നമുക്ക് മതിയായ നീക്കിയിരിപ്പ് ഉണ്ടായിരിക്കണം.

ജീവിതത്തിൽ അനാവശ്യമായ ടെൻഷൻ ഒഴിവാക്കുവാനും സുരക്ഷിതത്വ ബോധം കൈവരിക്കുവാനും എമർജൻസി ഫണ്ട് നമ്മെ സഹായിക്കുന്നു. അതുകൊണ്ടു തന്നെ എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നതിനു മുൻഗണന നൽകുക.

വരുമാനം വർദ്ധിപ്പിക്കുക

നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളിൽ പുരോഗമനം ഉണ്ടാകണമെങ്കിൽ വരുമാനം നെടുവാനുള്ള കൂടുതൽ വഴികൾ കണ്ടെത്തുവാൻ ശ്രമിക്കണം. ഒരു പാർടൈം ജോലിയിലോ അല്ലെങ്കിൽ നിങ്ങളുടെ അഭിരുചി അനുസരിച്ചുള്ള ഫ്രീലാൻസ് ജോലികളിലോ ഏർപ്പെടുന്നത് വഴി നിങ്ങൾക്ക് അധിക വരുമാനം കണ്ടെത്താവുന്നതാണ്. നിങ്ങളുടെ കൈവശം ഉപയോഗമില്ലാത്ത വസ്തുക്കൾ ഉണ്ടെങ്കിൽ അവ വിറ്റൊഴിവാക്കിയും പണം നേടാവുന്നതാണ്.

നിങ്ങൾ നേടുന്ന ഓരോ രൂപയും നിങ്ങളുടെ ബാധ്യതകൾ ഒഴിവാക്കുവാനായി ഉപയോഗിക്കുക. കൂടുതൽ പണം നേടാൻ ശ്രമിക്കുക, അതിലൂടെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കും.

പല കടങ്ങൾ ഒരു കടമായി മാറ്റുക

പലയിടങ്ങളിലായി നിങ്ങൾക്ക്  കടങ്ങൾ ഉണ്ടെങ്കിൽ ഓരോ മാസവും പലയിടങ്ങളിലായി തവണകൾ അടയ്ക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു സ്ഥലത്ത് നിന്ന് വലിയ തുക ലോണായി ലഭിക്കുവാൻ സാധ്യതയുണ്ടെങ്കിൽ ആ തുക ഉപയോഗിച്ചു നിങ്ങളുടെ കടങ്ങളുടെ എണ്ണം ഒന്നായി ചുരുക്കുവാൻ ശ്രമിക്കുക. ഒരു ലോൺ അല്ലെങ്കിൽ ഒരു ക്രെഡിറ്റ് കാർഡിൽ മാത്രം പണം തിരിച്ചടയ്ക്കുമ്പോൾ വളരെ ശ്രദ്ധാപൂർവ്വം ആ കടം കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നു.

create-budget

വ്യത്യസ്ത മാർഗങ്ങളിൽ നിന്നുള്ള കടങ്ങൾ ഓരോ മാസവും കൈകാര്യം ചെയുമ്പോൾ തിരിച്ചടവിൽ വീഴ്ച്ച വരുത്തുവാനുള്ള സാധ്യത കൂടുതലാണ്. പല കടങ്ങൾ ഒന്നായി മാറ്റുമ്പോൾ ആ കടം വളരെ വേഗത്തിൽ അടച്ചു തീർക്കുവാനുള്ള പ്രേരണ നിങ്ങളിൽ ഉണ്ടാകുന്നു. 

സംഗ്രഹം

കടങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ സമയവും അച്ചടക്കവും ആവശ്യമാണ്. ആത്മസമർപ്പണവും കൃത്യമായ തന്ത്രങ്ങളും ഉണ്ടെങ്കിൽ ഏതൊരു വ്യക്തിക്കും സാമ്പത്തിക സ്വാതന്ത്ര്യം നേടുവാൻ കഴിയും. കടങ്ങൾ കൈകാര്യം ചെയ്യുവാൻ സഹായകരമാകുന്ന മേൽപ്പറഞ്ഞ ടിപ്പുകൾ  ജീവിതത്തിൽ നടപ്പിലാക്കുക. സാവധാനമാണെങ്കിലും എല്ലാവിധത്തിലുമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ നിങ്ങൾക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കടക്കെണിയിൽ നിന്നും എങ്ങനെ എളുപ്പത്തിൽ കരകയറാം

ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക പ്രതിസന്ധി എന്താണ് എന്ന ചോദ്യത്തിന് ഏറ്റവും ശരിയായ ഉത്തരം ലോണുകൾ…

ഇ എം ഐ ഇടപാടുകൾ നടത്തുമ്പോൾ ഒഴിവാക്കേണ്ട 7 തെറ്റുകൾ

നിങ്ങൾ പണം കടം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നിങ്ങളുടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കേണ്ടത് വളരെ…

സിബിൽ സ്കോർ പ്രധാനപ്പെട്ടതാകുന്നതിൻ്റെ അഞ്ച് കാരണങ്ങൾ

ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് അല്ലെങ്കിൽ സിബിൽ എന്ന സ്ഥാപനത്തിന് ഇന്ത്യയിലെ ധനകാര്യ ഇടപാടുകളിൽ…

അവലാഞ്ച് മെത്തേഡ്, സ്നോബോൾ മെത്തേഡ് ; ഏതാണ് കടം വീട്ടുവാൻ പിന്തുടരേണ്ട ഏറ്റവും മികച്ച രീതി

നിങ്ങളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കുന്നതിനാൽ തന്നെ കടമെടുത്ത പണം തിരച്ചടയ്ക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.…