money-management-methods-clock-coins

Sharing is caring!

സമൂഹത്തിലെ വ്യക്തികളെ അവരുടെ കൈവശമുള്ള പണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി വേർതിരിക്കുവാൻ സാധിക്കും. ആവശ്യത്തിന് പണം കൈവശമില്ലാത്തവരായ ദരിദ്ര വിഭാഗം, ആവശ്യത്തിനു മാത്രം പണം കൈവശമുള്ള മധ്യവർഗ്ഗം, ആവശ്യത്തിൽ കൂടുതൽ പണം കൈവശമുള്ള ധനികർ എന്നിങ്ങനെയാണ് വ്യക്തികളെ മൂന്ന് വിഭാഗങ്ങളായി വേർതിരിക്കാനാവുക. മൂന്ന് വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികളും ഒരുപോലെ പിന്തുടരേണ്ട ഒന്നാണ് മണി മാനേജ്മെന്റ് അല്ലെങ്കിൽ പണം കൃത്യമായി കൈകാര്യം ചെയ്യുക എന്നത്.

സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിച്ച് അതിലേക്ക് എത്രയും വേഗം എത്തിച്ചേരുവാൻ പ്രയത്നിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾ തീർച്ചയായും ഒരു മണി മാനേജ്മെന്റ് രീതി പിന്തുടരേണ്ടതുണ്ട്. പല രീതിയിൽ പണം കൈകാര്യം ചെയ്യാമെങ്കിലും ലോകത്തിൽ തന്നെ ഏറ്റവും അധികം വ്യക്തികൾ വിജയകരമായി നടപ്പിലാക്കിയ മണി മാനേജ്മെന്റ് രീതിയാണ് സിക്സ് ജാർ മണി മാനേജ്മെന്റ് രീതി.

women-with-money-in-hand-money-management

സീക്രട്ട്സ് ഓഫ് ദ മില്യണർ മൈൻഡ് എന്ന പുസ്തകത്തിന്റെ രചയിതാവായ ഹാർവ് എക്കർ മുന്നോട്ടുവെച്ച മണി മാനേജ്മെന്റ് രീതിയാണ് സിക്സ് ജാർ മണി മാനേജ്മെന്റ് രീതി. ഒരു വ്യക്തിക്ക് പണം ലഭ്യമാകുമ്പോൾ തന്നെ ആ പണം ഒരു നിശ്ചിത അനുപാതത്തിൽ ആറായി ഭാഗിച്ച് ആറ് വ്യത്യസ്ത അക്കൗണ്ടുകളിലായി മാറ്റിവയ്ക്കുകയും മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾക്ക് വേണ്ടി മാത്രം അതിനായി മാറ്റിവെച്ച അക്കൗണ്ടിൽ നിന്നും പണം ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണ് സിക്സ് ജാർ മണി മാനേജ്മെന്റ് രീതി.

ആദ്യ കാലത്ത് ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ഭരണികളിൽ പണം സൂക്ഷിച്ചിരുന്നതിനാലാണ് ഈ രീതിക്ക് ഇങ്ങനെയൊരു പേര് വന്നത്. നിലവിൽ ബാങ്ക് അക്കൗണ്ടുകളിൽ മാത്രമല്ലാതെ മ്യൂച്വൽ ഫണ്ടുകൾ, സ്വർണ്ണം പോലെയുള്ള വ്യത്യസ്ത നിക്ഷേപ മാർഗ്ഗങ്ങളിലായി പണം മാറ്റിവയ്ക്കുവാൻ സാധിക്കും. സിക്സ് ജാർ മണി മാനേജ്മെന്റ് രീതിയിൽ ഏതെല്ലാം ആവശ്യങ്ങൾക്കാണ് പണം മാറ്റിവയ്ക്കേണ്ടതെന്നും, പണം മാറ്റിവയ്ക്കേണ്ട അനുപാതം എത്രയാണെന്നും വ്യക്തമായി മനസ്സിലാക്കാം.

ഫിനാൻഷ്യൽ ഫ്രീഡം അക്കൗണ്ട് ( സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അക്കൗണ്ട് )

സിക്സ് ജാർ മണി മാനേജ്മെന്റ് രീതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടി മാറ്റിവയ്ക്കുന്ന അക്കൗണ്ട്. നിങ്ങൾക്ക് ലഭ്യമായ ആകെ വരുമാനത്തിന്റെ 10 ശതമാനമാണ് ഈ അക്കൗണ്ടിൽ സൂക്ഷിക്കേണ്ടത്. സ്വത്ത് സമ്പാദിക്കുവാനും സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനുമല്ലാതെ മറ്റൊരാവശ്യത്തിനും ഈ അക്കൗണ്ടിൽ നിന്നും പണം ചെലവഴിക്കരുത്.

ലോങ്ങ് ടേം സേവിംഗ്സ് ഫോർ സ്പെൻടിംഗ് ( ചെലവുകൾക്ക് വേണ്ടി ദീർഘകാലയളവിലുള്ള നീക്കിയിരിപ്പ് )

investment-strategies-by-a-man-doing-calculations

പലപ്പോഴും നമ്മൾ ചെലവുകൾ നടത്തുന്നതിനായി പണം മാറ്റി വയ്ക്കാറില്ല. ഒരു വാഹനം വാങ്ങുക, മൊബൈൽ ഫോൺ സ്വന്തമാക്കുക തുടങ്ങി കുറച്ചധികം പണം ചെലവാകുന്ന കാര്യങ്ങൾ ഒന്നും തന്നെ നാം മുൻകൂട്ടി ആസൂത്രണം ചെയ്ത് അതിനാവശ്യമായ പണം കണ്ടെത്താറില്ല. ധനികരായ വ്യക്തികൾ അവരുടെ ചെലവുകൾ മുൻകൂട്ടി കണ്ട് അതിനായി പണം മാറ്റിവയ്ക്കാൻ ശ്രമിക്കാറുണ്ട് ഇവിടെയും ആകെ വരുമാനത്തിന്റെ 10 ശതമാനം ആണ് മാറ്റിവയ്ക്കേണ്ടത്.

എജ്യൂക്കേഷൻ ജാർ ( വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള അക്കൗണ്ട് )

ഒരു വ്യക്തിയുടെ വരുമാനത്തിന്റെ 10 ശതമാനമെങ്കിലും സ്വന്തമായി വിദ്യാഭ്യാസം നേടുവാൻ മാറ്റിവയ്ക്കേണ്ടതാണ്. ഭൂരിഭാഗം വ്യക്തികളും പണം മാറ്റിവയ്ക്കാൻ മടിക്കുന്ന കാര്യമാണിത്. സാമ്പത്തിക പുരോഗതിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിന് ആവശ്യമുള്ള അറിവുകൾ നേടാനായി പണവും സമയവും മാറ്റിവയ്ക്കുവാൻ നിങ്ങൾ തയ്യാറാകണം. സാമ്പത്തിക സാക്ഷരതയുള്ള വ്യക്തിക്ക് മാത്രമേ തനിക്ക് ലഭ്യമായ വരുമാനം കൃത്യമായ രീതിയിൽ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ.

പുസ്തകങ്ങൾ വായിക്കുക, വെബിനാറുകളിലും സെമിനാറുകളിലും പങ്കെടുക്കുക, വീഡിയോകൾ കാണുക, വിദഗ്ധരുടെ ക്ലാസുകൾ കേൾക്കുക തുടങ്ങി പല മാർഗ്ഗങ്ങളിലൂടെ നമുക്ക് അറിവ് വർദ്ധിപ്പിക്കാൻ സാധിക്കും. ഈ അക്കൗണ്ടിൽ മാറ്റിവയ്ക്കുന്ന പണം ഉപയോഗിച്ച് എല്ലാ മാസവും അല്ലെങ്കിൽ വർഷത്തിലൊരിക്കലെങ്കിലും ആവശ്യമുള്ള അറിവുകൾ നേടുവാൻ ശ്രമിക്കേണ്ടതാണ്.

നെസസിറ്റീസ് ജാർ ( അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയുള്ള അക്കൗണ്ട് )

മാസം തോറുമുള്ള ബില്ലുകൾ, ഭക്ഷണം, വസ്ത്രം തുടങ്ങി ഒരു വ്യക്തിക്ക് ഒഴിച്ചുകൂടാനാകാത്ത എല്ലാ കാര്യങ്ങൾക്കുമുള്ള ചെലവുകൾ കണ്ടെത്തേണ്ടത് ഈ അക്കൗണ്ടിൽ നിന്നാണ്. നിങ്ങളുടെ വരുമാനത്തിന്റെ 55 ശതമാനം ഈ അക്കൗണ്ടിൽ മാറ്റി വയ്ക്കേണ്ടതാണ്. ഒരു വ്യക്തിയുടെ ആകെ വരുമാനത്തിന്റെ 55 ശതമാനത്തിൽ അധികം തുക അത്യാവശ്യ കാര്യങ്ങൾക്കായി മാറ്റി വയ്ക്കേണ്ട സാഹചര്യമാണെങ്കിൽ ആ വ്യക്തി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരിക്കും, അല്ലെങ്കിൽ ആ വ്യക്തി സാമ്പത്തിക തകർച്ചയിൽ എത്തിച്ചേരുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയേണ്ടിവരും.

ഇത്തരം ഒഴിവാക്കാനാകാത്ത ചെലവുകൾ നിങ്ങളുടെ വരുമാനത്തിന്റെ 55 ശതമാനത്തേക്കാൾ കൂടുതൽ ആണെങ്കിൽ എത്രയും വേഗം ഇത്തരം ചെലവുകൾ ആ പരിധിയിൽ താഴെ നിർത്തി സിക്സ് ജാർ മണി മാനേജ്മെന്റ് രീതിയിൽ പറയുന്നതുപോലെ എല്ലാ അക്കൗണ്ടുകളിലും കൃത്യമായി പണം മാറ്റിവയ്ക്കാൻ ആത്മാർത്ഥമായി ശ്രമിക്കേണ്ടതാണ്.

പ്ലേ ജാര്‍ അഥവാ എന്റർടൈൻമെന്റ് ജാർ ( വിനോദത്തിന് വേണ്ടിയുള്ള അക്കൗണ്ട് )

ഒരു വ്യക്തിയുടെ വരുമാനത്തിന്റെ 10 ശതമാനമാണ് ഈ അക്കൗണ്ടിൽ മാറ്റിവെക്കേണ്ടത്. കഠിനാധ്വാനം ചെയ്യുക മാത്രമല്ല ജീവിതത്തിനാവശ്യമായ വിനോദത്തിനായി പണവും സമയവും കണ്ടെത്തേണ്ടത് വ്യക്തികളുടെ മാനസികാരോഗ്യത്തിന് ഒഴിവാക്കാനാകാത്ത കാര്യമാണ്. ഈ അക്കൗണ്ടിലെ പണം ഉപയോഗിച്ച് ആറു മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ വർഷത്തിലൊരിക്കലെങ്കിലും വ്യക്തികളുടെ ഇഷ്ടാനുസരണം വിനോദയാത്ര ഷോപ്പിംഗ് തുടങ്ങി ഏതൊരു കാര്യവും ചെയ്യാവുന്നതാണ്.

saving-money-for-spending-vacation

വിനോദത്തിനായി കണക്കില്ലാതെ പണം ചെലവാക്കുന്നതിന് പകരം കൃത്യമായ ആസൂത്രണത്തിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാത്ത രീതിയിൽ വിനോദ പരിപാടികൾക്കായി പണം കണ്ടെത്തുവാൻ ഇത്തരത്തിൽ സാധിക്കുന്നതാണ്.

ഗിവ് ജാർ അഥവാ ഡൊണേഷൻസ് ആൻഡ് ചാരിറ്റി അക്കൗണ്ട് ( ദാനധർമ്മങ്ങൾക്ക് വേണ്ടിയുള്ള അക്കൗണ്ട് )

ഒരു വ്യക്തിയുടെ വരുമാനത്തിന്റെ 5 ശതമാനമാണ് ഈ അക്കൗണ്ടിലേക്ക് മാറ്റി വയ്ക്കേണ്ടത്. കഷ്ടതകൾ അനുഭവിക്കുന്ന പാവപ്പെട്ടവർക്കോ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കോ അല്ലെങ്കിൽ ഏതൊരു മാർഗ്ഗത്തിലൂടെ ആയാലും ഈ അക്കൗണ്ടിലെ പണം ദാനധർമ്മങ്ങൾക്കായി ഉപയോഗിക്കേണ്ടതാണ്. അർഹതപ്പെട്ടവർക്ക് കൂടുതൽ നൽകുന്നത് കൂടുതൽ സമ്പത്ത് നേടുവാൻ നിങ്ങളെ സഹായിക്കും എന്ന ചിന്താഗതിയാണ് ഇവിടെ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നത്. ലാഭേച്ഛയില്ലാതെ ദാനധർമ്മങ്ങൾ നടത്തുമ്പോൾ ലഭിക്കുന്ന മാനസികമായ സംതൃപ്തിയാണ് ഇവിടെ നമുക്ക് ലഭിക്കുന്ന പ്രതിഫലം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പണപ്പെരുപ്പം നിക്ഷേപകരെ ബാധിക്കുന്നത് എങ്ങനെയാണ്

സമൂഹത്തിലെ ഇടത്തരക്കാരായ മനുഷ്യരുടെ ജീവിതത്തിൻറെ താളം തെറ്റിക്കുന്ന പ്രധാനപ്പെട്ട വില്ലനായി പണപ്പെരുപ്പം അല്ലെങ്കിൽ വിലക്കയറ്റം എന്ന…

സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കുവാൻ പിന്തുടരേണ്ട ഏഴ് കാര്യങ്ങൾ

വ്യക്തവും പ്രായോഗികവുമായ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് സാമ്പത്തികമായ വിജയം കൈവരിക്കാൻ കഴിയുക. നിങ്ങളുടെ…

നെപ്പോളിയൻ ഹിൽ നൽകുന്ന പാഠങ്ങൾ

സ്വപ്രയത്നത്താൽ സാമ്പത്തികമായി വളരെ ഉയർന്ന നിലയിലെത്തി നിൽക്കുന്നവരിൽ പലരും, സാമ്പത്തിക വിദഗ്ധരായ വ്യക്തികളും, സാമ്പത്തിക രംഗത്തെ…

കോടീശ്വരൻ ആകാൻ 15-15-15 നിയമം പിന്തുടരാം

എന്തുകൊണ്ട് ധനികൻ ആവുന്നില്ല എന്ന ചോദ്യത്തിന് പൊതുവേ ലഭിക്കുന്ന ഉത്തരം വരുമാനം കുറവായതിനാൽ സാധിക്കുന്നില്ല എന്നതാണ്.…