person-walking-looking-his-phone-successful-businessman

Sharing is caring!

ലഭിക്കുന്ന വരുമാനം എത്ര തന്നെയായാലും ആ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ പല കാരണങ്ങളാൽ നല്ലൊരു ശതമാനം വ്യക്തികൾക്കും അവരാഗ്രഹിക്കുന്ന രീതിയിൽ സമ്പത്ത് സൃഷ്ടിക്കുവാനും നിക്ഷേപങ്ങൾ നടത്തുവാനും സാധിക്കുന്നില്ല എന്നതാണ് വാസ്തവം. വളരെയധികം ആഗ്രഹമുണ്ടായിട്ടും കഠിനാധ്വാനം ചെയ്തിട്ടും മികച്ച നിക്ഷേപങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിൽ പലരും പരാജയപ്പെടുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

വികാരപരമായ തീരുമാനങ്ങൾ

പല വ്യക്തികളും ഒരു നല്ല നിക്ഷേപകനായി മാറാത്തതിന്റെ പ്രധാനപ്പെട്ട കാരണം അവരിൽ ഉണ്ടാകുന്ന അനാവശ്യമായ ഭയമാണ്. നഷ്ട സാധ്യത തീരെ ഇല്ലാത്ത സ്ഥിരതയുള്ള നിക്ഷേപ മാർഗ്ഗങ്ങൾ മാത്രം കണ്ടു പരിചരിച്ചവർ ആയിരിക്കും ഇത്തരക്കാർ. നിക്ഷേപത്തിലൂടെ ലഭിക്കുന്ന നേട്ടത്തിനേക്കാൾ ഉപരിയായി തങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം സുരക്ഷിതമായിരിക്കണം എന്നത് മാത്രമായിരിക്കും ഇവരുടെ പരിഗണന. നിക്ഷേപിക്കുന്ന തുകയ്ക്ക് നിശ്ചിതമായ നേട്ടം ഉറപ്പു നൽകുന്ന ബാങ്കുകളിലെ ഫിക്സഡ് ഡെപ്പോസിറ്റ് പോലെയുള്ള മാർഗ്ഗങ്ങളിലായിരിക്കും ഇവർ പണം നിക്ഷേപിക്കുന്നത്.

സ്ഥിര നിക്ഷേപദ്ധതിയിലൂടെ ഉറപ്പു നൽകുന്ന നേട്ടം ലഭ്യമാകുന്നുണ്ടെങ്കിലും ഇത്തരം നിക്ഷേപ മാർഗ്ഗങ്ങളിലൂടെ പണപ്പെരുപ്പത്തിന്റെ നിരക്കിനെ തരണം ചെയ്യുവാൻ സാധിക്കുകയില്ല. പ്രായോഗികതലത്തിൽ ചിന്തിക്കുമ്പോൾ, വിലക്കയറ്റ നിരക്കിനേക്കാൾ ഏറെ കുറഞ്ഞ നേട്ടം ലഭിക്കുന്നതിനാൽ തന്നെ സമ്പ്രദായികമായ നിക്ഷേപ മാർഗ്ഗങ്ങളെ മാത്രം ആശ്രയിക്കുന്നവരുടെ വാങ്ങൽ ശേഷിയിൽ കാര്യമായ ഇടിവ് ഉണ്ടാവുന്നതായി കാണാൻ കഴിയും. അനാവശ്യമായ ഭീതി ഒഴിവാക്കി സുരക്ഷിതത്വത്തിനോടൊപ്പം ലാഭ സാധ്യതയും കൂടി പരിഗണിച്ചുകൊണ്ട് മികച്ച നിക്ഷേപ സാധ്യതകൾ കണ്ടെത്തി നിക്ഷേപിക്കുവാൻ ഇത്തരം വ്യക്തികൾ ശ്രമിക്കേണ്ടതാണ്.

select-mutual-fund-account-types

മേൽപറഞ്ഞ സ്വഭാവത്തിന് നേരെ വിപരീത സ്വഭാവമുള്ളവരാണ് അത്യാഗ്രഹികളായ വ്യക്തികൾ. ഏതെങ്കിലും നിക്ഷേപ മാർഗ്ഗത്തിൽ നിന്ന് തെറ്റില്ലാത്ത നേട്ടം ലഭിച്ച ശേഷം ഇക്കൂട്ടർ കൂടുതൽ ലാഭം ലഭിക്കുവാൻ കയ്യിലുള്ള മുഴുവൻ തുകയും ആ നിക്ഷേപ മാർഗ്ഗത്തിൽ മാത്രമായി നിക്ഷേപിക്കാൻ തയ്യാറാകുന്നു. നിക്ഷേപത്തിലൂടെ ലഭിച്ചേക്കാവുന്ന ലാഭം മാത്രമാണ് ഇത്തരക്കാർ പരിഗണിക്കുന്നത്. പൊന്മുട്ടയിടുന്ന താറാവായി നിക്ഷേപങ്ങളെ കാണുന്ന ഇവർക്ക് പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും വലിയ നഷ്ടം സംഭവിക്കുന്നത്.

വിപണി ഉയർന്ന നിലയിൽ വ്യാപാരം ചെയ്യുമ്പോൾ വിപണി കൂടുതൽ ഉയരങ്ങളിൽ എത്തുമെന്ന് ചിന്തിച്ചു കൂടുതൽ നേട്ടം നേടുവാനായി നിക്ഷേപിക്കുന്നവർക്ക് വിപണിയിൽ തിരുത്തൽ ഉണ്ടാകുമ്പോൾ വലിയ നഷ്ടമാണ് സംഭവിക്കുന്നത്. ഓഹരി നിക്ഷേപത്തിന്റെ കാര്യത്തിൽ മാത്രമല്ല സ്വർണ്ണം, റിയൽ എസ്റ്റേറ്റ് തുടങ്ങി ഏത് നിക്ഷേപ മാർഗ്ഗങ്ങളിലായാലും ലാഭം മാത്രം പരിഗണിച്ചുകൊണ്ട് എടുത്തു ചാടി നിക്ഷേപം നടത്തുന്നത് ശരിയായ പ്രവണതയല്ല.

വാർത്തകളോട് പ്രതികരിക്കുന്ന രീതി

സാമൂഹിക മാധ്യമങ്ങളിലും ദൃശ്യപത്ര മാധ്യമങ്ങളിലും വരുന്ന വാർത്തകളോട് രണ്ടാമതൊന്ന് ചിന്തിക്കാതെ എടുത്തുചാടി പ്രതികരിക്കുന്നത് ഒരു നല്ല നിക്ഷേപകന് യോജിച്ച രീതിയല്ല. ഉദാഹരണത്തിന് ഒരു വ്യക്തി തന്റെ കൈവശമുള്ള പണം ബാങ്കിൽ എഫ് ഡിയായി നിക്ഷേപിച്ച ശേഷം സോഷ്യൽ മീഡിയയിൽ കാണുന്ന അടിസ്ഥാനമില്ലാത്ത ചില വാർത്തകൾ പിൻപറ്റി കൂടുതൽ നേട്ടത്തിനായി നിക്ഷേപം മ്യൂച്വൽ ഫണ്ടുകൾ ഓഹരികൾ തുടങ്ങിയ മറ്റു നിക്ഷേപ മാർഗ്ഗങ്ങളിലേക്ക് ആ വ്യക്തി മാറ്റുന്നു എന്ന് കരുതുക. താൻ ഇപ്പോൾ നടത്തിയ നിക്ഷേപത്തെക്കുറിച്ച് മോശമായ വാർത്തകൾ കേൾക്കുവാൻ ഇടയുണ്ടാകുമ്പോൾ തന്നെ നിക്ഷേപം പിൻവലിക്കുകയും അത് മറ്റൊന്നിലേയ്ക്ക് മാറ്റുവാനും ആ വ്യക്തി ശ്രമിക്കുന്നു.

win-the-game-of-money

ഇങ്ങനെ യാതൊരുവിധ സാമ്പത്തിക ലക്ഷ്യങ്ങളും ഇല്ലാതെ അടിസ്ഥാനമില്ലാത്ത വാർത്തകളോടുള്ള പ്രതികരണമായി അച്ചടക്കമില്ലാത്ത നിക്ഷേപ രീതി പിന്തുടരുന്നവർക്ക് കാലക്രമത്തിൽ അവർക്ക് തീർച്ചയായും ലഭിച്ചിരിക്കേണ്ട നേട്ടം ലഭിക്കാതെ വരുന്നു. സ്വന്തം സാമ്പത്തിക നിലയും ലക്ഷ്യങ്ങളും പരിഗണിച്ച് വ്യക്തമായ കാഴ്ച്പ്പാടോടെയാണ് നാം നിക്ഷേപിക്കാൻ തയ്യാറാകേണ്ടത്. എവിടെയെങ്കിലും കേൾക്കുന്ന വാർത്തകളോട് എടുത്തുചാടി പ്രതികരിക്കാതെ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കുവാൻ ഒരു നല്ല നിക്ഷേപകൻ ശ്രമിക്കേണ്ടതാണ്.

അവസരങ്ങൾക്ക് വേണ്ടി തയ്യാറായിരിക്കുക

ഒരു നല്ല നിക്ഷേപകൻ എല്ലായിപ്പോഴും അവസരങ്ങൾക്ക് വേണ്ടി തയ്യാറായിരിക്കും. ദിവസങ്ങൾക്ക് ശേഷമോ മാസങ്ങൾക്ക് ശേഷമോ ആയിരിക്കില്ല ചിലപ്പോൾ വർഷങ്ങൾക്ക് ശേഷം ആയിരിക്കാം ഒരു നല്ല നിക്ഷേപ സാധ്യത കടന്നുവരുന്നത്. അവസരങ്ങൾ ലഭ്യമായ സമയത്ത് കൃത്യമായി ഉപയോഗിക്കുവാനുള്ള പണം ഒരു നിക്ഷേപകൻ കരുതി വെച്ചിരിക്കണം.

മറ്റൊന്നിനും വേണ്ടിയല്ലാതെ നിക്ഷേപിക്കുവാനുള്ള മികച്ച അവസരങ്ങൾ ഉപയോഗപ്പെടുത്താനായി എല്ലാ നിക്ഷേപകരും കയ്യിൽ പണം കരുതണം എന്ന് ലോക പ്രശസ്ത നിക്ഷേപകൻ വാറൻ ബഫറ്റ് പറഞ്ഞുവെച്ചിരിക്കുന്ന കാര്യമാണ്. ഒരു നല്ല നിക്ഷേപകനായി മാറുവാൻ വ്യക്തികൾക്ക് കൈമുതലായി ഉണ്ടാകേണ്ടത് പണം, ദ്യഢനിശ്ചയം, ധൈര്യം എന്നിവയാണ്. ഈ മൂന്നു ഘടകങ്ങളും നിലനിന്നാൽ മാത്രമേ അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുവാൻ നിക്ഷേപകർക്ക് സാധിക്കുകയുള്ളൂ.

നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് വിശാലമായ കാഴ്ചപ്പാട് ഉണ്ടായിരിക്കുക

best-time-for-investments

നമുക്കിടയിൽ പലർക്കും നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടില്ല എന്നതാണ് വാസ്തവം. എത്രയും വേഗം എങ്ങനെ പണക്കാരനാക്കാം, ഏറ്റവും ലാഭകരമായ ഓഹരി നിക്ഷേപം ഏതാണ്, ക്രിപ്റ്റോ കറൻസിയിലൂടെ എങ്ങനെ കോടികൾ നേടാം ഇങ്ങനെയുളള യൂട്യൂബ് വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെ ഉണ്ടാകുന്നത് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. നിക്ഷേപം നടത്തി വളരെ ചെറിയ കാലയളവിനുള്ളിൽ വലിയ ലാഭം ലഭിക്കണം എന്ന ഇടുങ്ങിയ ചിന്താഗതി ഒരു നല്ല നിക്ഷേപകന് യോജിച്ചതല്ല.

എന്നാൽ നല്ല നിക്ഷേപകനായി മാറുക എന്നത് തീർത്തും വ്യത്യസ്തമായ കാര്യമാണ്. വിശാലമായ കാഴ്ചപ്പാടും യുക്തിസഹമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും അതിന് അത്യാവശ്യമാണ്. വിപണിയിൽ പ്രതീക്ഷിക്കാത്ത അവസരങ്ങളിൽ കയറ്റിറക്കങ്ങൾ സംഭവിക്കാം, ഒരുപക്ഷേ വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാകാതിരിക്കാം ഇങ്ങനെയുള്ള വ്യത്യസ്ത സാഹചര്യങ്ങളിൾ നമ്മുടെ നിക്ഷേപം നിലനിൽക്കണമെങ്കിൽ നാം നിക്ഷേപം വൈവിധ്യവൽക്കരിക്കാൻ തയ്യാറാകേണ്ടതുണ്ട്. കൂടാതെ ഇന്ന് നിക്ഷേപിച്ച് നാളെ ലാഭമെടുക്കാം എന്ന് ചിന്തിക്കാതെ നിക്ഷേപത്തിന് വളരുവാൻ ആവശ്യമുള്ള ന്യായമായ സമയം നൽകേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്.

സാമ്പത്തിക വിദഗ്ധന്റെ സഹായം തേടുക

നിക്ഷേപം നടത്തുന്നതിനെ കുറിച്ചുള്ള പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ വിദഗ്ധാഭിപ്രായം തേടുവാൻ മടി കാണിക്കുന്നത് നല്ലൊരു ശതമാനം നിക്ഷേപകർക്കും സംഭവിക്കുന്ന പിഴവാണ്. ഫീസ് നൽകി ഉയർന്ന ലാഭം ഉറപ്പു നൽകുന്ന ചില ഓഹരികളുടേയും മ്യൂച്വൽ ഫണ്ടുകളുടേയും വിവരങ്ങൾ തരുന്നവരാണ് സാമ്പത്തിക വിദഗ്ധർ എന്ന തെറ്റായ ധാരണയാണ് പലപ്പോഴും നമുക്കിടയിലുള്ളത്. ചിലരാകട്ടെ ഇത്തരം വിദഗ്ധരെ അവിശ്വസിച്ചുകൊണ്ട് അവരുടെ സമ്പത്ത് അപഹരിക്കുവാൻ ശ്രമിക്കുന്നവരാണ് സാമ്പത്തിക വിദഗ്ധരെന്ന് ഉറച്ചു വിശ്വസിക്കുന്നു.

financial-habits-for-people-without-fixed-income

ഒരു വ്യക്തിയുടെ സാമ്പത്തിക സാഹചര്യങ്ങളും, സാമ്പത്തിക ലക്ഷ്യങ്ങളും പരിഗണിച്ച് ആ വ്യക്തിക്ക് നിക്ഷേപിക്കുവാനുള്ള ദിശാബോധം നൽകുക എന്നതാണ് ഒരു സാമ്പത്തിക വിദഗ്ധന്റെ ശരിയായ ഉത്തരവാദിത്വം. വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിക്ഷേപത്തിന് വരുത്തേണ്ട തിരുത്തലുകൾ കൃത്യമായി ഉപദേശിക്കുവാൻ ഒരു നല്ല സാമ്പത്തിക വിദഗ്ധന് സാധിക്കുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ വിവിധ നിക്ഷേപ മാർഗ്ഗങ്ങളെക്കുറിച്ചുള്ള വാർത്തയും വിവരങ്ങളും നേടുന്ന പല വ്യക്തികളും നിക്ഷേപിക്കാനുള്ള എല്ലാ തീരുമാനങ്ങളും തനിക്ക് സ്വയം എടുക്കാനാകും എന്നാണ് കരുതുന്നത്. എന്നാൽ നിക്ഷേപ സാധ്യതകളെക്കുറിച്ച് ശാസ്ത്രീയ വിജ്ഞാനമുള്ളവരും സാധാരണക്കാരായ വ്യക്തികളും കൈക്കൊള്ളുന്ന തിരുമാനങ്ങളിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് കാണുവാൻ കഴിയും. ഒരു സാമ്പത്തിക വിദഗ്ധന് വികാരപരമായ തീരുമാനങ്ങളെക്കാൾ ഉപരിയായി നിക്ഷേപ തന്ത്രങ്ങൾ പ്രായോഗികതലത്തിൽ നടപ്പിലാക്കുവാൻ സാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സമ്പന്നരുടെ വരുമാന സ്രോതസ്സുകൾ ഏതെല്ലാമാണ്

സാധാരണക്കാരെ അപേക്ഷിച്ചു സമ്പന്നർക്ക് എപ്പോഴും ഒന്നിൽ കൂടുതൽ വരുമാന സ്രോതസ്സുകൾ ഉണ്ടായിരിക്കും. അത്തരത്തിലുള്ള വരുമാന സ്രോതസ്സുകൾ…

സ്ഥിരവരുമാനക്കാരല്ലാത്ത വ്യക്തികൾ പാലിക്കേണ്ട സാമ്പത്തിക ശീലങ്ങൾ

സ്ഥിരവരുമാനം ഉള്ളവർക്കും സ്ഥിരവരുമാനം ഇല്ലാത്തവർക്കും വരുമാന ലഭ്യതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും അവരുടെ ജീവിത ചെലവുകൾ ഒരുപോലെ തന്നെയാണ്.…

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ തുറക്കാം

നമ്മളിൽ പലരും രാവിലെ 9 മണി മുതൽ വൈകിട്ട് 10 മണി വരെ ജോലി ചെയ്യുന്നത്…

സിബിൽ സ്കോർ എങ്ങനെ എളുപ്പത്തിൽ മെച്ചപ്പെടുത്താം

ധനകാര്യ സ്ഥാപനങ്ങളിൽ ലോണുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് എത്തുന്ന ഏതൊരു വ്യക്തിയും കേൾക്കേണ്ടിവരുന്ന വാക്കാണ് സിബിൽ സ്കോർ…