proper expense management

Sharing is caring!

ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന വ്യക്തികളായിരുന്നാൽ  പോലും മാസത്തിന്റെ അവസാനം ചിലവുകൾക്കായി പണം കണ്ടെത്തുവാൻ കടം വാങ്ങേണ്ടിവരുന്ന ചിലർ നമുക്കിടയിലുണ്ട്. ചില വ്യക്തികൾ ചെലവ്  നിയന്ത്രിക്കാനായി എത്രതന്നെ ശ്രമിച്ചാലും, അതിനായി  പല വഴികൾ പിന്തുടർന്നാലും അത് നടപ്പിലാക്കാൻ പരാജയപ്പെടാറുണ്ട്. ഇത്തരത്തിലുള്ള വീഴ്ചകൾക്ക് പ്രധാന കാരണം ചിലവുകളിൽ വരുത്തിവയ്ക്കുന്ന അച്ചടക്കമില്ലായ്മയാണ്. 

പലതരത്തിലുള്ള എക്സ്പെൻസ് മാനേജ്മെൻറ് സിസ്റ്റം അല്ലെങ്കിൽ ചെലവ് നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ നിലവിലുണ്ടെങ്കിലും അവയെക്കുറിച്ച് അറിയുന്നവരും ജീവിതത്തിൽ അച്ചടക്കത്തോടെ പിന്തുടരുന്നവരും  വളരെ കുറവാണ്. ഒരു വ്യക്തിക്ക് ജീവിതത്തിൽ സാമ്പത്തികമായ മുന്നേറ്റം ഉണ്ടാകണമെങ്കിൽ ജീവിത ചിലവുകളിൽ കൃത്യമായ അവലോകനവും നിയന്ത്രണവും അത്യാവശ്യമാണ്. ജീവിത ചിലവുകൾ  കൃത്യമായി നിരീക്ഷിക്കുവാനും ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുവാനും സഹായിക്കുന്ന വ്യത്യസ്ത രീതികൾ എന്തെല്ലാമാണെന്ന് പരിചയപ്പെടാം.

ചിലവുകൾ എങ്ങനെ വേർതിരിക്കാം

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചിലവുകളെ സ്ഥിരമായ ചിലവുകളെന്നും  അസ്ഥിരമായ ചിലവുകളെന്നും  വേർതിരിക്കാനാവും. നീണ്ട കാലയളവിൽ മാറ്റമില്ലാതെ തുടരുന്ന ചിലവുകളെ സ്ഥിരമായ ചിലവുകളായി കണക്കാക്കാം. വീട്ടുവാടക, കേബിൾ ടിവി റീചാർജുകൾ, ഇവയെല്ലാം സ്ഥിരമായ ചിലവുകൾക്ക് ഉദാഹരണമാണ്. എന്നാൽ ഉയർന്ന വില വ്യതിയാനമുള്ള കാര്യങ്ങളുമായി  ബന്ധപ്പെട്ട ചിലവുകൾക്ക് തുടർച്ചയായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. 

പച്ചക്കറിയുടെ വില, മത്സ്യ മാംസങ്ങളുടെ വില തുടങ്ങിയവ അസ്ഥിരമായ ചിലവുകളായി കണക്കാക്കാവുന്നതാണ്. ജീവിത ചിലവുകളെ,   ഒഴിവാക്കാനാവാത്ത അത്യാവശ്യ ചിലവുകളെന്നും എന്നാൽ അത്ര  പ്രാധാന്യമില്ലാത്ത അത്യാവശ്യമല്ലാത്ത ചിലവുകളെന്നും  മറ്റൊരു തരത്തിലും  വേർതിരിക്കാനാവും. മേൽപ്പറഞ്ഞ രീതികളെ അടിസ്ഥാനപ്പെടുത്തി ചിലവുകളെ പൊതുവായി സ്ഥിരമായ അത്യാവശ്യ  ചിലവുകൾ, അസ്ഥിരമായ അത്യാവശ്യ ചിലവുകൾ, സ്ഥിരമായ അത്യാവശ്യമല്ലാത്ത ചിലവുകൾ, അസ്ഥിരമായ അത്യാവശ്യമല്ലാത്ത ചിലവുകൾ   എന്നിങ്ങനെ നാല് രീതിയിൽ നോക്കി കാണാനാവും.

ആദ്യത്തേത് സ്ഥിരമായ അത്യാവശ്യ ചിലവുകളാണ്, ഉദാഹരണത്തിന്, വീട്ടുവാടക, കേബിൾ റീചാർജ്, ഇൻറർനെറ്റ് റീചാർജ്, പത്രങ്ങൾ മുതലായവ നീണ്ട കാലയളവിൽ സ്ഥിരമായി തുടരുന്നതും എന്നാൽ ഒഴിവാക്കാനാവാത്തതുമായ ചിലവുകളാണ്. ഇത്തരത്തിലുള്ള ചിലവുകൾ തുടർച്ചയായി ആവർത്തിക്കുന്നതിനാൽ ബാങ്ക് അക്കൗണ്ടുകൾ വഴി  ഓട്ടോമാറ്റിക് പെയ്മെന്റ് സംവിധാനത്തിൽ കൊണ്ടുവരുന്നതാണ് നല്ലത്. 

രണ്ടാമത്തേത് അത്യാവശ്യമുള്ള അസ്ഥിരമായ ചിലവുകളാണ്. വൈദ്യുതി ബില്ല്, വാട്ടർ ബില്ല്, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, യാത്രക്കൂലി തുടങ്ങിയ ചിലവുകൾ ഒഴിച്ചുകൂടാനാവാത്തവയും എന്നാൽ തുടർച്ചയായി വ്യത്യാസപ്പെടുന്നവയുമാണ്. വ്യക്തിപരമായ ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കൃത്യമായ പരിധി നിർണയിക്കുക വഴി ഇത്തരത്തിലുള്ള ചിലവുകൾ നിയന്ത്രിക്കാനാവും. 

അത്യാവശ്യമല്ലാത്ത സ്ഥിരമായ ചിലവുകളാണ് മൂന്നാമത്തെ തരത്തിലുള്ളത്. ആമസോൺ പ്രൈം, നെറ്റ് ഫ്ലിക്സ്  തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ സബ്സ്ക്രിപ്ഷൻ, പോസ്റ്റ്പെയ്ഡ് മൊബൈൽ കണക്ഷൻ, ക്രെഡിറ്റ് കാർഡ് പ്രൊട്ടക്ഷൻ പ്ലാൻ തുടങ്ങിയ ചിലവുകൾ ഇത്തരത്തിലുള്ളവയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് സിനിമ കാണുവാനായി ഒരേ കാലയളവിൽ രണ്ട് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാതെ ഒന്നിനെ മാത്രം ആശ്രയിക്കാവുന്നതാണ്. മറ്റൊന്ന് അത്യാവശ്യം അല്ലെങ്കിൽ  പോസ്റ്റ്പെയ്ഡ് മൊബൈൽ കണക്ഷൻ ഒഴിവാക്കി ഉപയോഗത്തിനനുസരിച്ച് ചിലവഴിക്കുന്ന രീതിയിൽ പ്രീപെയ്ഡ് പ്ലാനുകളെ ആശ്രയിക്കാം, തുടങ്ങിയ  ലളിതമായ ചില ക്രമീകരണങ്ങളിലൂടെ മേൽപ്പറഞ്ഞ ചിലവുകളെ നിയന്ത്രിക്കാണാനാവുന്നതാണ്. 

അത്യാവശ്യമില്ലാത്തതും അസ്ഥിരമായതുമാണ് നാലാമത്തെ തരത്തിലുള്ള ചിലവുകൾ. വ്യക്തികളുടെ ബഡ്ജറ്റിനെ ഏറ്റവും മോശമായ രീതിയിൽ ബാധിക്കുന്നവയാണ് ഇത്തരത്തിലുള്ള ചിലവുകളുടെ വർദ്ധനവ്. വിനോദ യാത്രകൾ, സിനിമാ തിയേറ്റർ, ഹോട്ടൽ ഭക്ഷണം, ആർഭാടമായ ഷോപ്പിംഗ്   തുടങ്ങിയ ചിലവുകളാണ് മേൽപ്പറഞ്ഞ തരത്തിലുള്ളത്. വിനോദ ഉപാധികളുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ചിലവുകൾ കൃത്യമായി പ്ലാൻ ചെയ്ത് നടപ്പിലാക്കുകയും ശമ്പളത്തിൽ നിന്ന് ഇവയ്ക്കായി ഒരു പരിധി നിശ്ചയിച്ച് നീക്കിയിരിപ്പ് നടത്തുകയും ചെയ്താൽ ഇങ്ങനെയുള്ള ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും. 

ഓൺലൈൻ ചിലവുകളും ഓഫ്‌ലൈൻ ചിലവുകളും

best expense management tips

പണം ചെലവഴിക്കുന്ന മാർഗത്തിനനുസരിച്ച് ചിലവുകളെ ഓൺലൈൻ ചിലവുകളായും ഓഫ്‌ലൈൻ  ചിലവുകളായും  വേർതിരിക്കാൻ സാധിക്കുന്നതാണ്. കേബിൾ ടിവി റീചാർജ്, ഇൻറർനെറ്റ് റീചാർജ്, ഫോൺ റീചാർജ് തുടങ്ങി ഓൺലൈനിൽ കൃത്യമായി അടക്കുവാൻ കഴിയുന്ന ചിലവുകളാണ് ഓൺലൈൻ ചിലവുകൾ. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമായി പിൻവലിക്കാതെ തന്നെ ഇത്തരം  ചിലവുകൾ നടത്താവുന്നതാണ്. ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തിൽ പണം നേരിട്ട് ചെലവഴിക്കേണ്ട  അത്യാവശ്യ ചിലവുകൾ ഏറെയുണ്ട്. ഇത്തരത്തിലുള്ള ചിലവുകളെ കൃത്യമായി അവലോകനം ചെയ്ത് അതിനാവശ്യമായ പണം മാത്രം ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് കയ്യിൽ കരുതുക. കൂടുതലായി പണം കയ്യിൽ കരുതുന്നത് ഒഴിവാക്കാവുന്ന  ചില  കാര്യങ്ങൾക്ക് കൂടി പണം നഷ്ടപ്പെടുത്തുന്ന അവസ്ഥയ്ക്ക് കാരണമാകും. 

ജോലിയിൽ നിന്ന് കൃത്യമായ  മാസ ശമ്പളം ലഭിക്കുന്ന വ്യക്തികൾക്ക് ലഭിക്കുന്ന പണം കൈകാര്യം ചെയ്യുവാനായി മിക്കവാറും ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ കാണുകയുള്ളൂ. എല്ലാ തരത്തിലുള്ള ചിലവുകളും നടത്തുന്നത് ഒരു അക്കൗണ്ടിലൂടെ ആയതിനാൽ അനാവശ്യ ചിലവുകൾക്കുള്ള സാഹചര്യം ഏറെയാണ്. ശമ്പളം ലഭിക്കുന്ന അക്കൗണ്ടിനെ സാലറി അക്കൗണ്ടായി നിലനിർത്തി സേവിങ്സ് അക്കൗണ്ട്, ഇൻവെസ്റ്റ്മെന്റ് അക്കൗണ്ട്, ടാക്സ് അക്കൗണ്ട്, എമർജൻസി അക്കൗണ്ട്, എന്നിങ്ങനെ പ്രത്യേക ലക്ഷ്യങ്ങൾക്കായി പ്രത്യേക അക്കൗണ്ടുകൾ ആരംഭിക്കുകയാണ് വേണ്ടത്. പണത്തിന്റെ നീക്കിയിരിപ്പിനായി  സേവിങ്സ് അക്കൗണ്ട്, കൃത്യമായി നിക്ഷേപങ്ങൾ നടത്തുവാനായി ഇൻവെസ്റ്റ്മെൻറ് അക്കൗണ്ട്, ടാക്സ് സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനായി ടാക്സ് അക്കൗണ്ട്,പ്രതീക്ഷിക്കാതെ വരുന്ന അത്യാവശ്യ ചിലവുകൾക്കായി എമർജൻസി അക്കൗണ്ട് എന്നിവ നിലനിർത്തുന്നത് വഴി പണം കയ്യിൽ ലഭ്യമാകുന്ന സമയത്ത് തന്നെ കൃത്യമായി വ്യത്യസ്ത ലക്ഷ്യങ്ങൾക്ക് നീക്കിവെയ്ക്കുവാൻ സാധിക്കുന്നു. 

ഇന്നത്തെ കാലത്ത് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കുക എന്നത് ഒരു മൊബൈൽ ഫോണിന്റെ സഹായത്താൽ വളരെ ലളിതമായി സാധിക്കുമെന്നതിനാൽ അക്കൗണ്ടുകളിൽ നീക്കിയിരിപ്പായി മാറ്റിവെച്ച പണം അത്യാവശ്യമല്ലാത്ത  ചില സാഹചര്യങ്ങളിൽ പോലും ചെലവഴിച്ചു  പോകുന്നു. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയും പണം ചെലവഴിക്കുവാനായി  ക്രെഡിറ്റ് കാർഡ്, പേ ലേറ്റർ തുടങ്ങിയ സംവിധാനങ്ങളും ഉപഭോഗ സംസ്കാരത്തെ വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നു. ഉപഭോക്താവിന്റെ അഭിരുചി കൃത്യമായി മനസ്സിലാക്കി ശക്തമായ ഓൺലൈൻ മാർക്കറ്റിംഗ് ടൂളുകൾ  ഉപയോഗിച്ച് വ്യക്തികളെ ഷോപ്പിംഗ് സൈറ്റുകളിൽ എത്തിക്കാൻ ഓൺലൈൻ വ്യാപാര സൈറ്റുകൾക്ക് വിജയകരമായി സാധിക്കുന്നു. 

ഇത്തരത്തിലുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ വ്യക്തികളുടെ ചെലവഴിക്കൽ  അവരറിയാതെ തന്നെ അവരുടെ സാമ്പത്തിക ശേഷിയെക്കാൾ ഉയർന്ന നിലയിൽ എത്തുന്നു, അതുവഴി നീക്കിയിരിപ്പായി മാറേണ്ട പണത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു.  കണക്കു നോക്കാതെ ചെലവഴിക്കാൻ മനോഭാവമുള്ള വ്യക്തികൾ പണം സേവിങ്സ് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നതിന് പകരം ലിക്വിഡ് മ്യൂച്വൽ  ഫണ്ടുകളിൽ താരതമ്യേന  സുരക്ഷിതമായ ഹ്രസ്വകാലനിക്ഷേപങ്ങളിൽ ഏർപ്പെടുന്നതാണ് നല്ലത്. ബാങ്ക് അക്കൗണ്ടുകളേക്കാൾ  മികച്ച നേട്ടം ലഭിക്കുന്നതിനോടൊപ്പം തന്നെ ഉടനടി പണമാക്കി  മാറ്റുവാൻ സാധിക്കാത്തതിനാൽ ചെലവഴിക്കാനുള്ള വ്യഗ്രത നിയന്ത്രിക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സാമ്പത്തിക സ്വാതന്ത്ര്യത്തിന് സ്ത്രീകളുടെ ജീവിതത്തിലുള്ള പ്രാധാന്യം

സ്വാതന്ത്ര്യവും ആത്മവിശ്വാസവും നൽകി നിങ്ങളെ ശാക്തീകരിക്കുവാൻ സാമ്പത്തിക സ്വാതന്ത്ര്യത്തിനാകും. തൃപ്തികരമായ ഒരു ജീവിതം നയിക്കുന്നതിന് സാമ്പത്തിക…

നിങ്ങൾ എന്തുകൊണ്ട് സാമ്പത്തികമായി അഭിവൃദ്ധിപെടുന്നില്ല ?

നമ്മളിൽ പലരും സ്വയം തിരിച്ചറിയാതെ തന്നെ സാമ്പത്തികപരമായ പല തെറ്റുകളും ജീവിതത്തിൽ ചെയ്തവരും ചെയ്യുന്നവരും ആയിരിക്കാം. സാമ്പത്തികപരമായി…

നിങ്ങൾ ഇതുവരെ ധനികനായി മാറിയിട്ടില്ലെങ്കിൽ എങ്ങനെയാണ് നിക്ഷേപം നടത്തേണ്ടത്

ഒരു നിശ്ചിത കാലയളവിൽ സമ്പാദ്യം വളർത്തിയെടുക്കുവാൻ നമ്മെ സഹായിക്കുന്ന മികച്ച മാർഗമാണ് നിക്ഷേപിക്കുക എന്നത്. നിക്ഷേപം…

സമ്പത്തു എങ്ങനെ ശരിയായി കൈകാര്യം ചെയ്യണം

സമ്പത്ത് കൃത്യമായി കൈകാര്യം ചെയ്യുവാൻ അറിയാത്ത വ്യക്തിയെ സംബന്ധിച്ച് അദ്ദേഹത്തിന് ലഭിക്കുന്ന വരുമാനം കണ്ണുനീർത്തുള്ളികൾ പോലെയും…