woman-worried-about-financial-situation

Sharing is caring!

ജീവിതത്തിലെ പല സാഹചര്യങ്ങളിൽ മുന്നോട്ടു പോകുവാനായി പലർക്കും ലോണുകളേയും പലതരത്തിലുള്ള കടങ്ങളേയും ആശ്രയിക്കേണ്ടി വരാറുണ്ട്. എന്നാൽ നിങ്ങൾക്ക് ലോണുകളോ മറ്റു കടങ്ങളോ ലഭിക്കാനുള്ള സാധ്യത നിങ്ങളുടെ ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ചില സാഹചര്യങ്ങളിൽ അത്യാവശ്യമായി വരുന്ന ലോണുകൾ ലഭ്യമാകുവാൻ മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

എന്താണ് ക്രെഡിറ്റ് സ്കോർ

നിശ്ചിത സമയത്തിനുള്ളിൽ വാങ്ങിയ പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പ് നൽകിയിട്ടുള്ള കടങ്ങളെയാണ് ക്രെഡിറ്റ് എന്നു പറയുന്നത്. കൃത്യ സമയത്ത് നാം പണം തിരിച്ച് നൽകിയില്ലെങ്കിൽ കടം വാങ്ങിയ പണത്തിന് അനുസൃതമായി അധിക പലിശ ഈടാക്കുന്നു. തുടർച്ചയായി ബില്ലുകളുടേയും കടങ്ങളുടേയും തിരിച്ചടവ് മുടങ്ങുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ ഇടിവ് സംഭവിക്കുന്നു. ഇതിലൂടെ ഭാവിയിൽ നിങ്ങൾക്ക് ലോൺ ലഭ്യമാകുവാനുള്ള സാധ്യത കുറഞ്ഞു വരുന്നു.

ക്രെഡിറ്റ് സ്കോർ വർധിപ്പിക്കുവാനായി താഴെപ്പറയുന്ന കാര്യങ്ങൾ പിന്തുടരാവുന്നതാണ്.

ബില്ലുകൾ കൃത്യമായി അടയ്ക്കുക

ബില്ലടയ്ക്കേണ്ട അവസാന തീയതിക്ക് മുമ്പ് കൃത്യമായി ബില്ലടയ്ക്കുന്നത് സാമ്പത്തികപരമായ ഉത്തരവാദിത്വമുള്ള സ്വഭാവമായിട്ടാണ് വിലയിരുത്തുന്നത്. മാത്രമല്ല ബില്ല് വൈകി അടയ്ക്കുന്നതിന്റെ പിഴ ഒഴിവാക്കുവാനും ഈ ശീലം നിങ്ങളെ സഹായിക്കുന്നു. കൃത്യ സമയത്ത് ബിൽ തുക അടയ്ക്കുന്ന വ്യക്തികൾക്ക് ഭാവിയിൽ ഉണ്ടാകുന്ന സാമ്പത്തികപരമായ ആവശ്യങ്ങൾക്ക് തീർച്ചയായും മുൻഗണന ലഭിക്കും.

ക്രെഡിറ്റ് കാർഡിന്റെ അമിതമായ ഉപയോഗം കുറയ്ക്കുക

ക്രെഡിറ്റ് കാർഡിൽ ലഭ്യമായ ലിമിറ്റിന്റെ എത്ര ശതമാനം നിങ്ങൾ ഉപയോഗിക്കുന്നു എന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിർണ്ണയിക്കുന്നതിൽ പ്രധാനപ്പെട്ട കാര്യമാണ്. ക്രെഡിറ്റ് കാർഡ് മുഖേന നിങ്ങൾക്ക് ഉപയോഗിക്കാവുന്ന പണത്തിന്റെ ഒരു നിശ്ചിത ശതമാനത്തിലധികം ഉപയോഗിക്കാതിരിക്കുക.

ക്രെഡിറ്റ് കാർഡിൽ ലഭ്യമായ ലിമിറ്റിന്റെ ഉപയോഗം കുറയ്ക്കുക വഴി ക്രെഡിറ്റ് സ്കോർ ഉയർത്താൻ സാധിക്കുന്നതാണ്. ക്രെഡിറ്റ് കാർഡിൽ നിലവിൽ തിരിച്ചടയ്ക്കാനുള്ള തുക കൃത്യമായി അടക്കുന്നത് വഴിയും ക്രെഡിറ്റ് സ്കോർ ഉയർത്തുവാൻ സാധിക്കും.

ഒന്നിലധികം ക്രെഡിറ്റ് അക്കൗണ്ടുകൾ ഒരേ സമയം ആരംഭിക്കാതിരിക്കുക

വളരെ ചെറിയ കാലയളവിൽ ധാരാളം ക്രെഡിറ്റ് അക്കൗണ്ടുകൾ ആരംഭിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുവാൻ ഇടയാക്കും. ഇത് ലോൺ നൽകുന്ന സ്ഥാപനങ്ങൾക്ക് നിങ്ങൾ കടം വാങ്ങിയ പണം തിരിച്ചടയ്ക്കുവാൻ ശേഷിയുള്ള വ്യക്തിയാണോ എന്ന സംശയത്തിന് കാരണമാകും.

കൂടാതെ ധാരാളം ലോണുകളേയും ക്രെഡിറ്റ് കാർഡുകളേയും ആശ്രയിക്കുന്നത് പണം അമിതമായി ചെലവഴിക്കാനുള്ള പ്രവണത സൃഷ്ടിച്ചേക്കാം. അത്തരത്തിൽ നിങ്ങളുടെ ക്രെഡിറ്റ് യൂട്ടലൈസേഷൻ റേഷ്യോ അഥവാ നിങ്ങൾക്ക് ലഭ്യമായ ക്രെഡിറ്റ് കാർഡ് ലിമിറ്റിൽ നിങ്ങൾ ഉപയോഗിക്കുന്ന തുകയുടെ ശതമാനത്തിൽ വർധനവ് ഉണ്ടാവുകയും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുവാൻ കാരണമാവുകയും ചെയ്യുന്നു.

ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക

reading-credit-report

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് സ്ഥിരമായി പരിശോധിക്കുവാൻ സമയം കണ്ടെത്തുക. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ എന്തെങ്കിലും പിഴവുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുവാനും ഇതിലൂടെ നിങ്ങൾക്ക് സാധിക്കുന്നതാണ്. സാമ്പത്തികപരമായ അച്ചടക്കമുള്ളവരാണ് നിങ്ങൾ എന്നതിന്റെ നേർരേഖയാണ് നിങ്ങളുടെ മികച്ച ക്രെഡിറ്റ് റിപ്പോർട്ട്.

വ്യത്യസ്ത തരത്തിലുള്ള ലോണുകളെ ആശ്രയിക്കുക

നിങ്ങളുടെ ക്രെഡിറ്റ് പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുന്നതിലൂടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുവാൻ സാധിക്കുന്നതാണ്. വ്യത്യസ്ത സ്വഭാവമുള്ള ക്രെഡിറ്റ് അക്കൗണ്ടുകൾ ഉപയോഗിക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിക്കുവാനായി ക്രെഡിറ്റ് കാർഡുകൾ, ഇൻസ്റ്റാൾമെന്റായി തിരിച്ചടയ്ക്കുന്ന ലോണുകൾ, എന്നിങ്ങനെ വ്യത്യസ്ത മാർഗ്ഗങ്ങളെ ആശ്രയിക്കുക. ഇങ്ങനെ ചെയ്യുന്നത് വ്യത്യസ്ത സ്വഭാവമുള്ള കടങ്ങൾ ഉത്തരവാദിത്വത്തോടെ വീട്ടുവാൻ പ്രാപ്തരാണ് നിങ്ങൾ എന്നതിന്റെ സൂചനയാണ്.

കടമായി ലഭിക്കുന്ന പണം ഉത്തരവാദിത്വത്തോടെ ചെലവഴിക്കുക

എത്രത്തോളം പണം നിങ്ങൾക്ക് തിരിച്ചടയ്ക്കുവാൻ സാധിക്കുമോ അത്രത്തോളം മാത്രം കടം വാങ്ങുവാൻ ശ്രമിക്കുക. എന്നാൽ മാത്രമേ മാസം തോറുമുള്ള തിരിച്ചടവുകൾ കൃത്യമായി മുന്നോട്ടു കൊണ്ടുപോകുവാൻ നിങ്ങക്ക് സാധിക്കുകയുള്ളൂ. ഇതിലൂടെ നിങ്ങൾ ഉത്തരവാദിത്വത്തോടെ കടങ്ങൾ വീട്ടുന്ന വ്യക്തിയാണെന്ന് ക്രെഡിറ്റ് റിപ്പോർട്ടിംഗ് സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

പെയ്മെന്റ് റിമൈൻഡറുകളെ ആശ്രയിക്കുക

paying-credit-bills

പണം തിരിച്ചടയ്ക്കേണ്ട തീയതി കൃത്യമായി ഓർമ്മപ്പെടുത്തുന്ന പെയ്മെന്റ് റിമൈൻഡറുകൾ സൃഷ്ടിക്കുന്നത് വഴി തിരിച്ചടവുകൾ കൃത്യമായി പൂർത്തിയാക്കി എന്ന് ഉറപ്പു വരുത്താൻ സാധിക്കുന്നതാണ്. കൂടാതെ ഓട്ടോമാറ്റിക്കായി ബാങ്ക് അക്കൗണ്ടിൽ നിന്നും തിരിച്ചടവുകൾ നടത്തുന്നതിനു വേണ്ടി ബാങ്കിൽ നിർദ്ദേശങ്ങൾ നൽകാവുന്നതാണ്.

കടങ്ങൾ വീട്ടുവാനായി പദ്ധതികൾ ആവിഷ്കരിക്കുക

തന്ത്രപരമായ ആസൂത്രണത്തിലൂടെ നിങ്ങളുടെ മൊത്തം കടങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കുക. അധിക പലിശ നൽകേണ്ടി വരുന്ന കടങ്ങൾ വീട്ടുന്നതിന് പ്രഥമ പരിഗണന നൽകുക. ഇത്തരത്തിൽ കൂട്ടു പലിശയിനത്തിൽ നൽകേണ്ടി വരുന്ന പണം ലാഭിക്കുന്നതിനോടൊപ്പം തന്നെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ആവശ്യങ്ങൾക്കായി ലോണുകൾ ലഭ്യമാകുവാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

പണം കൃത്യമായി തിരിച്ചടയ്ക്കുവാനുള്ള നിങ്ങളുടെ ശേഷി ധനകാര്യ സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കുറച്ചധികം സമയവും, സാമ്പത്തിക അച്ചടക്കവും വേണ്ടി വന്നേക്കാം. കടങ്ങളുമായി ബന്ധപ്പെട്ട തെറ്റായ സമീപനം സ്വീകരിക്കുക വഴി നിങ്ങൾക്കുണ്ടായ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുക. സാമ്പത്തിക അച്ചടക്കത്തിന് പ്രാധാന്യം നൽകി പ്രവർത്തിക്കുക. അച്ചടക്കമുള്ള സാമ്പത്തിക ശീലങ്ങളുമായി മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്രയും വേഗം എത്തിച്ചേരുവാൻ നിങ്ങൾക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സിബിൽ സ്കോർ പ്രധാനപ്പെട്ടതാകുന്നതിൻ്റെ അഞ്ച് കാരണങ്ങൾ

ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് അല്ലെങ്കിൽ സിബിൽ എന്ന സ്ഥാപനത്തിന് ഇന്ത്യയിലെ ധനകാര്യ ഇടപാടുകളിൽ…

കടങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുവാൻ സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന 5 ടിപ്പുകൾ

സ്വന്തം സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഉണ്ടായിരിക്കുക എന്നാൽ കേവലം കൈവശമുള്ള പണം കൈകാര്യം ചെയ്യുന്നതിൽ ഉപരിയായി…

കടക്കെണിയിൽ നിന്നും എങ്ങനെ എളുപ്പത്തിൽ കരകയറാം

ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക പ്രതിസന്ധി എന്താണ് എന്ന ചോദ്യത്തിന് ഏറ്റവും ശരിയായ ഉത്തരം ലോണുകൾ…

ഇ എം ഐ ഇടപാടുകൾ നടത്തുമ്പോൾ ഒഴിവാക്കേണ്ട 7 തെറ്റുകൾ

നിങ്ങൾ പണം കടം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നിങ്ങളുടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കേണ്ടത് വളരെ…