financial-failure

Sharing is caring!

സാമ്പത്തികമായി ഏറെ മുന്നേറണം എന്ന് ആഗ്രഹം ഉണ്ടായിട്ടും സാധാരണ ജീവിതം മാത്രം നയിക്കാൻ കഴിയുന്ന വ്യക്തികളിൽ ചിലരെങ്കിലും പലപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമാണ് എന്തുകൊണ്ട് എനിക്ക് സമ്പന്നൻ ആകാൻ സാധിക്കുന്നില്ല എന്നത്. ഒരേ സാഹചര്യങ്ങളും ജോലിയും ഉള്ളവരുടെ പോലും സാമ്പത്തിക സ്ഥിതിയിൽ പ്രകടമായ മാറ്റം ഉണ്ടാകുന്ന സ്ഥിതി സമൂഹത്തിൽ കാണുവാൻ കഴിയും. ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ പരിഹാരം ആ വ്യക്തികളിൽ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു എന്നതാണ് വാസ്തവം.

കുട്ടിക്കാലം മുതൽക്ക് കണ്ടുപരിചിതമായ ചില ജീവിത രീതികളും ശീലങ്ങളും കാലഘട്ടത്തിന് അനുസൃതമായി മാറ്റപ്പെടുന്നില്ല എന്നതും സാമ്പത്തികമായ ഉയർച്ച കൈവരിക്കുന്നതിൽ നിന്നും വ്യക്തികളെ തടയുന്ന കാര്യങ്ങളാണ്. എല്ലാ സാഹചര്യങ്ങളും നിലനിൽക്കെ തന്നെ എന്തുകൊണ്ട് സാമ്പത്തികമായി മെച്ചപ്പെടുവാനും, ഉയർന്ന ജീവിത നിലവാരം കൈവരിക്കുവാനും സാധിക്കുന്നില്ല തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം.

കുട്ടികാലത്തെ സാമ്പത്തിക പാഠങ്ങൾ.

കുട്ടിക്കാലത്ത് പണത്തിനായി മാതാപിതാക്കളെ ആശ്രയിച്ചിരുന്ന ഏതൊരു വ്യക്തിയും സാധാരണക്കാരായ മാതാപിതാക്കളിൽ നിന്നും സ്ഥിരമായി കേൾക്കുന്ന വാചകങ്ങളാണ്, ഇവിടെ പണം കായ്ക്കുന്ന മരമൊന്നുമില്ല  അതുപോലെതന്നെ പണത്തിന്റെ വില അറിയാത്തതുകൊണ്ടാണ്  ഇങ്ങനെയുള്ള ചിലവുകൾ വരുത്തിവെക്കുന്നത്, തുടങ്ങിയ കാര്യങ്ങൾ. ഇടത്തരം സാമ്പത്തിക സാഹചര്യങ്ങളിൽ ജീവിച്ചു വളരുന്ന ബഹുഭൂരിപക്ഷം വ്യക്തികളിലും സമ്പത്തിനെക്കുറിച്ചും, ധന വിനിയോഗത്തെക്കുറിച്ചും ഉപബോധ മനസ്സിൽ ഉറച്ചുപോയ ചില സാമ്പ്രദായിക ധാരണകൾ ഉണ്ട്. അത്തരത്തിൽ മനസ്സിൽ ഉറച്ചുപോയ ചില ചിന്താഗതികളാണ് ഇടത്തരം  ജീവിതരീതിയിൽ നിന്നും മോചനം നേടുവാൻ സാധിക്കാത്ത തരത്തിൽ പല വ്യക്തികളേയും  ഭാവിയിൽ പിന്നോട്ട് വലിക്കുന്നത്.

kids-money-management

സമ്പത്ത് നേടുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്നും ദീർഘനാളത്തെ അധ്വാനത്തിലൂടേയും,  കഷ്ടതകളിലൂടേയും  മാത്രമേ സമ്പത്ത് നേടുവാൻ കഴിയുകയുള്ളൂ, തുടങ്ങിയ പിന്തിരിപ്പൻ ധാരണകൾ കുട്ടികളുടെ ചിന്തയെ തെറ്റായി സ്വാധീനിക്കുന്നു. ഇങ്ങനെയുള്ള ചിന്താഗതികളുമായി മുന്നോട്ടു ജീവിക്കുന്ന വ്യക്തികൾ എന്തുതന്നെ ചെയ്താലും തങ്ങളുടെ മധ്യവർഗ്ഗ ജീവിതാവസ്ഥയിൽ നിന്നും മോചനം ലഭിക്കുകയില്ല എന്ന ഉറച്ച വിശ്വാസത്തിൽ ജീവിതം മുന്നോട്ടു നയിക്കുന്നു. വളരെ ചെറിയ പ്രായം മുതൽ തന്നെ സമ്പത്തിനെക്കുറിച്ചും അത് കൃത്യമായി കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നതിനെക്കുറിച്ചും  കുട്ടികളിൽ ശരിയായ ധാരണകൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

സമ്പത്തിനെ കുറിച്ചുള്ള അടിസ്ഥാനപരമായ ചില വസ്തുതകൾ മനസ്സിലാക്കുന്നതിനെ സാമ്പത്തിക സാക്ഷരത എന്ന് വിളിക്കാം. സമ്പന്നത കൈവരിക്കുവാനുള്ള അറിവുകൾ മാത്രമല്ല ആധുനിക കാലഘട്ടത്തിൽ ജീവിക്കുവാൻ വേണ്ട അടിസ്ഥാനപരമായ ചില അറിവുകൾ തന്നെയാണ് സാമ്പത്തിക സാക്ഷരത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പണത്തിനെ കുറിച്ച് തെറ്റായ ധാരണകൾ നൽകാതെ പണം എന്താണെന്നും അത് എങ്ങനെ വിനിയോഗിക്കണമെന്നും  സൂക്ഷിക്കണമെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമയാണ്.

കടം വാങ്ങുന്നത് തെറ്റാണോ ?

ചെറിയ പ്രായം മുതൽ തന്നെ  കടം വാങ്ങുന്ന ശീലത്തെക്കുറിച്ച് വളരെ മോശമായ രീതിയിൽ കേൾക്കുന്നവരാണ് ബഹുഭൂരിപക്ഷം വ്യക്തികളും. സത്യത്തിൽ കടം വാങ്ങുക എന്നത് ജീവിതത്തിൽ തീർത്തും ഒഴിവാക്കപ്പെടേണ്ട കാര്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്നതിനും, ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും, കാർ വാങ്ങുന്നതിനും, വീട് വയ്ക്കുന്നതിനും, തുടങ്ങി പല ആവശ്യങ്ങൾക്കും നല്ലൊരു ശതമാനം വ്യക്തികളും ബാങ്ക് ലോണുകളേയാണ്  ആശ്രയിക്കുന്നത്.

മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുവാൻ ലോണുകളെ ആശ്രയിച്ച ശേഷം കൃത്യമായി അവ തിരിച്ചടയ്ക്കുവാൻ സാധിക്കുന്നുണ്ടെങ്കിൽ അത്തരത്തിലുള്ള കടങ്ങൾ വ്യക്തികളുടെ ജീവിത നിലവാരത്തെ  ഉയർത്തുകയും സാമ്പത്തികമായ  ഉന്നതിക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് പറയുവാനാകും. അതായത് കടങ്ങളെ പൊതുവായി നല്ല കടങ്ങളെന്നും  മോശം കടങ്ങളെന്നും വേർതിരിക്കുവാൻ സാധിക്കും. വ്യത്യസ്തങ്ങളായ കാര്യങ്ങൾക്ക് കടമെടുക്കാറുണ്ടെങ്കിലും, ജീവിതത്തിൽ സാമ്പത്തികമായ ഉയർച്ച നൽകുന്ന കാര്യങ്ങൾ ചെയ്യുവാനായി എടുക്കുന്ന  കടങ്ങൾ  നല്ല കടങ്ങളെന്നും മറിച്ച് ജീവിതത്തിൽ കാര്യമായ മൂല്യങ്ങൾ നൽകാതെ സാമ്പത്തിക സ്ഥിതി വഷളാകാൻ കടങ്ങൾ കാരണമാകുന്നുണ്ടെങ്കിൽ അവയെ മോശം കടങ്ങളെന്നും  കണക്കാക്കാം. അതായത് കടമെടുക്കുന്നതിനെ കണ്ണടച്ച് എതിർക്കാതെ അതിൻറെ ഫലം എന്താണെന്ന് മനസ്സിലാക്കി ഉചിതമായ തീരുമാനത്തിലെത്താൻ വ്യക്തികൾക്ക് സാധിക്കണം.

ഭാഗ്യത്തിലും, വിധിയിലും വിശ്വസിക്കേണ്ടതുണ്ടോ ?

ചില വ്യക്തികൾ തൻറെ ജീവിതത്തിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങളുടെ കാരണമായി സ്വന്തം പ്രയത്നങ്ങൾക്കപ്പുറമുള്ള കാര്യങ്ങളെ നോക്കി കാണാറുണ്ട്. ബാഹ്യമായ ചില കാരണങ്ങളാണ് സ്വന്തം ജീവിതത്തിൻറെ ഭാഗധേയം നിർണയിക്കുന്നത് എന്നും സ്വന്തമായി  എന്തുതന്നെ ചെയ്താലും ജീവിതത്തിൽ മാറ്റം ഉണ്ടാക്കാൻ കഴിയുകയില്ലെന്നും അത്തരക്കാർ ചിന്തിക്കുന്നു. ജീവിതത്തിൽ സംഭവിക്കുന്ന പരാജയങ്ങളുടെ കാരണമായി സാധാരണയായി കേൾക്കുന്ന വാചകങ്ങളാണ്  ആണ് എല്ലാം എൻറെ വിധിയാണ്, എൻറെ സമയം ശരിയല്ല, എൻറെ നിർഭാഗ്യമാണ് എല്ലാത്തിനും കാരണം, നിലവിലെ വ്യവസ്ഥിതി തെറ്റാണ്, മറ്റുള്ളവരുടെ പ്രവർത്തിയാണ് എൻറെ പരാജയത്തിന് കാരണം, തുടങ്ങിയ കാര്യങ്ങൾ.

luck-and-faith-in-finance

ജീവിതത്തിൽ സംഭവിക്കുന്ന പരാജയങ്ങളേയും  തിരിച്ചടികളേയും ഉൾക്കൊണ്ടുകൊണ്ട് അതിൻറെ യഥാർത്ഥ കാരണങ്ങളെ മനസ്സിലാക്കാതെ  എന്തിനും ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് ഇത്തരക്കാർ. എന്നാൽ ജീവിതത്തിൽ ഉണ്ടാകുന്ന തിരിച്ചടികളുടെ യഥാർത്ഥ കാരണം മനസ്സിലാക്കുവാനും അവ അംഗീകരിച്ച വീഴ്ച സംഭവിച്ച കാര്യങ്ങളിൽ മാറ്റം വരുത്തി മുന്നോട്ടു പോകുവാനും ശ്രമിക്കുന്നവർക്കാണ് ജീവിതത്തിൽ എല്ലാത്തരത്തിലുമുള്ള  ഉയർച്ച നേടുവാൻ കഴിയുന്നത്. അത്തരക്കാർ ജീവിതത്തിൽ  ഉണ്ടാകുന്ന പരാജയങ്ങളെ സ്വയം ഏറ്റെടുത്തുകൊണ്ട് വിജയത്തിനായി പൊരുതുവാൻ  മനോഭാവമുള്ളവരാണ്. ജീവിതത്തിൽ സംഭവിക്കുന്ന ബാഹ്യമായ ഇടപെടലുകളെക്കാൾ  സ്വന്തം തിരുമാനങ്ങളേയും  പ്രവർത്തികളേയും  ജയപരാജയങ്ങളുടെ അടിസ്ഥാനമാക്കി  ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ജീവിത വിജയം കൈവരിക്കുന്ന പോരാളികൾ. തുറന്ന മനസ്സോടെ എന്തിനേയും  സമീപിക്കുകയും, ആത്മവിമർശനം നടത്തി സ്വയം തിരുത്തലുകൾക്ക് വിധേയമാവുകയും ചെയ്യുന്നതുകൊണ്ട് തികഞ്ഞ ആത്മവിശ്വാസത്തോടെ ജീവിതം മെച്ചപ്പെടുത്തുവാൻ അത്തരക്കാർക്ക്  സാധിക്കുന്നു.

നിസ്സാരമായി കണക്കാക്കാവുന്ന ചെറിയ കാര്യങ്ങൾ പോലും കൃത്യമായി അവലോകനം ചെയ്ത്   അവയിൽ നിന്നും നിഗമനങ്ങളിൽ എത്തി കാര്യങ്ങളെ വിശദമായി പഠിച്ച് പ്രവർത്തിക്കാനുള്ള മനോഭാവമാണ് ഏതൊരു വ്യക്തിയും വളർത്തിയെടുക്കേണ്ടത്. പല വ്യക്തികളും സമ്പന്നരാകുവാനും ഉയർന്ന നിലവാരത്തിൽ ജീവിക്കുവാനും ആഗ്രഹിക്കുന്നുണ്ടെങ്കിലും ആ ലക്ഷ്യങ്ങൾ നേടുവാനുള്ള മനോഭാവത്തോടുകൂടി അവർ പ്രവർത്തിക്കാറില്ല. അതുകൊണ്ടുതന്നെയാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷം മധ്യവർഗമായി തുടരുന്നത്. സമ്പന്നനായി തീരണമെങ്കിൽ കുറുക്കുവഴികൾക്ക് പിന്നാലെ പോകാതെ ഏറ്റവും പ്രധാനമായി സമ്പന്നനാകുവാനുള്ള മനോഭാവം കൈവരിക്കുകയാണ് വേണ്ടത്.

പ്രവർത്തിച്ചുകൊണ്ട്  വിജയത്തിലെത്താം 

ചെയ്യുന്ന ജോലി എത്ര തന്നെ ആവർത്തന സ്വഭാവം ഉള്ളതാണെങ്കിലും തന്റേതായ മുഖമുദ്ര പതിപ്പിക്കുവാനും വ്യത്യസ്തമായ രീതിയിൽ സമയബന്ധിതമായി  ജോലികൾ ചെയ്യുവാനുമുള്ള മനോഭാവം  വ്യക്തികൾക്ക് ഉണ്ടായിരിക്കണം. നമ്മെ പിന്നോട്ട് വലിക്കുന്ന ശീലങ്ങൾ തിരിച്ചറിയുകയും സുഖലോലുപതയിൽ  നിന്നും പുറത്തു കടക്കുവാൻ ശ്രമിക്കുകയും ചെയ്യേണ്ടത് ജീവിത വിജയത്തിന് അനിവാര്യമാണ്. സ്വന്തം കഴിവുകളും പോരായ്മകളും തിരിച്ചറിയുകയും ജീവിതത്തിൽ ചെയ്യുന്ന എല്ലാ പ്രവർത്തികളിലും ക്രിയാത്മകമായി ഇടപെടുവാനും ശ്രദ്ധിക്കുക വഴി ഓരോ ദിവസവും നമ്മെ തന്നെ മികച്ച നമ്മളായി മാറ്റുവാൻ നമുക്ക് സാധിക്കും.

സ്വയം തിരിച്ചറിയുക വഴി സ്വന്തം പോരായ്മകളെ മറികടക്കുവാനായി ആവശ്യമുള്ള അറിവുകളും വൈദഗ്ധ്യവും നേടുകയും അവ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യണം. ലക്ഷ്യബോധമില്ലാതെ, ജീവിതത്തിൽ കടന്നു വരുന്ന കാര്യങ്ങൾ അതിൻറെ വഴിക്ക് സംഭവിക്കട്ടെ എന്ന് കരുതുന്നത് പരാജയത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ്. ഭാവിയെക്കുറിച്ച് കാഴ്ചപ്പാടില്ലാതെ ഇന്നത്തെ ജീവിതത്തെ  കുറിച്ച് മാത്രം ചിന്തിച്ച് ജീവിക്കുന്നവർക്ക് ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും താങ്ങുവാൻ കഴിയില്ല എന്നതാണ് വാസ്തവം.

വിജയിയുടെ മനോഭാവം 

സമ്പന്നനെ പോലെ ജീവിക്കുവാൻ ശ്രമിക്കാതെ സമ്പന്നനെ പോലെ ചിന്തിക്കുവാനാണ് ഓരോ വ്യക്തിയും ശ്രമിക്കേണ്ടത്. സാമ്പത്തികമായി വളർച്ച കൈവരിച്ചവരുടെ ജീവിതം നിരീക്ഷിക്കുവാനും   അവർ എത്തരത്തിലാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് പഠിക്കുവാനും തയ്യാറാവുക. ജീവിതത്തിൻറെ ആരംഭകാലത്ത്‌  നന്നായി അധ്വാനിക്കുകയും, അങ്ങനെ നേടിയ സമ്പത്ത് കൃത്യമായി കൈകാര്യം ചെയ്തുമാണ് അത്തരക്കാർ സാമ്പത്തികമായി ഉയർച്ച കൈവരിച്ചതെന്ന്  മനസ്സിലാക്കുക.

സമ്പന്നരുടെ ഉയർന്ന ജീവിതനിലവാര രീതിയല്ല നാം അനുകരിക്കേണ്ടത് മറിച്ച് അങ്ങനെയുള്ള ജീവിത നിലവാരം കൈവരിക്കുവാനായി അവർ കടന്നുവന്ന വഴികളെയാണ് നാം ഉൾക്കൊള്ളേണ്ടത്. സമ്പന്നർ എത്തരത്തിലാണ് ധനത്തെ നോക്കി കാണുന്നതെന്നും അവർ എങ്ങനെ ധനത്തെ കൈകാര്യം ചെയ്യുന്നുവെന്നും  എവിടെയെല്ലാം നിക്ഷേപങ്ങൾ നടത്തുന്നുവെന്നും കൃത്യമായി മനസ്സിലാക്കുക. എങ്ങനെയെങ്കിലും കാര്യങ്ങൾ നടന്നു പോകട്ടെ എന്ന സാധാരണക്കാരന്റെ മനോഭാവത്തിൽ  നിന്നും പുറത്ത് കടക്കുകയാണ് ആദ്യം വേണ്ടത്.

മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ഉൾക്കൊണ്ടുകൊണ്ട് സ്വന്തം  ലക്ഷ്യങ്ങളെ തിരിച്ചറിയുകയും അവ നേടുവാനായി പദ്ധതികൾ തയ്യാറാക്കി അച്ചടക്കത്തോടെ  അവ പ്രാവർത്തികമാക്കുകയുമാണ് ജീവിത വിജയത്തിനായി നാമോരോരുത്തരും ചെയ്യേണ്ടത്. സാമ്പത്തികമായി ഉയർച്ച ലക്ഷ്യമിടുന്നവർ സ്വന്തം വരവ് ചെലവുകളെ കുറിച്ച് ബോധവാൻമാരായിരിക്കണം.  വരവുചെലവുകൾ കൃത്യമായി മനസ്സിലാക്കിയശേഷം തനിക്ക് അനുയോജ്യമായ നിക്ഷേപ മേഖലകൾ കണ്ടെത്തുകയും, നീണ്ടകാലത്തേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും അവ അച്ചടക്കത്തോടെ  പാലിക്കുകയും വേണം. സമ്പന്നൻ ആകുവാനുള്ള സ്വപ്നം കാണുന്നവർ യാഥാർത്ഥ്യ ബോധത്തോടുകൂടി കാര്യങ്ങളെ വിലയിരുത്തി കൈവരിക്കാൻ ആകുന്ന ലക്ഷ്യത്തെ നിർവചിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എടുത്തുചാടി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കാനായി 5 വഴികൾ

മതിയായ ആലോചന ഇല്ലാതെയും കാര്യമായി ചിന്തിക്കാതെയും വികാരത്തിൻ്റെ പുറത്ത് സാധനങ്ങൾ വാങ്ങിക്കൂടുന്ന ശീലമുള്ളവരാണോ നിങ്ങൾ. ആസൂത്രണമില്ലാത്ത…

എൽ ഐ സിയിലെ നിക്ഷേപം, മ്യൂച്വൽ ഫണ്ട് നിക്ഷേപം ഏതാണ് ഏറ്റവും സുരക്ഷിതം

ഇന്നത്തെ കാലത്ത് നിക്ഷേപിക്കുക എന്നത് സുരക്ഷിതമായ ഭാവി ജീവിതത്തിന് അനിവാര്യമായ ഒന്നാണ് എന്ന് തിരിച്ചറിയുന്നവരാണ് ഭൂരിഭാഗം…

പണവുമായി ബന്ധപ്പെട്ട് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 8 യാഥാർത്ഥ്യങ്ങൾ

സന്തോഷം നിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ ആവശ്യമുള്ള ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പണം. സാമ്പത്തിക…

പ്രവാസികൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ

നമ്മുടെ നാട്ടിൽ ജീവിക്കുന്ന സാധാരണ വ്യക്തികളെക്കാൾ പ്രവാസികൾക്ക് നിക്ഷേപ പദ്ധതികളിൽ ഏർപ്പെടുവാൻ ചില നിയന്ത്രണങ്ങൾ നിലവിലുണ്ട്.…