warren-buffet

Sharing is caring!

ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, നിക്ഷേപകരുടെ ഏറ്റവും വലിയ പ്രചോദനമായ വാറൻ ബഫറ്റിന്റെ വാക്കുകളും, സിദ്ധാന്തങ്ങളും നിക്ഷേപകരായ വ്യക്തികൾക്ക് എന്നും ദിശാബോധം നൽകുന്നതാണ്. ഏതൊരു നിക്ഷേപകനും അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട വാറൻ ബഫറ്റിന്റെ  നിക്ഷേപ തന്ത്രങ്ങളിൽ ചിലത് നമുക്കിവിടെ പരിചയപ്പെടാം.

പണം ഒരു നല്ല നിക്ഷേപമല്ല

ഒന്നും ചെയ്യാതെ മാറ്റിവെച്ചിരിക്കുന്ന പണം ഒരിക്കലും ഒരു നല്ല നിക്ഷേപമല്ല. എത്രയധികം പണമുണ്ടെന്നാലും കൃത്യമായി ഉപയോഗിക്കപ്പെടാത്ത പണത്തിന്റെ മൂല്യത്തിൽ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കും. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്നത് പൊതുവായി പറയപ്പെടുന്ന കാര്യമാണ്, എന്നാൽ പണം സൂക്ഷിക്കുക എന്നതിന്റെ പ്രായോഗികമായ അർത്ഥം എന്തെന്നാൽ കൃത്യമായി അത് ഉപയോഗപ്പെടുത്തുക എന്നത് തന്നെയാണ്. ഇന്ന് പണം കൊണ്ട് ചെയ്യാനാകുന്ന കാര്യങ്ങൾ വർഷങ്ങൾക്കുശേഷം ചെയ്യണമെങ്കിൽ ആ പണം കൃത്യമായി വളരുക തന്നെ വേണം. അത്തരത്തിലുള്ള നേട്ടം കൈവരിക്കണമെങ്കിൽ കൃത്യമായ രീതിയിൽ പണം കൈകാര്യം ചെയ്യുകയും മികച്ച നിക്ഷേപ പദ്ധതികളിൽ ഏർപ്പെടുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതായത് ഒരു വ്യക്തിയുടെ കയ്യിലുള്ള പണം അതിന്റെ മൂല്യത്തിൽ ഇടിവ് വരാതെ നിലനിൽക്കണമെങ്കിൽ ആ പണത്തിന് ജോലി ചെയ്യുവാനുള്ള അവസരം നാം ഒരുക്കി കൊടുക്കണം. അതിനുള്ള അവസരം നൽകിയില്ലെങ്കിൽ കാലാന്തരത്തിൽ കയ്യിലുള്ള പണം കൊണ്ട് ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ എത്തിച്ചേരും. നോട്ടു നിരോധനം പോലെയുള്ള നടപടികൾ പണത്തെ കടലാസിനേക്കാൾ വിലകുറഞ്ഞ വസ്തുവായി മാറ്റുന്ന സാധ്യതയും തള്ളിക്കളയാൻ ആവുന്നതല്ല.

ലാഭകരമായ ആസ്തിയിൽ നിക്ഷേപിക്കുക

profitable assets

ആസ്തി എന്ന വാക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ഉപയോഗിക്കുന്നത് പോലെയല്ല പ്രായോഗിക തലത്തിൽ ഉപയോഗിക്കപ്പെടേണ്ടത്. കാർ, താമസിക്കുവാനായി വാങ്ങുന്ന വീട് തുടങ്ങിയവയെല്ലാം ആസ്തിയായാണ് പൊതുവിൽ കണക്കാക്കുന്നത്. സമയം കഴിയും തോറും വിലകുറയുന്ന ഇത്തരത്തിലുള്ള വസ്തുവകകളെ ഒരിക്കലും ആസ്‌തിയായി കണക്കാക്കുവാൻ കഴിയുന്നതല്ല. പക്ഷേ ഒരു റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്ന തരത്തിൽ വീടും സ്ഥലവും വാങ്ങുമ്പോൾ മുടക്കിയ പണത്തിന് ലാഭം ലഭിക്കുകയും  ആ വീടിനെ ഒരു നിക്ഷേപമായി കണക്കാക്കുവാൻ കഴിയുകയും ചെയ്യും. വർത്തമാനകാലത്ത് ആസ്‌തി എന്നാൽ മുടക്കുന്ന പണം നിലനിർത്തിക്കൊണ്ടുതന്നെ ലാഭം നൽകുന്ന വസ്തുവകകളെ സൂചിപ്പിക്കുന്ന പദമായി കണക്കാക്കുന്നു. ലാഭകരമായതും ഉൽപാദനക്ഷമത ഉള്ളതുമായ ആസ്തിയിൽ നിക്ഷേപിക്കുവാൻ വാറൻ ബഫറ്റ് നിക്ഷേപകരെ ഉപദേശിക്കുന്നു. എന്നാൽ സാധാരണക്കാരൻ ആസ്‌തിയായി കണക്കാക്കുന്ന കാർ, വീട് പോലുള്ള വസ്തുക്കൾ അവൻറെ ജീവിത ചെലവിനെ വീണ്ടും ഉയർത്തുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. 

സ്വന്തം കഴിവുകളിൽ വിശ്വസിച്ച് പ്രവർത്തിക്കുക

സ്വന്തം കഴിവുകളെ ശരിയായ രീതിയിൽ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കുകയും ജീവിത വിജയത്തിനായി കഴിവുകൾ ഉപയോഗിച്ച് ആവശ്യമായ വൈദഗ്ധ്യം നേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വ്യക്തിപരമായ അഭിരുചികളെ കൃത്യമായി തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്തുകൊണ്ട് സാധ്യമായ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ചെയ്യുന്ന പ്രവർത്തികളിൽ സംതൃപ്ത്തിയും സാമ്പത്തികമായ ഉയർച്ചയും മാനസ്സികമായ ഉല്ലാസവും നമ്മെ തേടിവരും. താല്പര്യമുള്ള കാര്യങ്ങൾ ആഴത്തിൽ അപഗ്രഥിക്കാനും കൃത്യമായി പ്രയോഗിക്കാനും സാധിച്ചാൽ ഭാവിയിൽ അതൊരു മുതൽക്കൂട്ടായി മാറും എന്നാണ് വാറൻ ബഫറ്റ് അഭിപ്രായപ്പെടുന്നത്. മറിച്ച് സ്വന്തം ശക്തി തിരിച്ചറിയാതെ എല്ലാതരത്തിലുമുള്ള കാര്യങ്ങളിൽ ഇടപെടുവാൻ ശ്രമിച്ചാൽ ആഗ്രഹിക്കുന്ന രീതിയിൽ വളർച്ച കൈവരിക്കാൻ സാധിക്കണമെന്നില്ല.

ബിസിനസ്സ് സാധ്യതകളെ മനസ്സിലാക്കുക

business-opportunities

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർ വ്യത്യസ്ത കമ്പനികളിൽ നിക്ഷേപിക്കുന്നതിന് മുൻപ്, ആ കമ്പനിയുടെ ഉൽപ്പന്നങ്ങളേയും പ്രവർത്തന ശൈലിയേയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഒരു കമ്പനിയെ കുറിച്ച് കൃത്യമായി മനസ്സിലാക്കാതെ ആ കമ്പനിയിൽ പണം നിക്ഷേപിക്കുന്നതിനേക്കാൾ ബുദ്ധിശൂന്യത മറ്റൊന്നുമില്ല എന്നാണ് വാറൻ ബഫറ്റ് പറഞ്ഞുവെക്കുന്നത്. ഒരു കമ്പനിയുടെ ബിസിനസ്സ് സാധ്യത ശരിയായി തിരിച്ചറിഞ്ഞു കൊണ്ട് ഇന്നത്തെ സാഹചര്യത്തിലും ഭാവിയിലും ഒരു സ്ഥാപനത്തിൻറെ പ്രസക്തി കൃത്യമായി മനസ്സിലാക്കി ഭാവിയിൽ സംഭവിക്കാവുന്ന മാറ്റങ്ങളും വെല്ലുവിളികളും മുൻകൂട്ടി കണ്ടു വേണം ആ കമ്പനിയിൽ നിക്ഷേപം നടത്തുവാൻ. അതായത് ഒരു ബിസിനസ്സ് സംരംഭത്തിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിയുവാൻ ഒരു നിക്ഷേപകന് സാധിക്കണം. സ്വന്തമായി കാഴ്ചപ്പാട് ഇല്ലാതെ കമ്പനിയുടെ പേരിലും മറ്റുള്ളവരുടെ ഉപദേശങ്ങളെയും വിശ്വസിച്ച് തെറ്റായ വിലയിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ച് നഷ്ടം നേരിടുന്നവരുടെ എണ്ണം വളരെയധികം ആണ്. ഒരു കമ്പനിയുടെ സാധ്യത വിലയിരുത്തതിനോടൊപ്പം തന്നെ ഓഹരി വിപണിയിൽ ആ കമ്പനിയുടെ ഓഹരി ന്യായമായി വാങ്ങേണ്ട വിലയും ലാഭത്തിനായി വിൽക്കേണ്ട വിലയും മനസ്സിലാക്കുക എന്നതും പ്രധാനമാണ്. വ്യത്യസ്ത കമ്പനികളെ അടിസ്ഥാനപരമായ വിശകലനത്തിന് വിധേയമാക്കുകയും ആ കമ്പനിയുടെ പ്രകടനം വിലയിരുത്തുന്ന വാർഷിക രേഖകൾ കൃത്യമായി മനസ്സിലാക്കുകയും ചെയ്യേണ്ടത് ഒരു നിക്ഷേപകന്റെ കർത്തവ്യമാണ്. 

അവസരങ്ങൾ പാഴാക്കരുത്

ജീവിതത്തിലായാലും ഓഹരി വിപണിയിൽ ആയാലും അവസരങ്ങൾ ലഭിക്കുമ്പോൾ അവയെ കൃത്യമായി തിരിച്ചറിഞ്ഞ് നേട്ടങ്ങൾ കൈവരിക്കാൻ ഏതൊരു വ്യക്തിയും തയ്യാറാവണം എന്ന് വാറൻ ബഫറ്റ് പറയുന്നു. സമീപകാലത്തെ ഒരു ഉദാഹരണം എടുത്താൽ വർഷങ്ങൾക്കു മുൻപ് ടെക്നോളജി  കമ്പനിയിലെ അന്നത്തെ ഭീമനായിരുന്ന യാഹുവിന് ഗൂഗിളിനെ വാങ്ങുവാനുള്ള അവസരം കൈവന്നതാണ് അന്ന് ആ അവസരം അവർ ഉപയോഗപ്പെടുത്തിയില്ല. വർഷങ്ങൾക്കിപ്പുറം ലോകത്തെ ഏറ്റവും വലിയ ടെക് ഭീമനായി ഗൂഗിൾ നിലകൊള്ളുകയും യാഹുവിന് തന്റെ പ്രതാപ കാലത്തെ വളർച്ച നിലനിർത്തുവാൻ സാധിക്കാതെ വരികയും ചെയ്തു. ഒരു നിക്ഷേപം നടത്തി അതിൽ നിന്നും ഉണ്ടാകുന്ന ലാഭത്തേക്കാൾ വളരെയധികം ആണ് കൃത്യമായ ഒരു അവസരം ഉപയോഗപ്പെടുത്താതിരുന്നാൽ വ്യക്തികൾക്ക് സംഭവിക്കുന്ന നഷ്ടം  ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും പരിചിതമായ മറ്റൊരു ഉദാഹരണം എടുത്താൽ അഞ്ചു വർഷങ്ങൾക്കു മുൻപ് കേവലം 900 രൂപ എന്ന വിലയിൽ ലഭ്യമായിരുന്ന റിലൈൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി  ഇന്ന് വ്യാപാരം ചെയ്യപ്പെടുന്നത് 2500 രൂപയിൽ അധികം വിലയിലാണ് അതായത് അഞ്ചുവർഷംകൊണ്ട് 200 ശതമാനത്തിലേറെ വളർച്ചയാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി നേടിയിരിക്കുന്നത്. റിലയൻസിന്റെ വളർച്ച സാധ്യത മുൻകൂട്ടി കാണുവാൻ സാധിച്ച നിക്ഷേപകർ കൃത്യമായി അവസരം മുതലെടുക്കുകയും ഉയർന്ന നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 

നിങ്ങളിൽ തന്നെ നിക്ഷേപിക്കുക

ഈ ലോകത്തെ ഏറ്റവും മൂല്യമുള്ള നിക്ഷേപം എന്താണെന്നുള്ള ചോദ്യത്തിന് ഒരേയൊരു ഉത്തരം നിങ്ങളിൽ തന്നെയുള്ള നിക്ഷേപം എന്നതാണ് ഉത്തരം. ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ താൻ ആഗ്രഹിക്കുന്ന തരത്തിൽ ഉയരണമെങ്കിൽ അതിനുതകുന്ന വിധത്തിൽ അറിവുകൾ നേടുകയും അവ പ്രയോഗത്തിൽ വരുത്തുകയും ചെയ്യേണ്ടതാണ്. ഒരു വ്യക്തി തന്നിൽതന്നെ നിക്ഷേപിക്കുക വഴി നേടുന്ന അറിവുകളും വൈദഗ്ധ്യവും അവന്റെ ജീവിതത്തിൽ ഗുണപരമായി പ്രവർത്തിക്കുകയും ഏറ്റവും മൂല്യമുള്ള മൂലധനമായി മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ പുതിയ കാര്യങ്ങൾ പഠിക്കുവാനും ജീവിതത്തിൽ വിജയിച്ച വ്യക്തികളെ മനസ്സിലാക്കുവാനും ശ്രമിക്കുന്നവർ അവരവരുടെ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും അതിലൂടെ സാമ്പത്തികമായ ഉയർച്ച കൈവരിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പ്രായത്തിനനുസരിച്ച് നിങ്ങൾ കൈവരിക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങൾ

പ്രായം കൂടി വരുന്നതനുസരിച്ച് ഓരോ വ്യക്തിയും കൈവരിക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. കൂടാതെ ഓരോ…

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന 5 രഹസ്യങ്ങൾ

എന്താണ് സാമ്പത്തിക സ്വാതന്ത്ര്യം. സ്വന്തം സാമ്പത്തിക നിലയെ കുറിച്ച് വ്യാകുലപ്പെടാതെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ ഒരു വ്യക്തിയെ…

എടുത്തുചാടി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കാനായി 5 വഴികൾ

മതിയായ ആലോചന ഇല്ലാതെയും കാര്യമായി ചിന്തിക്കാതെയും വികാരത്തിൻ്റെ പുറത്ത് സാധനങ്ങൾ വാങ്ങിക്കൂടുന്ന ശീലമുള്ളവരാണോ നിങ്ങൾ. ആസൂത്രണമില്ലാത്ത…

ഡിജിറ്റൽ പണമിടപാടുകൾ സുതാര്യമാക്കുവാൻ റിസർവ് ബാങ്കിന്റെ  ഇ-റുപ്പി സംവിധാനം

ഇന്ത്യൻ ഗവൺമെന്റ്, ആർ ബി ഐ, നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ…