financial-advisory

Sharing is caring!

ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യയുടെ വളർച്ചയുടെ ഫലമായി ഓഹരി വിപണി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് പദ്ധതികൾ, തുടങ്ങിയ വ്യത്യസ്തമായ നിക്ഷേപ പദ്ധതികളുടെ ഭാഗമാകാൻ ഒരു സ്മാർട്ട് ഫോണിന്റെ സഹായത്താൽ ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ സാധിക്കുന്നു. വ്യക്തമായ ധാരണയോ അറിവോ ഇല്ലാതെ ഇത്തരത്തിലുള്ള നിക്ഷേപങ്ങളിൽ സ്വന്തമായോ, മറ്റുള്ളവരുടെ പ്രേരണയാലോ പണം നിക്ഷേപിക്കുന്നവർക്ക് പിന്നീട് അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള നേട്ടം നേടിയെടുക്കുവാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. മറ്റേത് മേഖലയിലും എന്നപോലെ സാമ്പത്തികമായ തീരുമാനങ്ങൾ എടുക്കുവാനായി വിദഗ്ധ അഭിപ്രായം തേടുന്നതിന്റെ പ്രാധാന്യം എന്താണെന്ന് ഓരോ നിക്ഷേപകനും അറിഞ്ഞിരിക്കണം.

സമൂഹത്തിലെ ഒട്ടുമിക്ക വ്യക്തികളും ജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചെറിയ കാര്യങ്ങളും ജോലികളും പരസഹായം ഇല്ലാതെ സ്വന്തമായി ചെയ്യുവാൻ ആഗ്രഹമുള്ളവരാണ്. ചിലവ് കുറയ്ക്കാനായി ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ സ്വന്തമായി ചെയ്യുമ്പോൾ തെറ്റുകൾ പറ്റിയാലും, ആ ജോലി പൂർത്തിയാക്കുവാൻ അധികസമയം എടുത്താലും അത് നമ്മുടെ ജീവിതത്തെ കാര്യമായി ബാധിക്കാറില്ല. ഈ മനോഭാവത്തിൽ ധനനിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുവാൻ ഒരിക്കലും സാധിക്കില്ല. ഒരു നിക്ഷേപ പദ്ധതിയിൽ ഏർപ്പെടുമ്പോൾ ഉയർന്ന അളവിൽ ധനനഷ്ടം ഉണ്ടായാൽ സാധാരണക്കാരായ വ്യക്തികളുടെ ജീവിതത്തെ തന്നെ അത് ബാധിക്കുന്നു. ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലും തീരുമാനങ്ങളിലെ കൃത്യതയും അത് കൈക്കൊള്ളുന്ന സമയവും വളരെ പ്രാധാന്യമർഹിക്കുന്നു. സാമ്പത്തികമായ തീരുമാനങ്ങൾ വ്യക്തികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതിനാൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുവാനായി വിദഗ്ധഭിപ്രായം നേടുന്നതിന്റെ ആവശ്യകത എന്തെല്ലാമാണെന്ന് പരിശോധിക്കാം.

തീരുമാനങ്ങൾ എടുക്കുവാനായി വിദഗ്ധ സഹായം ലഭിക്കുന്നു

Image to represent financial advisor

നമ്മുടെ വീട്ടിലെ പ്ലംബിംഗ്, വയറിങ് എന്നിങ്ങനെയുള്ള ജോലികൾക്ക് സാധാരണ ഗതിയിൽ അതിൽ വൈദഗ്ധ്യം നേടിയ വ്യക്തികളെ ആശ്രയിക്കുകയാണ് പതിവ്. ഒരുപക്ഷേ ശ്രമിക്കുകയാണെങ്കിൽ സ്വയം ചെയ്യാവുന്ന കാര്യങ്ങളാണെങ്കിൽ പോലും നാം വിദഗ്ധരായ ജോലിക്കാരെ ആശ്രയിക്കാറുണ്ട്. പരിശീലനത്തിലൂടെയും, വർഷങ്ങളുടെ അനുഭവസമ്പത്തിലൂടെയും വളരെ വേഗത്തിൽ കൃത്യമായി ജോലിപൂർത്തിയാക്കുവാൻ അവർക്ക് സാധിക്കും എന്നതാണ് അതിന്റെ കാരണം. പക്ഷേ ധനനിക്ഷേപം നടത്തുന്ന സാധാരണ വ്യക്തികൾ പല സാഹചര്യങ്ങളിലും വൈദഗ്ധ്യം നേടിയവരുടെ സഹായം തേടുവാൻ മടി കാണിക്കുന്നതായി കാണാം. അത്ര പരിചിതമല്ലാത്ത ചെറിയ ജോലികൾ ചെയ്യുവാനായി സ്വയം ശ്രമിക്കുമ്പോൾ നമുക്ക് സമയനഷ്ടം മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ നിക്ഷേപവുമായി ബന്ധപ്പെട്ട് വ്യക്തികൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും വലിയ സാമ്പത്തിക നഷ്ടമാണ് അവർക്ക് വരുത്തി വയ്ക്കുന്നത്. സ്വന്തമായി തീരുമാനങ്ങൾ എടുത്ത് സ്വയം നിക്ഷേപ പ്രവർത്തനങ്ങൾ ഏർപ്പെടുന്നത് നല്ല കാര്യമാണെങ്കിലും അതിന് ആവശ്യമായ വൈദഗ്ധ്യവും, സാമ്പത്തിക വിദ്യാഭ്യാസവും നമുക്ക് ലഭിച്ചിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടതായിട്ടുണ്ട്. സാമ്പത്തികപരമായ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിലും, സ്വന്തമായി സാമ്പത്തിക ലക്ഷ്യങ്ങൾ ആവിഷ്കരിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിലും ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ ആശ്രയിക്കുന്നതാണ് അഭികാമ്യം. ഒരു വിദഗ്ധന് നിക്ഷേപ സാധ്യതകളോടൊപ്പം തന്നെ നികുതിപരമായ കാര്യങ്ങളിലും വ്യക്തികളെ സഹായിക്കാൻ സാധിക്കും.

സമയക്കുറവും തിരക്കുകളും ബാധിക്കാത്ത രീതിയിൽ നിക്ഷേപങ്ങളെ സംരക്ഷിക്കുവാൻ

ഉയർന്ന ഉത്തരവാദിത്വവും, തിരക്കുമുള്ള ജോലി ചെയ്യുന്നവർക്ക് അവരുടെ സാമ്പത്തികമായ കാര്യങ്ങളിൽ ഇടപെടുവാനായി സമയം തീരെ ലഭിക്കാറില്ല. ഇത്തരം വ്യക്തികൾക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുവാൻ സാധിക്കാത്തതിനാൽ വളരെ ലളിതമായി കൈകാര്യം ചെയ്യാവുന്ന ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകളിലാണ് അവർ നിക്ഷേപങ്ങൾ നടത്തുക. അതായത് മികച്ച നേട്ടങ്ങൾ കൈവരിക്കുവാനുള്ള സാധ്യതകൾ സമയക്കുറവ് മൂലം അത്തരക്കാർക്ക് ഒഴിവാക്കേണ്ടി വരുന്നു. ചില വ്യക്തികൾ അവരുടെ ജോലി തിരക്കിനിടയിൽ ഓഹരി വിപണിയിലും മറ്റു നിക്ഷേപമാർഗങ്ങളിലും ഇടപെടുവാൻ ശ്രമിക്കുമ്പോൾ രണ്ടു മേഖലയിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരികയും കൂടുതൽ നഷ്ടം വരുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ സ്ഥിരമായ വരുമാന സ്രോതസ്സിനെ ബാധിക്കുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തനങ്ങൾ സാമ്പത്തികമായും മാനസികമായും വ്യക്തികളെ പ്രതികൂലമായി ബാധിക്കുന്നു.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ ആശ്രയിക്കുക വഴി എല്ലാതരത്തിലുമുള്ള നിക്ഷേപ പ്രവർത്തനങ്ങളിൽ വ്യക്തികൾക്ക് ഇടപെടുവാൻ സാധിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട തിരക്കുള്ള വ്യക്തികൾക്ക് നിക്ഷേപത്തേയും ധനകാര്യ ഇടപാടുകളെയും കുറിച്ചുള്ള ആകുലതകൾ ഒഴിവാക്കി അവരുടെ ജോലികളിൽ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കുകയും വിദഗ്ധസഹായം ഉപയോഗപ്പെടുത്തുക വഴി വ്യത്യസ്ത മാർഗ്ഗങ്ങളിൽ നിന്ന് നേട്ടങ്ങൾ നേടുവാൻ സാധിക്കുകയും ചെയ്യുന്നു.

നിക്ഷേപിക്കുന്നതിനോടൊപ്പം തന്നെ മറ്റു മേഖലകളിലും വിദഗ്ധസഹായം ലഭിക്കുന്നു

ഒരു ഇൻഷുറൻസ് ഏജന്റിനെ പോലെയോ മ്യൂച്വൽ ഫണ്ട് ഏജന്റിനെ പോലെയോ ഒരു നിക്ഷേപ സാധ്യത ഉപദേശിക്കുന്ന വ്യക്തിയായി സാമ്പത്തിക ഉപദേഷ്ടാവിനെ നോക്കിക്കാണുന്നത് തെറ്റാണ്. ഒരു ഏജൻറ് തന്റെ ഉൽപ്പന്നം വിൽക്കുവാൻ ശ്രമിക്കുന്ന വ്യക്തിയാണ്, എന്നാൽ ഒരു സാമ്പത്തിക ഉപദേഷ്ടാവ് വ്യക്തികൾക്ക് അനുയോജ്യമായ നിക്ഷേപ സാധ്യതകൾ തിരഞ്ഞെടുത്തു നൽകുന്നതിനോടൊപ്പം അവയെ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും നേട്ടങ്ങൾ കൈവരിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. മികച്ച ഉപദേശകരെ അല്ലെങ്കിൽ അത്തരത്തിലുള്ള സ്ഥാപനങ്ങളെ കണ്ടെത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. വിപണിയെ കൃത്യമായി മനസ്സിലാക്കുകയും സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനവും, ഗവേഷണവും നടത്തുകയും ചെയ്യുന്ന വിദഗ്ധർ വ്യത്യസ്ത സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് കാര്യങ്ങളെ മുൻകൂട്ടി കണ്ടു നിക്ഷേപങ്ങളിൽ കൃത്യമായി ഇടപെടുന്നു.

അച്ചടക്കത്തോടെ നിക്ഷേപിക്കുവാൻ സഹായിക്കുന്നു

Image to represent financial advice

വ്യക്തിജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന തിരക്കുകളും പ്രശ്നങ്ങളും കാരണം കൃത്യമായി നിക്ഷേപ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കാതെ വരുന്ന അവസ്ഥ ഉണ്ടാവുകയും, തുടർച്ചയായുള്ള നിക്ഷേപങ്ങളിൽ വീഴ്ച സംഭവിക്കുകയും, അങ്ങനെ ലഭിക്കുമായിരുന്ന നേട്ടങ്ങൾ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിക്ഷേപങ്ങൾ ശ്രദ്ധിക്കുവാനും ആവശ്യമായ ഉപദേശങ്ങൾ നൽകുവാനും ഒരു വ്യക്തിയുണ്ടെങ്കിൽ നിക്ഷേപവും സാമ്പത്തികപരമായ മറ്റു കാര്യങ്ങളും മുടക്കമില്ലാതെ തുടർന്നു കൊണ്ടുപോകുവാൻ നമുക്ക് സാധിക്കുന്നു. നിക്ഷേപങ്ങൾ ശ്രദ്ധിക്കുക മാത്രമല്ല ലോണുകൾ കൃത്യമായി തിരിച്ചടയ്ക്കുവാനും, ടാക്സുമായി ബന്ധപ്പെട്ട കാര്യങ്ങളിലും, മറ്റു നിയമ വ്യവഹാരങ്ങളിലും കൃത്യമായി ഇടപെടുവാനും നമ്മെ ബോധവാന്മാരാക്കുവാനും അവർക്ക് സാധിക്കും.

യുക്തിപരമായ തീരുമാനങ്ങൾ എടുക്കുവാൻ സഹായിക്കുന്നു

നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ട പല ഘട്ടങ്ങളിലും മനുഷ്യന്റെ മനസ്സിനെ നിയന്ത്രിക്കുന്നത് യുക്തിക്കപ്പുറമുള്ള വൈകാരിക ചിന്തകളാണ്. സ്വന്തം പ്രയത്നത്താൽ നേടിയെടുത്ത പണം ഉപയോഗിച്ചുകൊണ്ടുള്ള നിക്ഷേപ പ്രവർത്തനങ്ങളിൽ നേരിട്ട് ഏർപ്പെടുന്ന സമയത്ത് അത്തരത്തിലുള്ള ചിന്തകളുടെ സ്വാധീനത്താൽ തെറ്റായ തീരുമാനങ്ങളിൽ എത്തിച്ചേരുകയും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു.
പ്രത്യേകിച്ച് ഓഹരി വിപണിയിൽ നേരിട്ട് ഓഹരി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വ്യക്തികൾ വിപണിയെയും, ആഗോള സാഹചര്യങ്ങളെയും കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ ഓഹരി വിപണിയിൽ സാധാരണമായി സംഭവിക്കുന്ന കയറ്റിറക്കങ്ങളിൽ വല്ലാതെ ആകുലപ്പെടുകയും, തെറ്റായ സമയത്ത് വിൽക്കുകയും വാങ്ങുകയും ചെയ്യുക വഴി നഷ്ടത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഓഹരി വിപണിയിൽ നേരിട്ട് വ്യാപാരം നടത്തി നഷ്ടം വരുത്തിവെക്കുന്ന വ്യക്തികൾ അതിൻറെ ആഘാതത്തിൽ നഷ്ടം നികത്തുവാനായി എടുത്തുചാടിയുള്ള വ്യാപാരങ്ങളിൽ ഏർപ്പെടുകയും തുടർന്ന് കൂടുതൽ നഷ്ടം സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ മറികടക്കുവാനായി സാമ്പത്തിക വിദഗ്ധർ ചെയ്യുന്ന സേവനങ്ങൾ നമ്മെ വളരെയധികം സഹായിക്കും. നിക്ഷേപ പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം നേടിയ വ്യക്തികൾ അവരുടെ അറിവിനെയും അനുഭവസമ്പത്തിനെയും മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങളും വിപണിയും കൃത്യമായി മനസ്സിലാക്കുവാൻ അവർക്ക് സാധിക്കുന്നു. വൈകാരികമായ ചിന്തകൾക്ക് ഇടം നൽകാതെ നിർണായക സമയത്ത് യുക്തിപരവും ശാസ്ത്രീയവുമായ തീരുമാനങ്ങൾ എടുത്തു കൊണ്ട് ഉപഭോക്താവിന് മികച്ച സേവനം നൽകുവാൻ ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവ് ശ്രമിച്ചുകൊണ്ടിരിക്കും.

സാമ്പത്തിക ഉപദേഷ്ടാവിന്റെ സേവനം ഉപയോഗപ്പെടുത്തേണ്ടത് ആരെല്ലാമാണ്

ഓഹരിയിലും മ്യൂച്വൽ ഫണ്ടുകളിലും വളരെ ചെറിയ തുക നിക്ഷേപിക്കുന്നവർ അതായത് ഒരു വർഷത്തിൽ ഏകദേശം ഒരു ലക്ഷം രൂപയിൽ താഴെ നിക്ഷേപിക്കുന്നവർക്ക് ഒരു സ്ഥിരം സാമ്പത്തിക ഉപദേഷ്ടാവിന്റെ സേവനം ആവശ്യമില്ല. പക്ഷേ എത്ര തന്നെ ചെറിയ നിക്ഷേപം ആയാലും വിദഗ്ധ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി ആവശ്യമുള്ള പഠനങ്ങൾ നടത്തി വേണം നിക്ഷേപങ്ങൾ നടത്തുവാൻ. അതായത് കൃത്യമായ കാഴ്ച്ചപ്പാടോടുകൂടി നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ ഒരു നിക്ഷേപകന് സാധിക്കണം. താരതമ്യേന വലിയ തുക നിക്ഷേപത്തിനായി മാറ്റിവെക്കാൻ സാധിക്കുന്നവർ ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സേവനം തീർച്ചയായും ഉയോഗപ്പെടുത്തണം. മതിയായ യോഗ്യതയും പരിചയസമ്പത്തും നേടിയ വിദഗ്ധരെ കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മികച്ച നിക്ഷേപകനായി മാറുവാൻ പാലിക്കേണ്ട 7 കാര്യങ്ങൾ

നിക്ഷേപങ്ങളുടെ ലോകത്തിലേക്കുള്ള കടന്നുവരവ് നിധി കണ്ടെത്തുവാൻ ശ്രമിക്കുന്നതിന് തുല്യമായ ഒന്നാണ്. നിക്ഷേപകൻ എന്ന നിലയിൽ നിങ്ങൾ…

സമ്പന്നൻ എന്ന് പറഞ്ഞാൽ ധനികൻ എന്നല്ല

നമ്മൾ പലപ്പോഴും അറിഞ്ഞോ അറിയാതെയോ കൂട്ടികലർത്തി സംസാരിക്കുന്ന 2 വാക്കുകൾ ആണ് Rich & Wealthy…

സ്ഥിരവരുമാനക്കാരല്ലാത്ത വ്യക്തികൾ പാലിക്കേണ്ട സാമ്പത്തിക ശീലങ്ങൾ

സ്ഥിരവരുമാനം ഉള്ളവർക്കും സ്ഥിരവരുമാനം ഇല്ലാത്തവർക്കും വരുമാന ലഭ്യതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും അവരുടെ ജീവിത ചെലവുകൾ ഒരുപോലെ തന്നെയാണ്.…

പണത്തെക്കുറിച്ചുള്ള ആകുലതകൾ ഒഴിവാക്കുവാനായി 5 വഴികൾ

പണത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കണക്കാക്കുന്ന ഇന്നത്തെ തിരക്കുള്ള ലോകത്ത് പണം തന്നെയാണ് ഭൂരിഭാഗം വ്യക്തികളുടേയും…