early-retirement-spending-time-with-family

Sharing is caring!

കഴിയാവുന്നത്ര  ചെറിയ പ്രായത്തിൽ തന്നെ ജോലിയിൽ നിന്ന് വിരമിക്കുക എന്നത് ഇന്ന് പലർക്കും താല്പര്യമുള്ള വിഷയമാണ്. സാമ്പത്തിക സ്വാതന്ത്ര്യം നേടി കഴിയാവുന്നത്ര നേരത്തെ റിട്ടയർ ചെയ്യുവാനായി ആത്മാർത്ഥമായ പരിശ്രമവും വ്യക്തമായ ആസൂത്രണവും ആവശ്യമാണ്. നേരത്തെയുള്ള റിട്ടയർമെൻ്റിനായി നമുക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് പരിശോധിക്കാം.

കഴിയാവുന്നത്ര നേരത്തെ നിക്ഷേപിക്കുവാൻ തുടങ്ങുക

കഴിയാവുന്നത്ര നേരത്തെ നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാനും നിക്ഷേപിക്കുവാനും തുടങ്ങേണ്ടതാണ്. ഇതിലൂടെ നിങ്ങൾ നിങ്ങളുടെ പണത്തിന് വളരുവാൻ കൂടുതൽ സമയം നൽകുകയാണ് ചെയ്യുന്നത്. സമയം കടന്നു പോകുന്നതിനനുസരിച്ച് നിങ്ങൾക്ക് കോമ്പൗണ്ടിംഗിന്റെ ഗുണഫലം ലഭിക്കുകയും നിക്ഷേപത്തിൽ നിന്ന് കൂടുതൽ നേട്ടം ലഭിക്കുകയും ചെയ്യുന്നു.

എത്ര നേരത്തെ നിങ്ങൾ നിക്ഷേപിക്കുവാൻ തുടങ്ങുന്നുവോ അത്രയും നേട്ടം നിങ്ങൾക്ക് ലഭിക്കുന്നു.

വരവറിഞ്ഞ് ചെലവഴിക്കുക

റിട്ടയർമെൻ്റ് എന്നത് പല വ്യക്തികൾക്കും പല രീതിയിലാണ്. ലളിത ജീവിതം നയിക്കുന്നത് വളരെ നേരത്തെ റിട്ടയർ ചെയ്യുവാൻ നിങ്ങളെ സഹായിക്കും. പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് നാം പിന്തുടരേണ്ട ചില കാര്യങ്ങൾ ഇവയാണ്.

financial-planning
  • വളരെ കരുതലോടെ ചെലവഴിക്കുക. നിങ്ങളുടെ പണം എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് കൃത്യമായി മനസ്സിലാക്കുക.
  • നീക്കിയിരിപ്പുകൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം നിങ്ങളുടെ ലക്ഷ്യങ്ങൾക്കായി മാറ്റി വയ്ക്കുക.
  • ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് സ്ഥിരതയുള്ള സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുക.

ബുദ്ധിപൂർവ്വം നിക്ഷേപിക്കുക

നീണ്ട കാലയളവിലേക്ക് നിക്ഷേപം തുടരുന്നത് വഴിയും പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുന്നത് വഴിയും നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക് കുറയ്ക്കുവാൻ സാധിക്കുന്നു. 

വ്യത്യസ്ത ആസ്തികളിലായി നിക്ഷേപം നടത്തുവാനുള്ള അവസരം നിക്ഷേപകർക്കുണ്ട്. ഓഹരികൾ, ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ നിക്ഷേപം വ്യത്യസ്ത സ്വഭാവമുള്ള ആസ്തികളിലായി വ്യാപിപ്പിക്കുന്നതിനെയാണ് വൈവിധ്യവൽക്കരണം എന്നു പറയുന്നത്. ഇതിലൂടെ വിപണിയിലെ കയറ്റിറക്കങ്ങളുടെ സ്വാധീനത്തിൽ നിന്ന് നിക്ഷേപത്തെ സംരക്ഷിച്ചു നിർത്തുവാൻ സാധിക്കുന്നു. 

കടങ്ങൾ ഒഴിവാക്കുക

കഴിയാവുന്നത്ര വേഗം കടങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കുക. ഉയർന്ന പലിശ ചുമത്തപ്പെടുന്ന കടങ്ങൾക്ക് വർഷങ്ങൾ കൊണ്ട് നൽകേണ്ടിവരുന്ന ഭീമമായ തുക ഒഴിവാക്കുവാൻ കടങ്ങൾ എത്രയും വേഗം വീട്ടുക എന്നതാണ് പരിഹാരം. 

proper-debt-management

നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ബാധ്യതകളുണ്ടെങ്കിൽ ഏറ്റവുമധികം പലിശ ചുമത്തപ്പെടുന്ന കടങ്ങൾ വീട്ടുന്നതിന് പ്രഥമ പരിഗണന നൽകുക. കടങ്ങൾ ഓരോന്നായി ഒഴിവാക്കി തുടങ്ങുമ്പോൾ പണത്തിന്റെ ലഭ്യത കൂടുകയും ആ പണം നിക്ഷേപം നടത്തുവാൻ സാധിക്കുകയും ചെയ്യും. സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് കടങ്ങൾ വീട്ടുവാനായി പരിശ്രമിച്ചാൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ പ്രയാണത്തിന് വേഗത കൈവരിക്കാനാകും.

കൃത്യമായ സാമ്പത്തികാസൂത്രണം

നിങ്ങളുടെ റിട്ടയർമെൻ്റ് പ്ലാൻ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ നിലവിലുള്ള സാമ്പത്തിക സ്ഥിതി വിലയിരുത്തുവാൻ ശ്രമിക്കുക. 

അതിനുശേഷം റിട്ടയർമെൻ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുക. അതായത് ഏതു പ്രായത്തിൽ റിട്ടയർ ചെയ്യണമെന്നും റിട്ടയർമെൻ്റിനു ശേഷം മാസംതോറും എത്ര വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും എങ്ങനെയുള്ള ജീവിതമാണ് റിട്ടയർമെൻ്റിന് ശേഷം നിങ്ങൾ ആഗ്രഹിക്കുന്നതെന്നും തീരുമാനിക്കുക.

മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നിറവേറ്റുവാനായി സമയപരിധി നിശ്ചയിക്കുക. കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുക. അതനുസരിച്ച് നിങ്ങളുടെ പ്രവർത്തനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കുക. കൃത്യമായ രീതിയിൽ റിട്ടയർമെൻ്റ് ആസൂത്രണം ചെയ്തു നടപ്പിലാക്കുക.

പാസീവ് വരുമാന സ്രോതസ്സുകൾ

നിക്ഷേപങ്ങളിലൂടെയോ നിങ്ങൾക്ക് താല്പര്യമുള്ള ബിസിനസുകളിലൂടെയോ റിട്ടയർമെൻ്റിന് ശേഷം വരുമാനം കണ്ടെത്താവുന്നതാണ്. ഉദാഹരണത്തിന് വരുമാനത്തിനായി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളോ  ഇ കൊമേഴ്സ് ആയി ബന്ധപ്പെട്ട ബിസിനസുകളോ ഉപയോഗപ്പെടുത്താവുന്നതാണ്. സ്ഥിരതയുള്ള അധിക വരുമാനമുണ്ടെങ്കിൽ നിങ്ങൾക്ക് സമാധാനപൂർണ്ണമായ ഒരു റിട്ടയർമെൻ്റ് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും.

ആരോഗ്യവും ആരോഗ്യ ഇൻഷുറൻസും

ആരോഗ്യകരമായ ജീവിതരീതികൾ പാലിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോടൊപ്പം മികച്ച ആരോഗ്യസ്ഥിതി ഉണ്ടായിരിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. കൃത്യമായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുക, ശരിയായ ഉറക്കം ഇവയെല്ലാം തന്നെ ആരോഗ്യമുള്ള ജീവിതത്തിന് ആവശ്യമായ ഘടകങ്ങളാണ്. ജീവിതശൈലി രോഗങ്ങൾ നമ്മെ ബാധിക്കാതിരിക്കണമെങ്കിൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക തന്നെ വേണം.

healthy-lifestyle

എത്രതന്നെ ശ്രദ്ധിച്ചാലും ചില സാഹചര്യങ്ങളിൽ നാം മുൻകൂട്ടി കാണാത്ത ആരോഗ്യപ്രശ്നങ്ങൾ ജീവിതത്തിലേക്ക് കടന്നു വന്നേക്കാം. അത്തരം സാഹചര്യങ്ങൾ നേരിടുവാനായി തെറ്റില്ലാത്ത കവറേജ് നൽകുവാൻ സാധിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാകേണ്ടത് അനിവാര്യമാണ്. അപ്രതീക്ഷിതമായ മെഡിക്കൽ ചെലവുകൾക്കായി ഹെൽത്ത് ഇൻഷുറൻസിന്റെ സഹായത്തോടെ തയ്യാറായിരിക്കണം.

ഓർക്കുക ദിനംപ്രതി ഉയരുന്ന ചികിത്സ ചെലവുകൾ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കാതിരിക്കുവാൻ എത്രയും വേഗം അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാവുക.

അറിവ് നേടുക

നിക്ഷേപങ്ങളെക്കുറിച്ചും മറ്റു സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും അറിവ് നേടുവാൻ ശ്രമിക്കുക. കൃത്യമായ അറിവുള്ളവർക്ക് മാത്രമേ മികച്ച സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കുകയുള്ളൂ.

നേരത്തെയുള്ള റിട്ടയർമെൻ്റിന് അച്ചടക്കവും ആസൂത്രണവും ആവശ്യമാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ആത്മാർത്ഥമായി പ്രവർത്തിക്കുക. നിലവിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ നിക്ഷേപങ്ങളിൽ ഏർപ്പെടുവാനായി സാമ്പത്തിക വിദഗ്ധന്റെ സഹായം തേടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മികച്ച പെൻഷൻ പദ്ധതി എങ്ങനെ ആയിരിക്കണം

ഒരു പെൻഷൻ പ്ലാനിനെ കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിയുടേയും  മുന്നിൽ മ്യൂച്വൽ ഫണ്ട്, റിയൽ എസ്റ്റേറ്റ്,…

ഉയർന്ന പെൻഷൻ നേടുവാനായി മ്യൂച്വൽ  ഫണ്ടിൽ നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്

ഇന്നത്തെ കാലത്ത് മ്യൂച്വൽ ഫണ്ടുകളും മൂച്വൽ ഫണ്ടുകളിലെ എസ് ഐ പി മാതൃകയിലുള്ള നിക്ഷേപവും  ഭൂരിപക്ഷം…