start-investing

Sharing is caring!

നിക്ഷേപങ്ങളുടെ ലോകത്തിലേക്ക് ചുവട് വയ്ക്കുക എന്നത് നിങ്ങളെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ ശേഷിയുള്ള ഏറ്റവും സ്മാർട്ടായ തീരുമാനമായിരിക്കും. നല്ല നാളെയ്ക്കായി ഒരു കർഷകൻ വിത്ത് വിതയ്ക്കുന്നത് പോലെയാണ് ഒരു നിക്ഷേപകൻ വിപണിയിൽ നിക്ഷേപം നടത്തുന്നത്. എങ്ങനെയാണ് നിക്ഷേപങ്ങൾ തുടങ്ങിവയ്ക്കേണ്ടത് എന്നതാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

സാമ്പത്തിക ലക്ഷ്യങ്ങൾ

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ തിരിച്ചറിയുക കാരണം ആ ലക്ഷ്യങ്ങൾക്ക് അനുസരിച്ചാണ് അനുയോജ്യമായ നിക്ഷേപതന്ത്രങ്ങൾ തിരഞ്ഞെടുക്കേണ്ടത്. റിട്ടയർമെൻ്റ് ജീവിതം, ഒരു വാഹനം, സ്വത്ത് സമ്പാദനം തുടങ്ങി ഏതു ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണ് നിങ്ങൾ നിക്ഷേപിക്കുന്നത് എന്ന് തീരുമാനിക്കുക. 

നിങ്ങളുടെ പ്രാഥമിക ലക്ഷ്യം എന്നത് റിട്ടയർമെന്റ് പോലെയുള്ള നീണ്ടകാലയളവ് ആവശ്യമുളളതാണെങ്കിൽ താരതമ്യേന റിസ്ക് കൂടുതലുള്ള നിക്ഷേപമാർഗങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. മറിച്ച് ഒരു വാഹനം സ്വന്തമാക്കുന്നത് പോലെയുള്ള ചെറിയ കാലയളവിൽ നടപ്പിലാക്കേണ്ട ലക്ഷ്യങ്ങളാണെങ്കിൽ സന്തുലിതമായതും താരതമ്യേന റിസ്ക് കുറഞ്ഞതുമായ മാർഗങ്ങളെയാണ് ആശ്രയിക്കേണ്ടത്.

നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളെ നയിക്കേണ്ടത് നിങ്ങളുടെ ലക്ഷ്യങ്ങൾ ആയിരിക്കണം. അതുകൊണ്ടുതന്നെ സാമ്പത്തിക ലക്ഷ്യങ്ങളിൽ വ്യക്തത ഉണ്ടായിരിക്കണം.

ബഡ്ജറ്റ് സൃഷ്ടിക്കുക

ഒരു ബഡ്ജറ്റ് സൃഷ്ടിക്കുവാനും ചെലവുകൾ കൃത്യമായി കൈകാര്യം ചെയ്യുവാനും ശ്രമിക്കുക. ഒരു മികച്ച ബഡ്ജറ്റ് സൃഷ്ടിക്കണമെങ്കിൽ തുടർച്ചയായ പരിശ്രമം ആവശ്യമാണ്. ബഡ്ജറ്റ് തയ്യാറാക്കുക എന്നത് സാമ്പത്തിക സ്ഥിരതയുള്ള ജീവിതത്തിന് അനിവാര്യമാണ്.

create-budget

നിങ്ങളുടെ സാമ്പത്തികസ്ഥിതി വിലയിരുത്തുന്നതിനോടൊപ്പം നിങ്ങളുടെ വരുമാനവും, കടങ്ങളും, ചെലവുകളും തിരിച്ചറിയുക. എല്ലാ മാസവും എത്ര തുകയാണ് നിങ്ങൾക്ക് നീക്കിയിരിപ്പായി മാറ്റി വയ്ക്കുവാൻ സാധിക്കുന്നതെന്ന് മനസ്സിലാക്കുക. ഈ കണക്കുകൾ കൃത്യമായി മനസ്സിലാക്കിയാൽ ഏതു മേഖലയിൽ നിന്നാണ് നിങ്ങൾക്ക് ചിലവ് ഉണ്ടാകുന്നതെന്ന് കണ്ടെത്താൻ കഴിയും.

ചുരുക്കിപ്പറഞ്ഞാൽ സാമ്പത്തിക സുരക്ഷിതത്വത്തിനും, അച്ചടക്കമുള്ള ഒരു ജീവിതത്തിനും ബഡ്ജറ്റ് തയ്യാറാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു ബഡ്ജറ്റ് തയ്യാറാക്കി അതനുസരിച്ച് മുന്നോട്ട് പോകുന്ന വ്യക്തികൾക്ക് മാത്രമേ മികച്ച സാമ്പത്തിക അടിത്തറ സൃഷ്ടിക്കുവാൻ സാധിക്കുകയുള്ളൂ.

ഉയർന്ന പലിശ ചുമത്തപ്പെടുന്ന കടങ്ങൾ എത്രയും വേഗം വീട്ടുക

നിക്ഷേപിക്കുവാൻ തുടങ്ങുന്നതിനു മുൻപ് നിങ്ങൾക്ക് ഉയർന്ന പലിശ നൽകേണ്ടിവരുന്ന കടങ്ങൾ ഉണ്ടെങ്കിൽ അവ വീട്ടുവാൻ ശ്രമിക്കുക. തുടർച്ചയായി നൽകേണ്ടി വരുന്ന ഉയർന്ന പലിശ തുക നിങ്ങളുടെ സാമ്പത്തികസ്ഥിതിയെ മോശമായി ബാധിക്കുന്ന കാര്യമാണ്.

കടങ്ങൾ വീട്ടുവാനായി പ്രായോഗികമായ ഒരു പദ്ധതി ആവിഷ്കരിക്കുക. കൃത്യസമയത്ത് കടങ്ങൾ വീട്ടുവാൻ സാധിച്ചാൽ കൂട്ടുപലിശയായി നൽകേണ്ടിവരുന്ന തുക നിങ്ങൾക്ക് നിക്ഷേപമായി മാറ്റിവെക്കുവാൻ സാധിക്കും.

എമർജൻസി ഫണ്ട് സൃഷ്ടിക്കുക

അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവരുന്ന ചെലവുകൾക്ക് പണം കണ്ടെത്തുവാനായി ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുക. 

savings

നിങ്ങളുടെ മൂന്നു മുതൽ ആറു മാസം വരെയുള്ള ജീവിത ചെലവിന് ആവശ്യമായി വരുന്ന തുകയാണ് എമർജൻസി ഫണ്ടിൽ ഉണ്ടായിരിക്കേണ്ടത്. ഈ തുക ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങളിൽ നിങ്ങളെ സധൈര്യം മുന്നോട്ടു പോകുവാൻ സഹായിക്കും.

മാത്രമല്ല എമർജൻസി ഫണ്ട് ഒരു സുരക്ഷിതത്വബോധം വ്യക്തികൾക്ക് നൽകുന്നുണ്ട്. ജീവിതത്തിൽ അത്യാവശ്യങ്ങൾ കടന്നുവരുമ്പോൾ അനാവശ്യമായ കടങ്ങളിൽ അകപ്പെടാതിരിക്കാൻ എമർജൻസി ഫണ്ട് സഹായിക്കുന്നു.

ശരിയായ നിക്ഷേപങ്ങൾ നടത്തുക

വളരെയധികം ശ്രദ്ധിച്ചു മാത്രം നിക്ഷേപം നടത്താൻ ശ്രമിക്കുക. ഒരു ശക്തമായ പോർട്ട്ഫോളിയോ സൃഷ്ടിക്കുവാൻ നിങ്ങളെ സഹായിക്കുന്ന ഏറ്റവും മികച്ച തന്ത്രം വൈവിധ്യവൽക്കരണം തന്നെയാണ്.

വ്യത്യസ്ത ആസ്തികളിലായി നിങ്ങളുടെ നിക്ഷേപം വ്യാപിപ്പിക്കുന്നതിനെയാണ് വൈവിധ്യവൽക്കരണം എന്ന് പറയുന്നത്. ഏതെങ്കിലും ഒരു ആസ്തിയിൽ നിന്ന് പ്രതീക്ഷിച്ച തരത്തിലുള്ള നേട്ടം ലഭിച്ചില്ലെങ്കിൽ പോലും നിങ്ങളുടെ നിക്ഷേപത്തിന്റെ ആകെ മൂല്യം ഇടിയാതിരിക്കുവാൻ വൈവിധ്യവൽക്കണം സഹായിക്കുന്നു. അതായത് നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക് കുറയ്ക്കുകയാണ് വൈവിധ്യവൽക്കരണത്തിലൂടെ സാധ്യമാകുന്നത്.

ചെറിയ രീതിയിൽ തുടങ്ങി വയ്ക്കുക

നിങ്ങൾക്ക് വളരെ സൗകര്യപൂർവ്വം കണ്ടെത്താനാകുന്ന തുക നിക്ഷേപിച്ചുകൊണ്ട് ആരംഭിക്കാവുന്നതാണ്. നിക്ഷേപം നടത്തിയ ശേഷം ആത്മവിശ്വാസവും അറിവും വർധിക്കുമ്പോൾ അതിനനുസൃതമായി നിക്ഷേപിക്കുന്ന തുകയിൽ സാഹചര്യങ്ങൾക്കനുസരിച്ച് വർദ്ധനവ് വരുത്താവുന്നതാണ്. അതായത് സാമ്പത്തികപരമായി ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത രീതിയിൽ നിക്ഷേപങ്ങൾ മുന്നോട്ടു കൊണ്ടുപോവുക.

അറിവ് നേടുക

നിങ്ങൾക്ക് ചുറ്റും എന്തെല്ലാമാണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുക. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ പത്രം, വെബ്സൈറ്റുകൾ, ടിവി ചാനലുകൾ തുടങ്ങി വ്യത്യസ്ത മാർഗങ്ങളിൽ നിന്ന് നേടുവാൻ ശ്രമിക്കുക. ശരിയായ അറിവുള്ളവർക്ക് മാത്രമേ നിക്ഷേപവുമായി ബന്ധപ്പെട്ട മികച്ച തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയുള്ളൂ.

gain-knowledge

നിങ്ങൾ നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായി  നിങ്ങളുടെ നിക്ഷേപത്തെ നിരീക്ഷിക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. തുടർച്ചയായ ഇടവേളകളിൽ നിങ്ങളുടെ പോർട്ട്ഫോളിയോയുടെ പ്രകടനം വിലയിരുത്തുക. വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി അനിവാര്യമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ തയ്യാറാവുക.

ദീർഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാട്

ക്ഷമയും ആത്മാർത്ഥമായ പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ നിക്ഷേപം നടത്തി നേട്ടം നേടുവാൻ സാധിക്കുകയുള്ളൂ. വിജയകരമായി നിക്ഷേപിച്ചുകൊണ്ട് മികച്ച നേട്ടം നേടണമെങ്കിൽ നീണ്ട കാലയളവിലേക്ക് നിക്ഷേപം തുടരുവാൻ നാം തയ്യാറായിരിക്കണം.

ദീർഘകാലയളവിലേക്ക് നിങ്ങളുടെ പണം വ്യത്യസ്ത മാർഗങ്ങളിലായി നിക്ഷേപിക്കേണ്ടതായി വന്നേക്കാം. വിപണി വളരെ ചലനാത്മകമാണ് അവിടെ ഹ്രസ്വകാലയളവിൽ കയറ്റിറക്കങ്ങൾ സംഭവിച്ചേക്കാം. ഇത്തരം കയറ്റിറക്കങ്ങളിൽ ആകുലപ്പെട്ടുകൊണ്ട് തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കുവാൻ നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

വിദഗ്ധസഹായം തേടുക

സ്വന്തം നിലയിൽ നിക്ഷേപിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഒരു ഫിനാൻഷ്യൽ വിദഗ്ധന്റെ സഹായം തേടുന്നതാണ് അഭികാമ്യം. പ്രൊഫഷണലുകളുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുമ്പോൾ നമുക്ക് നേട്ടം നേടുവാനുള്ള സാധ്യത കൂടുതലാണ്.

professional-help

നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തി നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കാനാകും എന്ന് കണ്ടെത്തുവാൻ ഒരു പ്രൊഫഷണലിന് സാധിക്കും. സ്വന്തം നിലയിൽ നിക്ഷേപിക്കുവാൻ നിക്ഷേപമേഖലയെ കുറിച്ച് ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണം. ഒരു വിദഗ്ധന്റെ സഹായം തേടുകയാണെങ്കിൽ  സമാധാനത്തോടെ നിക്ഷേപം നടത്തുവാനും അവരുടെ വൈദഗ്ധ്യത്തിന്റെ ഗുണഫലം നേടുവാനും നമുക്ക് സാധിക്കും.

തെറ്റുകളിൽ നിന്ന് പഠിക്കുക

നിക്ഷേപങ്ങളുടെ ലോകത്തിലേക്ക് കടന്നു ചെല്ലുമ്പോൾ നഷ്ടം സംഭവിക്കുക എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ചെറിയ നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ മാനസ്സികമായി തളരാതിരിക്കുക. അറിവ് നേടുവാനുള്ള അവസരങ്ങളായി ചെറിയ നഷ്ടങ്ങളെ നോക്കി കാണുക അതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപതന്ത്രങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരിക.

നിക്ഷേപങ്ങൾ നടത്തുമ്പോൾ അതിനോടൊപ്പം റിസ്ക് നിലനിൽക്കുന്നുണ്ടെന്ന് ഓർക്കുക. നിക്ഷേപം നടത്തുമ്പോൾ ലാഭം എവിടേയും ഉറപ്പു നൽകപ്പെടുന്നില്ല. ക്ഷമയുള്ളവരായിരിക്കുക, പഠനങ്ങൾ നടത്തുവാനും ഉത്തരവാദിത്വത്തോടെ നിക്ഷേപിക്കുവാനും ശ്രമിക്കുക. നിങ്ങൾ നടത്തുന്ന നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നേട്ടം നേടുവാനും സാമ്പത്തിക ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാനും സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സാമ്പത്തികമായി വിജയിച്ച സമ്പന്നരുടെ തന്ത്രങ്ങൾ

പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ടോണി റോബിൻസ് അതിസമ്പന്നരായ  വ്യക്തികളുമായി അഭിമുഖം നടത്തുകയും അവരിൽ നിന്നും ലഭിച്ച…

നിക്ഷേപം ഇരട്ടിയാക്കാം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ

സാധാരണക്കാരായ വ്യക്തികൾ എല്ലാ കാലത്തും ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് നിക്ഷേപ…

മൊമെന്റം ഇൻവെസ്റ്റിംഗിലൂടെ ഓഹരി വിപണിയിലെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താം

ഏറെക്കാലമായി നിലവിലുണ്ടായിരുന്ന നിക്ഷേപ തന്ത്രം ആണെങ്കിലും 1990ന് ശേഷമാണ് ഇന്ത്യയിൽ മൊമെന്റം ഇൻവെസ്റ്റിംഗ് രീതി കാര്യമായി…

ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള മികച്ച സമയം ഏതാണ്

ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കുവാനുള്ള ശരിയായ സമയം ഏതാണെന്ന് കൃത്യമായി പറയുവാൻ സാധിക്കില്ല എന്നതാണ് വാസ്തവം.…