credit-card-mistakes

Sharing is caring!

ഇന്നത്തെ കാലത്ത് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാമ്പത്തിക ഉപകരണമായ ക്രെഡിറ്റ് കാർഡ് പല വ്യക്തികളെയും സംബന്ധിച്ച് ഇരുതല മൂർച്ചയുള്ള വാളായി മാറുന്ന സാഹചര്യമാണുള്ളത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ ചെയ്യുന്ന ഇടപാടുകൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന കാര്യമാണ്. 

ക്രെഡിറ്റ് കാർഡ് എന്നത് എല്ലാ വ്യക്തികളും നിർബന്ധമായി ഉപയോഗിക്കേണ്ട ഒരു സാമ്പത്തിക ഉപകരണമല്ല. ക്രെഡിറ്റ് കാർഡ് കൃത്യമായി ഉപയോഗിക്കുന്നത് കൊണ്ട് പലതരത്തിലുള്ള ഗുണങ്ങൾ ഉണ്ടെങ്കിലും അത് തെറ്റായി ഉപയോഗിച്ചാൽ വളരെ വലിയ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നിങ്ങൾ എത്തിപ്പെടും. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് പൊതുവായി കണ്ടുവരുന്ന ചില തെറ്റുകൾ എന്തെല്ലാമാണെന്നും അവ എങ്ങനെ ഒഴിവാക്കണമെന്നും നമുക്ക് നോക്കാം.

വൈകിയുള്ള തിരിച്ചടവുകൾ

ക്രെഡിറ്റ് കാർഡ് ബില്ല് കൃത്യസമയത്ത് തിരിച്ചടയ്ക്കുവാൻ ശ്രമിക്കുക. കൃത്യസമയത്ത് ബില്ലടയ്ക്കുവാൻ സാധിച്ചില്ലെങ്കിൽ വലിയ നഷ്ടമാണ് ഉപഭോക്താക്കൾക്ക് ഉണ്ടാകുന്നത്.

failing-to-pay-bills

നിശ്ചിത തീയതിക്ക് പണം അടയ്ക്കുവാൻ സാധിച്ചില്ലെങ്കിൽ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിബന്ധനകൾക്ക് അനുസരിച്ച് വൈകി പണം അടക്കുന്നതിന് ലേറ്റ് ഫീസ് ഈടാക്കാറുണ്ട്. കൂടാതെ തിരിച്ചടയ്ക്കുവാൻ ബാക്കിയുള്ള തുകക്ക് ഭീമമായ പലിശ നിരക്കാണ് ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കുന്നത്. തിരിച്ചടയ്ക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയാൽ വലിയ തുകയാണ് ഇത്തരത്തിൽ നൽകേണ്ടി വരുന്നത്. 

തിരിച്ചടവ് വൈകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നതിന് കാരണമായേക്കാം. ക്രെഡിറ്റ് സ്കോർ കുറയുന്നത് ഭാവിയിൽ ലോൺ ലഭിക്കുന്നതിനും മറ്റും തടസ്സമായി മാറിയേക്കാം.

മിനിമം പെയ്മെന്റ് നടത്തുക

ക്രെഡിറ്റ് കാർഡ് ബില്ലിൽ ഉപഭോക്താവിന് തിരിച്ചടയ്ക്കുവാൻ സാധിക്കുന്ന ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്നതാണ് മിനിമം എമൗണ്ട് ഡ്യൂ എന്നത്. മിനിമം പെയ്മെന്റ് നടത്തുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ തിരിച്ചടയ്ക്കേണ്ട ആകെ തുകയുടെ ഒരു നിശ്ചിത ശതമാനം മാത്രമാണ് തിരിച്ചടയ്ക്കുന്നത്. തിരിച്ചടയ്ക്കുവാൻ ബാക്കിയുള്ള തുകയ്ക്ക് ഉയർന്ന പലിശയാണ് ഈടാക്കുന്നത്.

എല്ലായിപ്പോഴും ക്രെഡിറ്റ് കാർഡ് ബില്ല് പൂർണ്ണമായും തിരിച്ചടയ്ക്കുവാൻ ശ്രമിക്കുക. അതായത് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ടോട്ടൽ ഔട്ട്സ്റ്റാൻഡിങ് തുക തിരിച്ചടയ്ക്കുക. തിരിച്ചടയ്ക്കുവാൻ സാധിക്കുന്ന തുക മാത്രം ക്രെഡിറ്റ് കാർഡിൽ നിന്ന് ഉപയോഗിക്കുവാൻ ശ്രമിക്കുക.

ക്രെഡിറ്റ് റിപ്പോർട്ടുകൾ ശ്രദ്ധിക്കാതിരിക്കുക

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ തുടർച്ചയായി നിരീക്ഷിക്കുവാൻ തയ്യാറാവുക. നിങ്ങൾ കൃത്യമായി കടം തിരിച്ചടയ്ക്കുവാൻ ശേഷിയുള്ള വ്യക്തിയാണ് എന്നതിന്റെ നേർരേഖയാണ് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട്. 

looking-credit-report

നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ ചരിത്രമാണ് ക്രെഡിറ്റ് റിപ്പോർട്ടുകളിൽ ഉണ്ടായിരിക്കുക. ചില അവസരങ്ങളിൽ ഈ റിപ്പോർട്ടുകളിൽ തെറ്റുകൾ കടന്നു കൂടിയേക്കാം. ക്രെഡിറ്റ് റിപ്പോർട്ടിംഗ് ഏജൻസികൾക്ക് മുന്നിൽ പിഴവുകൾ ചൂണ്ടിക്കാണിക്കേണ്ടത് ഉപഭോക്താവിൻ്റെ ചുമതലയാണ്.

മോശം ക്രെഡിറ്റ് റിപ്പോർട്ടുള്ള വ്യക്തികൾക്ക് ലോണുകൾ ഉൾപ്പെടെയുള്ള പല സാമ്പത്തിക കാര്യങ്ങൾക്കും ബുദ്ധിമുട്ടുണ്ടായേക്കാം. അതുകൊണ്ടുതന്നെ ക്രെഡിറ്റ് റിപ്പോർട്ടിന് അർഹിക്കുന്ന പ്രാധാന്യം നൽകുക.

ധാരാളം ക്രെഡിറ്റ് കാർഡുകൾ കൈവശം വയ്ക്കുക

ധാരാളം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ഇടപാടുകൾ കൃത്യമായി കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറിയേക്കാം. കൂടാതെ നിങ്ങൾക്ക് സാധ്യമാകുന്നതിനേക്കാൾ കൂടുതൽ തുക ക്രെഡിറ്റ് കാർഡുകൾ മുഖേന ചെലവഴിക്കാനുള്ള പ്രവണത ഉണ്ടാകുവാൻ ഇടയുണ്ട്. കൈവശം പണമില്ലെങ്കിൽ പോലും മനസ്സിൽ ആഗ്രഹം തോന്നുന്ന മാത്രയിൽ തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി കൂട്ടുവാൻ ചിലർ മടി കാണിക്കാറില്ല. 

കൂടാതെ കുറേയധികം ക്രെഡിറ്റ് കാർഡുകളിലൂടെ പണം ചെലവഴിക്കുമ്പോൾ, ചെലവുകൾ കൃത്യമായി രേഖപ്പെടുത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറുന്നു. വരവുചെലവുകൾ കൃത്യമായി മനസ്സിലാക്കാതിരിക്കുകയും ക്രെഡിറ്റ് കാർഡ് ബില്ലുകൾ നിശ്ചിത തീയതിക്ക് മുൻപ് അടയ്ക്കുവാൻ സാധിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്യുന്നു.

ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാതിരിക്കുക

ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിബന്ധനകൾ മനസ്സിലാക്കുവാൻ ശ്രമിക്കുക. ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുമ്പോൾ അതുമായി ബന്ധപ്പെട്ട നിയമപരമായ ബാധ്യതകൾ പാലിക്കാമെന്ന് ഉപഭോക്താവ് ഉറപ്പു നൽകുന്നുണ്ട്. ഉത്തരവാദിത്വത്തോടെ ഉപയോഗിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷമുള്ളതാണ് ക്രെഡിറ്റ് കാർഡുകൾ എന്ന് ഓർക്കുക.

പഴയ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകൾ നിർത്തലാക്കുന്നത്

നിങ്ങൾ മുൻകാലങ്ങളിൽ കൃത്യമായി തിരിച്ചടവുകൾ നടത്തിയ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകൾ നിർത്തലാക്കാതിരിക്കുക. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി അഥവാ മുൻകാലങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകളുടെ വിവരങ്ങളുടെ കാലപരിധി കുറയുവാൻ ഇത് കാരണമാകുന്നു. 

അതായത് മികച്ച രീതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു നിങ്ങളെന്ന് തെളിയിക്കാനുള്ള അവസരമാണ് ഇവിടെ നഷ്ടപ്പെടുന്നത്. ചിലപ്പോൾ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുവാനും കാരണമാകും.

കാർഡ് നഷ്ടപ്പെടുമ്പോൾ റിപ്പോർട്ട് ചെയ്യാതിരിക്കുക

നിങ്ങളുടെ കാർഡ് നഷ്ടപ്പെട്ടു അല്ലെങ്കിൽ ആരെങ്കിലും മോഷ്ടിച്ചു എന്ന് കരുതുക. ഈ വിവരം എത്രയും വേഗം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കമ്പനിയെ അറിയിക്കേണ്ടതാണ്. നഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളുടെ ഉത്തരവാദിത്വം കാർഡിന്റെ ഉടമസ്ഥന് തന്നെയാണ് എന്ന് ഓർക്കുക.

പിൻ ഉപയോഗിക്കാതെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്തുവാൻ കഴിയുന്ന രീതിയിൽ നിങ്ങൾ ക്രമീകരണം നടത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാകുവാനുള്ള സാധ്യതയുമുണ്ട്.

കോ സൈനിംഗ്

ഒരു വ്യക്തിക്ക് ക്രെഡിറ്റ് കാർഡ്  നൽകുമ്പോൾ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട കടം ആ വ്യക്തി തിരിച്ചടച്ചില്ലെങ്കിൽ നിങ്ങൾ തിരിച്ചടയ്ക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെയാണ് കോ സൈനിംഗ് എന്ന് പറയുന്നത്. വളരെ ചിന്തിച്ചു വേണം മറ്റൊരാൾക്ക് വേണ്ടി നിങ്ങൾ കോ സൈനിംഗ് ചെയ്യേണ്ടത്.  

ആർക്കുവേണ്ടിയാണോ കോ സൈനിംഗ് നടത്തുന്നത് അതിന് മുൻപ് ആ വ്യക്തി സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുന്ന ആളാണെന്ന് ഉറപ്പുവരുത്തുക. ഇവിടെ സാമ്പത്തികമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് നിങ്ങൾ ചെയ്യുന്നത്.

ഓർക്കുക നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ ചെലവും നിങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെയാണ്. ഭാവിയിലെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ആശ്രയിച്ചിരിക്കുന്നത് നിങ്ങളുടെ പ്രവർത്തനങ്ങളേയാണ്. വളരെ ഉത്തരവാദിത്വത്തോടും ശ്രദ്ധയോടും ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുക. ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്തുവാൻ കഴിയണം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമൂഹത്തിൽ നിലനിൽക്കുന്ന ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം കാര്യമായി തന്നെ വർദ്ധിച്ചിട്ടുണ്ട്. ക്രെഡിറ്റ്…

ക്രെഡിറ്റ് കാർഡ് ബില്ല് എങ്ങനെ കൃത്യമായി മനസ്സിലാക്കാം

ഇ കൊമേഴ്സ് വെബ്സൈറ്റുകൾ വിപണി കീഴടക്കുന്ന ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം വ്യക്തികൾക്കും സ്വന്തമായി ക്രെഡിറ്റ്…