living-in-limited-income

Sharing is caring!

പരിമിതമായ വരുമാനത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവരാണോ നിങ്ങൾ. ഏക വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരിൽ പലരും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരും കയ്യിൽ കാശില്ലാത്ത അവസ്ഥയുണ്ടാകുമോ എന്നോർത്ത് ഭയപ്പെടുന്നവരുമായിരിക്കും. ഇത്തരം ചിന്തകൾ ഉണ്ടാകുന്നത് സാധാരണമാണെങ്കിലും  അവ വ്യക്തികളുടെ സമാധാനപൂർണ്ണമായ ജീവിതത്തെ ബാധിക്കുന്നവയാണ്. ഏക വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് പ്രായോഗിക തലത്തിൽ നടപ്പിലാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. 

വിശദമായ രീതിയിൽ ബഡ്ജറ്റ് തയ്യാറാക്കുക

പരിമിതമായ വരുമാനം മാത്രമുള്ള വ്യക്തികൾക്ക് ധനകാര്യ ആസൂത്രണവും ജീവിത രീതിയിലെ  മിതവ്യയവും അനിവാര്യമാണ്. അതിനാൽ തന്നെ ഒരു ബഡ്ജറ്റ് തയ്യാറാക്കി മികച്ച രീതിയിൽ ചെലവുകൾ കൈകാര്യം ചെയ്യുവാൻ ശ്രമിക്കുക. ബഡ്ജറ്റുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പിന്തുടരാവുന്നതാണ്.

  • ഒഴിവാക്കാനാകാത്ത ചെലവുകളായ വീട്ടു വാടക, വാട്ടർ ബില്ല്, കരണ്ട് ബില്ല്, പലചരക്ക് സാധനങ്ങൾ തുടങ്ങിയവ തിരിച്ചറിയുക.
  • ഒഴിവാക്കാനാകാത്ത ചെലവുകൾക്ക് ആവശ്യമായി വരുന്ന തുക ആദ്യം തന്നെ മാറ്റിവയ്ക്കുക.
  • ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുക, സിനിമ കാണുക തുടങ്ങി അനിവാര്യമല്ലാത്ത ചെലവുകൾക്ക് വേണ്ടി എത്ര തുകയാണ് മാറ്റിവയ്ക്കേണ്ടത് എന്ന് തീരുമാനിക്കുക.
  • ഒരു നിശ്ചിത ശതമാനം തുക നീക്കിയിരിപ്പായി മാറ്റിവെച്ച ശേഷം പ്രതീക്ഷിക്കാതെ കടന്നുവരുന്ന ചെലവുകൾക്കായി കുറച്ചു പണം മാറ്റിവയ്ക്കുക.
  • എല്ലാ ചെലവുകളും കൃത്യമായി രേഖപ്പെടുത്തുവാനായി ബഡ്ജറ്റിംഗ് ടൂളുകളോ ആപ്പുകളോ ഉപയോഗിക്കാവുന്നതാണ്.

എമർജൻസി ഫണ്ട് സൃഷ്ടിക്കുക

ജീവിതത്തിന് ശക്തമായ സാമ്പത്തിക അടിത്തറ നൽകുവാനായി ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുവാൻ ശ്രമിക്കുക. എമർജൻസി ഫണ്ട് എന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുടെ ഭാഗം തന്നെയായിരിക്കണം. 

savings-habits-for-people-without-fixed-income

നിങ്ങളുടെ മാസ വരുമാനത്തിന്റെ നിശ്ചിത ഭാഗം എമർജൻസി ഫണ്ടിലേക്ക് മാറ്റി വയ്ക്കുക. ജീവിതത്തിൽ അത്യാവശ്യ സാഹചര്യങ്ങളിൽ അപ്രതീക്ഷിതമായി ചെലവുകൾ കടന്നുവരുമ്പോൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാത്ത തരത്തിൽ ചെലവുകൾ നടത്തുവാൻ എമർജൻസി ഫണ്ട് സഹായിക്കും. ചില സുപ്രധാന സാഹചര്യങ്ങളിൽ പതറാതെ മുന്നോട്ടു പോകുവാൻ നമ്മെ പ്രാപ്തമാക്കുന്ന ഒരു സുരക്ഷിത വലയമായി എമർജൻസി ഫണ്ട് പ്രവർത്തിക്കുന്നു.

അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക

നിരവധി ഓ ടി ടി സബ്സ്ക്രിപ്ഷനുകൾ, നിരന്തരം പുറത്തുനിന്ന് ഭക്ഷണം കഴിക്കുക തുടങ്ങി ഏതെല്ലാം അനാവശ്യ ചെലവുകളാണ് നിങ്ങൾക്കുള്ളതെന്ന് കണ്ടെത്തുവാൻ കഴിയണം. 

എല്ലാ വിധത്തിലുമുള്ള ചെലവുകൾ രേഖപ്പെടുത്തിയതിന് ശേഷം അവയിൽ ഒഴിവാക്കാനാവാത്തവ എന്തെല്ലാമാണെന്ന് മനസ്സിലാക്കുക. വീട്ടു വാടക, കറണ്ട് ബില്ല്, വാട്ടർ ബില്ല്, പലചരക്ക് സാധനങ്ങൾ തുടങ്ങിയ ഒഴിവാക്കാനാകാത്ത ചെലവുകൾക്ക് പ്രാധാന്യം നൽകുക.

ചെലവുകൾ തിരിച്ചറിഞ്ഞതിനു ശേഷം അതിനനുസൃതമായി നിങ്ങളുടെ ബഡ്ജറ്റിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക. സാമ്പത്തിക അച്ചടക്കം പാലിക്കുവാനായി നിങ്ങളുടെ ചെലവുകൾ തുടർച്ചയായി വിലയിരുത്തുവാൻ ശ്രമിക്കുക.

സ്ട്രാറ്റജിക്ക് മീൽ പ്ലാനിങ് ചെയ്യുക, മിതമായ നിരക്കിൽ സാധനങ്ങൾ വാങ്ങാം

പരിമിതമായ വരുമാനത്തിൽ മുന്നോട്ടു പോകുമ്പോൾ ഭക്ഷണ രീതിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുവാനും മിതമായ നിരക്കിൽ സാധനങ്ങൾ വാങ്ങുവാനും ശ്രമിക്കുക. 

strategic-meal-planning

നിങ്ങളുടെ കുടുംബത്തിൻ്റെ നിലവിലെ ഭക്ഷണരീതി വിലയിരുത്തിയതിനു ശേഷം പുതിയതായി പോഷക ഗുണമുള്ളതും ചെലവു കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനാകുമോ എന്ന് പരിശോധിക്കുക. ഒരു ആഴ്ചയിലേക്കോ ഒരുമാസത്തേക്കോ ആയി ഭക്ഷ്യവസ്തുക്കൾ വാങ്ങുകയാണെങ്കിൽ ഇടയ്ക്കിടെയുള്ള അനാവശ്യ ചെലവുകൾ ഒഴിവാക്കാവുന്നതാണ്.

ഡിസ്കൗണ്ടുകളും, കൂപ്പണുകളും പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. സാധനങ്ങൾ വാങ്ങുന്നതിന് മുൻപ് പലയിടങ്ങളിലായി വില വിവരങ്ങൾ താരതമ്യം ചെയ്തതിനു ശേഷം  ഏറ്റവും ലാഭകരമായ രീതിയിൽ പണം ചെലവഴിക്കുക. വീട്ട് ചെലവുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ മേൽപ്പറഞ്ഞ നടപടികൾ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അധിക വരുമാനം നേടുക

ഏക വരുമാനത്തെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ജീവിതരീതിയുമായി മുന്നോട്ടു പോകുമ്പോൾ നിങ്ങൾക്ക് അനുയോജ്യമായ മേഖല കണ്ടെത്തി പ്രവർത്തിച്ചുകൊണ്ട് അധിക വരുമാനം നേടുവാൻ ശ്രമിക്കാവുന്നതാണ്. 

നിങ്ങൾക്ക് അനുയോജ്യമാകുന്ന മേഖലയിൽ  വൈദഗ്ധ്യം നേടുവാൻ ആത്മാർത്ഥമായി പരിശ്രമിക്കുക. നിങ്ങൾക്ക് അധിക വരുമാനവും തൊഴിലും നേടിത്തരുന്ന അറിവുകൾക്ക് വേണ്ടി സമയം ചെലവഴിക്കുക. 

ഫ്രീലാൻസ് ജോലികളിൽ ഏർപ്പെടുന്നതും ചെറിയ രീതിയിൽ ബിസിനസ്സുകൾ നടത്തുന്നതും അധിക വരുമാനം നേടിത്തരുന്ന മാർഗങ്ങളാണ്. സ്ഥിരവരുമാനത്തിന്റെ ഭാഗമല്ലാതെ അധികമായി ലഭ്യമാകുന്ന പണം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുവാൻ കഴിയണം. അധിക വരുമാനം കണ്ടെത്തുവാൻ സാധിച്ചാൽ ജീവിതത്തിൽ കടന്നുവരുന്ന സാമ്പത്തിക പ്രതിസന്ധികളെ സുഗമമായി തരണം ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കും.

മിതവ്യയ ശീലം പാലിക്കുക

ഏക വരുമാനസ്രോതസ്സിനെ മാത്രം ആശ്രയിച്ചുള്ള ജീവിതവുമായി മുന്നോട്ടു പോകുവാൻ മിതവ്യയ ശീലം പാലിക്കേണ്ടത് അനിവാര്യമാണ്. 

ചെലവാക്കുന്ന പണത്തിൽ നിന്ന് പരമാവധി മൂല്യം ലഭ്യമാകണമെങ്കിൽ വളരെ ശ്രദ്ധാപൂർവ്വം പണം കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്. എല്ലാ കാര്യത്തിലും മിതവ്യയം ശീലിക്കുന്ന മാനസികാവസ്ഥയിൽ എത്തിപ്പെടുവാൻ സാധിച്ചാൽ നിങ്ങൾക്ക് നീക്കിയിരിപ്പായി തെറ്റില്ലാത്ത തുക തന്നെ മാറ്റിവയ്ക്കാൻ സാധിക്കും. അതുവഴി നിങ്ങളുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുകയും ചെയ്യും.

ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

ഏക വരുമാനം മാത്രമുള്ള കുടുംബങ്ങളെ സംബന്ധിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിച്ചാൽ മാത്രമേ ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ സാധിക്കുകയുള്ളൂ. നീണ്ട കാലയളവിൽ നടപ്പിലാക്കേണ്ട ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ജീവിതത്തിൽ അനാവശ്യമായി കടന്നു വരുന്ന പല ചെലവുകളും നമുക്ക് ഒഴിവാക്കുവാൻ സാധിക്കും.

new-house-financial-goals

കുട്ടികളുടെ വിദ്യാഭ്യാസം, ഒരു വീട് സ്വന്തമാക്കുക, റിട്ടയർമെൻ്റ് ജീവിതം തുടങ്ങി ഏത് സാമ്പത്തിക ലക്ഷ്യങ്ങൾ ആയാലും അവ നടപ്പിലാക്കുവാൻ കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കുക. സാമ്പത്തിക സ്ഥിരതയുള്ള ഒരു ജീവിതം നയിക്കണമെങ്കിൽ കൃത്യതയാർന്ന തീരുമാനങ്ങൾ കൈകൊള്ളേണ്ടതുണ്ട്.

ജീവിത പങ്കാളിയുമായി ഒത്തുചേർന്ന് പ്രവർത്തിക്കുക

എല്ലാ കാര്യങ്ങളും ജീവിതപങ്കാളിയുമായി തുറന്നു സംസാരിക്കുവാൻ തയ്യാറാവുക. ഒരുമിച്ച് നേടേണ്ട സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും അവയുടെ പുരോഗതിയെ കുറിച്ചും വിലയിരുത്തലുകൾ നടത്തുക. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളിലും ജീവിതപങ്കാളിയുടെ അഭിപ്രായങ്ങളൾ പരിഗണിക്കേണ്ടതുണ്ട്.

ജീവിതത്തിൽ പല പ്രതിബന്ധങ്ങളും പ്രതിസന്ധികളും  കടന്നു വരുന്ന സമയത്ത് തുറന്ന് സംസാരിക്കുകയും ഒരുമിച്ചു  പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ അവയെല്ലാം തരണം ചെയ്യുവാൻ കഴിയുകയുള്ളൂ. വരുമാനം പരിമിതമാണെങ്കിലും വരവ് ചെലവുകൾ കൃത്യമായി മനസ്സിലാക്കി പരസ്പരം ചർച്ച ചെയ്ത് ഐക്യത്തോടെ മുന്നോട്ട് പോവുകയാണെങ്കിൽ തീർച്ചയായും ഏതൊരു സാധാരണക്കാരനും സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും.

സംഗ്രഹം

ഏക വരുമാനത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മേൽ സൂചിപ്പിച്ചിരിക്കുന്ന 8 ടിപ്പുകളും ഒരു വരുമാനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്ക് പിന്തുടരാവുന്നതാണ്. വ്യക്തതയുള്ള ആസൂത്രണവും ശരിയായ തയ്യാറെടുപ്പുകളുമാണ് സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു ഭാവി ജീവിതം നിങ്ങൾക്ക് സമ്മാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മികച്ച നിക്ഷേപകനായി മാറുവാൻ പാലിക്കേണ്ട 7 കാര്യങ്ങൾ

നിക്ഷേപങ്ങളുടെ ലോകത്തിലേക്കുള്ള കടന്നുവരവ് നിധി കണ്ടെത്തുവാൻ ശ്രമിക്കുന്നതിന് തുല്യമായ ഒന്നാണ്. നിക്ഷേപകൻ എന്ന നിലയിൽ നിങ്ങൾ…

ഉറക്കത്തിലും വരുമാനം നൽകുന്ന സ്രോതസ്സുകൾ

വരുമാന സ്രോതസ്സുകളെ പ്രധാനമായും 2 ആയി തരം തിരിക്കാം. ഒരു വ്യക്തിയുടെ നേരിട്ടുള്ള ഇടപെടലുകൾ ആവശ്യമുള്ള…

നിങ്ങളേയും നിങ്ങളുടെ സമ്പാദ്യങ്ങളേയും പണപ്പെരുപ്പത്തിന്റെ സ്വാധീനത്തിൽ നിന്ന് സംരക്ഷിക്കാം

മാറ്റങ്ങളുടെ ഈ ലോകത്ത് നിക്ഷേപകർ ഏറ്റവുമധികം ആകുലപ്പെടുന്നത് പണപ്പെരുപ്പം എന്ന സാമ്പത്തിക പ്രതിഭാസത്തിനെ കുറിച്ചാണ്. ഭാഗ്യവച്ചാൽ…

സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കുവാൻ പിന്തുടരേണ്ട ഏഴ് കാര്യങ്ങൾ

വ്യക്തവും പ്രായോഗികവുമായ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് സാമ്പത്തികമായ വിജയം കൈവരിക്കാൻ കഴിയുക. നിങ്ങളുടെ…