things to know before using credit cards

Sharing is caring!

സമൂഹത്തിൽ നിലനിൽക്കുന്ന ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം കാര്യമായി തന്നെ വർദ്ധിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് എന്നത് ഇൻസ്റ്റാൾമെൻറ് രീതിയിൽ സാധനങ്ങൾ വാങ്ങുവാനുള്ള ഒരു ഉപാധി എന്ന നിലയിലാണ് പലരും കണക്കാക്കുന്നത്.

ക്രെഡിറ്റ് കാർഡിന്റെ സാധ്യതകൾ മനസ്സിലാക്കാതെ അത് ഉപയോഗിക്കുകയും അത്തരത്തിൽ വരുത്തി വയ്ക്കുന്ന ബാധ്യതകൾ വ്യക്തികളെ കടക്കണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുന്ന ബാധ്യതകൾ തീർക്കുവാനായി മറ്റു ലോണുകൾ പോലും എടുക്കേണ്ട നിലയിലേക്ക് സാധാരണക്കാർ എത്തിച്ചേരുകയും ക്രെഡിറ്റ് കാർഡ് അവരുടെ ജീവിതത്തിൽ വില്ലനായി മാറുകയും ചെയ്യുന്നു.

വളരെ ഉയർന്ന നിലയിൽ ജോലി ചെയ്യുന്ന സ്ഥിര ശമ്പളക്കാരായ വ്യക്തികൾ പോലും ക്രെഡിറ്റ് കാർഡ് എടുക്കുവാനും ഉപയോഗിക്കുവാനും ഭയപ്പെടുന്നതായി കാണാം. ക്രെഡിറ്റ് കാർഡ് ശരിയായ രീതിയിൽ ഉപയോഗിക്കുവാൻ അറിയില്ല എന്നതാണ് അതിന്റെ കാരണം. കൃത്യമായ രീതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും ഗുണകരമായ പെയ്മെന്റ് സംവിധാനമാണ് ക്രെഡിറ്റ് കാർഡ്. പലിശ രഹിതമായി ലോൺ എടുക്കുവാൻ സഹായിക്കുന്ന ഇത്രയും ലളിതമായ മറ്റൊരു സംവിധാനം ഇല്ല എന്നതാണ് അതിന് കാരണം.

എന്താണ് ക്രെഡിറ്റ് കാർഡുകൾ, എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്

നമ്മുടെ കയ്യിൽ ഇല്ലാത്ത പണം ബാങ്കിൽ നിന്നുള്ള ലോൺ എന്ന രീതിയിൽ ഉപയോഗിക്കുവാനായി ബാങ്ക് നൽകിയിരിക്കുന്ന ഒരു സംവിധാനമാണ് ക്രെഡിറ്റ് കാർഡ്. വ്യക്തികളുടെ അക്കൗണ്ടിൽ ലഭ്യമായ പണം എ ടി എം മുഖേന പിൻവലിക്കുവാൻ സഹായിക്കുന്ന കാർഡിനെയാണ് ഡെബിറ്റ് കാർഡ് എന്ന് പറയുന്നത്. എന്നാൽ വ്യക്തികളുടെ കയ്യിൽ ലഭ്യമല്ലാത്ത പണം ഒരു ലോൺ എന്നപോലെ കാർഡ് രൂപത്തിൽ വ്യക്തികൾക്ക് ലഭ്യമാക്കുന്നതിനാണ് ക്രെഡിറ്റ് കാർഡ് എന്ന് പറയുന്നത്. എന്നാൽ ഏതൊരു ലോണിനും എന്നപോലെ ലഭ്യമാകുന്ന പണത്തിന് ക്രെഡിറ്റ് കാർഡിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. ലോണുമായി ബന്ധപ്പെട്ട ഘടകങ്ങൾ ക്രെഡിറ്റ് കാർഡിൽ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് വിശദമായി പരിശോധിക്കാം.

സാധാരണ നിലയിൽ ഏതൊരു ലോണുമായി ബന്ധപ്പെട്ട ലോണായി ലഭിക്കുന്ന പരമാവധി തുക, തിരിച്ചടയ്ക്കേണ്ട കാലാവധി, പലിശ നിരക്ക് എന്നിങ്ങനെയുള്ള മൂന്നു ഘടകങ്ങളാണുള്ളത്. ക്രെഡിറ്റ് കാർഡിൽ നിന്നും ലോൺ ആയി ലഭിക്കുന്ന പരമാവധി തുകയെയാണ് ക്രെഡിറ്റ് ലിമിറ്റ് എന്ന് പറയുന്നത്.

know more about credit cards

വ്യക്തികളുടെ ജോലിയും, ശമ്പളവും, സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാണ് ക്രെഡിറ്റ് ലിമിറ്റ് നിശ്ചയിക്കുന്നത്. അതായത് പണം തിരിച്ചടയ്ക്കുവാനുള്ള വ്യക്തികളുടെ ശേഷിയാണ് ഇവിടെ പരിഗണിക്കുന്നത്. ക്രെഡിറ്റ് കാർഡ് വ്യക്തികൾക്ക് നൽകുന്നതിനും ക്രെഡിറ്റ് ലിമിറ്റ് നിശ്ചയിക്കുന്നതിനും പ്രധാനമായി ബാങ്കുകൾ ആശ്രയിക്കുന്നത് സിബിൽ സ്കോറിനെയാണ്.

ഏതൊരു ലോണിനും എന്നപോലെ ക്രെഡിറ്റ് കാർഡിൽ പലിശ നിരക്ക് എങ്ങനെയാണ് ചുമത്തപ്പെടുന്നത് എന്ന് പരിശോധിക്കാം. ഏകദേശം 50 ദിവസത്തോളം ക്രെഡിറ്റുകാർഡ് വഴി നടത്തുന്ന പെയ്മെന്റുകൾക്ക് പലിശ നൽകേണ്ടി വരുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതായത് 30 ദിവസം നീണ്ടുനിൽക്കുന്ന ബില്ലുകൾ തയ്യാറാക്കുന്ന സമയവും ശേഷമുള്ള 20 ദിവസത്തിനുള്ളിൽ പണം അടയ്ക്കുവാനുള്ള സമയവുമാണ് ക്രെഡിറ്റ് കാർഡ് വഴി നമുക്ക് ലഭിക്കുന്നത്.

മേൽപ്പറഞ്ഞ രീതിയിൽ 50 ദിവസത്തിനുള്ളിൽ പണം തിരിച്ചടയ്ക്കുകയാണെങ്കിൽ ഒരു രൂപ പോലും പലിശയായി നൽകേണ്ടി വരുന്നില്ല. ഉദാഹരണത്തിന് ജൂൺ ഒന്നിന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു വ്യക്തി പണമിടപാട് നടത്തി എന്ന് കരുതുക ജൂൺ 30 ആണ് ബില്ല് നിലവിൽ വരുന്നതെങ്കിൽ ജൂലൈ 20 ആണ് പലിശ കൂടാതെ പണമടയ്ക്കുവാനുള്ള അവസാന തീയതി. ഒരു ക്രെഡിറ്റ് കാർഡിന്റെ ബില്ല് നിലവിൽ വരുന്ന തീയതിക്ക് അനുസരിച്ചാണ് പണം തിരിച്ചടയ്ക്കാനുള്ള സമയം നമുക്ക് ലഭിക്കുന്നത്.

അതായത് മേൽപ്പറഞ്ഞ ഉദാഹരണത്തിൽ സൂചിപ്പിച്ച പോലെയുള്ള ഒരു ക്രെഡിറ്റ് കാർഡിൽ ജൂൺ 20നാണ് ഒരു വ്യക്തി പണമിടപാട് നടത്തുന്നതെങ്കിൽ ജൂലൈ 20ന് പണം അടക്കേണ്ടി വരുമ്പോൾ ആ വ്യക്തിക്ക് പണം തിരിച്ചടയ്ക്കുവാനായി 30 ദിവസം മാത്രമേ ലഭ്യമാകുന്നുള്ളൂ.

ഒരു ക്രെഡിറ്റ് കാർഡിനെ സംബന്ധിച്ച് നമ്മൾ പണം ചെലവാക്കുന്ന തീയതിയും വളരെ പ്രധാനപ്പെട്ടതാണ്. ഒരു മാസത്തെ ബില്ല് നിലവിൽ വന്ന ശേഷമുള്ള ആദ്യത്തെ ആഴ്ച തന്നെ പെയ്മെന്റുകൾ മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്നതാണ് തിരിച്ചടവിനായി അധിക കാലാവധി ലഭിക്കുവാൻ ചെയ്യേണ്ട കാര്യം. പലിശരഹിതമായി തുക തിരിച്ചടയ്ക്കുവാൻ ലഭിക്കുന്ന കാലയളവിന് ശേഷം 36% മുതൽ 48% വരെ വാർഷിക പലിശ നിരക്കിലാണ് തിരിച്ചടയ്ക്കുവാനുള്ള പണത്തിനുമേൽ പലിശ ചുമത്തപ്പെടുന്നത്.

ഇത്തരത്തിലുള്ള വലിയ പലിശ നിരക്കിൽ നിന്നാണ് ക്രെഡിറ്റ് കാർഡുകൾ എന്ന മാർഗ്ഗത്തിലൂടെ ബാങ്കുകൾ ആദായം നേടുന്നത്. വളരെ വ്യാപകമായ രീതിയിൽ ക്രെഡിറ്റ് കാർഡ് ബിസിനസ്സ് വളർത്തിയെടുക്കുവാനായി ബാങ്കുകൾ ശ്രമിക്കുന്നതും ഈ കാരണത്താലാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന വ്യക്തികളിൽ ഒരു ചെറിയ ശതമാനം എങ്കിലും തിരിച്ചടവിൽ പിഴവുകൾ വരുത്തുമ്പോൾ ഉയർന്ന പലിശ ചുമത്തി ലാഭം നേടുവാനായി ബാങ്കുകൾക്ക് സാധിക്കുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന വ്യക്തികൾ വീഴ്ച വരുത്തുമ്പോൾ ചുമത്തപ്പെടുന്ന ഭീമമായ പലിശയെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണം.

ക്രെഡിറ്റ് കാർഡിന്റെ ഗുണങ്ങൾ എന്തെല്ലാമാണ്

വ്യക്തികൾക്ക് പലിശ രഹിതമായി ഏറ്റവും ലളിതമായ രീതിയിൽ ലോണുകൾ ലഭ്യമാകുന്നു എന്നതാണ് ഏറ്റവും വലിയ ഗുണം. പലിശ രഹിതമായി ലഭിക്കുന്ന ഈ ലോണിനെ എങ്ങനെ ബുദ്ധിപരമായി ഉപയോഗപ്പെടുത്താം എന്ന് നോക്കാം. ഒരു സാധനമോ സേവനമോ ലഭ്യമാക്കുവാൻ ആവശ്യമുള്ള തുക ഒരു വ്യക്തിയുടെ സേവിങ്സ് അക്കൗണ്ടിൽ ലഭ്യമാണ് എന്ന് കരുതുക. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ പലിശ രഹിതമായി പണം അടയ്ക്കുവാനുള്ള 50 ദിവസത്തേക്ക് ആ വ്യക്തിയുടെ സേവിംഗ്സ് അക്കൗണ്ടിൽ മേൽപ്പറഞ്ഞ തുക കിടപ്പുണ്ടായിരിക്കും.

credit card advantages

സേവിംഗ്സ് അക്കൗണ്ടുകളിൽ 30 ദിവസത്തേക്ക് ഫിക്സഡ് ഡെപ്പോസിറ്റ് എന്ന രീതിയിൽ തുക നിലനിർത്തുകയാണെങ്കിൽ 5.5% മുതൽ 6% വരെ പലിശ നിരക്കാണ് ലഭിക്കുന്നതാണ്. ഇങ്ങനെയുള്ള ലാഭം മാത്രമല്ല ബിസിനസ്സ് ചെയ്യുന്ന വ്യക്തികളെ സംബന്ധിച്ച് പെട്ടെന്നുള്ള പണത്തിന്റെ ക്രയവിക്രയത്തിന് ക്രെഡിറ്റ് കാർഡിന് ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നതാണ്. ഓഹരി വിപണിയിൽ ട്രേഡ് ചെയ്യുന്നവർക്കും ക്രെഡിറ്റ് കാർഡ് കൃത്യമായി ഉപയോഗിക്കുക വഴി അധികമായി ട്രേഡ് ചെയ്യുവാനുള്ള പണം കണ്ടെത്താൻ സാധിക്കുന്നതാണ്. ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് പോലെ കരുതലോടെ ഉപയോഗിക്കുകയാണെങ്കിൽ ക്രെഡിറ്റ് കാർഡിനെ പണം വളർത്തുവാൻ സഹായിക്കുന്ന ഉപാധിയായി മാറ്റിയെടുക്കാവുന്നതാണ്.

ഇന്നത്തെ കാലത്ത് വ്യക്തികളുടെ സാമ്പത്തികപരമായ അച്ചടക്കത്തിന്റെ അളവുകോലായി എല്ലാ ധനകാര്യ സ്ഥാപനങ്ങളും അംഗീകരിക്കുന്ന ഒരു ഘടകമായി സിബിൽ സ്കോർ മാറിയിരിക്കുന്നു. സിബിൽ സ്കോറിനെ മികച്ച രീതിയിൽ ഉയർത്തുവാനായി ക്രെഡിറ്റ് കാർഡിന്റെ ശരിയായ ഉപയോഗത്തിലൂടെ സാധിക്കും.

ഒരു ലോൺ എടുക്കുകയും അത് കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്താൽ സിബിൽ സ്കോർ കൂട്ടുവാൻ സാധിക്കുമെങ്കിലും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ ഒരു ക്രെഡിറ്റ് കാർഡ് കൃത്യമായി ഉപയോഗിക്കുകയും തിരിച്ചടവുകൾ കൃത്യസമയത്ത് നടത്തുകയും ചെയ്താൽ വളരെ വേഗം മികച്ച സിബിൽ സ്കോർ കൈവരിക്കുവാൻ ഏതൊരു വ്യക്തിക്കും സാധിക്കും.

ജീവിതത്തിൽ ആദ്യമായി ഒരു ലോൺ എടുക്കുവാൻ ബാങ്കിൽ ചെല്ലുന്ന വ്യക്തി ആ ലോണിന് അർഹനാണോ എന്ന് ബാങ്ക് തിരിച്ചറിയുന്നത് ആ വ്യക്തിയുടെ പണം തിരിച്ചടയ്ക്കുവാനുള്ള ശേഷിയുടെ അടിസ്ഥാനത്തിലാണ്. ഒരു മികച്ച സിബിൽ സ്കോർ ഉള്ള വ്യക്തിയെ കൃത്യമായി പണം തിരിച്ചടയ്ക്കുവാൻ കഴിവുള്ള സാമ്പത്തികപരമായ അച്ചടക്കം പാലിക്കുന്ന വ്യക്തിയായി ബാങ്ക് കണക്കാക്കുകയും അത്തരക്കാരുടെ ലോൺ അപേക്ഷകൾ വളരെ വേഗം സ്വീകരിക്കപ്പെടുകയും ചെയ്യുന്നു.

ജീവിതത്തിൽ വളരെ അപ്രതീക്ഷിതമായി കടന്നുവരുന്ന ആരോഗ്യ പ്രശ്നങ്ങളും അതിനെ തുടർന്നുള്ള ആശുപത്രിവാസവും ഇന്നത്തെ കാലത്ത് വളരെ ചിലവേറിയ കാര്യം ആണ്. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത വ്യക്തികളെ സംബന്ധിച്ച് പണമിടപാടുകൾ നടത്തുവാനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവുന്നതാണ്.

അത്യാവശ്യ ഘട്ടങ്ങളിൽ മറ്റു മാർഗ്ഗങ്ങളിൽ നിന്നും പണം കണ്ടെത്തുന്നതിനേക്കാൾ വളരെ എളുപ്പമാണ് ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കുന്നത്. ചിലവാക്കിയ പണം തിരിച്ചടയ്ക്കുവാനായി 50 ദിവസത്തോളം സമയം ലഭിക്കുമെന്നതിനാൽ പിന്നീട് പണം കണ്ടെത്തി തിരിച്ചടവ് നടത്തുവാൻ സാധിക്കുന്നതാണ്. ചില സാഹചര്യങ്ങളിൽ ചെലവാക്കിയ പണം കണ്ടെത്തുവാൻ സാധിച്ചില്ലെങ്കിൽ ചെലവഴിച്ച തുകയെ തവണകളാക്കി തിരിച്ചടയ്ക്കുവാനും ക്രെഡിറ്റ് കാർഡുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ക്രെഡിറ്റ് കാർഡിന്റെ ദോഷവശങ്ങൾ എന്തെല്ലാമാണ്

ക്രെഡിറ്റ് കാർഡിന്റെ ഏറ്റവും വലിയ ദോഷവശം തിരിച്ചടവ് മുടക്കുമ്പോൾ ചുമത്തപ്പെടുന്ന വലിയ പലിശ നിരക്കാണ്. 36% മുതൽ 48% വരെയുള്ള ഉയർന്ന പലിശ നിരക്ക് സാധാരണക്കാരായ വ്യക്തികൾക്ക് താങ്ങാവുന്നതിലും അധികമാണ്. സാധാരണഗതിയിൽ ഒരു ഹൗസിംഗ് ലോണിന് 10 ശതമാനത്തിൽ താഴെ പലിശയും, പേഴ്സണൽ ലോണിന് 15 ശതമാനത്തിൽ താഴെ പലിശയുമാണ് ചുമത്തപ്പെടുന്നത്.

credit card disadvantages

ഇങ്ങനെയുള്ള ലോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡിൽ ചുമത്തപ്പെടുന്ന പലിശ നിരക്കിന്റെ ഭീകരത നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സാമ്പത്തികപരമായ ബുദ്ധിമുട്ടുകളുടെ ഭാഗമായി ലോണുകളുടെ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാൽ ഏറ്റവും പ്രാധാന്യം നൽകി ആദ്യം തന്നെ തിരിച്ചടയ്ക്കേണ്ടത് ക്രെഡിറ്റ് കാർഡിന്റെ തിരിച്ചടവാണ്.

ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്താനാവുന്ന അന്താരാഷ്ട്ര ഇടപാടുകൾ. ഇന്ത്യയ്ക്കകത്ത് ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ആ ഇടപാടുകൾ പൂർത്തിയാക്കുവാനായി മൊബൈൽ ഫോണിൽ വരുന്ന ഓ ടി പിയാണ് ഉപയോഗിക്കുന്നത്.

എന്നാൽ രാജ്യത്തിന് പുറത്തുള്ള ഇടപാടുകൾ നടത്തുമ്പോൾ ഓ ടി പിക്ക് പകരമായി കാർഡിന്റെ സി വി വി ആണ് ചോദിക്കുന്നത്. ഇത്തരത്തിൽ വെബ്സൈറ്റുകളിൽ വ്യക്തികൾ നൽകുന്ന കാർഡിന്റെ വിവരങ്ങൾ ഏതെങ്കിലും സാഹചര്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടാൽ വ്യക്തികളുടെ തിരിച്ചറിവില്ലാതെ തന്നെ കാർഡിൽ നിന്നും പണം നഷ്ടപ്പെടുവാൻ അത് ഇടയാക്കും.

ക്രെഡിറ്റ് കാർഡിന്റെ മറ്റൊരു പോരായ്മയാണ് അത് ഉപയോഗിച്ച് എ ടി എമ്മുകൾ മുഖേന പണം പിൻവലിക്കുക എന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുവാനാകും എന്ന കാര്യം മിക്കവർക്കും അറിയില്ല എന്നതാണ് വാസ്തവം. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അനുവദിക്കപ്പെട്ട പരിധിക്കുള്ളിൽ നിന്ന് പണം എ ടി എമ്മുകൾ മുഖേന പിൻവലിക്കുവാൻ സാധിക്കുന്നതാണ്.

ഉദാഹരണത്തിന് ഒരു ലക്ഷം രൂപ പരിധിയുള്ള ഒരു ക്രെഡിറ്റ് കാർഡിൽ പണം പിൻവലിക്കുവാനുള്ള പരിധി ചിലപ്പോൾ 20,000 ആയിരിക്കാം. ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡിന്റെയും, ബാങ്കിന്റെയും പ്രത്യേകതകൾക്കനുസരിച്ച് എ ടി എമ്മുകളിൽ നിന്ന് പിൻവലിക്കുവാനാകുന്ന പണത്തിന്റെ അളവിലും വ്യത്യാസം സംഭവിക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ പിൻവലിച്ച തുകയ്ക്ക് ചുമത്തപ്പെടുന്ന പലിശ നിരക്ക് വളരെ വലുതാണ്.

ഇവിടെ പണം പിൻവലിക്കുമ്പോൾ സാധാരണഗതിയിൽ ക്രെഡിറ്റ് കാർഡിന്റെ തിരിച്ചടവ് നടത്തുന്ന കാലയളവിന് മുമ്പ് തന്നെ ബാങ്കുകൾ പണം തിരിച്ചടയ്ക്കുവാൻ ആവശ്യപ്പെടുകയും എന്നാൽ വ്യക്തികൾ അത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുക വഴി ഭീമമായ പലിശയാണ് നൽകേണ്ടി വരുന്നത്. ഒഴിവാക്കുവാൻ കഴിയാത്ത അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുവാൻ പാടുള്ളൂ.

2 comments
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ക്രെഡിറ്റ് കാർഡ് ബില്ല് എങ്ങനെ കൃത്യമായി മനസ്സിലാക്കാം

ഇ കൊമേഴ്സ് വെബ്സൈറ്റുകൾ വിപണി കീഴടക്കുന്ന ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം വ്യക്തികൾക്കും സ്വന്തമായി ക്രെഡിറ്റ്…

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഒഴിവാക്കേണ്ട തെറ്റായ പ്രവണതകൾ

ഇന്നത്തെ കാലത്ത് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാമ്പത്തിക ഉപകരണമായ ക്രെഡിറ്റ് കാർഡ് പല വ്യക്തികളെയും സംബന്ധിച്ച്…