image representing person suffering from financial failures

Sharing is caring!

നമ്മളിൽ പലരും സ്വയം തിരിച്ചറിയാതെ തന്നെ സാമ്പത്തികപരമായ പല തെറ്റുകളും ജീവിതത്തിൽ ചെയ്തവരും ചെയ്യുന്നവരും ആയിരിക്കാം. സാമ്പത്തികപരമായി നാം വരുത്തി വയ്ക്കുന്ന വളരെ നിസ്സാരം എന്ന് തോന്നുന്ന ചില തെറ്റുകൾ നമ്മുടെ സാമ്പത്തിക സ്ഥിതിയെ വളരെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.

അതിനാൽ തന്നെ അവ തിരിച്ചറിയേണ്ടതും, പരിഹാരം കാണേണ്ടതും സാമ്പത്തികമായ ഉയർച്ചയ്ക്ക് അനിവാര്യമാണ്. ഒരു സാധാരണക്കാരൻ ജീവിതത്തിൽ വരുത്തുന്ന പ്രധാനപ്പെട്ട സാമ്പത്തികപരമായ തെറ്റുകളും അവ എങ്ങനെ ഒഴിവാക്കാം എന്നും വിശദമായി പരിശോധിക്കാം.

അശാസ്ത്രീയമായ സാമ്പത്തിക ആസൂത്രണം

സാധാരണക്കാരായ വ്യക്തികൾക്ക് മികച്ച രീതിയിൽ സാമ്പത്തികമായ ആസൂത്രണം നടത്തുവാൻ സാധിക്കാത്തതിന്റെ പ്രധാനപ്പെട്ട കാരണം ശരിയായ സാമ്പത്തിക വിദ്യാഭ്യാസം അവർക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാണ്.

Image represent financial struggling

ജീവിതത്തിൻറെ പ്രധാനപ്പെട്ട ഭാഗം വിദ്യാഭ്യാസം നേടുവാനായി മാറ്റിവയ്ക്കുന്ന നമുക്ക് അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട സാമ്പത്തികപരമായ അറിവുകൾ പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.സാധാരണഗതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ഇത്തരത്തിലുള്ള അറിവുകൾ നമുക്ക് ലഭിക്കാറില്ല.

സാമ്പത്തിക സാക്ഷരത ഇല്ലാത്ത ഒരു വ്യക്തിയെ സംബന്ധിച്ച് ആവശ്യത്തിന് വിഭവങ്ങൾ ലഭിച്ചാൽ പോലും സമ്പത്ത് സൃഷ്ടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറുന്നു. നിരന്തരമായ വായനയിലൂടെയും മറ്റു മാർഗ്ഗങ്ങളിൽ നിന്നും അടിസ്ഥാനപരമായ സാമ്പത്തിക വിജ്ഞാനവും, സാമ്പത്തിക രംഗത്ത് ആഗോളതലത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും മനസ്സിലാക്കി കൃത്യമായ ആസൂത്രണം നടത്തിയാൽ മാത്രമേ സാമ്പത്തികപരമായ ഉയർച്ച ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ.

ഏറ്റവും വലിയ സാമ്പത്തികപരമായ തെറ്റ് എന്നു പറയുന്നത് സമ്പത്തിനെ കുറിച്ചുള്ള അറിവുകൾ നേടുവാനായി സമയം മാറ്റിവയ്ക്കുന്നില്ല എന്നത് തന്നെയാണ്. അടിസ്ഥാനപരമായി സമ്പത്തിനെക്കുറിച്ചും സാമ്പത്തിക വ്യവഹാരങ്ങളെ കുറിച്ചും അറിവുള്ള ഒരു വ്യക്തിക്ക് മാത്രമേ സാമ്പത്തിക ആസൂത്രണം ചെയ്യാൻ സാധിക്കുകയുള്ളൂ. 

അമിതമായി പണം ചെലവഴിച്ച് വലിയ ബാധ്യതകൾ വരുത്തി വയ്ക്കുക

 മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണിത്. സ്വന്തം സാമ്പത്തിക നില പരിഗണിക്കാതെ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പലപ്പോഴും വ്യക്തികൾ ബാധ്യതകൾ വരുത്തി വയ്ക്കുന്നത്.

ഉദാഹരണത്തിന് 10000 രൂപ വില വരുന്ന മൊബൈൽ ഫോണിൽ ആവശ്യമുള്ള എല്ലാ ഘടകങ്ങളും ഉണ്ടെങ്കിലും ബ്രാൻഡ് മൂല്യം മാത്രം പരിഗണിച്ച് 50,000 രൂപ വരെ ചിലവഴിച്ച് ഒരു സ്റ്റാറ്റസ് സിംബൽ എന്ന നിലയിൽ മൊബൈൽ ഫോൺ കൊണ്ടു നടക്കുന്നവരുണ്ട്.

അങ്ങനെയുള്ള സാഹചര്യങ്ങളിൽ വ്യക്തികൾ ബാധ്യതകളെയാണ് സ്വന്തമാക്കുന്നത്. ആവശ്യമില്ലാത്ത ബാധ്യതകൾ വരുത്തിവെച്ച് അവ തിരിച്ചടയ്ക്കുവാൻ സാധിക്കാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമുക്കിടയിൽ പലരും.

ഇങ്ങനെയുള്ളസാമ്പത്തികപരമായ തെറ്റുകൾ ഒഴിവാക്കണമെങ്കിൽ ബാധ്യതയും ആസ്തിയും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പണം നൽകി നമ്മൾ ഒരു കാര്യം സ്വന്തമാക്കുമ്പോൾ മുടക്കിയ പണത്തിന്റെ മൂല്യം നഷ്ടപ്പെടാതെ തന്നെ നമുക്ക് ലാഭം തിരികെ ലഭിക്കുന്നുണ്ടെങ്കിൽ അവയെ ആസ്തി എന്ന് വിളിക്കാം.

Image representing excessive shopping.

മറ്റൊരു ഉദാഹരണത്തിലൂടെ ആസ്തിയും ബാധ്യതയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം ഒരു ആഡംബര വാഹനം സ്വന്തമാക്കി എന്ന് കരുതുക കാലക്രമത്തിൽ അതിന്റെ വില കുറയുകയും ആ വാഹനം കൃത്യമായി ഉപയോഗിക്കണമെങ്കിൽ ഇന്ധനത്തിനും, സർവീസിനും വലിയ തുക ചിലവഴിക്കേണ്ടി വരികയും ചെയ്യുന്നു.

ഇവിടെ ആ വ്യക്തി സ്വന്തമാക്കുന്നത് ബാധ്യതകളാണ്. മറിച്ച് ഒരു വാഹനത്തിനു പകരം ഒരു വ്യക്തി മികച്ച റിയൽ എസ്റ്റേറ്റ് നിക്ഷേപമാണ് നടത്തിയത് എങ്കിൽ വാടക ഇനത്തിൽ വരുമാനം ലഭിക്കുന്നതിനോടൊപ്പം തന്നെ കാലക്രമത്തിൽ ആ നിക്ഷേപത്തിന്റെ മൂല്യം വർദ്ധിക്കുകയും ചെയ്യുന്നു.

മേൽപ്പറഞ്ഞ രീതിയിൽ ബാധ്യതകൾക്ക് പകരം ആസ്തികൾക്കായി പണം ചെലവഴിക്കുകയാണെങ്കിൽ മാത്രമേ ജീവിതത്തിൽ സാമ്പത്തികമായ ഭദ്രത കൈവരിക്കുവാൻ സാധിക്കുകയുള്ളൂ.

സാമ്പത്തിക ഭദ്രത തകർക്കുന്ന ലോണുകൾ

ജീവിതത്തിലെ അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ വൻ തുക ലോണുകളായി എടുത്ത് അത് തിരിച്ചടയ്ക്കുവാൻ സാധിക്കാതെ കടക്കണിയിൽ അകപ്പെടുന്നവർ നമുക്ക് ചുറ്റുമുണ്ട്.

കടങ്ങളെ പൊതുവായി നല്ല കടങ്ങൾ എന്നും മോശം കടങ്ങൾ എന്നും വേർതിരിക്കാനാകും. ഉന്നത വിദ്യാഭ്യാസം നേടുന്നതിനും ബിസിനസ്സ് ആരംഭിക്കുന്നതിനും വ്യക്തികൾ എടുക്കുന്ന ലോണുകളെ നല്ല കടങ്ങളായി വിലയിരുത്താനാകും.

അതായത് കടമായി ലഭിച്ച തുക ഉപയോഗിച്ച് മൂല്യമുള്ള കാര്യങ്ങളാണ് നേടുന്നതെങ്കിൽ അവയെ നല്ല കടങ്ങൾ ആയി പരിഗണിക്കാം, മറിച്ച് കടമായി എടുത്ത് തുക ഉപയോഗിച്ച് ബാധ്യതകളായി മാറുന്ന കാര്യങ്ങളാണ് സ്വന്തമാക്കുന്നതെങ്കിൽ അവയെ മോശം കടങ്ങളായി കണക്കാക്കണം.

ഉദാഹരണത്തിന് വലിയ തുക ഹൗസിംഗ് ലോൺ ആയി എടുത്ത് ആഡംബരപൂർണ്ണമായ വീടുകൾ പണിയുന്നത് മലയാളികളുടെ പൊതുവായ സ്വഭാവമാണ് ജീവിതത്തിലെ ഏറിയ പങ്ക് സമ്പാദ്യവും വീടിനായി മാറ്റിവയ്ക്കേണ്ട സാഹചര്യമാണ് ഇവിടെ ഉണ്ടാകുന്നത്.

ഇങ്ങനെയുള്ള മോശം കടങ്ങൾ വരുത്തി വയ്ക്കാതെ സാമ്പത്തികപരമായ വളർച്ചയെ ബാധിക്കാത്ത തരത്തിൽ ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമാണ് ലോണുകളെ ആശ്രയിക്കേണ്ടത്. 

ക്രെഡിറ്റ് കാർഡുകളുടെ അമിത ഉപയോഗം

യുവാക്കളുടെ ഇടയിൽ വളരെ സാധാരണയായി കാണപ്പെടുന്ന സാമ്പത്തികപരമായ തെറ്റാണ് ക്രെഡിറ്റ് കാർഡുകളുടെ അമിത ഉപയോഗം. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കോമേഴ്സ് വെബ്സൈറ്റുകളിലെ ആകർഷകമായ ഓഫറുകളിൽ പ്രലോഭിതരായി അത്യാവശ്യമല്ലാത്ത

സാധനങ്ങൾ പോലും വാങ്ങിക്കൂട്ടിയശേഷം ലഭിക്കുന്ന ശമ്പളത്തിന്റെ സിംഹഭാഗവും ഇ. എം. ഐ ആയി തിരിച്ചടയ്ക്കേണ്ട അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യുന്നു. കയ്യിലില്ലാത്ത പണം ഉപയോഗിച്ചുകൊണ്ടാണ് ഇവിടെ ജീവിതം മുന്നോട്ടു പോകുന്നത്.

ക്രെഡിറ്റ് കാർഡുകൾ ആവശ്യമല്ലാത്ത രീതിയിൽ ഉപയോഗിക്കുമ്പോൾ നാം പോലും അറിയാതെ കടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കും. അനാവശ്യ കാര്യങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ മികച്ച സാമ്പത്തിക ഉപകരണം എന്ന രീതിയിൽ ക്രെഡിറ്റ് കാർഡുകൾ ബുദ്ധിപരമായി ഉപയോഗിക്കുകയാണ് വേണ്ടത്. 

Image representing credit card shopping.

ശമ്പളത്തിൽ നിന്ന് ശമ്പളത്തിലേക്ക് തുടരുന്ന ജീവിതം

ശമ്പളത്തിൽ നിന്ന് ശമ്പളത്തിലേക്ക് എന്ന രീതിയിലാണ് ഒരു ശരാശരി മലയാളിയുടെ ജീവിതം മുന്നോട്ടുപോകുന്നത്. അതായത് ഒരു മാസത്തെ ശമ്പളം ലഭിച്ചു കഴിഞ്ഞാൽ ആ മാസം പത്താം തീയതിക്കുള്ളിൽ ആ ശമ്പളത്തിന്റെ ഭൂരിഭാഗവും ചെലവാകുന്ന അവസ്ഥയാണ് സാധാരണക്കാർക്കിടയിൽ നിലനിൽക്കുന്നത്.

വീട്ടു വാടക, കരണ്ട് ബില്ല്, ടെലിഫോൺ ബില്ല്, മുതലായ ബില്ലുകൾ ലോണുകളുടേയും, ക്രെഡിറ്റ് കാർഡിന്റെയും, തവണകൾ എന്നിങ്ങനെ ലഭിക്കുന്ന പണത്തിന്റെ 90 % വളരെ വേഗം തന്നെ ചെലവായി പോകുന്ന അവസ്ഥയിലാണ് കൂടുതൽ വ്യക്തികളും.

സാമ്പത്തികപരമായ പുരോഗതിയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇത്തരത്തിലുള്ള രീതികൾ മാറ്റി അച്ചടക്കത്തോടെ  പണം ചെലവഴിക്കേണ്ടതായിട്ടുണ്ട്. ലഭിക്കുന്ന പണം മുഴുവൻ ചെലവുകൾക്കായി മാറ്റി വയ്ക്കുമ്പോൾ ഭാവി ജീവിതത്തിന് ആവശ്യമായ നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാൻ സാധാരണക്കാർ പരാജയപ്പെടുന്നു.

ശമ്പളത്തിൽ നിന്നോ മറ്റു മാർഗ്ഗങ്ങളിൽ നിന്നോ ഒരു മികച്ച നിക്ഷേപം നേടിയെടുക്കുവാൻ സാധിച്ചില്ലെങ്കിൽ നാം ആശ്രയിക്കുന്ന ഏക വരുമാനമാർഗ്ഗം നിലച്ചുപോകുന്ന അവസ്ഥയുണ്ടായാൽ വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നാം എത്തുന്ന സ്ഥിതിയുണ്ടാകും. 

മേൽപ്പറഞ്ഞ രീതിയിലുള്ള ജീവിത രീതിയിൽ നിന്നും പുറത്തു കടക്കുവാനായി അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചില സാമ്പത്തികപരമായ അറിവുകൾ എല്ലാ വ്യക്തികളും നേടുകയും അവ ജീവിതത്തിൽ നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സാമ്പത്തിക പുരോഗതിക്കായി നിങ്ങൾ ഒഴിവാക്കേണ്ട ശീലങ്ങൾ

പലപ്പോഴും നമ്മുടെ തെറ്റായ ശീലങ്ങൾ ആണ് നമ്മളെ സാമ്പത്തിക അഭിവൃദ്ധിയിലേക്കു നയിക്കാത്തതിന്റെ പ്രധാന കാരണം. പണം…

സാമ്പത്തിക പുരോഗതിയിലേക്ക് എത്തിച്ചേരുവാൻ സഹായകരമാകുന്ന മാനസികാവസ്ഥ എങ്ങനെ വളർത്തിയെടുക്കാം

സ്വന്തം സാമ്പത്തിക സ്ഥിതി ഓർത്ത് വിഷമിക്കുന്നവരാണോ നിങ്ങൾ. സാമ്പത്തിക അരക്ഷിതാവസ്ഥ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടോ. ജീവിതത്തിൽ…

നിങ്ങൾക്കു എത്ര ബാങ്ക് അക്കൗണ്ടുകൾ വേണം

നിങ്ങൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകളുണ്ട് ? നിങ്ങളുടെ സാമ്പത്തികം നിയന്ത്രിക്കാൻ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളതിനെക്കുറിച്ച്…

ഉറക്കത്തിലും വരുമാനം നൽകുന്ന സ്രോതസ്സുകൾ

വരുമാന സ്രോതസ്സുകളെ പ്രധാനമായും 2 ആയി തരം തിരിക്കാം. ഒരു വ്യക്തിയുടെ നേരിട്ടുള്ള ഇടപെടലുകൾ ആവശ്യമുള്ള…