best-time-for-investments

Sharing is caring!

ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കുവാനുള്ള ശരിയായ സമയം ഏതാണെന്ന് കൃത്യമായി പറയുവാൻ സാധിക്കില്ല എന്നതാണ് വാസ്തവം. ഇന്നലെ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കുവാൻ സാധിച്ചില്ലെങ്കിൽ ഇന്നെങ്കിലും നിങ്ങൾ നിക്ഷേപിക്കാൻ ആരംഭിക്കുക ഈ മനോഭാവത്തോടെ വേണം ഒരു നിക്ഷേപകൻ വിപണിയിൽ നിക്ഷേപിക്കുവാൻ ആരംഭിക്കേണ്ടത്. 

വിപണി താഴ്ന്ന നിരക്കിൽ വ്യാപാരം ചെയ്യുന്നതു കൊണ്ട് വിപണിയിൽ പണം നിക്ഷേപിക്കണമെന്ന് ചിന്തിക്കുന്നതും തെറ്റായ കാര്യമാണ്. വിപണിയിൽ നിക്ഷേപിക്കുവാൻ തയ്യാറെടുക്കുന്ന വ്യക്തികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിശദമായി പരിശോധിക്കാം.

വ്യക്തമായ ലക്ഷ്യത്തോടുകൂടി നിക്ഷേപിക്കുക

വിപണിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന പലരോടും എന്തിന് വേണ്ടിയാണ് നിക്ഷേപിക്കുന്നത് എന്ന ചോദ്യം ചോദിച്ചാൽ അവർക്ക് വ്യക്തമായ ഉത്തരം നൽകുവാൻ സാധിക്കാറില്ല. പലരും നിക്ഷേപം നടത്തുന്നത് വ്യക്തമായ ലക്ഷ്യങ്ങളോ ഉദ്ദേശങ്ങളോ മുന്നിൽ കാണാതെയാണ്. 

വ്യക്തമായ കാഴ്ച്ചപ്പാട് ഇല്ലാതെ നിക്ഷേപം നടത്തുന്നവർ അവർ നടത്തിയ നിക്ഷേപത്തിന്റെ വളർച്ച തിരിച്ചറിയുവാനും കൃത്യമായ രീതിയിൽ നിക്ഷേപം പിൻവലിക്കുവാനും പരാജയപ്പെടുന്നു. ഏതു തരത്തിലുള്ള നിക്ഷേപ മാർഗ്ഗങ്ങളിൽ ആണെങ്കിലും നിക്ഷേപിക്കുവാൻ ആരംഭിക്കുന്നതിനു മുൻപ് നിക്ഷേപം നടത്തുന്നതിന്റെ ലക്ഷ്യങ്ങൾ വ്യക്തമായി എഴുതി വയ്ക്കുവാൻ ശ്രമിക്കുക. 

5 വർഷത്തിനു ശേഷം ഒരു കാർ സ്വന്തമാക്കുക 10 വർഷത്തിനു ശേഷം ഒരു വീട് വയ്ക്കുക, 20 വർഷത്തിനുശേഷം കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക, 45 വയസ്സാകുമ്പോൾ ജോലിയിൽ നിന്ന് റിട്ടയർ ചെയ്യുക തുടങ്ങി ഏതു തരത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ ആണെങ്കിലും ആ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട് നിക്ഷേപിക്കുവാൻ നമുക്ക് സാധിക്കണം. 

ഉദാഹരണത്തിന്, നിലവിൽ 7 ലക്ഷം വിലയുള്ള ഒരു കാർ 5 വർഷത്തിനു ശേഷം സ്വന്തമാക്കുക എന്നതാണ് ഒരു വ്യക്തി നിക്ഷേപിക്കുന്നതിന്റെ ലക്ഷ്യം എന്ന് കരുതുക. വിലക്കയറ്റം മൂലം 5 വർഷത്തിനു ശേഷം ആ കാറിന്റെ വില 9 ലക്ഷം ആണെങ്കിൽ ആ ലക്ഷ്യത്തിലേക്ക് എത്തുവാനായി എത്ര തുക എത്ര ശതമാനം ലാഭനിരക്കിൽ നിക്ഷേപിക്കണമെന്ന് ഒരു കണക്കുകൂട്ടൽ ആ വ്യക്തിക്ക് ഉണ്ടായിരിക്കണം. 

നിക്ഷേപം നടത്തുന്നത് വഴി മികച്ച നേട്ടം ലഭിച്ചാലും വ്യക്തമായ ലക്ഷ്യബോധത്തോടെ നിക്ഷേപത്തെ സമീപിച്ചില്ലെങ്കിൽ ലഭിച്ച നേട്ടം ശരിയായ സമയത്ത് കൃത്യമായി ഉപയോഗപ്പെടുത്തുവാൻ വ്യക്തികൾക്ക് സാധിക്കുകയില്ല. 

plan-your-investments-properly

ലോണുകളും നിക്ഷേപവും

സാധാരണക്കാരായ വ്യക്തികൾ  ജീവിതത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് പല തരത്തിലുള്ള ലോണുകളെയാണ്. പേഴ്സണൽ ലോൺ, ഹോം ലോൺ, വെഹിക്കിൾ ലോൺ, ക്രെഡിറ്റ് കാർഡ് ഇ എം ഐ, തുടങ്ങിയ ലോണുകൾ ഭൂരിഭാഗം സാധാരണക്കാരുടെയും ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. 

വരുമാനത്തിന്റെ നല്ലൊരു ശതമാനം ലോണിനായി മാറ്റിവയ്ക്കുന്ന വ്യക്തികൾ നിക്ഷേപിക്കുന്നതിന് മുൻപ് ലോണുകൾ അടച്ചു തീർക്കുന്നതിന് പ്രാധാന്യം നൽകുക. ലഭിക്കുന്ന ശമ്പളത്തിന്റെ 50 ശതമാനത്തിൽ അധികം ലോണിന്റെ തവണയായി അടയ്ക്കുന്ന വ്യക്തികളാണെങ്കിൽ നിക്ഷേപം ആരംഭിക്കുവാനായി ലോണുകൾ അവസാനിക്കുന്നതു വരെ കാത്തിരിക്കുന്നതാണ് നല്ലത്. 

ലഭിക്കുന്ന വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം എഫ് ഡി, ആർ ഡി, തുടങ്ങിയ നഷ്ട സാധ്യത കുറഞ്ഞ  നിക്ഷേപ മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുവാൻ ശ്രമിക്കേണ്ടതാണ്. ഉയർന്ന സാമ്പത്തിക ബാധ്യതയുള്ള വ്യക്തികൾ മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി തുടങ്ങി നഷ്ട സാധ്യതയുള്ള നിക്ഷേപ മാർഗ്ഗങ്ങളുടെ ഭാഗമാകുമ്പോൾ ചെറിയ നഷ്ടങ്ങൾ പോലും അവരുടെ സാമ്പത്തിക അവസ്ഥയെ കാര്യമായി ബാധിക്കാൻ ഇടയുണ്ട്. 

എമർജൻസി ഫണ്ട് രൂപീകരിക്കുക

 ലഭിക്കുന്ന ശമ്പളത്തിൽ നിന്ന് ചെലവുകൾക്കു ശേഷം ഒരു നിശ്ചിത തുക മാസം തോറും മിച്ചം ലഭിക്കുമ്പോൾ ആ തുക മുഴുവൻ നിക്ഷേപിക്കാനായി മാറ്റിവയ്ക്കുന്നത് തെറ്റായ തീരുമാനമാണ്. എല്ലാ വ്യക്തികളും മൂന്നു മാസത്തെയെങ്കിലും ശമ്പളത്തിന് തുല്യമായി എമർജൻസി ഫണ്ട് നിർബന്ധമായും സൃഷ്ടിച്ചിരിക്കണം. 

അപ്രതീക്ഷിതമായി ജീവിതത്തിൽ കടന്നു വരുന്ന ചെലവുകൾക്ക് പണം കണ്ടെത്താൻ സാധിക്കാതെ വരുമ്പോൾ അനാവശ്യമായ കടങ്ങൾ വരുത്തി വയ്ക്കുന്ന സാഹചര്യങ്ങളിലേക്ക് വ്യക്തികൾ എത്തപ്പെടും. എമർജൻസി ഫണ്ട് സൃഷ്ടിക്കാതെ ദീർഘകാല നിക്ഷേപ പദ്ധതികളിൽ ഏർപ്പെടുമ്പോൾ ജീവിതത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ചെലവുകൾക്കായി നിക്ഷേപ പദ്ധതികളിൽ നിന്ന് പിന്മാറേണ്ട അവസ്ഥ വരെ ഉണ്ടായേക്കാം. 

സുസ്ഥിരമായ ഒരു നിക്ഷേപം സൃഷ്ടിച്ചെടുക്കുവാനായി ഫിക്സഡ് ഡെപ്പോസിറ്റ്, ഡെറ്റ് മ്യൂച്വൽ ഫണ്ട്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ തുടങ്ങിയ രീതിയിൽ എമർജൻസി ഫണ്ട് രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. 

ലൈഫ് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകുക

ദിവസേനയുള്ള തിരക്കുകളുമായി മുന്നോട്ടു പോകുന്ന വ്യക്തികൾ ഭൂരിഭാഗവും നാളെയൊരു കാലത്ത് തന്റെ അഭാവത്തിൽ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തെ പറ്റി ചിന്തിക്കാറില്ല. സമൂഹത്തിലെ സാധാരണക്കാരായ നല്ലൊരു ശതമാനം വ്യക്തികളും ലൈഫ് ഇൻഷുറൻസിനെ ഒഴിവാക്കാനാകാത്ത നിക്ഷേപ മാർഗ്ഗമായി നോക്കി കാണുന്നില്ല.  

എന്നാൽ വ്യക്തിജീവിതത്തിൽ ഒരിക്കലും മാറ്റിവെക്കുവാൻ സാധിക്കാത്ത കാര്യങ്ങളിൽ ഒന്നായി ലൈഫ് ഇൻഷുറൻസിനെ കണക്കാക്കണം. ഉയർന്ന തുക ഇതിനായി മാറ്റി വയ്ക്കാതെ തന്നെ വളരെ ചെറിയ പ്രീമിയത്തിൽ മികച്ച കവറേജ് ലഭ്യമാക്കുന്ന പോസ്റ്റോഫീസ് ലൈഫ് ഇൻഷുറൻസ് പദ്ധതികളെ ഇൻഷുറൻസ് കവറേജിനായി ആശ്രയിക്കാവുന്നതാണ്. 

വ്യക്തികളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ലൈഫ് കവറേജിന് ഒപ്പം ഉയർന്ന നേട്ടം നൽകുന്ന  മികച്ച ഇൻഷുറൻസ് പദ്ധതികളും വിപണിയിൽ ലഭ്യമാണ്. ഒരു ലൈഫ് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാവുകയും കൃത്യമായി പ്രീമിയം അടയ്ക്കുകയും ചെയ്തതിനു ശേഷം മാത്രം മറ്റു നിക്ഷേപ മാർഗ്ഗങ്ങളുടെ ഭാഗമാകുന്നതാണ് നല്ലത്. 

life-insurance-as-part-of-your-personal-finance

നഷ്ട സാധ്യത തിരിച്ചറിയുക

നിക്ഷേപ പദ്ധതികളെ കുറിച്ച് കാര്യമായ ധാരണയില്ലാത്ത വ്യക്തികൾ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഏറ്റവും കുറഞ്ഞ കാലയളവിൽ കൂടുതൽ നേട്ടം നൽകുന്ന നിക്ഷേപമാർഗ്ഗങ്ങൾ എന്താണ് എന്നാണ് അന്വേഷിക്കുന്നത്. എന്നാൽ നാം ഏർപ്പെടുന്ന നിക്ഷേപത്തിന്റെ നഷ്ടസാധ്യത എത്രത്തോളമാണെന്നോ അതിന്റെ ലിക്വിഡിറ്റി റിസ്ക് എന്നത് എന്താണെന്നും അത്തരക്കാർ തിരിച്ചറിയാറില്ല. 

ഒരു നിക്ഷേപ മാർഗ്ഗത്തിൽ തുക നിക്ഷേപിച്ച ശേഷം ആ നിക്ഷേപത്തെ എത്ര വേഗം പണമായി മാറ്റുവാൻ സാധിക്കുന്നുണ്ട് എന്നതാണ് ലിക്വിഡിറ്റി റിസ്ക് സൂചിപ്പിക്കുന്നത്. അതായത് ഒരു നിക്ഷേപം നടത്തിയതിനു ശേഷം ലഭിക്കുന്ന ലാഭം ഉൾപ്പെടെയുള്ള തുക എത്രയും വേഗം പണമാക്കി മാറ്റുവാൻ സാധിക്കുന്നുണ്ടെങ്കിൽ അവിടെ ലിക്വിഡിറ്റി റിസ്ക് കുറവാണെന്ന് പറയാം. 

ഓഹരി വിപണിയിലായാലും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലായാലും ഒരു വ്യക്തി നടത്തിയ നിക്ഷേപം പണമാക്കി മാറ്റുവാൻ സാധിക്കുന്നത് വ്യത്യസ്ത സാഹചര്യങ്ങളെ അനുസരിച്ച് ആയിരിക്കും. വ്യക്തികളുടെ ഇഷ്ടാനുസരണം അല്ലെങ്കിൽ ആവശ്യത്തിന് അനുസരിച്ച് ഒരിക്കലും നിക്ഷേപങ്ങളെ  പണമാക്കി മാറ്റാൻ സധിക്കാറില്ല. 

ഒരു നിക്ഷേപ പദ്ധതിയിൽ ഏർപ്പെടുമ്പോൾ നാം നിക്ഷേപിച്ച തുകയുടെ മൂല്യത്തിൽ നഷ്ടം വരാതെ കൂടുതൽ നേട്ടം നൽകുവാൻ സാധിക്കുന്ന നിക്ഷേപ മാർഗ്ഗങ്ങൾ കണ്ടെത്തി നിക്ഷേപിക്കാൻ ശ്രമിക്കുകയും മികച്ച സാഹചര്യത്തിനായി കാത്തിരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

plan-your-loss-in-investments

മൂന്നു വർഷം വരെയുള്ള ചെറിയ കാലയളയിലേക്കാണ് നിക്ഷേപം നടത്തുന്നത് എങ്കിൽ ബാങ്കുകളിലെ ഫിക്സഡ് ഡെപ്പോസിറ്റ്, ഡെറ്റ് മ്യൂച്വൽ ഫണ്ട് തുടങ്ങിയ നഷ്ട സാധ്യത കുറഞ്ഞ നിക്ഷേപ മാർഗ്ഗങ്ങളിൽ ഏർപ്പെടുന്നതാണ് നല്ലത്. ഇങ്ങനെയുള്ള നിക്ഷേപ മാർഗ്ഗങ്ങളിൽ നിന്ന് തുക പിൻവലിക്കുക എന്നത് താരതമ്യേന ലളിതമായ കാര്യമാണ്. 

പത്ത് വർഷം വരെയുള്ള കാലയളവിലേക്കാണ് നിക്ഷേപിക്കുന്നതെങ്കിൽ മ്യൂച്വൽ ഫണ്ടുകളെ മികച്ച നിക്ഷേപ അവസരമായി പരിഗണിക്കാവുന്നതാണ്. ഇരുപത് വർഷത്തിലേറെയുള്ള നീണ്ട കാലയളയിലേക്കുള്ള നിക്ഷേപത്തിനായി മികച്ച കമ്പനികളുടെ ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കുകയാണെങ്കിൽ വിപണിയിൽ നിന്ന് ഉയർന്ന നേട്ടം നേടുവാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. 

ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപത്തിൽ ഏർപ്പെടുമ്പോൾ സാമ്പത്തിക സാഹചര്യങ്ങളെ ഉൾക്കൊണ്ട് പ്രായോഗികമായ രീതിയിൽ നിക്ഷേപം നടത്തുവാൻ ശ്രമിക്കേണ്ടതാണ്. എങ്ങനെയുള്ള നിക്ഷേപ പദ്ധതികളിലാണ് ഭാഗമാകുന്നതെങ്കിലും ഉയർന്ന ലാഭം മാത്രം പ്രതീക്ഷിക്കാതെ നഷ്ട സാധ്യതയും, ലിക്വിഡിറ്റി റിസ്കും മുന്നിൽ കണ്ടുകൊണ്ട് തീരുമാനങ്ങൾ എടുക്കണം.

ഏതാണ് മികച്ച സമയം

മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി പാലിച്ചിട്ടുള്ള വ്യക്തികളാണ് നിങ്ങളെങ്കിൽ നിക്ഷേപം ആരംഭിക്കുവാൻ ഉള്ള ഏറ്റവും മികച്ച സമയം ഇന്നു തന്നെയാണ്. മറിച്ച് വിപണിയുടെ ഉയർച്ചയോ താഴ്ച്ചയോ അല്ല നിക്ഷേപിക്കാനുള്ള മികച്ച സമയത്തെ സൂചിപ്പിക്കുന്നത്.

പ്രശസ്ത നിക്ഷേപകനും ധനകാര്യ വിദഗ്ധനുമായ വാറൻ ബഫറ്റ് നിക്ഷേപകൻ കൈവരിക്കേണ്ട മനോഭാവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് “ഒരു സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന് 9 മാസം സമയം വേണം എന്നാൽ 9 സ്ത്രീകളെ ഉപയോഗിച്ച് ഒരു മാസത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ ആകില്ല”. 

മേൽപ്പറഞ്ഞ വാക്കുകൾ നിക്ഷേപ പദ്ധതികളിൽ ഏറെ പ്രസക്തമാണ്. നിക്ഷേപിക്കുന്ന തുകയുടെ അളവോ നിക്ഷേപ പദ്ധതികളുടെ ലാഭ കണക്കുകളോ അല്ല മറിച്ച് ലഭിക്കുന്ന അവസരങ്ങളെ കൃത്യമായി ഉപയോഗിച്ച് ക്ഷമയോടെ കാത്തിരുന്നാൽ മാത്രമേ നിക്ഷേപ പദ്ധതികളിൽ നിന്ന്  മികച്ച നേട്ടങ്ങൾ നേടിയെടുക്കുവാൻ വ്യക്തികൾക്ക് സാധിക്കുകയുള്ളൂ. 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നിക്ഷേപം ഇരട്ടിയാക്കാം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ

സാധാരണക്കാരായ വ്യക്തികൾ എല്ലാ കാലത്തും ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് നിക്ഷേപ…

വിപണി ഉയരങ്ങൾ കീഴടക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ

ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് വിപണി കുതിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിക്ഷേപകരുടെ വർദ്ധിച്ച ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്ന വാക്കാണ്…

ഓഹരികൾ കൈമാറ്റം ചെയ്യാം : വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ

ഒന്നിൽ കൂടുതൽ ഡീമാറ്റ് അക്കൗണ്ടുകളിലൂടെ ഓഹരി വിപണിയിൽ നിക്ഷേപിച്ചിരിക്കുന്ന വ്യക്തികളിൽ പലരും തങ്ങളുടെ നിക്ഷേപങ്ങളെല്ലാം ഒരു…

മാസം തോറും 10000 രൂപ വരുമാനം നേടുവാൻ നിക്ഷേപം നടത്തേണ്ടത് എങ്ങനെയാണ്

ജോലി, ബിസിനസ്സ് തുടങ്ങി വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ വ്യക്തികൾ പണം സമ്പാദിക്കാറുണ്ട്. സമ്പാദിക്കുന്ന പണത്തിന്റെ  ഒരു  ഭാഗം…