money management personality

Sharing is caring!

സമൂഹത്തിൽ വ്യക്തികൾ പണം  സമ്പാദിക്കുന്നതും കൈകാര്യം ചെയ്യുന്നതും വ്യത്യസ്ത രീതിയിലാണ്. ചില വ്യക്തികൾ വലിയ ലാഭം മുന്നിൽകണ്ട് നഷ്ട സാധ്യതയുള്ള നിക്ഷേപങ്ങൾക്ക് തയ്യാറാകുമ്പോൾ ചിലർ വളരെ യാഥാസ്ഥിതികമായി ചിന്തിക്കുകയും അവരുടെ സമ്പാദ്യത്തിന്റെ സുരക്ഷിതത്വത്തിന് മാത്രം പ്രാധാന്യം നൽകുകയും ചെയ്യുന്നു. അതിനാൽ തന്നെ വ്യക്തികളുടെ സ്വഭാവത്തിന് അനുസരിച്ച് അവർ തിരഞ്ഞെടുക്കേണ്ട നിക്ഷേപമാർഗ്ഗവും വ്യത്യാസപ്പെട്ടിരിക്കുന്നു. വ്യക്തികൾ പണം കൈകാര്യം ചെയ്യുന്ന രീതികൾ പരിഗണിച്ചുകൊണ്ട് അവരെ അഞ്ച് രീതിയിൽ വേർതിരിക്കാനാകും.

ഒരല്പം പിശുക്കുന്നവർ

കുട്ടിക്കാലം മുതൽ മുതിർന്നവരിൽ നിന്ന് ലഭിച്ച ഉപദേശങ്ങൾ കാരണം പണം സൂക്ഷിച്ച് ചിലവാക്കേണ്ടതാണ് എന്ന ചിന്താഗതി മനസ്സിൽ ഉറപ്പിച്ചവരാണ് ഇത്തരക്കാർ.

വീട്ടിലെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോകുമ്പോൾ ധൃതിപിടിച്ച് ലൈറ്റും ഫാനും ഓഫ് ചെയ്യുക, ഫ്രിഡ്ജ് തുറന്നാൽ വളരെ വേഗം അടയ്ക്കുക, സാധനങ്ങൾ വാങ്ങുവാനായി വിലക്കിഴവ് ലഭിക്കുന്നത് വരെ കാത്തിരിക്കുക, വിലപേശി സാധനങ്ങൾ വാങ്ങുക മുതലായ സ്വഭാവ രീതികൾ ഇത്തരം വ്യക്തികളിൽ കണ്ടുവരുന്നു. എങ്ങനെയെല്ലാം പണം ലഭിച്ചാലും ആർഭാട ജീവിതം നയിക്കാതെ കഴിയാവുന്നത്ര പണം നീക്കിയിരിപ്പായി മാറ്റുവാൻ ഇവർ ശ്രമിക്കുന്നു.

stingy man money personality

വളരെ ചെറിയ നഷ്ട സാധ്യതയുള്ള നിക്ഷേപമാർഗ്ഗങ്ങളിൽ നിന്നു പോലും പിന്തിരിഞ്ഞു നിൽക്കുന്ന ഇത്തരക്കാർ തങ്ങളുടെ പണം നിക്ഷേപിക്കുന്നത് ബാങ്കുകളിൽ സ്ഥിരനിക്ഷേപമായും പോസ്റ്റോഫീസ് നിക്ഷേപമായും ആയിരിക്കും. 

ലോകമഹായുദ്ധങ്ങളുടെ പരിണിതഫലങ്ങളും പട്ടിണിയും അനുഭവിച്ചു ജീവിച്ച ഒരു മുൻതലമുറയിൽ നിന്ന് പകർന്നു കിട്ടിയ അനുഭവങ്ങളാണ് നമ്മുടെ സമൂഹത്തിൽ ഭൂരിഭാഗം വ്യക്തികളും ഈ വിഭാഗത്തിൽ ഉൾപ്പെടാനുള്ള പ്രധാന കാരണം. സ്വന്തം കാര്യങ്ങൾക്ക് പോലും പണം ചെലവഴിക്കാതെ മാറ്റിവയ്ക്കുന്നുണ്ടെങ്കിലും വിലക്കയറ്റ നിരക്ക്തരണം ചെയ്യുവാൻ സാധിക്കാത്ത നിക്ഷേപ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനാൽ ഇത്തരം വ്യക്തികൾക്ക് കാലക്രമത്തിൽ വലിയ നഷ്ടമാണ് സംഭവിക്കുന്നത്. 

ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പ നിരക്കിനേക്കാൾ വളരെ കുറവാണ്. താരതമ്യേന സുരക്ഷിതമാണെങ്കിലും കാലക്രമത്തിൽ സ്ഥിരനിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് ഇനിയും കുറയുവാൻ സാധ്യതയുണ്ട്.

തങ്ങളുടെ പക്കലുള്ള നീക്കിയിരിപ്പിന്റെ മൂല്യം നഷ്ടപ്പെടാതിരിക്കണമെങ്കിൽ സ്ഥിരനിക്ഷേപ പദ്ധതികൾക്ക് ഉപരിയായി മറ്റു നിക്ഷേപ മാർഗ്ഗങ്ങളെ ആശ്രയിക്കേണ്ടത് അനിവാര്യമാണ്. നഷ്ട സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും മ്യൂച്വൽ ഫണ്ട് പോലെ ദീർഘകാല അടിസ്ഥാനത്തിൽ മികച്ച ലാഭം നൽകുന്ന നിക്ഷേപ മാർഗ്ഗങ്ങളെക്കുറിച്ച് പഠിക്കുവാനും അവയുടെ ഭാഗമാകുവാനും ഇത്തരക്കാർ ശ്രമിക്കേണ്ടതാണ്.

സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവർ

ഇത്തരം വ്യക്തികളെ കൂടുതലായി കാണുവാൻ സാധിക്കുന്നതും മെട്രോ നഗരങ്ങളിലായിരിക്കും. ജീവിതം ആഘോഷമാക്കാൻ ശ്രമിക്കുന്ന ഇവർ ഷോപ്പിംഗ് മാളുകളിലേയും സിനിമ തിയേറ്ററുകളിലേയും റസ്റ്റോറന്റുകളിലേയും സ്ഥിരം സന്ദർശകർ ആയിരിക്കും. 

ഷോപ്പിംഗിനായി ധാരാളം അവസരങ്ങൾ ലഭ്യമായതിനാൽ ഈ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ വസ്ത്രങ്ങൾ ആഭരണങ്ങൾ മുതലായ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതില്‍ മുന്നിലായിരിക്കും. ക്രെഡിറ്റ് കാർഡുകൾ വ്യാപകമായി ഉപയോഗിച്ച് ഫ്ലിപ്പ്കാർട്ട് ആമസോൺ തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും അത്യാവശ്യമല്ലാത്ത സാധനങ്ങൾ പോലും ഇവർ വാങ്ങി കൂട്ടും. ലഭിക്കുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗവും ക്രെഡിറ്റ് കാർഡ് ബില്ലടക്കാൻ മാത്രമായിരിക്കും ഇവർ ഉപയോഗിക്കുക.

ജോലിയിലൂടേയും ബിസിനസ്സിലൂടേയും ധാരാളം പണം ലഭ്യമാകുന്നുണ്ടെങ്കിലും അതെല്ലാം  ചെലവായി പോകുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ജീവിതത്തിൽ അനിവാര്യമായ നീക്കിയിരിപ്പുകൾ സൃഷ്ടിക്കാൻ ഈ വിഭാഗക്കാർക്ക് സാധിക്കാറില്ല. 

ഈ സ്വഭാവരീതിയിലുള്ള വ്യക്തികൾ ശമ്പളം ലഭിക്കുമ്പോൾ തന്നെ നിശ്ചിത ശതമാനം തുക മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി തുടങ്ങിയ നിക്ഷേപ മാർഗ്ഗത്തിലേക്ക് അല്ലെങ്കിൽ ഒരു സേവിംഗ്സ് അക്കൗണ്ടിലേക്ക് ഉടൻതന്നെ മാറ്റേണ്ടതാണ്. ലഭിക്കുന്ന ശമ്പളം വളരെ വേഗത്തിൽ മാറ്റിവയ്ക്കാനായി ഓട്ടോമാറ്റിക് പെയ്മെന്റ് സംവിധാനങ്ങളെ ആശ്രയിക്കുന്നതാണ് നല്ലത്.

പണം ധൂർത്തടിക്കുന്നവർ

പണത്തിന്റെ മൂല്യം തിരിച്ചറിയാത്തതിനാൽ തന്നെ ഇത്തരം വ്യക്തികൾ വളരെ അപകടകാരികളാണ്. ആഡംബര ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്ന ഇവർ ആഡംബര കാറുകളും, ഐഫോൺ ഐപാഡ് തുടങ്ങിയ വില കൂടിയ ഗാഡ്ജറ്റുകളും വിപണിയിൽ അവതരിപ്പിക്കുമ്പോൾ തന്നെ സ്വന്തമാക്കാൻ ശ്രമിക്കുന്നവരാണ്.

money-spender-personality

അത്യാവശ്യം അല്ലെങ്കിൽ കൂടിയും മൊബൈൽ ഫോണും വാഹനങ്ങളും  ഇവർ നിരന്തരം മാറ്റി വാങ്ങിക്കുന്നവരാണ്. ജീവിത രീതിയിലും വസ്ത്രധാരണത്തിലും തുടങ്ങി ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഇവർ ധാരാളിത്തം കാണിക്കും.

സ്വന്തമായി വരുമാനം ഇല്ലെങ്കിൽ പോലും മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുവാൻ  ഇവർ മടി കാണിക്കറില്ല. ഒരു സാധനം വാങ്ങുവാൻ പോകുമ്പോൾ അതിന്റെ ആവശ്യമോ വിലയോ പരിഗണിക്കാതെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളത് സ്വന്തമാക്കാൻ ഇവർ ശ്രമിക്കുന്നു.

ലോണുകളും, ക്രെഡിറ്റ് കാർഡുകളും, മറ്റു കടങ്ങളും ആശ്രയിച്ചായിരിക്കും ഇത്തരം വ്യക്തികൾ ആഡംബര ജീവിതം നയിക്കുന്നത്. അനാവശ്യമായ ബാധ്യതകൾ വരുത്തി വയ്ക്കുന്നതിനു പകരം കയ്യിലുള്ള പണം കൃത്യമായി നിക്ഷേപിക്കുകയും അതിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് തങ്ങളുടെ ആഗ്രഹത്തിനായി പണം കണ്ടെത്തുവാനും ഇത്തരം വ്യക്തികൾ ശ്രമിക്കേണ്ടതാണ്. 

ഇങ്ങനെയുള്ളവർക്ക് ചെലവുകൾ നിയന്ത്രിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്.  അതിനാൽ  ഇവർക്ക് ശമ്പളം ലഭ്യമാകുമ്പോൾ തന്നെ നല്ലൊരു ശതമാനം തുക എത്രയും വേഗം ദീർഘകാല അടിസ്ഥാനത്തിലുള്ള ഏതെങ്കിലും നിക്ഷേപമാർഗ്ഗത്തിലേക്ക് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ മാറ്റുന്നതാണ് നല്ലത്.

കടം വാങ്ങൽ ശീലമാക്കിയവർ

ചില വ്യക്തികൾ യാതൊരു ചിന്തയും ഇല്ലാതെ പൈസ ചെലവാക്കും എന്തിനുവേണ്ടി എത്ര ചിലവാക്കി എന്ന് അവർ ചിന്തിക്കാറില്ല. ഭാവിയെക്കുറിച്ച് ആലോചനയില്ലാതെ മുന്നിൽ വരുന്ന ആവശ്യങ്ങൾക്കെല്ലാം കയ്യിലുള്ള പണം എടുത്ത് ചെലവാക്കാൻ ഇവർ മടി കാണിക്കാറില്ല.

ഒരു ആവശ്യം വരുമ്പോൾ കയ്യിൽ പൈസ ഇല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്നും എടുത്ത് ചെലവാക്കുകയും മറ്റു വഴികൾ ഇല്ലെങ്കിൽ കടം വാങ്ങിയും ഇവർ ആവശ്യങ്ങൾ നടത്തുന്നു. എങ്ങനെയെങ്കിലും കാര്യങ്ങൾ നടത്തണമെന്നല്ലാതെ അതിനുള്ള പണം എവിടെ നിന്ന് വരുന്നു എന്ന് ചിന്ത ഇവർക്കില്ല. ഇത്തരക്കാരിൽ തന്നെ പൊങ്ങച്ചം കാണിക്കുവാൻ വേണ്ടി പണം ചെലവഴിക്കുന്ന രീതി അവരെ കടുത്ത സാമ്പത്തിക ബാധ്യതകളിൽ കൊണ്ടെത്തിക്കുന്നു.

ഇങ്ങനെയുള്ള സാമ്പത്തിക ശീലമുള്ളവർ നീക്കിയിരിപ്പുകൾ സൃഷ്ടിക്കാനായി ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തേണ്ടതാണ്. സാമ്പത്തികപരമായ കാര്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെങ്കിൽ ഏറ്റവും പ്രധാനമായി വരവ്ചെലവ് കണക്കുകളെ കുറിച്ച് തിരിച്ചറിവുണ്ടായിരിക്കണം. അതിനായി എല്ലാ ദിവസവും വരവ്ചെലവുകൾ രേഖപ്പെടുത്തുവാനായി സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് ബാധ്യതകൾ തീർക്കാനായി കടം വാങ്ങുന്നവരല്ല ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. മറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാതെ പണം ചെലവഴിച്ച് കടത്തിൽ പെടുന്നവരെയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. 

ഒരു വലിയ കപ്പൽ മുങ്ങുവാനായി ഒരു ചെറിയ സുഷിരത്തിന്റെ ആവശ്യം മാത്രമേയുള്ളൂ. അതുപോലെ തന്നെയാണ് വരവ് ചെലവുകൾ തിരിച്ചറിയാതെ കാര്യങ്ങൾ നടത്തുവാനായി കടത്തിനുമേൽ കടം വാങ്ങുന്ന ശീലവും. തന്റെ സാമ്പത്തിക സ്ഥിതി തിരിച്ചറിഞ്ഞ് ചെലവുകൾ നടത്തുകയും വരവുചെലവ് കണക്കുകൾ രേഖപ്പെടുത്തുകയും മാത്രമാണ് ഈ ശീലത്തിൽ നിന്നും പുറത്തു കടക്കുവാൻ ഉള്ള വഴി.

നിക്ഷേപകർ

investor-money-personality

നമ്മുടെ സമൂഹത്തിലെ ചെറിയൊരു ശതമാനം വ്യക്തികളെ മാത്രമാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുവാൻ സാധിക്കുക. മേൽ സൂചിപ്പിച്ച സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് നഷ്ട സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് മികച്ച രീതിയിൽ നിക്ഷേപം നടത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ഈ വിഭാഗത്തിൽ എത്തിപ്പെടുന്ന വ്യക്തികൾ നിക്ഷേപ സാധ്യതകളെക്കുറിച്ചും അതിന്റെ നേട്ടങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുള്ളവരായിരിക്കും. നഷ്ട സാധ്യതകൾ മുന്നിലുണ്ടെങ്കിലും തങ്ങളുടെ നീക്കിയിരിപ്പുകൾ യുക്തിപൂർവ്വമായി നിക്ഷേപിച്ചുകൊണ്ട് ലാഭം നേടി സാമ്പത്തിക സ്വാതന്ത്ര്യം എന്ന അവസ്ഥയിൽ എത്തുവാനായി പ്രയത്നിക്കുന്നവരാണ് ഇക്കൂട്ടർ. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾ തങ്ങളുടെ നിക്ഷേപം വൈവിധ്യവൽക്കരിക്കുവാനും കൂടുതൽ നേട്ടം നേടുവാനും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പണവുമായി ബന്ധപ്പെട്ട് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 8 യാഥാർത്ഥ്യങ്ങൾ

സന്തോഷം നിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ ആവശ്യമുള്ള ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പണം. സാമ്പത്തിക…

സ്ഥിരവരുമാനക്കാരല്ലാത്ത വ്യക്തികൾ പാലിക്കേണ്ട സാമ്പത്തിക ശീലങ്ങൾ

സ്ഥിരവരുമാനം ഉള്ളവർക്കും സ്ഥിരവരുമാനം ഇല്ലാത്തവർക്കും വരുമാന ലഭ്യതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും അവരുടെ ജീവിത ചെലവുകൾ ഒരുപോലെ തന്നെയാണ്.…

ഡിജിറ്റൽ പണമിടപാടുകൾ സുതാര്യമാക്കുവാൻ റിസർവ് ബാങ്കിന്റെ  ഇ-റുപ്പി സംവിധാനം

ഇന്ത്യൻ ഗവൺമെന്റ്, ആർ ബി ഐ, നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ…

പണപ്പെരുപ്പം നിക്ഷേപകരെ ബാധിക്കുന്നത് എങ്ങനെയാണ്

സമൂഹത്തിലെ ഇടത്തരക്കാരായ മനുഷ്യരുടെ ജീവിതത്തിൻറെ താളം തെറ്റിക്കുന്ന പ്രധാനപ്പെട്ട വില്ലനായി പണപ്പെരുപ്പം അല്ലെങ്കിൽ വിലക്കയറ്റം എന്ന…