tax-burden

Sharing is caring!

സ്ഥിര വരുമാനക്കാരായ മധ്യ വർഗ്ഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് നികുതി എന്നത് അവരെ ഭയപ്പെടുത്തുന്ന ഒരു കാര്യമാണ്. സമ്പന്നരായ വ്യക്തികൾ പല രീതിയിലും നികുതി നൽകാതെ രക്ഷപ്പെടുന്നവരാണ് എന്ന തോന്നൽ ഉള്ളവരാണ് ഭൂരിഭാഗം സാധാരണക്കാരും.

എന്നാൽ തങ്ങളുടെ വരുമാനത്തിനനുസൃതമായി വ്യക്തമായ ആസൂത്രണം നടത്തിയാണ് സമ്പന്നരായ വ്യക്തികൾ കനത്ത നികുതി ഭാരത്തിൽ നിന്നും ഒഴിവാകുന്നത്.

നികുതി ഭാരം ലഘൂകരിക്കാനും, സാമ്പത്തിക വളർച്ച കൈവരിക്കുവാനും, സാധാരണക്കാർ പിന്തുടരേണ്ട ചില മാതൃകകൾ പരിചയപ്പെടാം.

നികുതി എന്നാൽ എന്താണെന്നും ആരെല്ലാമാണ് നികുതി നൽകേണ്ടതെന്നും നികുതി നൽകാനുള്ള വരുമാനപരിധി എത്രയാണെന്നും കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ നിയമപരമായ രീതിയിൽ നികുതിയിളവ് ലഭിക്കുവാനുള്ള മാർഗ്ഗങ്ങൾ മനസ്സിലാക്കുവാൻ സാധിക്കൂ.

താൻ നികുതി അടയ്‌ക്കേണ്ടതുണ്ടോ എന്ന ചിന്തയുള്ളവരാണ് സാധാരണക്കാരായ വ്യക്തികളിൽ പലരും. എന്നാൽ ഇന്ത്യയെ പോലെ കാര്യക്ഷമമായ പ്രത്യക്ഷ നികുതി സംവിധാനം നിലവിലുള്ള രാജ്യത്ത് എല്ലാ പൗരന്മാരും നികുതി നൽകുവാൻ ബാധ്യസ്ഥരാണ്.

എന്നാൽ ഒരു വ്യക്തിയുടെ വരുമാനത്തിനും നിക്ഷേപത്തിനും, ഗവൺമെന്റിന്റെ നയങ്ങൾക്കും അനുസൃതമായാണ് ഒരു വ്യക്തി എത്രത്തോളം നികുതി നൽകണമെന്ന് നിശ്ചയിക്കപ്പെടുന്നത്. 

പോസ്റ്റോഫീസ് നിക്ഷേപം, ബാങ്കുകളിലെ നിക്ഷേപം, ഭൂമി ഇടപാടുകൾ,  സ്വർണ്ണവുമായി ബന്ധപ്പെട്ട ഇടപാടുകൾ തുടങ്ങി എല്ലാ തരത്തിലുള്ള സാമ്പത്തികമായ ഇടപാടുകൾക്കും വ്യക്തികൾ നികുതി നൽകാൻ ബാധ്യസ്ഥരാണ്. എന്നാൽ നാം നടത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുസൃതമായി നൽകേണ്ടിവരുന്ന നികുതിയും വ്യത്യാസപ്പെട്ടിരിക്കുന്നു.

പലതരത്തിലുള്ള നികുതികൾ നിലവിലുണ്ടെങ്കിലും സാധാരണക്കാർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട നികുതിയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ വ്യക്തമായി മനസ്സിലാക്കാം.

1. വരുമാന നികുതി

2.5 ലക്ഷത്തിന് മുകളിൽ  വാർഷിക ശമ്പളമുള്ള വ്യക്തികൾക്ക് ശമ്പളം ലഭിക്കുമ്പോൾ ആ  ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം ഉറവിട നികുതി ആയി ഈടാക്കിയതിനു ശേഷം മാത്രമാണ് ശമ്പളം ലഭിക്കുക.

ശമ്പളക്കാരായ വ്യക്തികൾ മാത്രമല്ല, നികുതി ചുമത്താനായി സർക്കാർ നിശ്ചയിക്കുന്ന പരിധിയ്ക്കപ്പുറം വരുമാനമുള്ള എല്ലാ വ്യക്തികളും അവരുടെ വരുമാനത്തിനനുസൃതമായി നികുതി നൽകുവാൻ ബാധ്യസ്ഥരാണ്.

2. ടി ഡി എസ് ( ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ് )

ബാങ്ക്, പോസ്റ്റ് ഓഫീസ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ള എല്ലാ വ്യക്തികൾക്കും പരിചിതമായ കാര്യമാണ് ടി ഡി എസ് എന്നത്. വ്യക്തികൾ സ്ഥിര നിക്ഷേപം നടത്തുമ്പോൾ പലിശയായി അവർക്ക് ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഉറവിടത്തിൽ നിന്നുതന്നെ നികുതിയായി ഈടാക്കുന്നതാണ് ടി ഡി എസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സ്ഥിരനിക്ഷേപങ്ങൾ വഴി പലിശ വരുമാനം നേടുന്ന വ്യക്തികളാണെങ്കിലും ആ വ്യക്തികളുടെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയാണെങ്കിൽ അവർ നികുതി നൽകുവാൻ ബാധ്യസ്ഥരല്ല.

അങ്ങനെയുള്ള വ്യക്തികൾക്ക് ഫോം 15g അല്ലെങ്കിൽ 15h സമർപ്പിക്കുക വഴി ഉറവിടത്തിൽ നിന്നും നികുതിയായി ഈടാക്കിയ പണം നിയമപരമായി തന്നെ തിരികെ ലഭിക്കുവാനുള്ള അവകാശം ഉണ്ട്.

business-opportunities

സ്മാർട്ടായി ചിന്തിച്ചാൽ നികുതി ഭാരത്തിൽ നിന്നും രക്ഷനേടാം

പോസ്റ്റ് ഓഫീസ് നിക്ഷേപം, ബാങ്കിലെ സ്ഥിര നിക്ഷേപം, കെ എസ് എഫ് ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ, ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് തുടങ്ങി നികുതി ചുമത്തപ്പെടുന്ന നിക്ഷേപ മാർഗ്ഗങ്ങളിലാണ് സാധാരണക്കാരായ വ്യക്തികൾ നിക്ഷേപം നടത്തുന്നത്.

നികുതിയിളവ് ലഭിക്കുന്ന നിക്ഷേപമാർഗ്ഗങ്ങളായ ഇ എൽ എസ് എസ് മ്യൂച്വൽ ഫണ്ടുകൾ, ഗവൺമെൻറ് പദ്ധതികൾ ആയ എൻ പി എസ്, പി പി എഫ് തുടങ്ങിയവയാണ് നികുതിയിളവിനായി സാധാരണക്കാർ ആശ്രയിക്കുന്ന മറ്റു നിക്ഷേപ മാർഗ്ഗങ്ങൾ.

എന്നാൽ സമ്പന്നർ നിക്ഷേപം നടത്തുന്നത് വളരെ വ്യത്യസ്തമായ മാർഗ്ഗങ്ങളിലാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കുമ്പോൾ ഡിവിഡന്റായി വരുമാനം ലഭിക്കുവാൻ സാധ്യതയുള്ള ഓഹരികളാണ് അവർ തിരഞ്ഞെടുക്കുക. 

ദീർഘകാല അടിസ്ഥാനത്തിൽ ഓഹരികളിൽ നിന്ന് നേട്ടം പ്രതീക്ഷിക്കുന്നതിനോടൊപ്പം തന്നെ കൃത്യമായി ഡിവിഡന്റ് വരുമാനം നേടുവാനും അവർക്ക് സാധിക്കുന്നു.

കുറച്ചുകാലം മുമ്പ് വരെ ഡിവിഡന്റായി ലഭിക്കുന്ന തുകയ്ക്ക് നികുതി ചുമത്തപ്പെട്ടിരുന്നില്ല എന്നാൽ അടുത്തകാലത്തായി ഡിവിഡന്റ് വരുമാനത്തിന് നികുതിയിളവ് ലഭിക്കുന്ന പരിധി 10 ലക്ഷം ആയി നിജപ്പെടുത്തിയിട്ടുണ്ട്.

അതായത് ഡിവിഡന്റായി ലഭിക്കുന്ന 10 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ഒരു രൂപ പോലും നികുതി നൽകേണ്ട ആവശ്യമില്ല.

ലോണെടുത്ത് വീട് വയ്ക്കുമ്പോൾ ലോണിന്റെ തുകയ്ക്ക് ചുമത്തപ്പെടുന്ന പലിശയ്ക്ക് മാത്രമാണ് നികുതി ഇളവ് ലഭിക്കുക എന്നാൽ ലോണുകളെ ആശ്രയിച്ച് വാടകയ്ക്ക് നൽകാനുള്ള കെട്ടിടങ്ങൾ പണിയുമ്പോൾ പലിശയ്ക്ക് മാത്രമല്ല മുഴുവൻ തുകയ്ക്കും നികുതിയിളവ് ലഭിക്കുന്നുണ്ട്. 

റിയൽ എസ്റ്റേറ്റ് വസ്തുവകകൾ വാങ്ങി വിൽക്കുക വഴി ദീർഘകാല അടിസ്ഥാനത്തിൽ ആയാലും ഹ്രസ്വകാല അടിസ്ഥാനത്തിലായാലും ലഭിക്കുന്ന ലാഭത്തിന് നികുതി നൽകേണ്ടി വരുന്നുണ്ട്. 

എന്നാൽ റിയൽ എസ്റ്റേറ്റ്  ഇടപാടുകളിൽ നിന്നും ലഭിക്കുന്ന തുക മറ്റൊരു മികച്ച റിയൽ എസ്റ്റേറ്റ് നിക്ഷേപം കണ്ടെത്തി നിക്ഷേപിക്കുമ്പോൾ അത്തരത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടി വരുന്നില്ല. ഇവിടെ നികുതി നൽകാതെ തന്നെ തന്റെ നിക്ഷേപത്തിന്റെ മൂല്യം ഉയർത്തുവാനുള്ള അവസരം നിക്ഷേപകന് ലഭിക്കുന്നു. 

നികുതിയും ലോണുകളും സമർത്ഥമായ രീതിയിൽ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് മേൽപ്പറഞ്ഞ  ഉദാഹരണങ്ങളിൽ നിന്നും വ്യക്തമാണ്.

നികുതിയെ ഭയക്കാതെ വരുമാനം നേടുക

കൂടുതൽ വരുമാനം നേടുവാനും ലഭിച്ചു കൊണ്ടിരിക്കുന്ന വരുമാനം വർദ്ധിപ്പിക്കുക വഴി സാമ്പത്തികമായ വളർച്ച നേടുവാനും ആണ് സാധാരണക്കാരായ വ്യക്തികൾ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

എന്നാൽ സമ്പന്നരായ വ്യക്തികൾ അവരുടെ സമ്പത്തും കടങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്തുകൊണ്ട് കൂടുതൽ നേട്ടം നേടുവാൻ ആഗ്രഹിക്കുന്നവരാണ്.  

വളരെ വേഗം ഉയർന്ന നേട്ടം നൽകുന്ന നിക്ഷേപമാർഗ്ഗങ്ങൾ അന്വേഷിക്കുന്നവരാണ് സാധാരണക്കാരായ വ്യക്തികളിൽ ഏറെയും. ഉയർന്ന ലാഭം മാത്രം മുന്നിൽകണ്ട് പ്രവർത്തിക്കാതെ ലഭിക്കുന്ന വരുമാനം കൃത്യമായ ആസൂത്രണത്തിലൂടെ വളർത്തിയെടുക്കുവാനായി ശ്രമിക്കുക.

വരുമാനം നേടുന്നതിലുപരിയായി സാമ്പത്തികമായ പുരോഗതി ഉണ്ടാകണമെങ്കിൽ നികുതിയെക്കുറിച്ചും നിയമപരമായി തന്നെ നികുതി ഒഴിവാക്കുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കുക. 

നികുതി നിയമങ്ങൾ മാറ്റി എഴുതുവാൻ നമുക്ക് സാധിക്കില്ല എന്നാൽ ആ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കുക വഴി നികുതി ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താൻ നമുക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഓഹരിക്കൾക്കും മ്യൂച്ചൽ ഫണ്ടുകൾക്കും നികുതി അടക്കണോ

മൂലധന നിക്ഷേപത്തിലൂടെ ഒരു വ്യക്തിക്ക് ഉണ്ടാവുന്ന ഏതൊരു നേട്ടത്തിനും സർക്കാർ നികുതി ചുമത്താറുണ്ട്. വരുമാന നികുതി…

എന്താണ് ടി ഡി എസ്, സ്ഥിരനിക്ഷേപത്തിൽ ടി ഡി എസ് ബാധകമാകുന്നത് എങ്ങനെയാണ്.

ബാങ്കുകളിൽ സ്ഥിരനിക്ഷേപമുള്ള എല്ലാ വ്യക്തികൾക്കും പരിചിതമായ വാക്കാണ് ടി ഡി എസ് അഥവാ ടാക്സ് ഡിഡക്ടബിൾ…