six-golden-rules-to-become-rich

Sharing is caring!

ലോക പ്രശസ്ത എഴുത്തുകാരനായ ജോർജ്ജ് സാമുവൽ ക്ലേസന്റെ റിച്ചസ്റ്റ് മാൻ ഇൻ ബാബിലോൺ എന്ന പുസ്തകത്തിൽ ബാബിലോൺ എന്ന നാട്ടിലെ സാമ്പത്തിക സാമൂഹിക സവിശേഷതകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സമ്പത്തുമായി ബന്ധപ്പെട്ട ചില വിലപ്പെട്ട അറിവുകൾ ചെറുകഥകളിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്ന പുസ്തകം സാമ്പത്തിക വിജ്ഞാന രംഗത്തെ മികച്ച കൃതികളിൽ ഒന്നാണ്.

ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളിൽ നിന്നും  സാമ്പത്തിക പുരോഗതിക്കായി നാം പാലിക്കേണ്ട 6 സുവർണ്ണ നിയമങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

സ്വയം പണം നൽകുവാൻ ശ്രമിക്കുക

സാധാരണക്കാരായ വ്യക്തികൾ ശമ്പളം ലഭിക്കുന്ന ദിവസം  തന്നെ ആ തുക ലോണുകൾ അടയ്ക്കുവാനും വ്യക്തിപരമായ ചെലവുകൾ നടത്തുവാനുമായി വിനയോഗിക്കുകയാണ് പതിവ്. എല്ലാ ചെലവുകളും നടത്തിയതിനു ശേഷം മിച്ചം വരുന്ന തുകയുടെ ഒരു ഭാഗം മാത്രമാണ് നിക്ഷേപം എന്ന നിലയിൽ മാറ്റിവയ്ക്കപ്പെടുന്നത്.

ഒരു മാസത്തിന്റെ പകുതി ആകുമ്പോൾ തന്നെ ലഭിച്ച ശമ്പളത്തിന്റെ 90% ചെലവാകുകയും ബാക്കിയുള്ള ദിവസങ്ങളിൽ സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും.

മേൽപ്പറഞ്ഞ സാമ്പത്തിക ഞെരുക്കത്തിന്റെ അവസ്ഥയിൽ നിന്ന് സ്ഥിരമായ ഒരു മോചനം ലഭിക്കണമെങ്കിൽ ശമ്പളം ലഭിക്കുമ്പോൾ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങൾക്ക് തന്നെ പണം നൽകുക എന്നതാണ്.

അതായത് ശമ്പളം ലഭിക്കുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യം ശമ്പളത്തിന്റെ നല്ലൊരു ശതമാനം മികച്ച നിക്ഷേപങ്ങളിലേക്കും നീക്കിയിരിപ്പായും മാറ്റിവയ്ക്കുക എന്നതാണ്. 

വ്യക്തിപരമായ ചെലവുകൾ നിയന്ത്രിക്കുകയും നീക്കിയിരിപ്പുകൾ സൃഷ്ടിക്കുന്നതിന് പ്രഥമ പ്രാധാന്യം നൽകുകയും ചെയ്താൽ മാത്രമേ സാമ്പത്തിക ഞെരുക്കത്തിന്റെ അവസ്ഥയിൽ നിന്ന് സാധാരണക്കാർക്ക് സ്ഥായിയായ മോചനം ലഭിക്കുകയുള്ളൂ.

നിങ്ങളുടെ പണം നിങ്ങൾക്കായി ജോലി ചെയ്യട്ടെ

നമ്മൾ പണത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യാതെ പണം നമുക്കു വേണ്ടി അധ്വാനിക്കുന്ന സ്ഥിതിയിൽ എത്താൻ നമുക്ക് സാധിക്കണം. പറയുന്ന അത്ര എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കാത്ത കാര്യമാണിത്.

വ്യക്തികളുടെ വരുമാന സ്രോതസ്സുകളെ രണ്ട് രീതിയിലാണ് തരം തിരിച്ചിരിക്കുന്നത്. ഒരു വ്യക്തി തന്റെ സമയം ചെലവാക്കി നേരിട്ടുള്ള അധ്വാനത്തിലൂടെ നേടിയെടുക്കുന്ന വരുമാനമാണെങ്കിൽ അത് ആക്ടീവ് വരുമാന സ്രോതസ്സാണ്.

എന്നാൽ ഒരു വ്യക്തി ആരംഭിച്ച ഒരു സംരംഭം ആ വ്യക്തിക്ക് തന്റെ നേരിട്ടുള്ള അധ്വാനവും സമയവും മാറ്റിവയ്ക്കാതെ തന്നെ വരുമാനം നൽകുന്നുണ്ടെങ്കിൽ ആ വരുമാന സ്രോതസ്സിനെ പാസീവ് വരുമാന സ്രോതസ്സ് എന്ന് വിളിക്കാം.

ഉദാഹരണത്തിന് റിലൈൻസിന്റെ ഉടമയായ മുകേഷ് അംബാനിക്ക് അദ്ദേഹത്തിൻറെ നേരിട്ടുള്ള ഇടപെടലുകൾ ഒന്നും ഇല്ലാതെ തന്നെ പലതരത്തിലുള്ള സംരംഭങ്ങളിൽ നിന്നും ഒരേസമയം വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ബിസിനസ്സ് സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാതെ തന്നെ വരുമാന ലഭിക്കാനുള്ള ഒരു വ്യവസ്ഥിതി അദ്ദേഹം സൃഷ്ടിച്ചെടുത്തിരിക്കുന്നു.

ഒരു വർഷം 5 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരു വ്യക്തി ഒരു ദിവസം 8 മണിക്കൂർ ജോലി ചെയ്യുന്നു എന്ന് കണക്കാക്കിയാൽ അദ്ദേഹത്തിന് ഒരു മണിക്കൂറിൽ ലഭിക്കുന്ന വരുമാനം 125 രൂപയാണ്. ഈ വ്യക്തി ഒരു കോടി രൂപ സ്വന്തമാക്കണം എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുകയാണെങ്കിൽ 20 വർഷത്തെ അദ്ദേഹത്തിന്റെ മുഴുവൻ വരുമാനവും അതിന് ആവശ്യമായി വരും. അതിൽ തന്നെ നികുതിയും മറ്റു ചെലവുകളും പരിഗണിക്കുമ്പോൾ ആ ലക്ഷ്യത്തിലേക്ക് എത്താനായി ആ വ്യക്തിക്ക് ആവശ്യമുള്ള സമയം പിന്നെയും വർദ്ധിക്കുന്നതായി കാണാം.

അതായത് ആക്ടീവ് വരുമാന സ്രോതസ്സുകളെ മാത്രം ആശ്രയിച്ചുകൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യം എന്ന അവസ്ഥയിൽ എത്തുക എന്നത് ശ്രമകരമായ കാര്യമാണ്. മികച്ച പാസീവ് വരുമാന സ്രോതസ്സുകൾ സൃഷ്ടിച്ചെടുക്കുകയാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ഏറ്റവും മികച്ച വഴി.

പണം നേടുവാനായി പണം മാറ്റിവയ്ക്കുക

പണം മാറ്റിവയ്ക്കുക എന്നതാണ് പണം നേടുവാനുള്ള ഏറ്റവും മികച്ച മാർഗ്ഗം, ഇവിടെ പണം മാറ്റി വെക്കേണ്ടത് മികച്ച നിക്ഷേപ മാർഗ്ഗങ്ങളിലാണ്. 

ലഭിക്കുന്ന ശമ്പളത്തിൽ നിന്ന് നീക്കിയിരിപ്പുകൾ സൃഷ്ടിക്കാനും അതിൽ നിന്ന് നിക്ഷേപം നടത്താനും സാധാരണക്കാരായ വ്യക്തികൾ ആഗ്രഹിക്കാറുണ്ടെങ്കിലും പലപ്പോഴും അവർക്ക് അതിന് സാധിക്കാറില്ല.

ശമ്പളം ലഭിക്കുമ്പോൾ തന്നെ ചെലവുകൾ നടത്തുന്നതിന് മുൻപ് നീക്കിയിരിപ്പായി ഒരു നിശ്ചിത ശതമാനം തുക മാറ്റിവയ്ക്കുന്ന രീതി പിന്തുടരുന്നതാണ് നല്ലത്. ചെറിയ അളവിൽ ആണെങ്കിൽ പോലും മാറ്റിവയ്ക്കുന്ന പണം മികച്ച നിക്ഷേപമാർഗ്ഗങ്ങൾ കണ്ടെത്തി നിക്ഷേപിക്കാനും ശ്രമിക്കേണ്ടതാണ്.

ക്രെഡിറ്റ് കാർഡ് പോലെയുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് കയ്യിലുള്ളതിനേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്ന രീതി ഉപേക്ഷിക്കുകയും, അനിവാര്യമായ ചെലവുകൾക്ക് മുൻഗണന നൽകി അത്യാവശ്യമല്ലാത്ത ചെലവുകൾ ചുരുക്കുകയും ചെയ്യുക.

നിങ്ങളിൽ തന്നെ നിക്ഷേപിക്കുക

ഏതെങ്കിലും നിക്ഷേപ മാർഗ്ഗത്തിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് അതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കേണ്ടത് നിക്ഷേപകന്റെ കടമയാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുകൾ പോലും ഇല്ലാതെയാണ് പലരും നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.

ഭീമമായ ലാഭ ശതമാന കണക്കുകളിൽ ആകൃഷ്ടരായി നിക്ഷേപം നടത്തി കയ്യിലുള്ള പണം നഷ്ടപ്പെടുത്തുന്നവർ നമുക്ക് ചുറ്റുമുണ്ട്. ആരെങ്കിലും പറയുന്നത് കേട്ട് നിക്ഷേപം നടത്താതെ സാമ്പത്തിക രംഗത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവ് നേടുവാനും തനിക്ക് അനുയോജ്യമായ നിക്ഷേപ മാർഗ്ഗം കണ്ടെത്തുന്നതിന് ആഴത്തിലുള്ള പഠനം നടത്തുവാനും നിക്ഷേപകർ തയ്യാറാവണം.

പുസ്തകങ്ങൾ, മാഗസിനുകൾ, നിലവാരമുള്ള വെബ്സൈറ്റുകൾ യൂട്യൂബ് ചാനലുകൾ മുതലായ മാർഗ്ഗങ്ങളിൽ നിന്ന് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ സൃഷ്ടിച്ചെടുക്കുവാൻ ശ്രമിക്കണം. അടിസ്ഥാനപരമായി ശരിയായ അറിവ് നേടുക എന്നതാണ് നിങ്ങളിൽ തന്നെയുള്ള നിക്ഷേപം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നതിന് മുൻപ് നിങ്ങളുടെ അധ്വാനവും സമയവും മാറ്റിവയ്ക്കേണ്ടത് സാമ്പത്തികമായ സാക്ഷരത കൈവരിക്കുവാനാണ്. 

പ്രശസ്ത നിക്ഷേപകനും എഴുത്തുകാരനുമായ വാരൻ ബഫറ്റ് പറയുന്നത് ഇങ്ങനെയാണ് നിങ്ങൾ നിങ്ങളിൽ തന്നെ നടത്തുന്ന നിക്ഷേപത്തിനാണ് ഏറ്റവും മികച്ച ലാഭം ലഭിക്കുന്നത്. 

ഭാഗ്യം നിങ്ങളിലേക്ക് എത്തിക്കുക

കഠിനമായി അധ്വാനിക്കുന്നതിനോടൊപ്പം സമർത്ഥമായി അധ്വാനിച്ചാൽ ഭാഗ്യം നിങ്ങളിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും.

ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളത്തേക്ക് മാറ്റിവയ്ക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ ആ ശീലം നിങ്ങളെ ഭാഗ്യത്തിൽ നിന്നും അകറ്റി നിർത്തുന്ന ഒന്ന് തന്നെയാണ്. ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാതെ മടി പിടിച്ചിരിക്കുന്നവർക്ക് അവരുടെ ലക്ഷ്യത്തിലെത്തുക എന്നത് സ്വപ്നം മാത്രമായി തുടരും.

എന്നാൽ സമർത്ഥമായി ചിന്തിക്കുവാനും അതിനനുസരിച്ച് പ്രവർത്തിക്കുവാനും മനസ്സുള്ളവർ വിജയത്തിലേക്ക് എത്തുക തന്നെ ചെയ്യും.

ഭാവി ജീവിതത്തിനായി സുരക്ഷിത വരുമാനമാർഗ്ഗം കണ്ടെത്തുക

കൊറോണ പോലെ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നു വരുന്ന ചില കാര്യങ്ങൾ പലപ്പോഴും സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഏൽപ്പിക്കുന്ന പ്രഹരം അതിജീവിക്കുവാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടത് വ്യക്തികളെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.

നിങ്ങൾ ഏതു ജോലി ചെയ്യുന്ന വ്യക്തിയാണെങ്കിലും ഭാവിയിൽ നിങ്ങൾക്ക് ജീവിക്കാനുള്ള വരുമാനം ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. അതുകൊണ്ടു തന്നെ ലൈഫ് ഇൻഷുറൻസ്, ടേം ഇൻഷുറൻസ് തുടങ്ങിയ ഇൻഷുറൻസ് പദ്ധതികൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് നിങ്ങൾക്ക് മികച്ച ഒരു പെൻഷൻ പദ്ധതി ഉണ്ടായിരിക്കണമെന്നത്. നിങ്ങളുടെ ജോലിയുടെ ഭാഗമായി നിങ്ങൾക്ക് പെൻഷൻ ലഭിക്കുമെങ്കിലും ലഭ്യമല്ലെങ്കിലും സുരക്ഷിതമായ ഭാവിജീതത്തിനായി വ്യത്യസ്ത നിക്ഷേപ മാർഗ്ഗങ്ങൾ ഉൾപ്പെടുത്തി മികച്ച പെൻഷൻ പദ്ധതി തയ്യാറാക്കി മുന്നോട്ടു പോവുക. ജീവിതത്തില അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ അതിജീവിക്കുവാൻ മികച്ച പെൻഷൻ പദ്ധതി നമ്മെ സഹായിക്കും. 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്വയം ശാക്തീകരണത്തിനായി സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന 5 ടിപ്പുകൾ

ഇന്നത്തെ ലോകത്ത് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യം…

സാമ്പത്തിക സ്വാതന്ത്ര്യത്തിന് സ്ത്രീകളുടെ ജീവിതത്തിലുള്ള പ്രാധാന്യം

സ്വാതന്ത്ര്യവും ആത്മവിശ്വാസവും നൽകി നിങ്ങളെ ശാക്തീകരിക്കുവാൻ സാമ്പത്തിക സ്വാതന്ത്ര്യത്തിനാകും. തൃപ്തികരമായ ഒരു ജീവിതം നയിക്കുന്നതിന് സാമ്പത്തിക…

ലോകത്തിലെ ഏറ്റവും മികച്ച മണി മാനേജ്മെന്റ് രീതി പരിചയപ്പെടാം

സമൂഹത്തിലെ വ്യക്തികളെ അവരുടെ കൈവശമുള്ള പണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി വേർതിരിക്കുവാൻ സാധിക്കും. ആവശ്യത്തിന് പണം…

വാറൻ ബഫറ്റിന്റെ നിക്ഷേപ തന്ത്രങ്ങൾ

ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, നിക്ഷേപകരുടെ ഏറ്റവും വലിയ പ്രചോദനമായ വാറൻ ബഫറ്റിന്റെ…