emergency-funds

Sharing is caring!

2019 ലോകത്തിൽ ആദ്യമായി കോവിഡ് മഹാമാരി കടന്നു വരികയും പിന്നീട് ലോകം മുഴുവൻ പടർന്നു പിടിയ്ക്കുകയും ചെയ്തപ്പോൾ ധാരാളം വ്യക്തികൾക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടായി, പല വ്യക്തികൾക്കും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വന്നു, പലർക്കും തൊഴിലിടങ്ങളിൽ എത്തിച്ചേരുവാൻ പോലും കഴിയാതെ വന്നു. 

അങ്ങനെ ലോകം മുഴുവൻ ഒരു വൈറസിനു മുന്നിൽ പകച്ചു നിൽക്കുകയും, നല്ലൊരു ശതമാനം വ്യക്തികളും സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയും ചെയ്തപ്പോൾ തന്റെ കയ്യിൽ നീക്കിയിരിപ്പായി കുറച്ചു പണമുണ്ടായിരുന്നെങ്കിൽ എന്ന് പലരും ചിന്തിയ്ക്കുകയുണ്ടായി. ഇങ്ങനെ ഒരു സാചര്യം ജീവിതത്തിൽ ഉണ്ടാകുമ്പോഴാണ് എമർജൻസി ഫണ്ട് അല്ലെങ്കിൽ കരുതൽ ധനം എന്നതിന് പ്രസക്തി വരുന്നത്.

എന്താണ് എമർജൻസി ഫണ്ട്

ഭാവിയിൽ വളരെ അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന തൊഴിൽ നഷ്ടം, പ്രകൃതി ദുരന്തം, ആരോഗ്യപരമായ കാരണങ്ങൾ, മറ്റ് വ്യക്തിപരമായ കാര്യങ്ങൾ, തുടങ്ങിയവ മൂലം പെട്ടെന്നുണ്ടാകുന്ന ചെലവുകൾക്കായി നീക്കിവെയ്ക്കുന്ന കരുതൽ ധനത്തിനെയാണ് എമർജൻസി ഫണ്ട് എന്ന് വിളിയ്ക്കുന്നത്. 

എമർജൻസി ഫണ്ടുകളെ പൊതുവായി ഷോർട്ട് ടേം എമർജൻസി ഫണ്ട് എന്നും ലോങ്ങ് ടേം എമർജൻസി ഫണ്ട് എന്നും തരം തിരിച്ചിരിക്കുന്നു.

സമീപ ഭാവിയിൽ സംഭവിച്ചേക്കാവുന്ന ആരോഗ്യപരമായ പ്രശ്നങ്ങൾ, മറ്റു വ്യക്തിപരമായ ആവശ്യങ്ങൾ എന്നിങ്ങനെയുള്ള ചെലവുകൾ നേരിടാനായി മാറ്റിവയ്ക്കപ്പെടുന്ന പണത്തിനെയാണ് ഷോർട്ട് ടേം എമർജൻസി  ഫണ്ട് എന്ന് പറയുന്നത്.

എന്നാൽ ഭാവിയിൽ സംഭവിച്ചേക്കാവുന്ന തൊഴിൽ നഷ്ടം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ നേരിടാനായി മാറ്റിവയ്ക്കപ്പെടുന്ന പണത്തിനെയാണ് ലോങ്ങ് ടേം എമർജൻസി ഫണ്ട് എന്ന് പറയുന്നത്.

എമർജൻസി ഫണ്ട് നിങ്ങളെ സഹായിക്കുന്നത് എങ്ങനെയാണ്

ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചെലവുകളെ നേരിടാൻ സഹായിക്കുന്നു.

പെട്ടെന്നുള്ള ചെലവുകൾക്കായി ഉയർന്ന പലിശ നിരക്കുള്ള ലോണുകളെ ആശ്രയിക്കുക, വ്യക്തികളിൽ നിന്നും പണം കടം വാങ്ങുക, സ്വർണ്ണ വായ്പയെടുക്കുക മുതലായ സാഹചര്യങ്ങൾ ഒഴിവാക്കപ്പെടുന്നു.

നിലവിലുള്ള നിക്ഷേപങ്ങളെ നിലനിർത്തിക്കൊണ്ടു തന്നെ ചെലവുകൾക്കുള്ള പണം കണ്ടെത്തുവാൻ സഹായിക്കുന്നു.

എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നത് എങ്ങനെയാണ്

ഒരു വ്യക്തിയുടെ മൂന്നു മുതൽ ആറുമാസം വരെയുള്ള മാസ ശമ്പളത്തിന്റെ തുകയാണ് എമർജൻസി ഫണ്ടിന്റെ മൂല്യമായി കണക്കാക്കുന്നത്. നിലവിൽ മികച്ച നിക്ഷേപ പദ്ധതികളുടെ ഭാഗമായിട്ടുള്ളവരുടെ എമർജൻസി ഫണ്ടിൽ മൂന്ന് മാസത്തെ ശമ്പളം പര്യാപ്തമാണെങ്കിലും യാതൊരുവിധ നിക്ഷേപങ്ങളും നടത്താത്ത വ്യക്തികൾ തീർച്ചയായും ആറ് മാസത്തെ ശമ്പളമെങ്കിലും എമർജൻസി ഫണ്ടായി മാറ്റിവെച്ചിരിക്കണം.

വളരെ ചുരുങ്ങിയ കാലം കൊണ്ട് എമർജൻസി ഫണ്ട് സൃഷ്ടിക്കുക എന്നത് അപ്രായോഗികമായ കാര്യമാണ്. കൃത്യമായി ആസൂത്രണം ചെയ്യുകയാണെങ്കിൽ ആറ് മാസം മുതൽ രണ്ട് വർഷം വരെയുള്ള സമയത്തിനുള്ളിൽ വളരെ എളുപ്പത്തിൽ തന്നെ എമർജൻസി ഫണ്ട് സൃഷ്ടിക്കുവാൻ സാധിക്കുന്നതാണ്.

ഉദാഹരണത്തിന് 10000 രൂപ മാസ ശമ്പളമുള്ള ഒരു വ്യക്തി അദ്ദേഹത്തിന്റെ മൂന്ന് മാസത്തെ ശമ്പളമായ മുപ്പതിനായിരം രൂപയാണ് എമർജൻസി ഫണ്ടായി നീക്കിവയ്ക്കുവാൻ ശ്രമിക്കുന്നത് എന്ന് കരുതുക. 

തന്റെ മാസ വരുമാനമായ 10000 രൂപയുടെ പകുതി തുകയായ 5000 രൂപ ആറ് മാസം തുടർച്ചയായി നീക്കിവച്ചാൽ മാത്രമേ ആ വ്യക്തിക്ക് ആറ് മാസം കൊണ്ട് എമർജൻസി ഫണ്ട് എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കുകയുള്ളൂ. പ്രായോഗിക തലത്തിൽ ഒരിക്കലും നടപ്പിലാക്കുവാൻ സാധിക്കാത്ത പദ്ധതിയാണ് ഇത്.

എന്നാൽ തന്റെ മാസ ശമ്പളത്തിന്റെ 12.50 ശതമാനമായ 1250 രൂപ രണ്ട് വർഷത്തേക്ക് തുടർച്ചയായി മാറ്റിവയ്ക്കുകയാണെങ്കിൽ രണ്ട് വർഷം കൊണ്ട് വളരെ സുഗമമായി തന്റെ ലക്ഷ്യത്തിലെത്തിച്ചേരുവാൻ ആ വ്യക്തിക്ക് സാധിക്കും. ഈ വ്യക്തിക്ക് തന്റെ ആറ് മാസത്തെ ശമ്പളമായ 60000 രൂപയുടെ എമർജൻസി ഫണ്ട് തയ്യാറാക്കണമെങ്കിൽ  തന്റെ ശമ്പളത്തിന്റെ 25 ശതമാനമായ 2500 രൂപ  രണ്ടു വർഷത്തേക്ക് എല്ലാ മാസവും കൃത്യമായി നീക്കിവയ്ക്കുന്നതിലൂടെ സാധിക്കുന്നതാണ്.

എമർജൻസി ഫണ്ട് എവിടെ നിക്ഷേപിക്കണം

എമർജൻസി ഫണ്ടിന്റെ മൂല്യത്തിന് അനുസരിച്ച് ബാങ്ക് അക്കൗണ്ട്,  ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾ, തുടങ്ങിയവ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്. 

ഒരു വ്യക്തിയുടെ എമർജൻസി ഫണ്ട് 75000 രൂപയിൽ താഴെയാണെങ്കിൽ ആ തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. സ്ഥിരമായി പണമിടപാടുകൾ നടത്തുന്ന സേവിങ്സ് അക്കൗണ്ടിലോ, സാലറി അക്കൗണ്ടിലോ എമർജൻസി ഫണ്ട് നിക്ഷേപിക്കാതിരിക്കുക. 

75000 രൂപയിൽ കൂടുതലുള്ള എമർജൻസി ഫണ്ടാണ് നിങ്ങളുടേതെങ്കിൽ ബാങ്ക് അക്കൗണ്ടിൽ മാത്രമായി പണം നിക്ഷേപിക്കുന്നതിനെക്കാൾ നല്ലത് എമർജൻസി ഫണ്ടിലെ 70 ശതമാനം തുക ലിക്വിഡ് മ്യൂച്വൽ ഫണ്ട്, ഡെറ്റ് മ്യൂച്വൽ ഫണ്ട് തുടങ്ങിയ താരതമ്യേന നഷ്ട സാധ്യത കുറഞ്ഞതും എന്നാൽ വേഗത്തിൽ പണമാക്കി മാറ്റുവാൻ സാധിക്കുന്നതുമായ നിക്ഷേപമാർഗ്ഗങ്ങളിലേയ്ക്ക് മാറ്റുന്നതാണ്.

സ്വന്തം സാമ്പത്തിക സ്ഥിതിയും താത്പര്യവും പരിഗണിച്ചുകൊണ്ട് എമർജൻസി ഫണ്ടിനായി അനുയോജ്യമായ നിക്ഷേപ രീതി  തിരഞ്ഞെടുക്കാവുന്നതാണ്.

എമർജൻസി ഫണ്ടിലെ പണത്തിന്റെ ഉപയോഗം ഒഴിവാക്കേണ്ട സാഹചര്യങ്ങൾ

മറ്റുള്ളവർക്ക് കടം കൊടുക്കുവാനും, മാറ്റിവയ്ക്കാൻ സാധിക്കുന്ന ആവശ്യങ്ങൾക്കായും എമർജൻസി ഫണ്ട് ഉപയോഗിക്കാതിരിക്കുക. 

ആമസോൺ ഫ്ലിപ്പ് കാർട്ട് തുടങ്ങിയ ഈ കൊമേഴ്സ് സൈറ്റുകളിലെ ഓഫറുകളിൽ ആകൃഷ്ടരായി എമർജൻസി ഫണ്ടിൽ നിന്ന് ഷോപ്പിംഗ് നടത്താതിരിക്കുക.

ആഡംബര വസ്തുക്കളും അത്യാവശ്യമല്ലാത്ത സാധനങ്ങൾ വാങ്ങുവാനായി എമർജൻസി ഫണ്ടിലെ പണം ഉപയോഗിക്കരുത്.

ക്രെഡിറ്റ് കാർഡിന്റെ അമിതമായ ഉപയോഗത്തിന് ശേഷം ക്രെഡിറ്റ് കാർഡിന്റെ ബില്ലടയ്ക്കുവാനായി എമർജൻസി ഫണ്ടിനെ ആശ്രയിക്കുന്ന ശീലം നല്ലതല്ല. 

നിലവിലെ സാഹചര്യങ്ങളിൽ എമർജൻസി ഫണ്ടിലെ പണത്തിന് ഉപയോഗമില്ലെങ്കിൽ ആ പണം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിൽ തെറ്റില്ല എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ ഉയർന്ന നഷ്ട സാധ്യതയുള്ള ഓഹരി വിപണി പോലെയുള്ള നിക്ഷേപ മാർഗ്ഗങ്ങളിൽ എമർജൻസി ഫണ്ട് നിക്ഷേപിച്ചാൽ അനിവാര്യമായ സാഹചര്യങ്ങൾ വരുമ്പോൾ ആ തുക പിൻവലിക്കുവാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം.

ഓർക്കുക ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രശ്നങ്ങൾ തരണം ചെയ്യുവാനായി നമ്മെ സഹായിക്കുന്ന കരുതൽ ധനമാണ് എമർജൻസി ഫണ്ട് അതിനാൽ തന്നെ എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നതിലോ എമർജൻസി ഫണ്ടിലെ തുക നിലനിർത്തുന്നതിലോ അലംഭാവം കാണിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്വയം ശാക്തീകരണത്തിനായി സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന 5 ടിപ്പുകൾ

ഇന്നത്തെ ലോകത്ത് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യം…

മാർവാടികൾ സമ്പന്നരാകുന്നത് എങ്ങനെയാണ്

ആദിത്യ ബിർള, ഒല, മിന്ത്ര, ബജാജ്, സ്നാപ്ഡീൽ, ഫ്ലിപ്പ്കാർട്ട്, സൊമാറ്റോ, തുടങ്ങി നമ്മൾ നിത്യവും കേട്ട്…

ധനികരുടെ ജീവിതയാത്ര

സാമ്പത്തികമായി ഉയരണമെന്നും മികച്ച ജീവിത സാഹചര്യങ്ങൾ ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ആ അവസ്ഥയിൽ…

സാമ്പത്തിക അച്ചടക്കം കൈവരിക്കുവാൻ പിന്തുടരേണ്ട ശീലങ്ങൾ

സാമ്പത്തിക അച്ചടക്കം എന്നത് ഒരു രാത്രി കൊണ്ട് നേടിയെടുക്കുവാൻ ആകുന്ന ഒന്നല്ല. അത് ഒരു ജീവിതരീതി…