future-plans

Sharing is caring!

സാധാരണക്കാരനായ ഒരു വ്യക്തിയ്ക്ക് തന്റെ മുപ്പത് വയസ്സിന് മുമ്പുള്ള ജീവിത കാലഘട്ടത്തിൽ ആവശ്യത്തിന് സമയവും ഏറെ ആഗ്രഹങ്ങളും ഉണ്ടായിരുന്നാൽ പോലും അവയെല്ലാം നടപ്പിലാക്കുവാനുള്ള പണം ആ വ്യക്തിക്ക് ആ സമയത്ത് ഉണ്ടായിരിക്കുകയില്ല. ഒരു പക്ഷേ ആ വ്യക്തി തന്റെ മുപ്പതുകളിൽ ജോലിയിൽ നിന്നും മറ്റു വരുമാന മാർഗ്ഗങ്ങളിൽ നിന്നും ധാരാളം പണം സമ്പാദിച്ചാൽ പോലും ആ പണം ചെലവഴിച്ച് തന്റെ ആഗ്രഹങ്ങൾ നടപ്പിലാക്കുവാൻ ആ വ്യക്തിക്ക് മുപ്പതുകളിൽ സമയമുണ്ടായിരിക്കുകയില്ല.

തന്റെ അറുപതുകളിൽ ധാരാളം പണവും ആവശ്യത്തിലധികം സമയവും കൈവശമുണ്ടെങ്കിൽ പോലും ആഗ്രഹങ്ങളും അഭിലാഷങ്ങളും നടപ്പിലാക്കാനുള്ള ആരോഗ്യം ആ സമയത്ത് ഉണ്ടാകണമെന്നില്ല.

സാധാരണക്കാരനായ ഒരു വ്യക്തിയുടെ ജീവിതകാലം പല ഘട്ടങ്ങളായി വേർതിരിച്ചാൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം എന്നത് ആ വ്യക്തിയുടെ മുപ്പതുകൾ തന്നെയാണ്. സാധാരണ നിലയിൽ ഒരു വ്യക്തി കല്യാണം കഴിക്കുന്നതും, മക്കൾ ഉണ്ടാകുന്നതും, ആദ്യമായി വാഹനം വാങ്ങുന്നതും, വീട് വയ്ക്കുന്നതും, ബിസിനസ്സുകൾ ആരംഭിക്കുന്നതും, തുടങ്ങി പ്രധാനപ്പെട്ട പല കാര്യങ്ങളും നടക്കുന്നത് ആ വ്യക്തിയുടെ മുപ്പതുകളിലായിരിക്കും.

മുപ്പതുകളിൽ തന്നെയാണ് ഒരു വ്യക്തി സുരക്ഷിതമായ ഭാവിക്ക് വേണ്ടിയുള്ള സാമ്പത്തികമായ അടിത്തറ സൃഷ്ടിച്ചെടുക്കേണ്ടത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായ മുപ്പതുകളിൽ നാം തീർച്ചയായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ആഡംബര വാഹനങ്ങൾക്കായി പണം ചെലവഴിക്കുക

luxury-car

ജോലി ലഭിച്ച് ഒന്ന്, രണ്ട് വർഷങ്ങൾക്കുള്ളിൽ തന്നെ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കുവാനായി കാത്തിരിക്കുന്ന യുവതി യുവാക്കൾ നമുക്കിടയിലുണ്ട്. നല്ലൊരു ജീവിതത്തിന് കൈമുതലാകേണ്ട നീക്കിയിരിപ്പുകൾ സൃഷ്ടിക്കുന്നതിന് പ്രാധാന്യം നൽകേണ്ട സമയത്ത് സ്വന്തം സാമ്പത്തിക അവസ്ഥയ്ക്ക് യോജിക്കാത്ത രീതിയിൽ ആഡംബര വാഹനങ്ങൾക്കായി പണം ചെലവഴിക്കുന്നതും തുടർന്ന് സാമ്പത്തികപരമായ തിരിച്ചടികൾ നേരിടുന്നതും ഇന്നത്തെ കാലത്ത് വളരെ സാധാരണമായ കാഴ്ച്ചയാണ്.

ശമ്പളത്തിന്റെ നല്ലൊരു ശതമാനം വാഹനത്തിന്റെ ലോണിനായി മാറ്റിവയ്ക്കേണ്ടി വരുമ്പോൾ മികച്ച നിക്ഷേപങ്ങൾ നടത്തുവാൻ നാം പരാജയപ്പെടുന്നു. ജീവിതത്തിന്റെ തുടക്ക കാലഘട്ടത്തിൽ തന്നെ മികച്ച നിക്ഷേപങ്ങൾ നടത്തുവാനുള്ള അവസരങ്ങൾ പാഴാക്കുന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക വളർച്ചയെ മോശമായി ബാധിക്കുന്ന കാര്യമാണ്.

മാത്രമല്ല സ്വന്തമാക്കുന്ന വാഹനങ്ങൾ പരിപാലിക്കുവാനായി ധാരാളം പണം ചെലവഴിക്കേണ്ടി വരുമ്പോൾ ഇഷ്ട വാഹനങ്ങൾ ബാധ്യതയായി മാറുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. വാഹനങ്ങളെ സഞ്ചാരത്തിനുള്ള ഉപാധികളായി മാത്രം കാണുകയും സ്വന്തം സാമ്പത്തിക നിലയ്ക്ക് അനുയോജ്യമായ വാഹനങ്ങൾ മാത്രം വാങ്ങുവാനും ശ്രമിക്കേണ്ടതാണ്.

ബാധ്യതയായി മാറുന്ന ആഡംബര സൗധങ്ങൾ

luxury-home

മധ്യവർഗ്ഗ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു വരുന്ന വ്യക്തികളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് എത്രയും വേഗം എല്ലാ സൗകര്യങ്ങേളാടും കൂടി ഒരു വീട് നിർമ്മിക്കുക എന്നത്. വീട് വയ്ക്കാനുള്ള തിരുമാനത്തിൽ എത്തിയാൽ പിന്നെ ഏത് ബാങ്കിൽ നിന്നാണ് ഏറ്റവുമധികം തുക ലോണായി ലഭിക്കുക എന്ന അന്വേഷണം ആയിരിക്കും പിന്നീട് ഉണ്ടാവുക.  

ഒരു വ്യക്തിയുടെ ശമ്പളത്തിന്റെ 25 ശതമാനത്തിൽ അധികമായ തുകയാണ് തവണയായി അടയ്ക്കേണ്ടി വരുന്നതെങ്കിൽ അങ്ങനെയുള്ള വായ്പകൾ സാമ്പത്തികപരമായി തെറ്റായ തീരുമാനമായിട്ടാണ് കണക്കാക്കേണ്ടത്. മേൽപ്പറഞ്ഞ രീതിയിലുള്ള സാമ്പത്തികാവസ്ഥ നിങ്ങൾ കൈവരിച്ചിട്ടില്ലെങ്കിൽ ഭവന നിർമ്മാണം  കുറച്ചുകാലത്തേക്ക് നീട്ടി വെക്കുകയോ അല്ലെങ്കിൽ സാമ്പത്തികമായ സ്ഥിതിയ്ക്ക്   അനുയോജ്യമായ രീതിയിൽ  വീടിന്റെ പ്ലാനിൽ മാറ്റം വരുത്തുകയോ ചെയ്യാവുന്നതാണ്. 

15 വർഷമോ അതിലധികമോ കാലാവധിയുള്ള ഭവന വായ്പകൾ അടയ്ക്കാനായി ഒരു വ്യക്തിയുടെ 50 മുതൽ 60 ശതമാനം വരെയുള്ള ശമ്പളം ഉപയോഗിക്കേണ്ടി വന്നാൽ ആ വ്യക്തി തന്റെ ഭാവി ജീവിതത്തിൽ കഠിനമായ സാമ്പത്തിക ഞെരുക്കം ആയിരിക്കും അനുഭവിക്കേണ്ടി വരിക. നിക്ഷേപങ്ങൾ നടത്തുവാൻ സാധിക്കാത്തതിനോടൊപ്പം തന്നെ അപ്രതീക്ഷിതമായി തങ്ങളുടെ ജീവിതത്തിൽ കടന്നു വരുന്ന ചെലവുകൾക്ക് പണം കണ്ടെത്തുവാനായി കൂടുതൽ ബാധ്യതകൾ വരുത്തി വയ്ക്കേണ്ട സ്ഥിതിയിലേക്ക് അവർ എത്തിച്ചേരുകയും ചെയ്യുന്നു. 

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വന്തമായി ഒരു വീട് വയ്ക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെങ്കിലും തന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന കാര്യമായി അത് മാറാതിരിക്കാൻ ശ്രദ്ധിക്കണം. 

ഭവന വായ്പയോടൊപ്പം തന്നെ  ലഭ്യമായ വരുമാനത്തിൽ നിന്ന് ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങുകയാണെങ്കിൽ ഭാവിയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും നേട്ടം ഉണ്ടാകുമ്പോൾ ആ തുക ഉപയോഗിച്ച് ഭവന വായ്പ പൂർണ്ണമായും തിരിച്ചടച്ചാൽ പലിശ ഇനത്തിൽ നൽകേണ്ടി വരുന്ന നല്ലൊരു ശതമാനം തുക ലാഭിക്കുവാൻ സാധിക്കുന്നതാണ്.

തന്റെ മുപ്പതുകളിൽ തരക്കേടില്ലാത്ത വരുമാനമുള്ള ഒരു വ്യക്തി ആദ്യം ചെയ്യേണ്ടത് മികച്ച നിക്ഷേപങ്ങൾ സൃഷ്ടിക്കുവാനാണ്. ആ നിക്ഷേപങ്ങളിലൂടെ ശക്തമായ സാമ്പത്തിക അടിത്തറ സൃഷ്ടിച്ചതിന് ശേഷം മാത്രം ഭവന നിർമ്മാണം പോലെ ചെലവേറിയ കാര്യങ്ങളിലേക്ക് കടക്കുന്നതാണ് നല്ലത്. 

ക്രെഡിറ്റ് കാർഡ്, പേഴ്സണൽ ലോൺ എന്നിവ അനാവശ്യ ചെലവുകൾക്കായി ഉപയോഗിക്കുക

things-to-know-before-using-credit-cards

മുപ്പതുകളിലൂടെ കടന്നു പോകുന്ന മികച്ച വരുമാനമുള്ള വ്യക്തികളിൽ പലരും ആവശ്യമില്ലാത്ത കാര്യങ്ങൾക്കു പോലും വ്യാപകമായി ക്രെഡിറ്റ് കാർഡ്, പേഴ്സണൽ ലോൺ എന്നിവ ഉപയോഗിക്കുകയും അനാവശ്യമായി ബാധ്യതകൾ വരുത്തി വയ്ക്കുകയും ചെയ്യാറുണ്ട്. കൃത്യമായി മാസ ശമ്പളം ലഭിക്കുന്ന വ്യക്തികൾക്ക് ക്രെഡിറ്റ് കാർഡ്, പേഴ്സണൽ ലോൺ എന്നിവ നൽകാൻ ബാങ്കുകൾ മടിക്കാത്തത് അവരിൽ നിന്നും പലിശയിനത്തിൽ ഈടാക്കുന്ന വലിയ ലാഭം മുന്നിൽ കണ്ടിട്ടാണ്. 

ജോലിയുടെ തുടക്ക കാലത്ത് തന്നെ ക്രെഡിറ്റ് കാർഡ് പോലെയുള്ള സാമ്പത്തിക ഉപകരണങ്ങൾ അശ്രദ്ധമായി ഉപയോഗിച്ച് നല്ല നിക്ഷേപങ്ങൾ സൃഷ്ടിക്കുവാനുള്ള അവസരങ്ങളാണ് പലരും ഇല്ലാതാക്കുന്നത്. ജീവിതത്തിന്റെ ഭാഗമായി വരുന്ന ആവശ്യങ്ങൾ നടത്തുവാനായി നാം ആശ്രയിക്കേണ്ടത് നമ്മുടെ നീക്കിയിരിപ്പുകളേയും നിക്ഷേപങ്ങളേയുമാണ്. അപ്രതീക്ഷിതമായി ജീവിതത്തിൽ പല ആവശ്യങ്ങളും കടന്നു വരുമ്പോൾ അവ നേരിടാനായി വളരെ വേഗം പണമാക്കി മാറ്റുവാൻ കഴിയുന്ന മേഖലകളിൽ നിക്ഷേപിക്കുക എന്നതാണ് ഉചിതമായ കാര്യം.

ഇ കോമേഴ്സ് സൈറ്റുകളുടെ വ്യാപനവും ഓൺലൈൻ മാർക്കറ്റിംഗ് രീതികളും യുവാക്കൾക്കിടയിൽ ഉപഭോഗ സംസ്കാരം വളരെയധികം വ്യാപിക്കുവാൻ കാരണമായിട്ടുണ്ട്. മാത്രമല്ല ക്രെഡിറ്റ് കാർഡിന്റെ വ്യാപകമായ ഉപയോഗത്താൽ കയ്യിൽ പണമില്ലാത്ത സാഹചര്യങ്ങളിൽ പോലും യാതൊരു മടിയും കൂടാതെ തന്നെ അത്യാവശ്യമല്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടുവാൻ വ്യക്തികൾ തിരക്കുകൂട്ടാറുണ്ട്.

നമുക്ക് ഏതെങ്കിലും ഉപകരണങ്ങൾ സ്വന്തമാക്കണമെങ്കിലും, ആവശ്യങ്ങൾ നടത്തണമെങ്കിലും അവ മുൻകൂട്ടി കണ്ട് കൊണ്ട് സ്വന്തം നീക്കിയിരിപ്പുകളിൽ നിന്ന് തന്നെ അവ നടത്തുവാനുള്ള പണം കണ്ടെത്തുവാൻ നാം ശീലിക്കണം.

നിക്ഷേപം നടത്തുവാനുള്ള വൈമുഖ്യം അല്ലെങ്കിൽ പര്യാപ്തമായ രീതിയിൽ നിക്ഷേപിക്കാതിരിക്കുക

long-term-investments

നമുക്ക് ചുറ്റുമുള്ള ഭൂരിപക്ഷം വ്യക്തികളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഇത്തരം വ്യക്തികൾ നിക്ഷേപിക്കാതിരിക്കുകയോ അല്ലെങ്കിൽ അവരുടെ നീക്കിയിരിപ്പുകൾ ബാങ്ക് എഫ് ഡി പോലെ താരതമ്യേന കുറഞ്ഞ നേട്ടം നൽകുന്ന മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യുന്നവരാണ്.

ബാങ്ക് എഫ് ഡി, ആർ ഡി പോലെയുള്ള നിക്ഷേപ പദ്ധതികൾ നിശ്ചിതമായ നേട്ടം വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ആ നേട്ടത്തിന് നിലവിലുള്ള പണപ്പെരുപ്പം മൂലമുള്ള വിലക്കയറ്റത്തെ തരണം ചെയ്യാനുള്ള പ്രാപ്തിയില്ല. 

ഇങ്ങനെയുള്ള വ്യക്തികൾ ആദ്യം ചെയ്യേണ്ടത് വ്യക്തമായ സാമ്പത്തിക  ലക്ഷ്യങ്ങൾ തയ്യാറാക്കുക എന്നതാണ്. തന്റെ ലക്ഷ്യങ്ങൾക്ക് ഭാവിയിൽ ആവശ്യമായി വരുന്ന തുക കണക്കാക്കുകയും ആ ലക്ഷ്യത്തിന് അനുയോജ്യമായ രീതിയിൽ നിക്ഷേപങ്ങൾ ക്രമീകരിക്കുകയും ചെയ്യുക.

നിക്ഷേപിക്കുവാനായി കാത്തിരിക്കുന്നതല്ല നിക്ഷേപിച്ചതിനുശേഷം കാത്തിരിക്കുന്നതാണ് ശരിയായ രീതി. ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി ഏതു നിക്ഷേപ മാർഗ്ഗവും ആകട്ടെ വ്യക്തമായ കാഴ്ച്ചപ്പാടോടുകൂടി നിക്ഷേപം നടത്തുകയും ദീർഘകാല അടിസ്ഥാനത്തിൽ ഉയർന്ന നേട്ടം ലഭിക്കാനായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യേണ്ടതാണ്.

അഭിരുചിക്ക് അനുസരിച്ചുള്ള വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താതിരിക്കുക

passive-income-source

ഒരു വ്യക്തി തന്റെ കോളേജ് കാലഘട്ടത്തിനു ശേഷം ജോലി കണ്ടെത്തുകയും, കുറച്ചു വർഷങ്ങൾ ജോലി ചെയ്ത ശേഷം സ്ഥിരതയുള്ള ജീവിതം ആരംഭിക്കുന്നതും ആ വ്യക്തിയുടെ മുപ്പതുകളിലാണ്. ജോലിയിൽ നിന്നുള്ള വരുമാനം കൂടാതെ തന്റേതായ കഴിവുകളോ ആശയങ്ങളോ ഉപയോഗിച്ചു പുതിയ സംരംഭങ്ങൾ തുടങ്ങി അധിക വരുമാനം കണ്ടെത്തുവാനുള്ള ശരിയായ സമയവും മുപ്പതുകൾ തന്നെയാണ്. 

കാരണം ഒരു വ്യക്തി മാതാവ് അല്ലെങ്കിൽ പിതാവ് എന്ന നിലയിൽ ഏറ്റവുമധികം ഉത്തരവാദിത്വത്തോട് കൂടി പ്രവർത്തിക്കേണ്ടത് തന്റെ നാൽപതുകളിലാണ്. ആ സമയത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ബ്ലോഗിങ്, വ്ലോഗിങ്, വെബ് ഡിസൈനിങ്, ഫോട്ടോഗ്രാഫി, കൃഷി തുടങ്ങി സ്വന്തം താല്പര്യത്തിനനുസരിച്ച് ഏതൊരു മേഖലയും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. തന്റെ അഭിരുചികൾ തിരിച്ചറിയുകയും, അനുയോജ്യമായ മേഖലകൾ തിരഞ്ഞെടുക്കുകയും, ആ മേഖലയിലെ അവസരങ്ങൾ മനസ്സിലാക്കി ആവശ്യമുള്ള വൈദഗ്ധ്യം നേടുകയും അതുവഴി മികച്ചൊരു വരുമാനമാർഗ്ഗം സൃഷ്ടിച്ചെടുക്കുവാനും ശ്രമിക്കേണ്ടതുണ്ട്. അതിന് ഏറ്റവും അനുയോജ്യമായ സമയമാണ് നിങ്ങളുടെ മുപ്പതുകൾ.

സ്വയം തിരിച്ചറിയുക എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ജോലിയുടെ ഭാഗമായതിനാൽ തന്നെ പുതിയതായി ഒരു സംരംഭം ആരംഭിക്കുവാൻ കഠിനമായ പരിശ്രമവും, മനസ്സാന്നിധ്യവും അത്യാവശ്യമാണ്. 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഏക വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിക്കുന്നവർക്കായി 8 ടിപ്പുകൾ

പരിമിതമായ വരുമാനത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവരാണോ നിങ്ങൾ. ഏക വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരിൽ…

കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്

ഇന്ത്യയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിനെ സംബന്ധിച്ച് അവർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് കുടുംബത്തിലെ കുട്ടികളുടെ…

റിട്ടയർമെന്റ് ആസൂത്രണം ചെയ്യുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ

20 വർഷത്തേക്കും 30 വർഷത്തേക്കും ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നത് പലർക്കും താല്പര്യമുള്ള കാര്യമല്ല. ഏറ്റവും കൂടിയാൽ…

എൽ ഐ സിയിലെ നിക്ഷേപം, മ്യൂച്വൽ ഫണ്ട് നിക്ഷേപം ഏതാണ് ഏറ്റവും സുരക്ഷിതം

ഇന്നത്തെ കാലത്ത് നിക്ഷേപിക്കുക എന്നത് സുരക്ഷിതമായ ഭാവി ജീവിതത്തിന് അനിവാര്യമായ ഒന്നാണ് എന്ന് തിരിച്ചറിയുന്നവരാണ് ഭൂരിഭാഗം…