graduation-invest-child-education

Sharing is caring!

ഇന്ത്യയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിനെ സംബന്ധിച്ച് അവർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് കുടുംബത്തിലെ കുട്ടികളുടെ പഠനത്തിനു വേണ്ടിയായിരിക്കും. പല വ്യക്തികൾക്കും അവരുടെ വരവ് ചെലവ് കണക്കുകൾ വിലയിരുത്തുന്ന സമയത്ത് അവരുടെ ശമ്പളത്തിന്റെ നല്ലൊരു ശതമാനം സ്കൂൾ, കോളേജ് ഫീസായി നൽകേണ്ട അവസ്ഥയാണുള്ളത്.

ഉത്തരവാദിത്വമുള്ള ഒരു മാതാവ് അല്ലെങ്കിൽ പിതാവാണ് നിങ്ങളെങ്കിൽ നിങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുവാനായി ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭീമമായ ചെലവ് നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കാത്ത രീതിയിൽ കണ്ടെത്തേണ്ടത് അനിവാര്യമായ കാര്യമാണ്. അതിനുവേണ്ടി നിങ്ങൾ കൈക്കൊള്ളേണ്ട ചില സാമ്പത്തികപരമായ നടപടികൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

സാമ്പത്തിക സ്ഥിതിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും  ഇന്ത്യക്കാരായ മാതാപിതാക്കളുടെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തം മക്കൾക്ക് ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നൽകുക എന്നത്. എന്നാൽ ദിനംപ്രതി ഉയർന്നു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രംഗത്തെ ചെലവുകൾ കാരണം ഉന്നത വിദ്യാഭ്യാസം സാധാരണക്കാരായ കുട്ടികൾക്ക് അപ്രാപ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

college-student-invest-child-education

ഇന്നും ഇന്ത്യൻ ഗ്രാമങ്ങളിലെ 70 ശതമാനം കുട്ടികൾക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം പോലും  പൂർത്തിയാക്കുവാൻ സാധിക്കുന്നില്ല, നഗര പ്രദേശങ്ങളിൽ പത്താം ക്ലാസ് പൂർത്തിയാക്കാത്ത കുട്ടികൾ 40 ശതമാനം ആണ്. പഠിക്കുവാനുള്ള കഴിവും ആഗ്രഹവും ഉണ്ടായിട്ടും വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് ഈ കുട്ടികളെ പിന്തിരിപ്പിക്കുന്ന ഏക കാരണം അവരുടെ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതിയാണ്.

ഉത്തരവാദിത്വമുള്ള മാതാപിതാക്കൾ എന്ന നിലയ്ക്ക് നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കടമ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വളരെ നേരത്തെ ആസൂത്രണം ചെയ്യുക എന്നതാണ്. കുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടേണ്ട സമയമാകുമ്പോൾ ലക്ഷങ്ങൾ ഉണ്ടാക്കുവാനായി പരക്കം പായുന്നതിനേക്കാൾ നല്ലത് ആ ചെലവ് മുൻകൂട്ടി കാണുകയും ഇന്ന് തന്നെ അതിനായുള്ള നിക്ഷേപ പദ്ധതികളുട ഭാഗമാകുന്നതുമാണ്.

പഴയ കാലത്തെ  കൂട്ടുകുടുംബ വ്യവസ്ഥയിൽ വീട്ടിലെ കുട്ടികൾക്കെല്ലാം തന്നെ മികച്ച വിദ്യാഭ്യാസം നൽകുക എന്നത് അപ്രായോഗികമായ കാര്യമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് രണ്ടു കുട്ടികൾ മാത്രം അടങ്ങുന്ന ചെറിയ കുടുംബങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസം എന്നത് അവരുടെ മാതാപിതാക്കളുടെ പ്രധാനപ്പെട്ട ജീവിതലക്ഷ്യമായി തന്നെ മാറിയിരിക്കുന്നു.

child-learning-invest-child-education

പണപ്പെരുപ്പം മൂലം നമുക്ക് ചുറ്റുമുള്ള എല്ലാ വസ്തുക്കളുടേയും വില ദിനംപ്രതി ഉയർന്നു കൊണ്ടിരിക്കുകയാണ് ഈ വിലക്കയറ്റം വിദ്യാഭ്യാസ രംഗത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. വിപണിയിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 7 ശതമാനത്തിന് മുകളിലാണ്. ഈ നിരക്കിനേക്കാൾ ഉയർന്ന നേട്ടം നൽകുവാൻ സാധിക്കുന്ന നിക്ഷേപങ്ങൾ നടത്താൻ കഴിയാത്തതിനാലാണ് പലപ്പോഴും ജീവിത ചെലവുകൾ പോലും സാധാരണക്കാർക്ക് ബുദ്ധിമുട്ടായി മാറുന്നത്. 

സാധാരണക്കാരായ വ്യക്തികളിൽ അധികവും തങ്ങളുടെ നീക്കിയിരിപ്പുകൾ നിക്ഷേപിക്കുന്നത് ബാങ്കുകളിൽ സ്ഥിരനിക്ഷേപമായിട്ടാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷങ്ങളിലെ സ്ഥിരനിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിശോധിക്കുകയാണെങ്കിൽ ഓരോ വർഷവും പലിശ നിരക്കിൽ കാര്യമായ കുറവുണ്ടാകുന്നതായി നമുക്ക് കാണുവാൻ കഴിയും.

വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പത്തിന്റെ നിരക്ക് 7 ശതമാനത്തിനും മുകളിലാണെങ്കിൽ വിദ്യാഭ്യാസരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പം 10 ശതമാനത്തിലും അധികമാണ്. അതുകൊണ്ടു തന്നെ 10 ശതമാനത്തിൽ അധികം നേട്ടം നൽകുവാൻ പ്രാപ്തിയുള്ള നിക്ഷേപ മാർഗ്ഗങ്ങൾ തിരഞ്ഞെടുത്താൽ മാത്രമേ നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗപ്രദമായ രീതിയിൽ  നിക്ഷേപം വളർത്തിയെടുക്കുവാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ.

invest-money

ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുവാനുള്ള ചെലവ് അടിക്കടി ഉയരുന്ന സ്ഥിതിയാണുള്ളത്. 10 വർഷം മുൻപ് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കുവാനുള്ള ചെലവ് 3 മുതൽ 4 ലക്ഷം വരെയായിരുന്നെങ്കിൽ ഇന്ന് അതിന് ചെലവാകുന്നത് 8 മുതൽ 10 ലക്ഷം വരെയാണ്. 10 വർഷത്തിനു ശേഷം ഒരു എൻജിനീയറിങ് ബിരുദത്തിന്റെ പഠനചെലവ് ഏകദേശം 25 ലക്ഷത്തിനോട് അടുക്കുവാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ചെലവ് പരിഗണിക്കുമ്പോൾ മൊത്തം ചെലവിന്റെ 50 ശതമാനത്തോളം ഫീസിനത്തിലാണ് നൽകേണ്ടിവരുന്നത് 20 ശതമാനത്തോളം യൂണിഫോം, പുസ്തകം എന്നിവയ്ക്ക് നൽകേണ്ടിവരുന്നു, 12 ശതമാനത്തോളം യാത്രാ ചെലവായും, 12 ശതമാനം പ്രൈവറ്റ് ട്യൂഷനായും ബാക്കി 6 ശതമാനം മറ്റു ചെലവുകൾക്കായും മാറ്റിവയ്ക്കേണ്ടി വരുന്നു. മേൽപ്പറഞ്ഞ ഭീമമായ ഫീസ് താങ്ങാൻ കഴിയാത്തതുകൊണ്ടാണ് ഇന്ത്യയിലെ നല്ലൊരു ശതമാനം സാധാരണക്കാരായ വ്യക്തികളുടെ മക്കൾക്കും വിദ്യാഭ്യാസം എന്നത് ഇന്നും അപ്രാപ്യമായി തുടരുന്നത്.

ഉയർന്ന ചെലവു മുന്നിൽ കണ്ടുകൊണ്ട് ശരിയായ രീതിയിൽ നിക്ഷേപം നടത്തുവാനാണ് ഇന്നത്തെ കാലത്ത് മാതാപിതാക്കളായ വ്യക്തികൾ ശ്രമിക്കേണ്ടത്. ബാങ്കുകളിലെ സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചു കൊണ്ട് വിദ്യാഭ്യാസത്തിന് ആവശ്യമുള്ള തുക കണ്ടെത്തുക എന്നത് പ്രായോഗികമല്ലാത്തതിനാൽ തന്നെ കുറച്ചുകൂടി നേട്ടം നൽകുന്ന മികച്ച നിക്ഷേപ മാർഗ്ഗങ്ങൾ കണ്ടെത്തി വേണം നിക്ഷേപങ്ങൾ നടത്തുവാൻ.

good-investment-plans

നിലവിൽ വിപണിയിൽ പല തരത്തിലുള്ള നിക്ഷേപ മാർഗ്ഗങ്ങൾ ലഭ്യമാണെങ്കിലും നിങ്ങളുടെ സാമ്പത്തിക സാഹചര്യത്തിനനുസരിച്ചുള്ള ഒരു നിക്ഷേപ മാർഗ്ഗമാണ് നിങ്ങൾ തെരഞ്ഞെടുക്കേണ്ടത്. തുടക്കത്തിൽ വളരെ ചെറിയ തുകയാണ് നിങ്ങൾക്ക് മാറ്റിവെക്കുവാൻ സാധിക്കുന്നതെങ്കിൽ പോലും ബാങ്കുകളിലും, പോസ്റ്റ് ഓഫീസുകളിലും ലഭ്യമായ റെക്കറിംഗ് ഡെപ്പോസിറ്റ് പദ്ധതികളിൽ നിക്ഷേപിച്ച ശേഷം ആ പദ്ധതിയുടെ കാലാവധി അവസാനിക്കുമ്പോൾ ലഭ്യമായ തുക കുറച്ചുകൂടി നേട്ടം ലഭിക്കുന്ന രീതിയിൽ മറ്റേതെങ്കിലും മാർഗ്ഗങ്ങളിൽ നിക്ഷേപിക്കാൻ ശ്രമിക്കാവുന്നതാണ്.

നിങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുവാനായി 10 മുതൽ 15 വർഷം വരെയുള്ള സമയം  ലഭ്യമാണെങ്കിൽ നിക്ഷേപിക്കുവാനായി ഏറ്റവും മികച്ച മാർഗ്ഗം മ്യൂച്വൽ ഫണ്ടുകൾ തന്നെയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയും പരിഗണിക്കാവുന്ന നിക്ഷേപ മാർഗ്ഗമാണ്. 

invest-for-education

കുറച്ചുകൂടി റിസ്ക് എടുക്കുവാനുള്ള സാഹചര്യം ഉള്ളവർ നല്ല ഓഹരികൾ കണ്ടെത്തി ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുമ്പോൾ ഓഹരികളുടെ ഡിവിഡന്റ്, ബോണസ് ഓഹരികൾ, റൈറ്റ്സ് ഇഷ്യൂ എന്നിങ്ങനെ മികച്ച നേട്ടം നേടുവാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മേൽപ്പറഞ്ഞ നിക്ഷേപ മാർഗ്ഗങ്ങളെല്ലാം തന്നെ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നഷ്ട സാധ്യത മുന്നിൽ കണ്ടുകൊണ്ട് വളരെ ഉത്തരവാദിത്വത്തോടെ നിക്ഷേപിക്കാനുള്ള തീരുമാനം എടുക്കേണ്ടതാണ്. 

എന്നാൽ സുരക്ഷിതത്വം മാത്രം മുൻനിർത്തി സമ്പ്രദായിക നിക്ഷേപമാർഗ്ഗങ്ങളായ ബാങ്ക് എഫ് ഡി, ആർ ഡി പോലുള്ള നിക്ഷേപ മാർഗ്ഗങ്ങളെ മാത്രം ആശ്രയിച്ചു മുന്നോട്ട് പോയാൽ നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എല്ലാ മാസവും ഏറ്റവും കുറഞ്ഞത് 5000 രൂപയെങ്കിലും നിങ്ങളുടെ മക്കളുടെ ഭാവി വിദ്യാഭ്യാസത്തിനായി നീക്കിവെച്ചു കൊണ്ട് അനുയോജ്യമായ  നിക്ഷേപ മാർഗ്ഗങ്ങൾ കണ്ടെത്തി നിക്ഷേപിക്കാൻ തയ്യാറാവുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പ്രവാസികൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ

നമ്മുടെ നാട്ടിൽ ജീവിക്കുന്ന സാധാരണ വ്യക്തികളെക്കാൾ പ്രവാസികൾക്ക് നിക്ഷേപ പദ്ധതികളിൽ ഏർപ്പെടുവാൻ ചില നിയന്ത്രണങ്ങൾ നിലവിലുണ്ട്.…

ജീവിത വിജയത്തിന് ആവശ്യമായ നല്ല ശീലങ്ങൾ

ശീലങ്ങളെക്കുറിച്ച് അരിസ്റ്റോട്ടിലിന്റെ  വാക്കുകൾ ഇങ്ങനെയാണ് “ഒരു മനുഷ്യൻ ചെയ്യുന്ന 95 ശതമാനം കാര്യങ്ങളും അവൻറെ ശീലങ്ങളിൽ…

സ്വന്തം വീട്, വാടക വീട് : ഏതാണ് സാമ്പത്തികപരമായി മികച്ച തീരുമാനം

സാധാരണക്കാരായ വ്യക്തികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും ഒരു വീട് സ്വന്തമാക്കുക…

ഏക വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിക്കുന്നവർക്കായി 8 ടിപ്പുകൾ

പരിമിതമായ വരുമാനത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവരാണോ നിങ്ങൾ. ഏക വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരിൽ…