withdrawing-mutual-fund

Sharing is caring!

മ്യൂച്വൽ ഫണ്ടിൽ നീണ്ട കാലയളവിൽ നിക്ഷേപം നടത്തി മികച്ച നേട്ടം നേടുന്ന വ്യക്തികൾ ആയിരുന്നാൽ പോലും തങ്ങളുടെ നിക്ഷേപം  പിൻവലിക്കുന്ന സമയത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്താതെ വലിയ നഷ്ടം വരുത്തി വയ്ക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ വിദേശത്ത് ജോലി ചെയ്യുന്ന സമയത്ത് എൻ ആർ ഐ എന്ന നിലയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയ വ്യക്തികൾ തിരിച്ച് നാട്ടിലെത്തി ഏറെ നാളുകൾക്കു ശേഷം തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ചില നിയമപരമായ കാരണങ്ങളാൽ അവരുടെ നിക്ഷേപം പിൻവലിക്കുവാൻ ബുദ്ധിമുട്ടാറുണ്ട്. 

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ സംബന്ധിച്ച് നിക്ഷേപം ആരംഭിക്കുമ്പോൾ ഒരു നിക്ഷേപകൻ പുലർത്തുന്ന ജാഗ്രത ആ നിക്ഷേപം പിൻവലിക്കുമ്പോഴും അത്യാവശ്യമാണ്. മ്യൂച്വൽ ഫണ്ടിൽ നിന്ന് നിക്ഷേപം പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

എക്സിറ്റ് ലോഡ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തി ഒരു വർഷത്തിനുള്ളിൽ നിക്ഷേപം പിൻവലിക്കുമ്പോൾ നിക്ഷേപ തുകയുടെ ഒരു ശതമാനത്തോളം തുക ഫീസിനത്തിൽ നൽകേണ്ടി വരുന്നതിനെയാണ് എക്സിറ്റ് ലോഡ് എന്ന് പറയുന്നത്. കാലാവധി തികയുന്നതിന് മുൻപ് സ്ഥിരനിക്ഷേപം പിൻവലിക്കുമ്പോൾ ഈടാക്കുന്നത് പോലെ ഒരു ഫീസാണ് ഇവിടെ ഈടാക്കുന്നത്.

graphs-mutual-fund

മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട പദ്ധതി രേഖകളിൽ എക്സിറ്റ് ലോഡ് വിശദമായി പരാമർശിച്ചിട്ടുണ്ടെങ്കിലും എക്സിറ്റ് ലോഡിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ നിക്ഷേപകർ ശ്രമിക്കാറില്ല. പല മ്യൂച്വൽ ഫണ്ടുകളിലും പ്രത്യേകിച്ച് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ ഒരു വർഷത്തിനുശേഷം എക്സിറ്റ് ലോഡ് പൂർണ്ണമായും ഒഴിവാക്കാറുണ്ട്. 

ഉയർന്ന തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് നിക്ഷേപത്തിന്റെ ഒരു ശതമാനം എക്സിറ്റ് ലോഡായി നൽകേണ്ടി വന്നാൽ പോലും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. അതിനാൽ തന്നെ മ്യൂച്വൽ ഫണ്ടുകളുടെ പദ്ധതി രേഖകളിൽ നിന്നും എക്സിറ്റ് ലോഡിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രം നിക്ഷേപം നടത്തുന്നതാണ് നല്ലത്.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ നികുതി

മറ്റേത് നിക്ഷേപ മാർഗ്ഗങ്ങളിൽ എന്നപോലെ ദീർഘകാലത്തേക്ക് നിക്ഷേപം നടത്തിയ ശേഷം മ്യൂച്വൽ ഫണ്ടിൽ നിന്ന് നിക്ഷേപ തുക പിൻവലിക്കുന്ന സമയത്ത് ലഭ്യമായ മൂലധന നേട്ടത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപകർ നികുതി നൽകേണ്ടി വരുന്നുണ്ട്. മ്യൂച്വൽ ഫണ്ടിൽ നിന്ന് ലഭ്യമായ ലാഭത്തിനെ നിക്ഷേപത്തിന്റെ കാലയളവ് അടിസ്ഥാനപ്പെടുത്തി ദീർഘകാല മൂലധന നേട്ടമെന്നും ഹ്രസ്വകാല മൂലധന നേട്ടമെന്നും വേർതിരിച്ചിട്ടുണ്ട്. 

tax-withdrawal-of-mutual-fund

മേൽപ്പറഞ്ഞ രീതിയിലുള്ള മൂലധന നേട്ടം ഉണ്ടാകുമ്പോൾ നിക്ഷേപ കാലയളവനുസരിച്ച് ചുമത്തപ്പെടുന്ന നികുതിയിലും വ്യത്യാസമുണ്ടാകുന്നുണ്ട്. എസ് ഐ പി മാതൃകയിൽ ഒരു നിശ്ചിത തുക മാസം തോറും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന ഒരു വ്യക്തിയുടെ നിക്ഷേപം പിൻവലിക്കേണ്ട സമയമാകുമ്പോൾ നിക്ഷേപത്തിന്റെ മൂല്യം വളരെയധികം ഉയർന്നിരിക്കാം.

ഒറ്റത്തവണയായി ഒരു വലിയ തുക മ്യൂച്വൽ ഫണ്ടിൽ നിന്ന് പിൻവലിക്കുമ്പോൾ നല്ലൊരു തുക നികുതിയിനത്തിൽ നൽകേണ്ടി വന്നേക്കാം. മ്യൂച്വൽ ഫണ്ടുകളിൽ നികുതി ഈടാക്കുന്നത് നിക്ഷേപ കാലയളവ്, നിക്ഷേപ തുക തുടങ്ങി പല മാനദണ്ഡങ്ങൾ അനുസരിച്ചായതിനാൽ ഒരു മ്യൂച്വൽ ഫണ്ട് അഡ്വൈസറുടെയോ, ടാക്സ് കൺസൾട്ടന്റിന്റെയോ സഹായത്തോടെ മ്യൂച്വൽ ഫണ്ടിൽ നിന്നും തുക പിൻവലിക്കുന്നത് കൃത്യമായി ആസൂത്രണം ചെയ്യുകയാണെങ്കിൽ നൽകേണ്ടിവരുന്ന നികുതിയിൽ തീർച്ചയായും കുറവു വരുത്താൻ സാധിക്കും.

വികാരപരമായ തീരുമാനങ്ങൾ

ചില സമയങ്ങളിലെങ്കിലും യുക്തിപരമായ തീരുമാനങ്ങൾക്ക് പകരം വൈകാരികമായി ചിന്തിക്കുവാനും, തീരുമാനങ്ങൾ എടുക്കുവാനുമുള്ള പ്രവണത മനുഷ്യർ കാണിക്കാറുണ്ട്. ഉയർന്ന നിലയിൽ വ്യാപാരം ചെയ്തതിനു ശേഷം ഓഹരി വിപണിയിൽ ഒരു ചെറിയ ഇടിവുണ്ടാകുമ്പോൾ തന്നെ തങ്ങൾക്ക് നഷ്ടം സംഭവിക്കുമോ എന്ന് വൈകാരികമായി മാത്രം ചിന്തിച്ചു കൊണ്ട് മ്യൂച്വൽ ഫണ്ടിലേയും ഓഹരി വിപണിയിലേയും നിക്ഷേപം ചിലർ ധൃതിപിടിച്ച് വിൽക്കാറുണ്ട്. 

overthinking-withdrawal-of-mutual-fund

അനാവശ്യമായ ഭയത്താൽ ദീർഘകാലത്തെ നിക്ഷേപത്തിലൂടെ നേടിയ നേട്ടങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുത്തുന്ന അവസ്ഥയാണ് ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകാറുള്ളത്. പലപ്പോഴും ഓഹരി വിപണിയെ കൃത്യമായി മനസ്സിലാക്കാനോ വിലയിരുത്തലുകൾ നടത്തി തീരുമാനം എടുക്കാനോ ഇത്തരക്കാർക്ക് സാധിക്കാറില്ല.

വികാരങ്ങൾക്ക് ഉപരിയായി വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളെ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വിദഗ്ധരുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് തീരുമാനമെടുക്കുവാനാണ് നിക്ഷേപകർ പഠിക്കേണ്ടത്.

പ്രോസസ്സ് ടൈം

ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപകൻ തന്റെ നിക്ഷേപം വിൽക്കുവാൻ തീരുമാനിച്ച ശേഷം ആ നിക്ഷേപത്തെ പണമാക്കി മാറ്റുവാൻ എടുക്കുന്ന സമയമാണ് പ്രോസസ്സ് ടൈം എന്ന് പറയുന്നത്. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾക്കും, ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾക്കും പൊതുവേ പ്രോസസ് ടൈം എന്നത് ഒരു ദിവസമാണ്.

market-condition-withdrawal-of-mutual-fund

എന്നാൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ റിഡക്ഷൻ റിക്വസ്റ്റ് കൊടുത്തു കഴിഞ്ഞാൽ ആവശ്യമായ പ്രോസസ് ടൈം എന്നത് രണ്ടു മുതൽ മൂന്നു പ്രവർത്തി ദിനങ്ങൾ വരെയാണ് . ഉദാഹരണത്തിന് വെള്ളിയാഴ്ച്ച മ്യൂച്വൽ ഫണ്ട് പിൻവലിക്കുവാൻ അപേക്ഷ കൊടുക്കുന്ന ഒരു വ്യക്തിക്ക് തന്റെ നിക്ഷേപം പിൻവലിക്കുവാനായി ബുധനാഴ്ച്ച വരെ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. 

അതിനാൽ തന്നെ സ്വന്തം ആവശ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട് മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കുവാനുള്ള തീരുമാനം കൃത്യ സമയത്ത് തന്നെ കൈക്കൊള്ളേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

ലോക്ക് ഇൻ പിരീഡ്

മ്യൂച്വൽ ഫണ്ടുകളെ ഓപ്പൺ എന്റഡ് മ്യൂച്വൽ ഫണ്ടുകൾ എന്നും ക്ലോസ്ഡ് എന്റഡ് മ്യൂച്വൽ ഫണ്ടുകൾ എന്നും രണ്ടായി വേർതിരിച്ചിട്ടുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയ ശേഷം നിക്ഷേപം പിൻവലിക്കുവാനായി മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള നിക്ഷേപ കാലാവധി നിശ്ചയിച്ചിരിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ക്ലോസ്ഡ് എന്റഡ് മ്യൂച്വൽ ഫണ്ടുകൾ. ക്ലോസ്ഡ് എന്റഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയാൽ ഏതൊരു സാഹചര്യത്തിലും ആ ഫണ്ടിന്റെ ലോക്കിങ് പിരീഡിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കുക എന്നത് അസാധ്യമാണ്.

time-money-withdrawal-mutual-fund

എന്നാൽ നിക്ഷേപം നടത്തിയ ശേഷം നിക്ഷേപകന്റെ ഇച്ഛയ്ക്കനുസരിച്ച് എപ്പോൾ വേണമെങ്കിലും നിക്ഷേപ തുക പിൻവലിക്കാൻ സാധിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ ആണ് ഓപ്പൺ എന്റഡ് മ്യൂച്വൽ ഫണ്ടുകൾ . 

ക്ലോസ്ഡ് എന്റഡ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിനു മുൻപ് നിബന്ധനകൾ കൃത്യമായി മനസ്സിലാക്കുവാൻ മ്യൂച്വൽ ഫണ്ട് അഡ്വൈസറുമായി കൂടിയാലോചിക്കേണ്ടത് അനിവാര്യമാണ്. സ്വന്തം നിലയ്ക്ക് ക്ലോസ്ഡ് എന്റഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവർ പദ്ധതി രേഖയിൽ നിന്നും നിക്ഷേപം പിൻവലിക്കുവാനുള്ള നിബന്ധനകൾ കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്. 

വിദഗ്ധ അഭിപ്രായങ്ങൾ അനുസരിക്കാതിരിക്കുക

പല വ്യക്തികളും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ആരംഭിക്കുന്നത് ഫണ്ട് അഡ്വൈസറുമായിട്ടുള്ള ദീർഘമായ കൂടിയാലോചനകൾക്ക് ശേഷം ആയിരിക്കും. എന്നാൽ മ്യൂച്വൽ ഫണ്ടിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്ന സമയത്ത് പല വ്യക്തികളും വിദഗ്ധാഭിപ്രായങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാൻ വിമുഖത കാണിക്കാറുണ്ട്. 

business-man-withdrawal-of-mutual-fund

വിദഗ്ധ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകി നിക്ഷേപം ആരംഭിക്കുന്നത് പോലെ തന്നെ മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് പണം പിൻവലിക്കുമ്പോഴും വിദഗ്ധരുടെ നിർദ്ദേശങ്ങൾക്ക് പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്. 

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കുന്നത് കൃത്യമായി ആസൂത്രണം ചെയ്യുക വഴി നികുതി ഇനത്തിൽ നേട്ടം നേടുവാൻ സാധിക്കുമെന്നത് മാത്രമല്ല വിപണിയിലെ സാഹചര്യങ്ങൾ മനസ്സിലാക്കി കൃത്യമായ രീതിയിൽ നിക്ഷേപം പിൻവലിക്കുന്നത് ക്രമീകരിക്കാനും വിദഗ്ധരുടെ നിർദ്ദേശം അനിവാര്യമാണ്. വിപണിയെക്കുറിച്ചും മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചും സാങ്കേതിക ജ്ഞാനം ഉള്ളതിനാൽ തന്നെ വിപണിയിലെ അനുകൂല സാഹചര്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുവാൻ വിദഗ്ധരുടെ ഉപദേശങ്ങൾ നമ്മെ സഹായിച്ചേക്കാം.

പുതിയ മ്യൂച്വൽ ഫണ്ടിലേക്ക് നിലവിലുള്ള നിക്ഷേപം മാറ്റുന്ന രീതി

നിലവിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ തുക മറ്റൊരു മ്യൂച്വൽ ഫണ്ടിലേക്ക് മാറ്റി നിക്ഷേപിക്കുന്നതിന് സ്വിച്ചിങ് എന്നാണ് പറയുക. ഇത്തരത്തിൽ നിലവിലുള്ള നിക്ഷേപം മറ്റൊരു മ്യൂച്വൽ ഫണ്ടിലേക്ക് മാറ്റി നിക്ഷേപിക്കുന്നതിന് അധിക ചെലവുകൾ ഉണ്ടാകുന്നില്ല എന്നാണ് പല വ്യക്തികളുടെയും ധാരണ.

നമ്മൾ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടിൽ ഇത്തരത്തിൽ മാറ്റം വരുത്തുമ്പോൾ സാധാരണയായി നിക്ഷേപ തുക പിൻവലിക്കുന്ന സമയത്തുള്ളതു പോലെ തന്നെ എക്സിറ്റ് ലോഡ് എന്ന നിലയിലും നികുതിയായും പണം നൽകേണ്ടി വരാറുണ്ട് എന്നതാണ് വാസ്തവം.

എൻ ആർ ഐ പദവിയിൽ മാറ്റം വരുമ്പോൾ ബന്ധപ്പെട്ട രേഖകൾ പരിഷ്കരിക്കുക

ചില വ്യക്തികൾ വിദേശത്ത് ഇരിക്കുന്ന സമയത്ത് അവരുടെ എൻ ആർ ഐ അക്കൗണ്ടിലൂടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്താറുണ്ട്. ഇത്തരം വ്യക്തികൾ വിദേശത്തുനിന്ന് നാട്ടിൽ സ്ഥിരതാമസം ആക്കുമ്പോൾ ബാങ്ക് അക്കൗണ്ടുകളിൽ അവരുടെ എൻ ആർ ഐ പദവിയിൽ മാറ്റം വരുത്താറുണ്ട്. 

woman-in-plane-withdrawal-mutual-fund

ബാങ്ക് അക്കൗണ്ടുകളിൽ എൻ ആർ ഐ പദവി ഒഴിവാക്കിയ കാര്യം രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളിലും അവരുടെ എൻ ആർ ഐ പദവി ഒഴിവാക്കേണ്ടത് അനിവാര്യമാണ്.ഇത്തരം വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് സാധാരണ നിലയിൽ ആകുമ്പോൾ തന്നെ അവരുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ എൻ ആർ ഐ പദവി തുടരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു വ്യക്തി തന്റെ മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ  മ്യൂച്വൽ ഫണ്ട് കമ്പനി നിക്ഷേപ തുക കൈമാറേണ്ടി വരുന്നത് എൻ ആർ ഐ അക്കൗണ്ടിലൂടെ ആയിരിക്കും. ആ സമയത്ത് ആ വ്യക്തിക്ക് എൻ ആർ ഐ അക്കൗണ്ട് ഇല്ലാത്തതിനാൽ തന്നെ തന്റെ മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കുവാൻ ആ വ്യക്തിക്ക് നിയമപരമായ തടസ്സം ഉണ്ടായേക്കാം.

ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകുവാനായി എൻ ആർ ഐ ആയിരുന്ന വ്യക്തി നാട്ടിൽ തിരികെ എത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് എൻ ആർ ഐ പദവി ഒഴിവാക്കുന്നതിനോടൊപ്പം തന്നെ മ്യൂച്വൽ ഫണ്ട് കമ്പനിയിലും തന്റെ എൻ ആർ ഐ പദവിയിൽ വ്യത്യാസം വന്ന കാര്യം അറിയിക്കേണ്ടതാണ്. മ്യൂച്വൽ ഫണ്ട് അഡ്വൈസറുടെ സഹായത്തോടെ നിക്ഷേപിക്കുന്നവർ അഡ്വൈസർ മുഖേനയും സ്വന്തം നിലയിൽ നിക്ഷേപിക്കുന്നവർ ഫണ്ട് കമ്പനിയിൽ നേരിട്ടും വിവരങ്ങൾ അറിയിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ടിൽ വൈവിധ്യവൽക്കരണം നടത്തുന്നതിന്റെ ഗുണങ്ങൾ

നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ തീർച്ചയായും പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിക്ഷേപത്തിനായി നാം തിരഞ്ഞെടുക്കുന്ന…

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ പുതിയ ട്രെൻഡുകൾ

നിരന്തരം പരിണാമത്തിന് വിധേയമായി കൊണ്ടിരിക്കുന്ന സാമ്പത്തിക ലോകത്ത് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ ഭൂരിഭാഗം വ്യക്തികളും…

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം ആരംഭിക്കേണ്ട ശരിയായ പ്രായം ഏതാണ്

സാമ്പത്തികപരമായി ചിന്തിക്കുമ്പോൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ തുടങ്ങേണ്ട ശരിയായ പ്രായം എന്നൊന്ന് ഇല്ല. സാധ്യമാകുന്നത്രയും നേരത്തെ…

എസ് ഐ പി മാതൃകയിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കപ്പെടുന്നത് എങ്ങനെയാണ്

വിപണിയിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങളിൽ നിന്ന് തങ്ങളുടെ നിക്ഷേപം സുരക്ഷിതമായിരിക്കുവാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്…