how-to-improve-cibil-score

Sharing is caring!

ധനകാര്യ സ്ഥാപനങ്ങളിൽ ലോണുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് എത്തുന്ന ഏതൊരു വ്യക്തിയും കേൾക്കേണ്ടിവരുന്ന വാക്കാണ് സിബിൽ സ്കോർ എന്നത്.  മതിയായ  അളവിൽ സിബിൽ സ്കോർ ഇല്ലാതെ ലോൺ തിരസ്കരിക്കപ്പെടുന്ന അവസ്ഥ ഇന്ന് സാധാരണമായിരിക്കുന്നു. സാമ്പത്തിക വ്യവഹാരങ്ങളിൽ ഒഴിച്ചുകൂടാൻ ആവാത്ത ഘടകമായി മാറിയ സിബിൽ സ്കോർ എന്താണെന്നും അത്  നിലനിർത്തുവാനും ഉയർത്തുവാനും എന്ത് ചെയ്യണമെന്നും സാധാരണക്കാർ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്തുകൊണ്ട് സിബിൽ സ്കോർ

ആദ്യകാലങ്ങളിൽ ലോൺ ലഭിക്കാനുള്ള അടിസ്ഥാനം മൂല്യമുള്ള ജാമ്യ വസ്തുവായിരുന്നു. ഈ അടിസ്ഥാനത്തിൽ മാത്രം നൽകിയിരുന്ന ലോണുകളുടെ തിരിച്ചടവ് മുടങ്ങിയാൽ ജാമ്യ വസ്തുവിൽ നിന്നും തിരിച്ചുപിടിക്കുക എന്നത് ബാങ്കുകളെ സംബന്ധിച്ച് അധിക ചിലവുകൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് സിബിൽ സ്കോർ എന്ന ആശയം കൂടുതൽ പ്രസക്തമായത്. ധനകാര്യ സ്ഥാപനങ്ങൾ ലോൺ  നൽകുവാൻ പരിഗണിക്കുന്ന പ്രധാന ഘടകം ഒരു വ്യക്തിയുടെ തിരിച്ചിടക്കാനുള്ള ശേഷിയാണ്. തിരിച്ചടയ്ക്കാനുള്ള വ്യക്തിയുടെ ശേഷിയെ സൂചിപ്പിക്കുന്ന ഒരു സൂചികയാണ് ക്രെഡിറ്റ് സ്കോർ പലതരത്തിലുള്ള ക്രെഡിറ്റ് സ്കോർ ലഭ്യമാണെങ്കിലും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് സിബിൽ എന്ന കമ്പനി തയ്യാറാക്കുന്ന ക്രെഡിറ്റ് സ്കോർ ആയ സിബിൽ  സ്കോർ ആണ്. ഒരു വ്യക്തിയുടെ സാമ്പത്തിക അച്ചടക്കത്തിന്റെ അളവുകോലായ സിബിൽ സ്കോർ കൃത്യമായി നിലനിർത്തുവാനും ആവശ്യാനുസരണം ഉയർത്തുവാനും വിവിധ മാർഗങ്ങളിലൂടെ സാധിക്കും

ക്രെഡിറ്റ് കാർഡ്, ഹൗസിംഗ് ലോൺ പേർസണൽ   ലോൺ  തുടങ്ങിയവയുടെ തവണകൾ  കൃത്യമായി അടയ്ക്കുക എന്നത് ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിലും ഉയർത്തുന്നതിലും പ്രധാന ഘടകമാണ്. ലോണിന്റെ തവണകൾ മുടങ്ങുന്നത് ക്രെഡിറ്റ് സ്കോറിനെ സാരമായ രീതിയിൽ ബാധിക്കും ഇമെയിൽ വഴി ലഭ്യമാകുന്ന മാസംതോറും ഉള്ള ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകൾ സാധാരണഗതിയിൽ പലരും ശ്രദ്ധിക്കാറില്ല. ഇത്തരത്തിലുള്ള വീഴ്ചകൾ ഒഴിവാക്കാനായി പെയ്മെൻറ് റിമൈൻഡറുകൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ തവണകൾ കൃത്യമായി ബാങ്കിൽ നിന്നും ഓട്ടോമാറ്റിക്കായി പിൻവലിക്കപ്പെടാൻ ഉള്ള രീതി അവലംബിക്കുകയോ ചെയ്യാവുന്നതാണ്.

ഹൗസിംഗ് ലോൺ, പേഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ് മുഖേനയുള്ള ലോൺ ഇത്തരത്തിലുള്ള  ലോണുകളെയെല്ലാം ഒരേ സമയത്ത് ആശ്രയിക്കുന്നത് സിബിൽ  സ്കോറിനെ സാരമായി ബാധിക്കാറുണ്ട്. ഒരേസമയം ഇത്രയും അധികം ലോണുകളെ ആശ്രയിക്കുന്ന വ്യക്തിയുടെ പണത്തിന്റെ  ലഭ്യത കുറവായി കണക്കാക്കുകയും സിബിൽ സ്കോർ വളരെയധികം താഴെ പോവുകയും ചെയ്യുന്നു. ഒരു ലോണിനെ ആശ്രയിക്കുമ്പോൾ ആ ലോണിന്റെ  തിരിച്ചടവ് പൂർത്തിയാക്കിയതിന് ശേഷം മാത്രം അടുത്തത് എടുക്കുക എന്ന രീതി പിന്തുടരുന്നതാണ് നല്ലത്.

ലോണുകളെ പൊതുവിൽ രണ്ടായി തരംതിരിക്കാനാവും സെക്യൂർഡ് ലോൺ  എന്നും അൺസെക്യൂർഡ് ലോൺ   എന്നും. ഈട് ഉപയോഗിച്ച് അനുവദിക്കപ്പെടുന്ന ലോണുകളാണ് സെക്യൂർഡ് ലോണുകൾ  ഈട്  ഇല്ലാതെ അനുവദിക്കപ്പെടുന്ന ലോണുകൾ ആണ് അൺസെക്യൂർഡ് ലോണുകൾ. ക്രെഡിറ്റ് സ്കോർ കൃത്യമായി നിലനിർത്തണമെങ്കിൽ ഒരു വ്യക്തിയുടെ മൊത്തം ലോൺ രണ്ട് തരത്തിലുമുള്ള ലോണുകളും കൃത്യമായി ഉൾപ്പെടുന്നതായിരിക്കണം.

ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം

use credit cards for better cibil score

ക്രെഡിറ്റ് സ്കോർ കുറവായ ഒരു വ്യക്തിക്ക് വളരെ വേഗം അത് ഉയർത്താൻ ഉള്ള ഒരു വഴിയാണ് പുതിയ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുക എന്നുള്ളത്. കാർഡ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു, കൃത്യമായി മാസത്തവണകൾ അടയ്ക്കുകയാണെങ്കിൽ തീർച്ചയായും ക്രെഡിറ്റ് സ്കോറിൽ മികച്ച വർദ്ധനവ് കൈവരിക്കാനാകും.

ഒരു വ്യക്തി മറ്റൊരാൾക്ക് ലോൺ  ലഭിക്കുവാനായി ജാമ്യം നിൽക്കുകയോ ജോയിൻറ് അക്കൗണ്ട് ഹോൾഡർ എന്ന നിലയിൽ ബാധ്യതകളുടെ ഭാഗമാകുകയോ ചെയ്യുമ്പോൾ കൃത്യമായ തിരിച്ചടവുകൾ നടന്നില്ലെങ്കിൽ ലോണെടുത്തയാളെ പോലെ തന്നെ ആ വ്യക്തിയുടെയും ക്രെഡിറ്റ് സ്കോർ കുറയാറുണ്ട്. കൃത്യമായ ഇടവേളകളിൽ ജാമ്യം നിന്നതോ  ജോയിൻറ് അക്കൗണ്ടുകളിലെ ബാധ്യതകളോ ശരിയായി അടയ്ക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

ക്രെഡിറ്റ് സ്കോറിനെ സംബന്ധിച്ച് ഏറ്റവും നല്ല ശീലമാണ് കൃത്യമായ ഇടവേളകളിൽ ക്രെഡിറ്റ് സ്കോർ പരിശോധിക്കുക എന്നത്. വളരെ ചെറിയ ചിലവിൽ  ക്രെഡിറ്റ് സ്കോർ പരിശോധിക്കുവാൻ സാധിക്കും.  ലഭ്യമായ ക്രെഡിറ്റ് സ്‌കോറിനെ വിലയിരുത്തി ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ടുകൊണ്ട് ക്രെഡിറ്റ് സ്കോർ നിർത്തുവാൻ കഴിയും.

750 ഇൽ കവിഞ്ഞ സിബിൽ സ്കോർ വളരെ മികച്ചതും 600 താഴെയുള്ളത് വളരെ മോശമായും കണക്കാക്കപ്പെടുന്നു. സിബിൽ സ്കോർ 600 ഇൽ താഴെയായാൽ ഉയർത്തുക എന്നത് വളരെ സമയമെടുക്കുന്ന കാര്യമാണ്. അതേസമയം 750 നു മുകളിൽ സ്കോർ നിലനിർത്തുവാനും ഉയർത്തുവാനും എളുപ്പവുമാണ്.  ക്രെഡിറ്റ് സ്കോറിന് പ്രകടമായ മാറ്റം വരുവാനായി 4 മുതൽ 12 മാസം വരെ സമയം എടുക്കാറുണ്ട്.

വിദ്യാഭ്യാസ ലോണുകൾ കൃത്യമായി തിരിച്ചടക്കാതിരിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ മോശമായ രീതിയിൽ ബാധിക്കുന്നു. ലോണിന്  മേലുള്ള മൊറട്ടോറിയം അവസാനിച്ച് വിദ്യാഭ്യാസ ലോണിന്റെ തിരിച്ചടയ്ക്കൽ കാലാവധി ആരംഭിക്കുന്നത് മുതൽ തവണകൾ അടയ്ക്കേണ്ടതാണ്. വിദ്യാഭ്യാസ ലോണുകളുടെ തിരിച്ചടവിന് വേണ്ടത്ര പ്രാധാന്യം കൽപ്പിക്കാത്ത രീതി ആ വ്യക്തിയുടെ ഭാവിയിലെ സാമ്പത്തിക ഇടപാടുകളെ സാരമായി ബാധിക്കും.

ക്രെഡിറ്റ് സ്കോറിന്റെ കാര്യത്തിൽ പൊതുവായി കണ്ടുവരുന്ന മറ്റൊരു വീഴ്ചയാണ് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കാതിരിക്കുക എന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചില്ലെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ കമ്പനികൾ സബ്സ്ക്രിപ്ഷൻ ഫീസ് ഏർപ്പെടുത്താറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള സർവീസ് ചാർജുകൾ മനസ്സിലാക്കാതെ പോവുകയും പിഴപ്പലിശയോട് കൂടി ചാർജുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ക്രെഡിറ്റ് കാർഡ് പെയ്മെന്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റുക എന്നതാണ്  ഈ പ്രശ്നത്തിന് കൃത്യമായ പരിഹാരം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പണം കൈകാര്യം ചെയുന്ന രീതിയിൽ നിന്ന് നിങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കാം

സമൂഹത്തിൽ വ്യക്തികൾ പണം  സമ്പാദിക്കുന്നതും കൈകാര്യം ചെയ്യുന്നതും വ്യത്യസ്ത രീതിയിലാണ്. ചില വ്യക്തികൾ വലിയ ലാഭം…

ധനികരുടെ ജീവിതയാത്ര

സാമ്പത്തികമായി ഉയരണമെന്നും മികച്ച ജീവിത സാഹചര്യങ്ങൾ ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ആ അവസ്ഥയിൽ…

വാറൻ ബഫറ്റിന്റെ നിക്ഷേപ തന്ത്രങ്ങൾ

ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, നിക്ഷേപകരുടെ ഏറ്റവും വലിയ പ്രചോദനമായ വാറൻ ബഫറ്റിന്റെ…

നിങ്ങൾ ഇതുവരെ ധനികനായി മാറിയിട്ടില്ലെങ്കിൽ എങ്ങനെയാണ് നിക്ഷേപം നടത്തേണ്ടത്

ഒരു നിശ്ചിത കാലയളവിൽ സമ്പാദ്യം വളർത്തിയെടുക്കുവാൻ നമ്മെ സഹായിക്കുന്ന മികച്ച മാർഗമാണ് നിക്ഷേപിക്കുക എന്നത്. നിക്ഷേപം…