financial-advisory

Sharing is caring!

ഒന്നിൽ കൂടുതൽ ഡീമാറ്റ് അക്കൗണ്ടുകളിലൂടെ ഓഹരി വിപണിയിൽ നിക്ഷേപിച്ചിരിക്കുന്ന വ്യക്തികളിൽ പലരും തങ്ങളുടെ നിക്ഷേപങ്ങളെല്ലാം ഒരു ഡീമാറ്റ് അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് പല തവണ ചിന്തിച്ചിരിക്കാം. പല സാഹചര്യങ്ങളിലായി വ്യത്യസ്ത ഡീമാറ്റ് അക്കൗണ്ടുകളിലൂടെ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും ഈ നിക്ഷേപങ്ങളെല്ലാം തന്നെ ഒരു ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുകയാണെങ്കിൽ ഓഹരികൾ കൈകാര്യം ചെയ്യുവാൻ വളരെ എളുപ്പമായിരിക്കും.

ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ ഉടമസ്ഥത കൈമാറ്റം ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളും പലരുടേയും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് മാതാപിതാക്കൾ മക്കളുടെ പേരിലേക്കും ഭാര്യ ഭർത്താവിന്റെ പേരിലേക്കും ഭർത്താവ് ഭാര്യയുടെ പേരിലേക്ക് എന്നിങ്ങനെ പല രീതിയിലും ഓഹരികളുടെ ഉടമസ്ഥത കൈമാറുവാൻ പലരും നിർബന്ധിതരാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു ഡീമാറ്റ് അക്കൗണ്ടിൽ നിന്ന് മറ്റൊരു ഡീമാറ്റ് അക്കൗണ്ടിലേക്ക് ഉടമസ്ഥത കൈമാറുന്നതിന്റെ നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം

ഡീമാറ്റ് അക്കൗണ്ടുകളിൽ നിന്ന് ഓഹരികളുടെ ഉടമസ്ഥത ഓൺലൈനായും ഓഫ്‌ലൈനായും കൈമാറുവാൻ സാധിക്കും. 

ഓഫ്‌ലൈനായി ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ

ഓഫ്‌ലൈനായി ഓഹരികളുടെ ഉടമസ്ഥത കൈമാറുന്നതിന് ഡെലിവറി ഇൻസ്ട്രക്ഷൻ സ്ലിപ്പ് അഥവാ ഡി ഐ എസ് എന്നറിയപ്പെടുന്ന ആപ്ലിക്കേഷൻ ഫോം ആവശ്യമുണ്ട്. സ്റ്റോക്ക് ബ്രോക്കർമാരുടെ ഓഫീസുകളിൽ നിന്നോ അല്ലെങ്കിൽ അവരുടെ വെബ്സൈറ്റിൽ നിന്ന്  ഡൗൺലോഡ് ചെയ്തോ പൂരിപ്പിച്ച ശേഷം ബന്ധപ്പെട്ട  സ്റ്റോക്ക് ബ്രോക്കർമാരുടെ ഓഫീസുകളിൽ തന്നെ ആ ഫോം സമർപ്പിക്കാവുന്നതാണ്.

online-transfer-of-stocks

ഓഹരി കൈമാറ്റം ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ, കൈമാറ്റം ചെയ്യുന്ന ഓഹരികളുടെ വിശദാംശങ്ങൾ, കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്ന ഓഹരികളുടെ എണ്ണം, തുടങ്ങിയ കാര്യങ്ങളാണ് ഡി ഐ എസിൽ രേഖപ്പെടുത്തേണ്ടത്. മേൽപ്പറഞ്ഞ വിവരങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തിയ ശേഷം ഫോമിൽ ഒപ്പിട്ട് നിങ്ങളുടെ സ്റ്റോക്ക് ബ്രോക്കർക്ക് ഓഹരി കൈമാറുവാനുള്ള അനുവാദം നൽകിയാൽ നിങ്ങൾ കൈമാറുവാനായി ആവശ്യപ്പെട്ട ഓഹരികൾ 48 മണിക്കൂറിനുള്ളിൽ നിങ്ങൾ ഓഹരികൾ കൈമാറാൻ ഉദ്ദേശിച്ചിരിക്കുന്ന വ്യക്തികളുടെ ഡീമാറ്റ് അക്കൗണ്ടുകളിൽ കൃത്യമായി എത്തിച്ചേരും.

ഓഹരി വിപണിയിൽ സാധാരണ നിലയിലുള്ള വിൽക്കൽ വാങ്ങലുകളായി ഇത്തരത്തിലുള്ള കൈമാറ്റങ്ങളെ കണക്കാക്കുന്നില്ല. അതിനാൽ തന്നെ ഓഹരികൾ വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ ബാധകമായ ചാർജ്ജുകൾ ഇവിടെ ഈടാക്കാറില്ലെങ്കിലും ഇങ്ങനെയുള്ള കൈമാറ്റത്തിന് സർവ്വീസ് ചാർജ്ജ് ഈടാക്കാറുണ്ട്. നിങ്ങളുടെ നിക്ഷേപം കൈകാര്യം ചെയ്യുന്ന സ്റ്റോക്ക് ബ്രോക്കറിന് അനുസൃതമായി സർവ്വീസ് ചാർജ്ജുകളിൽ വ്യത്യാസമുണ്ടായിരിക്കും.

ഓഫ്‌ലൈനായി ഓഹരികൾ കൈമാറ്റം ചെയ്യുവാൻ ശ്രമിക്കുമ്പോൾ സ്റ്റോക്ക് ബ്രോക്കറുടെ ഓഫീസിൽ നേരിട്ട് അപേക്ഷ നൽകേണ്ടി വരുന്നതിനാൽ കാലതാമസം നേരിടാനുള്ള സാധ്യതയുണ്ട്. ചില ബ്രോക്കർമാർ തപാൽ മാർഗ്ഗത്തിലുള്ള അപേക്ഷകൾ സ്വീകരിക്കാറുണ്ടെങ്കിലും പല സാഹചര്യങ്ങളിലും ഓഹരി ഉടമ നേരിട്ട് ബ്രോക്കറുടെ ഓഫീസിൽ എത്തേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. 

ഓൺലൈനായി ഓഹരികളുടെ ഉടമസ്ഥാവകാശം കൈമാറുന്നത് എങ്ങനെയാണ്

ഓഫ്‌ലൈനായി ഓഹരികൾ കൈമാറ്റം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുവാൻ പല സ്റ്റോക്ക് ബ്രോക്കർമാരും ഓൺലൈൻ കൈമാറ്റ സൗകര്യവും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഓൺലൈനായി ഓഹരികൾ കൈമാറ്റം ചെയ്യുവാൻ ഇ ഡി ഐ എസ് അഥവാ ഇലക്ട്രോണിക് ഡെലിവറി ഇൻസ്ട്രക്ഷൻ സ്ലിപ്പ്  സംവിധാനമാണ് ഉപയോഗിക്കുന്നത്. 

online-transfer-of-stocks

പല പഴയ ബ്രോക്കർമാരും ഓൺലൈൻ ഓഹരി കൈമാറ്റത്തിന് അവസരം നൽകുന്നില്ല, എന്നാൽ അപ്പ് സ്റ്റോക്ക്സ്, എയ്ഞ്ചൽ ബ്രോക്കിംഗ്, സെറോദ തുടങ്ങിയ ഓൺലൈൻ സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്ഫോമുകൾ വഴി ലളിതമായി ഓഹരികൾ കൈമാറാൻ സാധിക്കും. ഓഫ്‌ലൈൻ കൈമാറ്റ രീതിയിൽ എന്നപോലെ കൈമാറേണ്ട ഓഹരികളുടെ വിശദാംശവും ഡീമാറ്റ് അക്കൗണ്ടിന്റെ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി ഓൺലൈൻ രീതിയിൽ ഇടപാട് സാധൂകരിക്കുകയും ചെയ്താൽ ഓഹരികൾ കൈമാറുവാൻ സാധിക്കുന്നതാണ്.

ഓഹരികൾ കൈമാറ്റം ചെയ്യുമ്പോൾ  ഓഹരികൾ ആർക്കാണോ നൽകുന്നത് ആ വ്യക്തി ആ കൈമാറ്റം അംഗീകരിച്ചാൽ മാത്രമേ ആ വ്യക്തിയുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികൾ സ്വീകരിക്കപ്പെടുകയുള്ളൂ. ഓഹരികൾ  നൽകുന്ന വ്യക്തി ഇടപാട് സാധൂകരിക്കുകയും ഓഹരികൾ ലഭിക്കേണ്ട വ്യക്തി ഓഹരി കൈമാറ്റം അംഗീകരിക്കുകയും ചെയ്ത് 24 മണിക്കൂറിനു ശേഷം മാത്രമേ ഓഹരികൾ കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ. ഓൺലൈൻ രീതിയിൽ ഓഹരി കൈമാറ്റം ചെയ്യപ്പെടുമ്പോഴും  സ്റ്റോക്ക് ബ്രോക്കറിന് അനുസൃതമായി സർവ്വീസ് ചാർജ്ജ് ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നുണ്ട്. 

ഓഹരികൾ കൈമാറ്റം ചെയ്യുമ്പോൾ പ്രത്യേക നികുതി ഈടാക്കുന്നുണ്ടോ

സ്വന്തം ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികൾ സ്വയം കൈമാറുമ്പോൾ ചുമത്തപ്പെടുന്ന നികുതിയിൽ വ്യത്യാസം  സംഭവിക്കുന്നില്ല. എന്നാൽ മറ്റൊരാൾക്ക് ഓഹരികൾ നൽകുമ്പോൾ ആ ഓഹരികൾ ഒരു അധിക വരുമാനമായി കണക്കൂട്ടുന്നതിനാൽ ഓഹരികൾ ലഭിക്കുന്ന വ്യക്തി നികുതി നൽകേണ്ടി വന്നേക്കാം. ഇവിടെ നികുതി ബാധകമാകുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഇന്ത്യയിലെ നിയമമനുസരിച്ച് ഒരു വർഷത്തിൽ അൻപതിനായിരം രൂപ വരെ സമ്മാനം എന്ന നിലയിൽ ഒരു വ്യക്തിയുടെ അക്കൗണ്ടിൽ എത്തിയാൽ ആ തുകയ്ക്ക് നികുതി നൽകേണ്ടി വരുന്നില്ല. എന്നാൽ ഈ പരിധി കടന്നാൽ സമ്മാനമായി ലഭിക്കുന്ന തുകയ്ക്കും ഓഹരികൾക്കും നിയമാനുസൃതമായ നികുതി ചുമത്തപ്പെടുന്നതാണ്. എന്നാൽ എല്ലാ സാഹചര്യങ്ങളിലും സമ്മാനമായി ലഭിക്കുന്ന തുകയ്ക്കോ ഓഹരികൾക്കോ നികുതി നൽകേണ്ടി വരുന്നില്ല.

tax-on-transferring-stocks

ഒരു വ്യക്തിയുടെ അടുത്ത ബന്ധുക്കളാണ് ആ വ്യക്തിക്ക് ഓഹരികളോ പണമോ നൽകുന്നതെങ്കിൽ ലഭ്യമാകുന്ന തുകയ്ക്കോ ഓഹരികൾക്കോ ആ വ്യക്തി നികുതി നൽകേണ്ടി വരുന്നില്ല. അടുത്ത ബന്ധുക്കളായി വ്യക്തികളെ പരിഗണിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. ഒരു വ്യക്തിയുടെ അച്ഛൻ, അമ്മ, അച്ഛന്റെയും അമ്മയുടേയും മാതാപിതാക്കൾ, അച്ഛന്റെയും അമ്മയുടേയും സഹോദരി സഹോദരന്മാർ അവരുടെ ജീവിതപങ്കാളികൾ, ഭാര്യ, മക്കൾ, സഹോദരി സഹോദരന്മാരും അവരുടെ ജീവിതപങ്കാളികളും എന്നിവരെയാണ് നിയമപരമായി അടുത്ത ബന്ധുക്കളായി കണക്കാക്കുന്നത്. 

മേൽപ്പറഞ്ഞ അടുത്ത ബന്ധുമിത്രാദികൾ അല്ലാതെ സുഹൃത്തുക്കളോ, ബിസിനസ്സ് പങ്കാളികളോ തുടങ്ങി മറ്റാര് തന്നെയായാലും നിങ്ങൾക്ക് ഓഹരി കൈമാറുകയാണെങ്കിൽ ആ ഓഹരികളുടെ മൂല്യം അൻപതിനായിരത്തിലും അധികം ആണെങ്കിൽ നിങ്ങൾ നികുതി നൽകുവാൻ ബാധ്യസ്ഥരാണ്. 

ഓഹരികൾ കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ

ഒരു വ്യക്തി തന്റെ ഓഹരി നിക്ഷേപങ്ങൾ വ്യത്യസ്ത ഡീമാറ്റ് അക്കൗണ്ടുകളിലൂടെ നടത്തുകയും തുടർന്ന് ഓഹരികൾ കൃത്യമായി കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന അവസരങ്ങളിൽ ആ അസൗകര്യം ഒഴിവാക്കുവാൻ തന്റെ ഓഹരി നിക്ഷേപങ്ങൾ എല്ലാം ഒരു ഡിമാറ്റ് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുന്നത് വഴി സാധിക്കും. അതുപോലെ തന്നെ സ്വത്ത് ഭാഗം വയ്ക്കുന്ന അവസരങ്ങളിൽ മാതാപിതാക്കളുടെ പേരിലുള്ള ഓഹരികൾ മക്കൾക്കും, ഭർത്താവ് ഭാര്യക്കും, ഭാര്യ ഭർത്താവിനും, ഓഹരികൾ കൈമാറ്റം ചെയ്യേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.

transferring-stocks

മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ അല്ലാതെ വളരെ അടുത്ത കാലത്തായി പ്രചാരം നേടിയിട്ടുള്ള ഒന്നാണ് ഓഹരികൾ സമ്മാനമായി നൽകുന്ന രീതി. സാധാരണ നിലയിൽ നമുക്കിടയിൽ പല അവസരങ്ങളിലായി കൈമാറ്റം ചെയ്യപ്പെടുന്ന സമ്മാനങ്ങൾ പലതും പലർക്കും ഉപയോഗപ്പെടാറില്ല. ഉപയോഗപ്രദം അല്ലാത്ത പൊതുവായി നൽകപ്പെടുന്ന സമ്മാനങ്ങൾ അല്ലാതെ മൂല്യമുള്ള സമ്മാനങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും യോജിച്ച രീതിയാണ് ഓഹരികൾ സമ്മാനമായി നൽകുക എന്നത്.

നമ്മൾ സമ്മാനം നൽകുവാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് മികച്ച ഓഹരികൾ കണ്ടെത്തി കൈമാറ്റം ചെയ്യാവുന്നതാണ്. ഓൺലൈൻ ഡിസ്കൗണ്ട് ബ്രോക്കിംഗ് പ്ലാറ്റ്ഫോമായ സെരോദയാണ് വളരെ പ്രചാരം നേടിയ ഓഹരികൾ സമ്മാനിക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകുന്നത്. മേൽപ്പറഞ്ഞ എല്ലാ നികുതി വ്യവസ്ഥകളും ഇവിടേയും ബാധകമാണെങ്കിലും പ്രിയപ്പെട്ടവർക്ക് മൂല്യമുള്ള സമ്മാനം നൽകുവാനുള്ള ഒരു പുതുവഴിയാണ് ഇവിടെ ലഭ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിപണി ഉയരങ്ങൾ കീഴടക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ

ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് വിപണി കുതിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിക്ഷേപകരുടെ വർദ്ധിച്ച ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്ന വാക്കാണ്…

വിദേശ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കേണ്ടതുണ്ടോ?

ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വിദേശ കമ്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളും നമ്മളെല്ലാവരും തന്നെ വ്യാപകമായി…

ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള മികച്ച സമയം ഏതാണ്

ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കുവാനുള്ള ശരിയായ സമയം ഏതാണെന്ന് കൃത്യമായി പറയുവാൻ സാധിക്കില്ല എന്നതാണ് വാസ്തവം.…

മൊമെന്റം ഇൻവെസ്റ്റിംഗിലൂടെ ഓഹരി വിപണിയിലെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താം

ഏറെക്കാലമായി നിലവിലുണ്ടായിരുന്ന നിക്ഷേപ തന്ത്രം ആണെങ്കിലും 1990ന് ശേഷമാണ് ഇന്ത്യയിൽ മൊമെന്റം ഇൻവെസ്റ്റിംഗ് രീതി കാര്യമായി…