mistakes-while-planning-retirement

Sharing is caring!

20 വർഷത്തേക്കും 30 വർഷത്തേക്കും ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നത് പലർക്കും താല്പര്യമുള്ള കാര്യമല്ല. ഏറ്റവും കൂടിയാൽ 5 വർഷം വരെയുള്ള നിക്ഷേപത്തിന് മാത്രം തയ്യാറാകുന്ന പല വ്യക്തികളും 60 വയസ്സ് വരെ താല്പര്യമില്ലാത്ത ജോലി ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന അവസ്ഥ നമുക്കിടയിൽ കാണുവാൻ കഴിയും. റിട്ടയർമെന്റുമായി ബന്ധപ്പെട്ട മധ്യവർഗ്ഗ ജനവിഭാഗങ്ങൾക്ക് സംഭവിക്കുന്ന സാമ്പത്തികമായ ചില അബദ്ധങ്ങൾ വിശദമായി പരിശോധിക്കാം.

ഉയർന്ന ആയുർദൈർഘ്യം എന്ന യാഥാര്‍ത്ഥ്യം

റിട്ടയർമെന്റ് പ്ലാൻ ആസൂത്രണം ചെയ്യുന്ന പല വ്യക്തികളും 60 വയസ്സ് മുതൽ 70 വയസ്സുവരെയുള്ള അവരുടെ ജീവിത കാലഘട്ടം മാത്രമാണ് പ്രധാനമായും കണക്കിലെടുക്കുന്നത്. ഉയർന്ന ജീവിത നിലവാരവും മികച്ച ആരോഗ്യ സംവിധാനങ്ങളും വ്യക്തികളുടെ ആയുർദൈർഘ്യം 90 വയസ്സിനു മുകളിൽ ഉയരാൻ കാരണമായിട്ടുണ്ട്. 

റിട്ടയർമെന്റിന് ശേഷം 30 വർഷത്തേക്കുള്ള ജീവിത ചെലവുകൾ മുൻകൂട്ടി കണക്കാക്കുകയും അതിന് ആവശ്യമായ രീതിയിൽ റിട്ടയർമെന്റ് പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഭാവിയിലേക്കുള്ള നീക്കിയിരിപ്പുകൾ സൃഷ്ടിക്കുമ്പോൾ ആരോഗ്യ രംഗത്തെ വർദ്ധിച്ചുവരുന്ന ചെലവുകളും തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്.

സാമ്പത്തിക ലക്ഷ്യങ്ങൾക്ക് നൽകേണ്ട പ്രാധാന്യം

നമ്മളെല്ലാവരും തന്നെ പലതരം സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി ആ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്നവരാണ്. വളരെ കുറച്ച് കാലയളവിൽ നേടാനുള്ള ലക്ഷ്യങ്ങളും ദീർഘ നാളത്തെ അധ്വാനത്തിലൂടെ മാത്രം നേടുവാൻ സാധിക്കുന്ന ലക്ഷ്യങ്ങളും നമുക്കുണ്ടാകാം. നമ്മളിൽ അധികം വ്യക്തികളും ജീവിതത്തിൽ ആദ്യം കൈവരിക്കേണ്ട ലക്ഷ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും എന്നാൽ ഏറ്റവും സമയമെടുത്ത് നടപ്പിലാക്കേണ്ട റിട്ടയർമെന്റ് പ്ലാനുകൾക്ക് താരതമ്യേന കുറഞ്ഞ പ്രാധാന്യം നൽകുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നു.

retirement-plan

ഒരു വാഹനം സ്വന്തമാക്കുക, വീട് വയ്ക്കുക, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ തുടങ്ങി ജീവിതത്തിന്റെ പല കാലഘട്ടങ്ങളിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾക്കെല്ലാം തന്നെ പണം കണ്ടെത്തുവാൻ ലോണുകൾ ഉൾപ്പെടെ പല വഴികളും നമുക്ക് മുന്നിൽ ഉണ്ടാകും. എന്നാൽ ഏറെ നാളത്തെ അധ്വാനത്തിനു ശേഷം ഒരു റിട്ടയർമെന്റിലേക്ക് നാം എത്തി നിൽക്കുന്ന അവസരത്തിൽ നമ്മുടെ വിശ്രമ ജീവിതത്തിന് പണം കണ്ടെത്തുവാൻ ഒരു സ്ഥാപനത്തിൽ നിന്നും ലോണോ മറ്റു ധനസഹായമോ ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. അതിനാൽ തന്നെ ഒരു വ്യക്തി തന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കുമ്പോൾ ഏറ്റവും അധികം പ്രാധാന്യം നൽകേണ്ടത് മികച്ച ഒരു റിട്ടയർമെൻറ് പ്ലാൻ നടപ്പിലാക്കുക എന്നതിനാണ്.

വിലക്കയറ്റം പരിഗണിക്കാതെയുള്ള നിക്ഷേപങ്ങൾ 

നമ്മളിൽ പലരും വ്യത്യസ്ത മാർഗ്ഗങ്ങളിൽ വ്യത്യസ്ത ലക്ഷ്യങ്ങൾ മുൻനിർത്തി നിക്ഷേപിക്കാറുണ്ടെങ്കിലും അറിഞ്ഞുകൊണ്ടോ അറിയാതെയോ വിലക്കയറ്റം എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുവാൻ തയ്യാറാകുന്നില്ല. നിക്ഷേപത്തിന്റെ സുരക്ഷിതത്വം മാത്രം പരിഗണിച്ച് ബാങ്കുകളിലേയും പോസ്റ്റ് ഓഫീസിലേയും സ്ഥിരനിക്ഷേപം റിക്കറിംഗ് ഡെപ്പോസിറ്റുകൾ, തുടങ്ങിയ സാമ്പ്രദായികമായ നിക്ഷേപ പദ്ധതികളെ ആശ്രയിച്ചുകൊണ്ട് നിങ്ങളുടെ റിട്ടയർമെന്റ് പ്ലാൻ നടപ്പിലാക്കാം എന്നത് തീർത്തും അപ്രായോഗികമായ കാര്യമാണ്.

ഇന്ത്യയെ പോലെ വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയിൽ അടിക്കടി ഉണ്ടാവുന്ന വിലക്കയറ്റത്തെ തരണം ചെയ്യുവാൻ ഇത്തരം നിക്ഷേപ പദ്ധതികൾക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. മാത്രമല്ല സാധാരണയുള്ള നിക്ഷേപ പദ്ധതികളിൽ നിന്ന് ഇന്ന് ലഭ്യമായ പലിശ വരുമാനം കാലങ്ങൾ പിന്നിടുമ്പോൾ അതെ നിലയിൽ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. വികസിത രാജ്യങ്ങളിൽ ബാങ്ക് നിക്ഷേപങ്ങൾക്ക് ലഭ്യമായ കുറഞ്ഞ പലിശ നിരക്ക് ഭാവിയിൽ ഇന്ത്യയിലും സംഭവിച്ചേക്കാവുന്ന കാര്യം തന്നെയാണ്.

effects-of-inflation

1980കളിൽ ഇന്ത്യയിലെ ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും 14 ശതമാനത്തോളം നേട്ടം ലഭിച്ചിരുന്നെങ്കിൽ വർഷം തോറും പലിശ നിരക്ക് കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുവാൻ കഴിയുന്നത്. ബാങ്കുകളിലേയും പോസ്റ്റ് ഓഫീസുകളിലേയും നിക്ഷേപ പദ്ധതികളെ മാത്രം ആശ്രയിച്ച് റിട്ടയർമെന്റ് ആസൂത്രണം ചെയ്തിരുന്ന മുൻ തലമുറയുടെ നിക്ഷേപ രീതികൾ സമകാലിക സാഹചര്യത്തിൽ നടപ്പിലാക്കുവാൻ സാധിക്കുകയില്ല. ഓഹരി വിപണി മ്യൂച്വൽ ഫണ്ട് തുടങ്ങി മികച്ച നിക്ഷേപ മാർഗ്ഗങ്ങൾ കണ്ടെത്തി കൃത്യസമയത്ത് നിക്ഷേപം നടത്തിയില്ലെങ്കിൽ  ഉയർന്നു വരുന്ന പണപ്പെരുപ്പ നിരക്ക് തരണം ചെയ്യാനാവാതെ കൈയിലുള്ള മൂലധനത്തിന്റെ മൂല്യം കുറഞ്ഞുവരുന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേരും.

വൈകാരികപരമായ തീരുമാനങ്ങൾ

ഒരു ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് തന്നെ തങ്ങളുടെ റിട്ടയർമെന്റ് മുന്നിൽ കാണുകയും മികച്ച രീതിയിൽ റിട്ടയർമെന്റ് ആസൂത്രണം ചെയ്ത് നിക്ഷേപിക്കുവാൻ ആരംഭിക്കുകയും ചെയ്യുന്ന വ്യക്തികൾ പോലും ജീവിതത്തിൽ കടന്നുവരുന്ന ചില വൈകാരികപരമായ സാഹചര്യങ്ങളിൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുവാനായി റിട്ടയർമെന്റ് പദ്ധതിയുടെ ഭാഗമായ പണം ഒരു മടിയും കൂടാതെ ഉപയോഗിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. മികച്ച റിട്ടയർമെന്റ് പദ്ധതികൾ എല്ലാം തന്നെ ദീർഘകാല അടിസ്ഥാനത്തിൽ പ്രാവർത്തികമാകുന്ന രീതിയിൽ ആവിഷ്കരിച്ചിട്ടുള്ളതാണ്.

റിട്ടയർമെന്റ് പദ്ധതികളിൽ നിന്ന് കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തുക പിൻവലിക്കുമ്പോൾ നീണ്ട വർഷങ്ങൾ കൊണ്ട് കൈവരിക്കേണ്ട മൂലധന നേട്ടമാണ് തെറ്റായ തീരുമാനത്തിലൂടെ നഷ്ടപ്പെടുത്തുന്നത്. 

വസ്തുവകകൾ ഈടായി നൽകുന്ന ലോണുകൾ

പല വ്യക്തികളും ജീവിതത്തിൽ വരുന്ന പല ആവശ്യങ്ങൾക്കുമായി വസ്തുവകകൾ ഈടായി നൽകി ബാങ്കിൽ നിന്നും വലിയ ലോണുകൾ എടുക്കാറുണ്ട്. ഇത്തരത്തിലുള്ള ലോണുകൾ എടുക്കുന്ന വ്യക്തികളെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ സാമ്പത്തിക ലക്ഷ്യം എന്നത് കൃത്യമായ രീതിയിൽ തവണകൾ അടച്ചുകൊണ്ട് അവരുടെ വസ്തുതകൾ നഷ്ടപ്പെടാതെ സംരക്ഷിക്കുക എന്നതായിരിക്കും.

തങ്ങളുടെ ലക്ഷ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് മികച്ച നിക്ഷേപങ്ങൾ നടത്തി ആ ലക്ഷ്യങ്ങളിലേക്ക് ലോണുകളെ ആശ്രയിക്കാതെ നിക്ഷേപങ്ങളെ ആശ്രയിച്ചുകൊണ്ട് എത്തുക എന്നതാണ് സാമ്പത്തികമായി ഏറ്റവും മികച്ച തീരുമാനം. ഇങ്ങനെയുള്ള ലോണുകളുടെ കുരുക്കിൽപ്പെടുന്ന വ്യക്തികൾക്ക് അവരുടെ റിട്ടയർമെന്റിനായി നീക്കിയിരിപ്പുകൾ സൃഷ്ടിക്കുക എന്നത് തീർത്തും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

retirement-plans

സാധാരണക്കാരായ വ്യക്തികൾ വരുത്തിവെക്കുന്ന മറ്റൊരു സാമ്പത്തികപരമായ പിഴവാണ് സ്വന്തം സാമ്പത്തിക നില പരിഗണിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജാമ്യം നിൽക്കുക എന്നത്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ലോണുകൾ, ചിട്ടികൾ തുടങ്ങിയ കാര്യങ്ങൾക്ക് ജാമ്യം നിൽക്കുമ്പോൾ സ്വന്തം സാമ്പത്തിക നില തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്. വൈകാരികപരമായി മാത്രം ചിന്തിച്ചു കൊണ്ട് മറ്റൊരു വ്യക്തിക്കായി ജാമ്യം നിൽക്കുമ്പോൾ പല സാഹചര്യങ്ങളിലും ജാമ്യം നിൽക്കുന്നതിന്റെ സാമ്പത്തികവും, നിയമപരവുമായുള്ള ബാധ്യത തന്നിലേക്ക് എത്താം എന്ന തിരിച്ചറിവ് വ്യക്തികൾക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

മൂലധന സംരക്ഷണം

നമ്മൾ ഒരു നിക്ഷേപം നടത്തുമ്പോൾ ആ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന മൂലധന നേട്ടത്തിന് പ്രാധാന്യം നൽകുന്നതു പോലെ തന്നെ നാം നടത്തുന്ന മൂലധന നിക്ഷേപത്തിന്റെ സുരക്ഷയ്ക്കും പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്. പലിശ നിരക്കിൽ ചെറിയൊരു വർദ്ധനവ് ആഗ്രഹിച്ചുകൊണ്ട് സുരക്ഷിതമായ നിക്ഷേപങ്ങൾ ഒട്ടും സുരക്ഷിതമല്ലാത്ത പ്രൈവറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റി നിക്ഷേപിച്ച്  തങ്ങളുടെ മൂലധനം നഷ്ടപ്പെടുത്തിയവരുടെ വേദന നിറഞ്ഞ വാർത്തകൾ നമുക്ക് സുപരിചിതമാണ്.

ഏതൊരു വ്യക്തിയെ സംബന്ധിച്ചും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യമാണ് റിട്ടയർമെന്റ് പദ്ധതിയെന്നത്.കൂടുതൽ നേട്ടം നൽകുന്ന മികച്ച നിക്ഷേപ പദ്ധതികൾ കണ്ടെത്തി നിക്ഷേപിക്കാമെങ്കിലും റിട്ടയർമെന്റ് പദ്ധതികളിൽ  കൈക്കൊള്ളാവുന്ന റിസ്ക് ഏറ്റവും കുറഞ്ഞ നിലയിൽ ആയിരിക്കണം.

റിട്ടയർമെന്റ് പദ്ധതികൾക്ക് ബാധകമാകുന്ന നികുതി

നിലവിൽ നിങ്ങൾക്ക് ലഭ്യമായ വരുമാനത്തിൽ നിന്നും കാര്യമായ രീതിയിൽ നികുതി നൽകേണ്ടി വരുന്നില്ല എന്നാൽ പോലും വർഷങ്ങൾക്ക് ശേഷം റിട്ടയർമെന്റ് പദ്ധതിയുടെ ഭാഗമായി വലിയൊരു തുക ലഭ്യമാകുമ്പോൾ നൽകേണ്ടിവരുന്ന നികുതിയുടെ അളവ് വളരെ വലുതായിരിക്കും. ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപങ്ങൾ നടത്തി അൻപത് ലക്ഷം, ഒരു കോടി തുടങ്ങി റിട്ടയർമെന്റ് കാലാവധി എത്തുന്ന സമയത്ത് ഉയർന്ന തുക ലഭ്യമാകുന്ന വ്യക്തികൾക്ക് ആകെ  തുകയുടെ ചെറിയ ശതമാനം നേട്ടം ആയാൽപോലും നികുതിയായി നൽകേണ്ടി വരുമ്പോൾ അവ വലിയ തുക തന്നെയായി മാറുന്നു.

tax-in-retirement-plan

മികച്ച നിക്ഷേപ പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നത് പോലെതന്നെ റിട്ടയർമെന്റിന് ശേഷം ലഭിക്കുന്ന വലിയ തുകയ്ക്ക് നൽകേണ്ടി വരുന്ന നികുതി പരിഗണിച്ചുകൊണ്ട് റിട്ടയർമെന്റ് ആസൂത്രണം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നികുതിയിളവ് ലഭ്യമായ നിക്ഷേപ പദ്ധതികൾ കണ്ടെത്തി നിക്ഷേപിക്കുന്നതും, നികുതി ബാധ്യത തിരിച്ചറിഞ്ഞുകൊണ്ട് വ്യക്തമായ സാമ്പത്തിക ആസൂത്രണം നടത്തുന്നതും റിട്ടയർമെന്റ് പദ്ധതിയുടെ ഭാഗമായ കാര്യങ്ങൾ തന്നെയാണ്.

ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാതിരിക്കുക

നാം വാർദ്ധക്യ അവസ്ഥയിലേക്ക് എത്തിച്ചേരുന്ന റിട്ടയർമെന്റ് ജീവിതത്തിൽ ആരോഗ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വലിയ തുക തന്നെ കണ്ടെത്തേണ്ടി വന്നേക്കാം. ഒരു വീട് വയ്ക്കുക, വാഹനം സ്വന്തമാക്കുക തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ഉപരിയായി ആരോഗ്യപരമായ വിശ്രമ ജീവിതമായിരിക്കും കൂടുതൽ വ്യക്തികളും ഈ കാലയളവിൽ ആഗ്രഹിക്കുന്നുണ്ടാവുക.

ഈ കാലയളവിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ അവയുടെ ചികിത്സയ്ക്കായി ഉയർന്ന തുക കണ്ടെത്തുവാൻ സാധിക്കാതെ വന്നാൽ സാമ്പത്തികമായും മാനസ്സികമായും മോശം സ്ഥിതിയിലേക്ക് ആയിരിക്കും നാം എത്തിച്ചേരുക . ഹെൽത്ത് ഇൻഷുറൻസിന് പകരം കയ്യിലുള്ള തുക നൽകേണ്ടി വന്നാൽ ഒരുപക്ഷേ കൈവശമുള്ള പണത്തിന്റെ നല്ലൊരു ശതമാനം തന്നെ ചികിത്സയ്ക്കായി ആശുപത്രികളിൽ നൽകേണ്ട അവസ്ഥയായിരിക്കും ഉണ്ടാകുന്നത്.

50 വയസ്സിനു ശേഷമാണ് നിങ്ങൾ ഒരു ഹെൽത്ത് ഇൻഷുറൻസിന്റെ ഭാഗമാകാൻ ശ്രമിക്കുന്നതെങ്കിൽ നൽകേണ്ടിവരുന്ന പ്രീമിയം തുക വളരെ ഉയർന്നതായിരിക്കും. മാത്രമല്ല ഒരു ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായ ശേഷം ഏകദേശം നാല് വർഷത്തോളം കാത്തിരുന്നെങ്കിൽ മാത്രമേ എല്ലാ അസുഖങ്ങൾക്കുമായി ഇൻഷുറൻസ് പദ്ധതിയിലൂടെ തുക അവകാശപ്പെടുവാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളെ റിട്ടയർമെന്റ് പദ്ധതിയുടെ ഒഴിവാക്കാനാകാത്ത ഭാഗമായി കാണുവാൻ തയ്യാറാവുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പ്രായത്തിനനുസരിച്ച് നിങ്ങൾ കൈവരിക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങൾ

പ്രായം കൂടി വരുന്നതനുസരിച്ച് ഓരോ വ്യക്തിയും കൈവരിക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. കൂടാതെ ഓരോ…

ബാങ്കിംഗ് സേവനങ്ങൾ വീടുകളിലേക്ക് എത്തിക്കാൻ ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക്

2018 ൽ ആർ ബി ഐയുടെ നിർദ്ദേശ പ്രകാരമാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ്…

ജീവിത പങ്കാളിയുമായി ചേർന്ന് സാമ്പത്തിക ആസൂത്രണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങൾ

പരസ്പര ബന്ധങ്ങൾ, ജീവിതശൈലി, ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ തുടങ്ങി പല കാര്യങ്ങളേയും നേരിട്ട് സ്വാധീനിക്കുന്ന ഒന്നാണ്…

പണം കൈകാര്യം ചെയുന്ന രീതിയിൽ നിന്ന് നിങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കാം

സമൂഹത്തിൽ വ്യക്തികൾ പണം  സമ്പാദിക്കുന്നതും കൈകാര്യം ചെയ്യുന്നതും വ്യത്യസ്ത രീതിയിലാണ്. ചില വ്യക്തികൾ വലിയ ലാഭം…