financial-discipline-two-persons-discussing

Sharing is caring!

സാമ്പത്തിക അച്ചടക്കം എന്നത് ഒരു രാത്രി കൊണ്ട് നേടിയെടുക്കുവാൻ ആകുന്ന ഒന്നല്ല. അത് ഒരു ജീവിതരീതി തന്നെയാണ്. ഈ ജീവിതരീതി പിന്തുടരുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. ഈ ജീവിതരീതി പിന്തുടരുന്നതിൽ പരാജയപ്പെടുന്നതിനാൽ തന്നെയാണ് നല്ലൊരു ശതമാനം വ്യക്തികൾക്കും ഇന്നും സാമ്പത്തിക പുരോഗതി കൈവരിക്കുവാൻ സാധിക്കാത്തത്. സാമ്പത്തിക അച്ചടക്കത്തോടെ ജീവിക്കുവാൻ വ്യക്തികളെ പ്രാപ്തരാക്കുന്ന ചില ശീലങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

പ്രായോഗികമായ സാമ്പത്തിക ലക്ഷ്യങ്ങൾ പിന്തുടരുവാൻ ശ്രമിക്കുക

പ്രായോഗിക തലത്തിൽ ഒരിക്കലും നടപ്പിലാക്കാത്ത സാമ്പത്തിക ലക്ഷ്യങ്ങൾ പിന്തുടരുവാൻ ശ്രമിക്കുന്നവരുണ്ട്. ഉദാഹരണത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനത്തോളം എല്ലാ മാസവും നീക്കിയിരിപ്പായി മാറ്റി വയ്ക്കുവാൻ ശ്രമിക്കുകയും അത് കൃത്യമായി നടപ്പിലാക്കുവാൻ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാറുണ്ട്. വളരെ ഭദ്രമായ സാമ്പത്തിക നിലയുള്ളവർക്ക് ഒരുപക്ഷേ ഈ തുക മാറ്റി വയ്ക്കുവാൻ സാധിക്കുമെങ്കിലും സാധാരണ വ്യക്തികളെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

financial-discipline

സ്വന്തം സാമ്പത്തിക സാഹചര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയാൽ പ്രായോഗികമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ ഏതൊരു സാധാരണക്കാരനായ വ്യക്തിക്കും സാധിക്കുന്നതാണ്.

സാമ്പത്തിക ലക്ഷ്യങ്ങൾ മുൻഗണനാക്രമത്തിൽ നിർവ്വഹിക്കുക

നമ്മളിൽ പലർക്കും പലതരത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ആ സാമ്പത്തിക ലക്ഷ്യങ്ങളിൽ ആദ്യം നടപ്പിലാക്കേണ്ടതും പ്രാധാന്യം അർഹിക്കുന്നതുമായ ലക്ഷ്യങ്ങൾ എന്താണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. അതായത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ മുൻഗണന ക്രമത്തിൽ നിർവ്വഹിക്കുവാൻ ശ്രമിക്കുക.

ഉദാഹരണത്തിന് പല വ്യക്തികളും അവരുടെ മുപ്പതുകളിൽ തന്നെ വളരെയധികം പണം ചെലവാക്കി സ്വന്തമായി വീട് വയ്ക്കുവാൻ ശ്രമിക്കുകയും താരതമ്യേന എളുപ്പത്തിൽ നടപ്പിലാക്കുവാൻ സാധിക്കുന്ന പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങൾ നിർവ്വഹിക്കുവാൻ സാധിക്കാതെ വരികയും ചെയ്യാറുണ്ട്. സ്വന്തമായി വീട് വയ്ക്കുന്നത് പോലെ ഉയർന്ന ചെലവുള്ള കാര്യങ്ങൾ നടത്തുമ്പോൾ കുറച്ചു വർഷത്തേക്ക് മറ്റ് കാര്യങ്ങൾക്കൊന്നും തന്നെ പണം കണ്ടെത്തുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാകാറുണ്ട്.

സ്വന്തമായി ഒരു ബഡ്ജറ്റ് സൃഷ്ടിക്കുക

ധനികരായ വ്യക്തികൾ എല്ലാ മാസവും അവരുടെ വരവ് ചെലവുകൾ സ്വന്തം നിലയിലോ അക്കൗണ്ടന്റിന്റെ സഹായത്താലോ മനസ്സിലാക്കിയാണ് അവരുടെ സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. എന്നാൽ സാധാരണക്കാരായ വ്യക്തികളിൽ പലർക്കും ബഡ്ജറ്റ് തയ്യാറാക്കുക എന്നത് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ്.

budget-planning

ബഡ്ജറ്റ് തയ്യാറാക്കിയത് കൊണ്ട് തങ്ങളുടെ ചെലവിലോ വരുമാനത്തിലോ കാര്യമായ മാറ്റം ഉണ്ടാകുന്നില്ല എന്ന കേവലമായ ചിന്ത മൂലമാണ് പലരും ബഡ്ജറ്റ് തയ്യാറാക്കുവാൻ ശ്രമിക്കാതിരിക്കുന്നത്. കൃത്യമായ രീതിയിൽ ബഡ്ജറ്റ് തയ്യാറാക്കിയാൽ മാത്രമേ പാഴ്ചെലവുകൾ സംഭവിക്കുന്നത് എവിടെയാണെന്നും സ്വന്തം സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച ഉണ്ടാകണമെങ്കിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നും മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ. നിങ്ങളുടെ വരുമാനം എത്ര തന്നെ ഉയർന്നാലും എത്രത്തോളം ചെലവാക്കണമെന്നും എത്രത്തോളം നീക്കിയിരിപ്പായി മാറ്റിവയ്ക്കണമെന്നും എത്രത്തോളം നിക്ഷേപിക്കണമെന്നും ബഡ്ജറ്റിലൂടെ മനസ്സിലാക്കുന്നത് സാമ്പത്തിക അച്ചടക്കത്തിന്റെ ഏറ്റവും ഒഴിച്ചുകൂടാൻ ആവാത്ത ഭാഗമാണ്.

നിങ്ങളുടെ നെറ്റ്‌വർത്ത് കണക്കാക്കുക

നിങ്ങൾക്ക് സ്വന്തമായുള്ള ആസ്തി കണക്കാക്കിയ ശേഷം അതിൽ നിന്ന് ബാധ്യതകൾ കുറയ്ക്കുമ്പോൾ നിങ്ങളുടെ നെറ്റ്‌വർത്ത് ലഭിക്കുന്നതാണ്. നിങ്ങൾക്ക് സ്വന്തമായുള്ള ഭവനം, സ്വർണ്ണം എന്നിവയുടെ മൂല്യവും ആകെയുള്ള നീക്കിയിരിപ്പും നിക്ഷേപവുമായി കൂട്ടുമ്പോൾ നിങ്ങളുടെ ആസ്തി എത്രത്തോളം ആണെന്ന് മനസ്സിലാകും, അതിൽ നിന്ന് നിങ്ങളുടെ ബാധ്യത കുറയ്ക്കുമ്പോൾ നിങ്ങളുടെ നിലവിലുളള നെറ്റ്‌വർത്ത് എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കും.

ഒരു വ്യക്തിയുടെ ആസ്തിയും ബാധ്യതയും തമ്മിൽ കുറയ്ക്കുമ്പോൾ ലഭിക്കുന്നത് നെഗറ്റീവ് സംഖ്യ ആണെങ്കിൽ നിങ്ങളുടെ നെറ്റ്‌വർത്ത് നെഗറ്റീവ് ആയിരിക്കും മറിച്ചാണെങ്കിൽ നെറ്റ്‌വർത്ത് പോസിറ്റീവ് ആയിരിക്കും. ഇത്തരത്തിൽ ഒരു വ്യക്തിയുടെ കൈവശമുള്ള സമ്പത്തിന്റെ നിജസ്ഥിതി അദ്ദേഹം തിരിച്ചറിയുക വഴി സാമ്പത്തിക വളർച്ചയ്ക്കായി അത്മാർത്ഥമായി പ്രവർത്തിക്കുവാനുള്ള പ്രചോദനം ആ വ്യക്തിക്ക് ലഭിക്കുന്നതാണ്.

നിങ്ങൾക്കായി പണം മാറ്റിവയ്ക്കുവാൻ ശ്രമിക്കുക

happy-woman-financial-freedom

നിങ്ങൾക്ക് വരുമാനം ലഭ്യമാകുന്ന അവസരത്തിൽ എല്ലാ ചെലവുകളും നടത്തിയ ശേഷം ബാക്കിയുള്ള തുകയിൽ നിന്നും നീക്കിയിരിപ്പ് സൃഷ്ടിക്കാമെന്നും നിക്ഷേപിക്കാമെന്നും ചിന്തിച്ചാൽ പ്രായോഗിക തലത്തിൽ അതൊരിക്കലും നടപ്പിലാകുവാൻ സാധ്യതയില്ലാത്ത കാര്യമാണ്. ലഭിക്കുന്ന വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം നീക്കിയിരിപ്പായും നിക്ഷേപമായും മാറ്റിവെച്ചതിനു ശേഷമാണ് മറ്റു ചെലവുകൾക്കായി പണം ഉപയോഗിക്കേണ്ടത്.

ശ്രദ്ധാപൂർവ്വം പണം ചെലവഴിക്കാൻ പരിശീലിക്കുക

ഇന്നത്തെ കാലത്ത് ഒറ്റ ക്ലിക്കിലൂടെ പണം ചെലവഴിക്കാനാകുമെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ തന്നെ വളരെ വേഗത്തിൽ പണം ചെലവായി പോകുന്നുണ്ട്. സാധനങ്ങൾ വാങ്ങുക, സിനിമ കാണുക, മൊബൈൽ റീചാർജ്ജ് ചെയ്യുക, തുടങ്ങി ഏതുതരത്തിലുള്ള ചെലവുകളായാലും ചിന്തിക്കുന്ന മാത്രയിൽ തന്നെ ഓൺലൈൻ പെയ്മെന്റ് സംവിധാനങ്ങളിലൂടെ നടപ്പിലാക്കുവാൻ നമുക്ക് സാധിക്കുന്നു.

സാങ്കേതികവിദ്യയുടെ വളർച്ച മൂലം ബുദ്ധിമുട്ടുള്ള പല കാര്യങ്ങളും അനായാസേന ചെയ്യുവാൻ സാധിക്കുമെങ്കിലും ഇതിലൂടെ പണത്തിന്റെ ശരിയായ മൂല്യം തിരിച്ചറിയാനാകാത്ത സ്ഥിതി ഉണ്ടായിരിക്കുന്നു എന്നതാണ് വാസ്തവം. മേൽപ്പറഞ്ഞ സാഹചര്യം നിലനിൽക്കുന്നതിനാൽ തന്നെ വളരെ ശ്രദ്ധാപൂർവ്വം ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് ചെലവുകൾ കൈകാര്യം ചെയ്യുവാൻ ശ്രമിക്കേണ്ടതാണ്.

ജീവിതരീതിയിൽ മാറ്റം വരുത്തുവാൻ ശ്രമിക്കുക

ആഡംബരങ്ങൾക്കും, ചില ശീലങ്ങൾക്കും വേണ്ടി കണക്കില്ലാതെ പണം ചെലവഴിക്കുന്നവരാണ് നിങ്ങളെങ്കിൽ അങ്ങനെയുള്ള ശീലങ്ങളിൽ വ്യത്യാസം വരുത്തി ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കുക. ഉദാഹരണത്തിന് എല്ലാ ആഴ്ചയും കുടുംബവുമായി സിനിമ കാണാൻ പോകുന്നതാണ് നിങ്ങളുടെ ശീലമെങ്കിൽ എല്ലാ ആഴ്ചയും പോകുന്നതിനു പകരം സിനിമ കാണുന്ന ശീലം മാസത്തിൽ ഒന്നായി ക്രമീകരിക്കുക. മറ്റൊരുദാഹരണം എടുത്താൽ ഒരേ സമയം ഒന്നിൽ കൂടുതൽ ഓ ടി ടി പ്ലാറ്റ്ഫോമിൽ സബ്സ്ക്രിപ്ഷൻ എടുത്തിട്ടുള്ളവരാണ് നിങ്ങളെങ്കിൽ ഒരേ സമയം ഒ ടി ടി സബ്സ്ക്രിപ്ഷൻ ഒന്നായി മാത്രം ചുരുക്കുവാൻ ശ്രമിക്കുക.

പണം ചെലവഴിക്കുന്ന രീതിയിൽ കൊണ്ടുവരുന്ന ഇങ്ങനെയുള്ള ചെറിയ മാറ്റങ്ങളിലൂടെ കാര്യമായ നേട്ടം തന്നെ സൃഷ്ടിക്കാൻ നിങ്ങൾക്ക് സാധിക്കും.

വെല്ലുവിളികൾ ഏറ്റെടുക്കുവാൻ തയ്യാറാവുക

സാമ്പത്തികപരമായ കാര്യങ്ങളിൽ ഉയർച്ച നേടുവാനായി വെല്ലുവിളികൾ ഏറ്റെടുക്കുവാൻ നിങ്ങൾ തയ്യാറാവുക. നിങ്ങൾക്ക് ചുറ്റും സ്വയം സൃഷ്ടിച്ചിരിക്കുന്ന അതിരുകൾ ഭേദിച്ച് പ്രവർത്തിക്കുവാൻ ശ്രമിക്കുമ്പോൾ തീർച്ചയായും നിങ്ങൾക്ക് വിജയം കൈവരിക്കുവാൻ സാധിക്കും.

be-ready-to-take-challenges

വെല്ലുവിളികളായി മാറുന്ന കാര്യങ്ങൾ നേടിയെടുക്കാനുള്ള പ്രാപ്തിയുള്ളവരാണ് മനുഷ്യൻ. ഒരു കൂട്ടായ്മ എന്ന രീതിയിൽ പ്രവർത്തിക്കുമ്പോൾ ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാൾ മികച്ച രീതിയിൽ ലക്ഷ്യങ്ങൾ കൈവരിക്കുവാൻ വ്യക്തികൾക്ക് സാധിക്കുന്നതാണ്. ഉദാഹരണത്തിന് ഒരു കൂട്ടായ്മ സൃഷ്ടിച്ച് ആ കൂട്ടായ്മയിലുള്ള എല്ലാവരും തന്നെ ഒരു വർഷത്തിനുശേഷം ഒരു നിശ്ചിത തുക ഒരു നിശ്ചിത കാലയളവിനുള്ളിൽ നിക്ഷേപിക്കും എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുവാൻ ശ്രമിക്കുക. ഇത്തരത്തിൽ ഒരു കൂട്ടായ്മയായി പ്രവർത്തിക്കുമ്പോൾ ആ കൂട്ടായ്മയുടെ ഭാഗമായ എല്ലാവരും തന്നെ പരസ്പരം പ്രോത്സാഹനം നൽകുകയും ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ ആത്മാർത്ഥമായ ശ്രമം നടത്തുകയും ചെയ്യും.

ലക്ഷ്യങ്ങളിൽ നിന്ന് പിന്മാറാതിരിക്കുക

സാമ്പത്തിക ലക്ഷ്യങ്ങൾ നേടുവാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സമയത്ത് പല ബുദ്ധിമുട്ടുകളും നമുക്ക് നേരിടേണ്ടി വന്നേക്കാം. നാം വിചാരിച്ച രീതിയിൽ കാര്യങ്ങൾ സംഭവിക്കാതിരിക്കുമ്പോഴും ലക്ഷ്യങ്ങളിൽ നിന്ന് പിന്മാറാതെ ആത്മവിശ്വാസത്തോടെ പ്രയത്നിക്കുന്നവരാണ് ജീവിതത്തിൽ സാമ്പത്തികമായ ഉയർച്ച കൈവരിക്കുന്നത്.

സാമ്പത്തിക അച്ചടക്കമുള്ള ഒരു ജീവിതരീതി കൈവരിക്കുന്നതിന് മാസങ്ങളോ വർഷങ്ങളോ എടുക്കുമെങ്കിലും അതിനായി നിരന്തരം കഠിനാധ്വാനം ചെയ്യുവാനുള്ള മനസ്സുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ മികച്ച സാമ്പത്തിക സ്ഥിതിയിൽ എത്തുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നിങ്ങൾക്കു എത്ര ബാങ്ക് അക്കൗണ്ടുകൾ വേണം

നിങ്ങൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകളുണ്ട് ? നിങ്ങളുടെ സാമ്പത്തികം നിയന്ത്രിക്കാൻ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളതിനെക്കുറിച്ച്…

എൽ ഐ സിയിലെ നിക്ഷേപം, മ്യൂച്വൽ ഫണ്ട് നിക്ഷേപം ഏതാണ് ഏറ്റവും സുരക്ഷിതം

ഇന്നത്തെ കാലത്ത് നിക്ഷേപിക്കുക എന്നത് സുരക്ഷിതമായ ഭാവി ജീവിതത്തിന് അനിവാര്യമായ ഒന്നാണ് എന്ന് തിരിച്ചറിയുന്നവരാണ് ഭൂരിഭാഗം…

ഏക വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിക്കുന്നവർക്കായി 8 ടിപ്പുകൾ

പരിമിതമായ വരുമാനത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവരാണോ നിങ്ങൾ. ഏക വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരിൽ…

ഡിജിറ്റൽ പണമിടപാടുകൾ സുതാര്യമാക്കുവാൻ റിസർവ് ബാങ്കിന്റെ  ഇ-റുപ്പി സംവിധാനം

ഇന്ത്യൻ ഗവൺമെന്റ്, ആർ ബി ഐ, നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ…