how-to-invest-in-mutual-fund

Sharing is caring!

സാധാരണക്കാരായ വ്യക്തികൾക്ക് സാമ്പത്തികമായ ഉയർച്ചയും സുരക്ഷിതത്വവും കൈവരിക്കുവാനുള്ള സഹായഹസ്തമായി മ്യൂച്വൽ ഫണ്ടുകളെ കണക്കാക്കാവുന്നതാണ്. സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു ഭാവി ജീവിതത്തിനായി നിങ്ങൾ കൈകൊള്ളുന്ന ഏറ്റവും മികച്ച തീരുമാനമായിരിക്കാം മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ടത് എങ്ങനെയാണെന്നും നിക്ഷേപം നടത്തുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും പരിശോധിക്കാം. 

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ മനസ്സിലാക്കി നിക്ഷേപിക്കുക

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ തിരിച്ചറിയുക. നിങ്ങൾക്ക് നേടാനുള്ള ലക്ഷ്യങ്ങളെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. വ്യക്തമായ കാഴ്ചപ്പാടാണ് നിക്ഷേപവുമായി ബന്ധപ്പെട്ട് ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നത്. റിട്ടയർമെൻറ് ജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം, സ്വന്തമായൊരു ഭവനം തുടങ്ങി ഏത് ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെന്ന് സ്വയം ചോദിക്കുക.

secrets-for-wealth

നിങ്ങളുടെ നിക്ഷേപ തന്ത്രങ്ങൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി ചേർന്നു പോകുന്നതായിരിക്കണം. ഉദാഹരണത്തിന് റിട്ടയർമെന്റ് മുന്നിൽ കണ്ടാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കുക എന്ന ലക്ഷ്യമായിരിക്കണം നിങ്ങൾ പിന്തുടരേണ്ടത്. ഒരു അവധിക്കാല യാത്ര പോലെ ചെറിയ കാലയളവിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾക്ക് വേണ്ടി നിക്ഷേപിക്കുമ്പോൾ നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തിന് കാര്യമായ പ്രാധാന്യം നൽകുക.

റിസ്ക് എടുക്കുവാനുള്ള ശേഷി തിരിച്ചറിയുക

വിപണിയിൽ സംഭവിക്കുന്ന ഉയർച്ചതാഴ്ച്ചകൾ നിങ്ങൾക്ക് എത്രത്തോളം തരണം ചെയ്യുവാനാകും എന്നതിൻ്റെ സൂചനയാണ് നിങ്ങളുടെ റിസ്ക് എടുക്കുവാനുള്ള ശേഷി. 

തീരെ റിസ്ക്കെടുക്കുവാൻ സാധിക്കാത്ത നിലയിലുള്ള സാമ്പത്തിക സാഹചര്യമാണ് നിങ്ങളുടേതെങ്കിൽ വളരെ യാഥാസ്ഥിതികമായ നിക്ഷേപരീതി പിന്തുടരുക. മറിച്ച് ഉയർന്ന റിസ്ക് എടുക്കുവാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ കൂടുതൽ റിസ്ക്കുള്ള ഉയർന്ന നേട്ടം നൽകാനാവുന്ന നിക്ഷേപ മാർഗങ്ങളെ ആശ്രയിക്കാവുന്നതാണ്.

നിക്ഷേപം തുടരേണ്ട കാലാവധി

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ അടിസ്ഥാനപ്പെടുത്തി എത്ര കാലം നിക്ഷേപം തുടരേണ്ടതുണ്ട് എന്ന് കണ്ടെത്തുക. ഉദാഹരണത്തിന് നിങ്ങൾ ഇരുപതുകളുടെ തുടക്കത്തിലാണ് റിട്ടയർമെൻ്റിനായി നിക്ഷേപിക്കുവാൻ തുടങ്ങുന്നതെങ്കിൽ മാസം തോറും വളരെ കുറച്ചു തുക മാത്രമേ ആവശ്യമായി വരികയുള്ളൂ. റിട്ടയർമെന്റ് അടുക്കുമ്പോഴാണ് നിങ്ങൾ റിട്ടയർമെൻ്റിന് വേണ്ടി നിക്ഷേപിക്കുവാൻ തുടങ്ങുന്നതെങ്കിൽ വളരെ വലിയ തുക തന്നെ അതിലേക്കായി മാറ്റിവയ്ക്കേണ്ടി വരുന്നു. 

അറിവ് നേടുക

നിക്ഷേപവുമായി ബന്ധപ്പെട്ട് അറിവുകൾ നേടുവാനും പഠനങ്ങൾ നടത്തി മികച്ച ഫണ്ടുകൾ കണ്ടെത്തുവാനും ശ്രമിക്കുക. മ്യൂച്വൽ ഫണ്ടുകളുടെ മുൻകാലങ്ങളിലെ പ്രകടനം, ഫീസ്, ഫണ്ട് മാനേജർമാരുടെ ട്രാക്ക് റെക്കോർഡ് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുക. 

earn-knowledge

മേൽപ്പറഞ്ഞ വിവരങ്ങൾ അറിയുവാനായി മ്യൂച്വൽ ഫണ്ട് കമ്പനികളുടെ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടാതെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾ വായിക്കുവാൻ സമയം കണ്ടെത്തുക.

അനുയോജ്യമായ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുക

വിപണിയിൽ ലഭ്യമായ അനേകം മ്യൂച്വൽ ഫണ്ടുകളിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളേയും റിസ്ക് എടുക്കുവാനുള്ള ശേഷിയേയും പരിഗണിച്ചാണ് ഫണ്ട് തിരഞ്ഞെടുക്കേണ്ടത്.

ഉദാഹരണത്തിന് നീണ്ട കാലയളവിലേക്ക് ഉയർന്ന റിസ്കും കൂടുതൽ നേട്ടവും മുന്നിൽക്കണ്ട് നിക്ഷേപിക്കുന്നവർക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഓഹരികളെ കേന്ദ്രീകരിച്ചുള്ള ഫണ്ടുകളിൽ ഉയർന്ന വളർച്ചയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

മറ്റൊരുദാഹരണമാണ് ഫിക്സഡ് ഇൻകം ഫണ്ട്സ് അഥവാ നിശ്ചിതമായ നേട്ടം നൽകുന്ന ഫണ്ടുകൾ. ഇവിടെ സ്ഥിരവരുമാനം ലക്ഷ്യംവെച്ചു കൊണ്ട് ബോണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത്. ഹ്രസ്വകാലയളവിലേക്കാണ് നിങ്ങൾ നിക്ഷേപം നടത്തുന്നതെങ്കിൽ താരതമ്യേന റിസ്ക് കുറവുള്ള ബോണ്ടുകളിൽ നിക്ഷേപം നടത്തുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

അക്കൗണ്ട് തുടങ്ങുക

നിങ്ങളുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഫണ്ട് കണ്ടെത്തിയതിന് ശേഷം ആ ഫണ്ടിൽ നിക്ഷേപം നടത്തുക എന്നതാണ് അടുത്ത ചുവടുവെപ്പ്. ഒരു ബ്രോക്കറേജ് അക്കൗണ്ട് ആരംഭിക്കുന്നതിലൂടെ മ്യൂച്വൽ ഫണ്ട് കമ്പനികളിൽ നിന്ന് നേരിട്ട്  മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങാവുന്നതാണ്. അല്ലെങ്കിൽ ഒരു ഫൈനാൻഷ്യൽ അഡ്വൈസറെ സമീപിക്കുന്നത് വഴിയും നിങ്ങൾക്ക് നിക്ഷേപം നടത്താവുന്നതാണ്. 

ബ്രോക്കറേജ് അക്കൗണ്ട് ആരംഭിക്കുവാനായി നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ലഭ്യമാണ്. ശേഷം ആവശ്യമായ  തുക നിക്ഷേപിച്ചു കഴിഞ്ഞ് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുവാനായി ഓർഡർ നൽകാവുന്നതാണ്.

ഓൺലൈനായി നിക്ഷേപിക്കുവാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ മ്യൂച്വൽ ഫണ്ട് കമ്പനിയിൽ നേരിട്ട് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. അതിനുവേണ്ടി നിക്ഷേപിക്കുന്ന വ്യക്തിയുടെ വിവരങ്ങളും നിക്ഷേപിക്കുവാൻ ഉദ്ദേശിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും മൂച്വൽ ഫണ്ട് കമ്പനിക്ക് നൽകേണ്ടതായിട്ടുണ്ട്.

നിക്ഷേപം നടത്തുക

എത്ര തുകയാണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടത് എന്ന് തീരുമാനിക്കുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുവാനുള്ള പ്രധാനപ്പെട്ട തീരുമാനമാണിത്. 

എത്ര തുകയാണ് നിക്ഷേപിക്കേണ്ടത് എന്ന് തീരുമാനിച്ചതിനു ശേഷം നിക്ഷേപിക്കുവാനായി ലംപ്സം   മാതൃകയോ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ് ഐ പി മാതൃകയോ പിന്തുടരാവുന്നതാണ്.

start-investing

ലംപ്സം മാതൃക എന്നാൽ ഒറ്റത്തവണയായി ഒരു വലിയ തുക നിക്ഷേപിക്കുക എന്നതാണ്. കൂടുതൽ തുക കൈവശമുള്ളവർക്ക് പിന്തുടരാവുന്ന രീതിയാണിത്.

ഒരുമാസം, രണ്ടുമാസം കൂടുമ്പോൾ അല്ലെങ്കിൽ മൂന്നു മാസത്തിൽ ഒരിക്കൽ എന്നിങ്ങനെ നിശ്ചിതമായ ഇടവേളകളിൽ തുടർച്ചയായി നിക്ഷേപം നടത്തുന്ന രീതിയാണ് എസ് ഐ പി എന്നത്. വളരെ അച്ചടക്കം ആവശ്യമുള്ള നീണ്ടകാലയളവിലേക്കുള്ള നിക്ഷേപ രീതിയാണിത്.

നിക്ഷേപം തുടർച്ചയായി വിലയിരുത്തുക

നിങ്ങൾ നിക്ഷേപം നടത്തിയ മ്യൂച്വൽ ഫണ്ടിന്റെ പ്രകടനം തുടർച്ചയായി വിലയിരുത്തുക. എത്രത്തോളം നേട്ടം ലഭിച്ചു എന്ന് മനസ്സിലാക്കുവാനും അനിവാര്യമായ മാറ്റങ്ങൾ വരുത്തുവാനും തയ്യാറാവുക. മ്യൂച്വൽ ഫണ്ടിന്റെ പ്രകടനം മോശമാണെങ്കിൽ മറ്റൊരു ഫണ്ടിലേക്ക് നിക്ഷേപം മാറ്റുന്നത് പരിഗണിക്കാവുന്നതാണ്. എന്നാൽ മ്യൂച്വൽ ഫണ്ട് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിൽ നിക്ഷേപത്തിൽ നിന്നുള്ള നേട്ടം പുനർനിക്ഷേപം നടത്താവുന്നതാണ്.

നിക്ഷേപം വൈവിധ്യവൽക്കരിക്കുക

വൈവിധ്യവൽക്കരണം നിങ്ങളുടെ നിക്ഷേപ തന്ത്രത്തിന്റെ ഭാഗമാക്കുക.  വ്യത്യസ്ത സ്വഭാവമുള്ള ആസ്തികളിലേക്ക് നിങ്ങളുടെ നിക്ഷേപം വ്യാപിപ്പിക്കുന്നത് വഴി നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്കിന്റെ അളവ് കുറയ്ക്കുവാൻ സാധിക്കുന്നതാണ്. കൂടാതെ വിപണിയിൽ കയറ്റിറക്കങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ പോലും വൈവിധ്യവൽക്കരണത്തിലൂടെ നിങ്ങളുടെ നിക്ഷേപത്തിന്റെ ആകെ മൂല്യം കുറയാതെ നിലനിർത്തുവാൻ സാധിക്കുന്നതാണ്.

വിപണി തുടർച്ചയായി നിരീക്ഷിക്കുക

ഒരു നല്ല നിക്ഷേപകൻ വിപണിയിലെ ട്രെൻഡുകളെ കുറിച്ച് അറിഞ്ഞിരിക്കണം. ഈ അറിവുണ്ടെങ്കിൽ മാത്രമേ നിക്ഷേപവുമായി ബന്ധപ്പെട്ട ശരിയായ തീരുമാനങ്ങളെടുക്കുവാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ.

ഉദാഹരണത്തിന് നിങ്ങൾ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഓഹരികളിലാണ് നിക്ഷേപം നടത്തിയത് എന്ന് കരുതുക. വിപണിയെ തുടർച്ചയായി നിരീക്ഷിക്കുന്നത് വഴി നിങ്ങൾ നിക്ഷേപിച്ച മേഖലയിലെ ഓഹരികൾ മികച്ച പ്രകടനമാണ് നടത്തുന്നത് എന്ന് ഉറപ്പുവരുത്തുവാൻ  നിങ്ങൾക്ക് സാധിക്കും.

വിപണിയിലെ സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നവർക്ക് വിപണിയിൽ കടന്നുവരുന്ന മികച്ച അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുവാനാകും. അതുപോലെ തന്നെ വിപണിയിലെ മാറ്റങ്ങൾ തിരിച്ചറിയാനായില്ലെങ്കിൽ മികച്ച സാധ്യതകൾ ഉപയോഗപ്പെടുത്തുവാൻ സാധിക്കാതെ വരികയും നിക്ഷേപത്തിൽ നഷ്ടം ഉണ്ടാവുകയും ചെയ്യും.

ചെലവുകൾ തിരിച്ചറിയുക

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുമ്പോൾ നിക്ഷേപവുമായി ബന്ധപ്പെട്ട ചെലവുകൾ എന്തെല്ലാമാണെന്ന് തിരിച്ചറിയുവാൻ ശ്രമിക്കുക. കാരണം ഈ തുക നിങ്ങൾക്ക് ലഭിക്കേണ്ട ലാഭത്തെ നേരിട്ട് സ്വാധീനിക്കുന്ന ഘടകമാണ്.

നിക്ഷേപകരിൽ നിന്നും ഈടാക്കുന്ന ഫീസിനെ എക്സ്പെൻസ് റേഷ്യോ എന്ന രീതിയിലാണ് സൂചിപ്പിക്കുന്നത്.  ഒരു ഫണ്ടിന്റെ ഭാഗമായ ആകെ ആസ്തിയുടെ നിശ്ചിത ശതമാനം എന്ന നിലയിലാണ് ഈ ഫീസ് ഈടാക്കുന്നത്. അതായത് എക്സ്പെൻസ് റേഷ്യോ കുറഞ്ഞിരുന്നാൽ നിക്ഷേപകർക്ക് കൂടുതൽ നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ട്.

സംഗ്രഹം

മ്യൂച്വൽ ഫണ്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് റിസ്ക് നിലനിൽക്കുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും മാറി നിൽക്കാതെ ഈ നിക്ഷേപ മാർഗം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ആവശ്യമെങ്കിൽ വിദഗ്ധരുടെ പക്കൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കുവാൻ മടിക്കരുത്. വിദഗ്ധരുടെ ഉപദേശങ്ങൾ മികച്ച തീരുമാനങ്ങളിൽ എത്തുവാൻ നമ്മെ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഏത് തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും സുരക്ഷിതം

സാമ്പത്തിക ലക്ഷ്യങ്ങൾ നേടുവാൻ ധാരാളം വ്യക്തികളെ സഹായിക്കുന്ന ഏറ്റവും ജനകീയമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ.…

എസ് ഐ പിയും മ്യൂച്വൽ ഫണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്

പല വ്യക്തികളും എസ് ഐ പി, മ്യൂച്വൽ ഫണ്ട് എന്നിവ ഒന്നു തന്നെയാണ് എന്ന് തെറ്റിദ്ധാരണയുള്ളവരാണ്.…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള നേട്ടവും എക്സ്പെൻസ് റേഷ്യോയും തമ്മിലുള്ള ബന്ധം എന്താണ്

വ്യത്യസ്ത തരത്തിലുള്ള ആസ്തികളിൽ ഒരേ സമയം നിക്ഷേപിച്ചുകൊണ്ട് വൈവിധ്യമാർന്ന ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താല്പര്യമുള്ള…

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ മാസം തോറും വരുമാനം നേടുന്നത് എങ്ങനെയാണ്

നിക്ഷേപത്തിലെ വൈവിധ്യവൽക്കരണം, നിക്ഷേപം കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണൽ സഹായം, വളരെ വേഗം പണമാക്കി മാറ്റുവാൻ കഴിയുന്നു,…