how to manage your wealth

Sharing is caring!

സമ്പത്ത് കൃത്യമായി കൈകാര്യം ചെയ്യുവാൻ അറിയാത്ത വ്യക്തിയെ സംബന്ധിച്ച് അദ്ദേഹത്തിന് ലഭിക്കുന്ന വരുമാനം കണ്ണുനീർത്തുള്ളികൾ പോലെയും ചെലവുകൾ വിയർപ്പ് തുള്ളികൾ പോലെയും ആയിരിക്കും.

അതായത് കണ്ണിൽ നിന്ന് മാത്രം വീഴുന്ന കണ്ണുനീർത്തുള്ളികൾ പോലെ പരിമിതമായിരിക്കും ലഭിക്കുന്ന വരുമാനം പക്ഷേ ശരീരമാസകലം വിയർക്കുന്നത് പോലെ ചെലവുകൾ നിയന്ത്രണമില്ലാതെ തുടരുകയും ചെയ്യും. 

സമ്പന്നനായിരിക്കുക എന്നത് ആരുടെയും കുത്തകയോ അവകാശമോ അല്ല കുറുക്കുവഴികളില്ലാതെ വളരെ കഠിനമായ പരിശ്രമത്തിലൂടെ മാത്രം എത്തിച്ചേരാൻ ആവുന്ന അവസ്ഥയാണത്. സമ്പന്നരായ വ്യക്തികളുടെ ജീവിതത്തെ ആശ്ചര്യത്തോടെ നോക്കുന്നവർ പോലും, ആ അവസ്ഥയിൽ അവർ എത്തിച്ചേരുവാനായി പിന്നിട്ട വഴികളെക്കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കാറില്ല. 

സാധാരണക്കാരനായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഏതൊരു വ്യക്തിക്കും മനസ്സുവെച്ചാൽ സമ്പന്നനായി മാറുവാൻ കഴിയും. അതിനായി സമ്പന്നരായ വ്യക്തികൾ എങ്ങനെയാണ് സമ്പത്ത് സൃഷ്ടിച്ചത് എന്നും ആ സമ്പത്ത് എങ്ങനെയാണ് അവർ കൈകാര്യം ചെയ്യുന്നതെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. 

സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ കൃത്യമായ പരിശീലനത്തിലൂടെ ആർജ്ജിച്ചെടുക്കേണ്ട കഴിവ് തന്നെയാണ് സമ്പത്ത് കൃത്യമായി കൈകാര്യം ചെയ്യുക എന്നത്. സാമ്പത്തികമായ കാര്യങ്ങളിൽ ആവശ്യമുള്ള അറിവുകൾ നേടുകയും പ്രായോഗിക തലത്തിൽ അവ പ്രയോഗിക്കുവാൻ ശ്രമിക്കുകയും വേണം. 

സാമ്പത്തികമായ ഉയർച്ചയ്ക്ക് ഏറ്റവും പ്രാഥമികമായി ആവശ്യമുള്ള കാര്യമാണ് സാമ്പത്തികമായ അച്ചടക്കം പാലിക്കുക എന്നത്. സാമ്പത്തിക അച്ചടക്കം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ആകെയുള്ള അച്ചടക്കത്തിന്റെ ഒരു സൂചന തന്നെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ സാമ്പത്തികമായ അച്ചടക്കം ഏതെല്ലാം വിധത്തിൽ പ്രാവർത്തികമാക്കാം എന്ന് പരിശോധിക്കാം.

സ്വന്തമായി ബഡ്ജറ്റ് തയ്യാറാക്കുക

image to represent budgeting

ആദ്യമായി ഒരു വ്യക്തി തന്റെ വരവുചെലവുകളെ പരിഗണിച്ചുകൊണ്ട് ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ തീർച്ചയായും അതിൽ തെറ്റ് സംഭവിക്കാൻ ഇടയുണ്ട്. ചില അവസരങ്ങളിൽ വിചാരിച്ചതിനേക്കാൾ ചെലവുകളിൽ വർദ്ധന സംഭവിക്കാം അല്ലെങ്കിൽ പ്രതീക്ഷിച്ച വരുമാനത്തിൽ കുറവും സംഭവിക്കാം. 

ഇങ്ങനെയുള്ള പ്രശ്നങ്ങൾ തുടക്കത്തിൽ സംഭവിച്ചാലും ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി വരവ് ചെലവ് കണക്ക് കൃത്യമായി തയ്യാറാക്കുവാൻ ശ്രമിക്കുക. കുറച്ചു മാസങ്ങൾക്ക് ശേഷം ജീവിതത്തിന്റെ സാമ്പത്തികപരമായ കാര്യങ്ങൾ ഉൾപ്പെടുത്തി കൃത്യമായ ഒരു ബഡ്ജറ്റ് നിർമിക്കുവാൻ ഏതൊരു വ്യക്തിക്കും സാധിക്കും. 

ഗവൺമെന്റുകൾ പോലും സാമ്പത്തികപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും തീരുമാനങ്ങൾ കൈക്കൊള്ളുന്നതും ബഡ്ജറ്റുകൾ നിർമ്മിച്ചുകൊണ്ടാണ്. അങ്ങനെയുള്ളപ്പോൾ ഒരു വ്യക്തി തന്റെ ജീവിതത്തിന്റെ സാമ്പത്തികപരമായ കാര്യങ്ങളെ മുൻനിർത്തി ബഡ്ജറ്റ് തയ്യാറാക്കാത്തത് ഒരു പരാജയമായി തന്നെ കണക്കാക്കേണ്ടി വരും. 

വ്യക്തികൾ ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ മാസം തോറുമുള്ള വരവുചെലവുകളെ പരിഗണിച്ചുകൊണ്ട് മാസ ബഡ്ജറ്റും, ഒരു വർഷത്തെ ആകെ പരിഗണിച്ചുകൊണ്ട് വാർഷിക ബഡ്ജറ്റും തയ്യാറാക്കുവാൻ ശ്രമിക്കേണ്ടതാണ്. നമ്മുടെ വ്യക്തി ജീവിതത്തിൽ മാസം തോറും കൃത്യമായി തുടർന്നു കൊണ്ടിരിക്കുന്ന വരവ് ചെലവുകളും വർഷത്തിൽ ഒരുതവണ എന്ന രീതിയിൽ തുടർന്നു കൊണ്ടിരിക്കുന്ന ചെലവുകളും ഉണ്ടായിരിക്കാം. 

അതുകൊണ്ടു തന്നെ മാസ ബഡ്ജറ്റും വാർഷിക ബഡ്ജറ്റും കൃത്യമായി തയ്യാറാക്കേണ്ടത് അനിവാര്യമാണ്. ബഡ്ജറ്റ് നോട്ടുബുക്കിൽ എഴുതി തയ്യാറാക്കുകയോ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് എക്സൽ ഷീറ്റിലോ തയ്യാറാക്കാവുന്നതാണ്. സമ്പന്നനാകാനുള്ള ആദ്യത്തെ ചുവടുവെപ്പായി വ്യക്തിപരമായ ബഡ്ജറ്റിനെ പരിഗണിച്ചുകൊണ്ട് കൃത്യമായി അത് പാലിക്കുവാൻ ശ്രമിക്കേണ്ടതും അനിവാര്യമാണ്.

ദിവസേനയുള്ള വരവുചെലവ് കണക്കുകൾ രേഖപ്പെടുത്തുക

ദിവസേനയുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തിയാൽ മാത്രമേ എല്ലാ മാസവും ബഡ്ജറ്റ് തയ്യാറാക്കുവാൻ സാധിക്കുകയുള്ളൂ. നമ്മുടെ വരവ് ചിലവ് കണക്കുകളെ കുറിച്ച് കൃത്യമായി ധാരണ ലഭിക്കണമെങ്കിൽ ദിവസേനയുള്ള കാര്യങ്ങൾ കുറിച്ച് വയ്ക്കേണ്ടത് അത്യാവശ്യമാണ്. 

ഒരു പെൻസിലും നോട്ടുബുക്കും ദിവസേനയുള്ള കണക്കുകൾ രേഖപ്പെടുത്തുവാനായി മാറ്റിവയ്ക്കുക. ജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും ചെറിയ ചെലവുകൾ പോലും നോട്ടുബുക്കിൽ രേഖപ്പെടുത്താൻ ശ്രമിക്കുക. എല്ലാ ദിവസവും ജോലിക്കും, ജീവിതത്തിലെ തിരക്കുകൾക്കും ശേഷം നിത്യനിദാന ചെലവുകൾ രേഖപ്പെടുത്തുന്നത് ഒരു ശീലമാക്കുക. 

അങ്ങനെയുള്ള ഒരു ശീലം വളർത്തി എടുത്താൽ മാത്രമേ സ്വന്തം സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ധാരണ ഉണ്ടാവുകയുള്ളൂ.  ഒരു മികച്ച ബഡ്ജറ്റ് തയ്യാറാക്കുന്നതിന് അടിസ്ഥാനമാക്കേണ്ടത് നിത്യേനയുള്ള വരവുചെലവുകളുടെ കണക്കുകളാണ്. മേഖലകൾ തിരിച്ചു ചെലവുകളും വരുമാനവും മനസ്സിലാക്കുവാനും ഏതു രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും തിരിച്ചറിയണമെങ്കിൽ വരവ് ചെലവുകൾ തയ്യാറാക്കുന്നതിലൂടെ മാത്രമേ സാധിക്കു. 

സ്വന്തം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മനസ്സിലാക്കുവാൻ പലർക്കും സാധിക്കാതെ വരുന്നത് അവരുടെ വരവുചെലവുകളെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാലാണ്. സ്വന്തം സാമ്പത്തിക അവസ്ഥയെക്കുറിച്ച് വ്യക്തമായ തിരിച്ചറിവില്ലാതെ സാമ്പത്തികപരമായ അച്ചടക്കം പാലിക്കാതെ പല കാര്യങ്ങൾക്കായി ലോണുകളെ ആശ്രയിച്ചുകൊണ്ട് മുന്നോട്ടു പോകുന്നവരാണ് അവ തിരിച്ചടയ്ക്കാൻ സാധിക്കാതെ സാമ്പത്തികപരമായ ഞെരുക്കം അനുഭവിക്കുന്നത്. 

image to represent income and expense categorisation.

വരവ് ചെലവ് കണക്കുകളെ വർഗ്ഗീകരിക്കുക

കരണ്ട് ബില്ല്, വാട്ടർ ബില്ല്, കേബിൾ ടിവിയുടെ ബില്ല്, ഇങ്ങനെ എല്ലാ മാസവും തുടർന്നുകൊണ്ടിരിക്കുന്ന ചെലവുകളൾ മാസം തോറുമുള്ള  ചെലവുകൾ എന്ന രീതിയിൽ രേഖപ്പെടുത്തുക. 

പച്ചക്കറി, പലവ്യഞ്ജനങ്ങൾ തുടങ്ങി എല്ലാ മാസവും വ്യത്യാസപ്പെടുന്ന ചെലവുകൾ വേറെ വിഭാഗമായി പരിഗണിക്കുക.  നിത്യനിധാന ചെലവുകൾ, മരുന്നിനും ആരോഗ്യപരമായ കാര്യങ്ങൾക്കുള്ള ചെലവുകൾ, മാസംതോറുമുള്ള ചെലവുകൾ, എന്ന രീതിയിൽ എല്ലാ ചെലവുകളെയും വർഗ്ഗീകരിച്ചുകൊണ്ട് രേഖപ്പെടുത്തുക. 

ഈ രീതിയിൽ ചെലവുകൾ വർഗ്ഗീകരിച്ചതിന് ശേഷം ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ ഏതെല്ലാം മേഖലയിലാണ് കൂടുതൽ ചെലവുകൾ സംഭവിക്കുന്നത് എന്നും ആവശ്യമുള്ള മാറ്റങ്ങൾ എവിടെയെല്ലാമാണ് വരുത്തേണ്ടത് എന്നും കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. 

ഓരോ മേഖലയിലും ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ചെലവ് കൃത്യമായി അളക്കുവാൻ ഇത്തരത്തിലുള്ള വർഗ്ഗീകരണം സഹായിക്കുന്നതിനോടൊപ്പം തന്നെ ഒരു വ്യക്തിയുടെ ബഡ്ജറ്റ് അർത്ഥപൂർണ്ണമാക്കുന്നതിന് ചെലവുകൾ വർഗ്ഗീകരിക്കേണ്ടത് അനിവാര്യമാണ്. 

വികാരങ്ങളെ നിയന്ത്രിക്കുക

image to represent over spending

മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി പാലിക്കുന്ന വ്യക്തികൾ പോലും സമ്പത്ത് സൃഷ്ടിക്കുന്ന യാത്രയിൽ പരാജയപ്പെടുന്നതിന്റെ പ്രധാനപ്പെട്ട കാരണം അവർ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ്. അനാവശ്യ വികാരങ്ങളെ നിയന്ത്രിക്കുക എന്നതും സമ്പത്ത് സൃഷ്ടിക്കാനുള്ള ശീലങ്ങളിൽ പ്രധാനപ്പെട്ടതാണ്. 

ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെലവുകളെ ഒഴിവാക്കാൻ സാധിക്കാത്ത അത്യാവശ്യ ചെലവുകളെന്നും, അത്യാവശ്യമല്ലാത്ത മാറ്റിവയ്ക്കാനാകുന്ന ചെലവുകളെന്നും വേർതിരിക്കാനാവും. ഉദാഹരണത്തിന് ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയ ചെലവുകൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്തതാണ് എന്നാൽ പുതിയ ഫോൺ, കാർ തുടങ്ങിയ ഉപഭോഗ വസ്തുക്കൾ സ്വന്തമാക്കുന്നത് വ്യക്തിപരമായ സാമ്പത്തിക സ്ഥിതി പരിഗണിച്ചുകൊണ്ട് മാറ്റിവയ്ക്കാൻ സാധിക്കുന്ന കാര്യങ്ങളാണ്. 

സാമ്പത്തികപരമായ ഭദ്രത കൈവരിക്കുന്നതിന് മുൻപ് ആഡംബരത്തിനായി വരുത്തുന്ന അനാവശ്യ ചെലവുകൾ ഒഴിവാക്കുവാൻ വികാരങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. സമ്പന്നനായി ജീവിക്കുക എന്നതും സമ്പന്നൻ എന്ന രീതിയിൽ ജീവിക്കുക എന്നതും തീർത്തും വ്യത്യസ്തമായ കാര്യങ്ങളാണ്. 

മറ്റുള്ളവരെ കാണിക്കുവാനായി സ്വന്തം സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ അനാവശ്യ ചെലവുകൾ വരുത്തി വയ്ക്കുമ്പോൾ തന്റെ സാമ്പത്തിക ഭദ്രത സ്വയം തകർക്കുകയാണ് ഒരു വ്യക്തി ചെയ്യുന്നത്. അതാവട്ടെ ഒരു രീതിയിലും സമൂഹത്തിലെ മറ്റാരെയും ബാധിക്കുകയുമില്ല. 

മറ്റുള്ളവരുടെ ജീവിതരീതിയുമായി താരതമ്യം ചെയ്യാതെ സ്വന്തം സാമ്പത്തിക സ്ഥിതി മാത്രം പരിഗണിച്ചുകൊണ്ട് ജീവിക്കുവാനുള്ള മാനസികാവസ്ഥ കൈവരിക്കുക. നിലവിലെ സാഹചര്യത്തിൽ ഈ കോമേഴ്സ് വെബ്സൈറ്റുകളുടെ അതിപ്രസരവും, ക്രെഡിറ്റ് കാർഡുകളുടെ നിയന്ത്രണമില്ലാത്ത ഉപയോഗവും ഏതൊരു സാധാരണക്കാരനേയും അനാവശ്യമായ ചെലവുകളിൽ കൊണ്ടെത്തിക്കുന്നതായി കാണാൻ കഴിയും. 

ഒരു വസ്തുവിനെ കുറിച്ച് ചിന്തിക്കുന്ന മാത്രയിൽ തന്നെ കയ്യിൽ പണം ഇല്ലെങ്കിൽ പോലും അത് വാങ്ങുവാൻ സാധിക്കുന്ന അവസ്ഥയാണ് ഈ കോമേഴ്സ് സൈറ്റുകൾ സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ വ്യക്തികളും ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ചെലവുകൾ നടത്തിയതിന് ശേഷം സാമ്പത്തികമായ സ്ഥിതി പരിഗണിച്ചു മാത്രം മറ്റ് ആഗ്രഹങ്ങൾ നിറവേറ്റുക. 

ലോകപ്രശസ്ത നിക്ഷേപകനും ബിസിനസ്സുകാരനുമായ വാറൻ ബഫറ്റിന്റെ വാക്കുകൾ വളരെ പ്രസക്തമാണ്, “അനാവശ്യമായി സാധനങ്ങൾ വാങ്ങി കൂട്ടുകയാണെങ്കിൽ വൈകാതെ തന്നെ ജീവിതത്തിൽ അത്യാവശ്യമുള്ള സാധനങ്ങൾ വിൽക്കേണ്ടതായി വരും“. 

സാമ്പത്തികമായ ഭദ്രതയുടെ അടിത്തറ എന്നത് നാം  നമ്മുടെ ജീവിതത്തിൽ പാലിക്കേണ്ട ചില ശീലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിലനിൽക്കുന്നത് എന്ന സത്യം തിരിച്ചറിയാൻ നാം തയ്യാറാകണം. 

1 comment
  1. നല്ല കണ്ടെന്റ് ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മുപ്പതുകളിൽ ഒഴിവാക്കേണ്ട സാമ്പത്തികപരമായ അബദ്ധങ്ങൾ

സാധാരണക്കാരനായ ഒരു വ്യക്തിയ്ക്ക് തന്റെ മുപ്പത് വയസ്സിന് മുമ്പുള്ള ജീവിത കാലഘട്ടത്തിൽ ആവശ്യത്തിന് സമയവും ഏറെ…

സ്ത്രീ ശാക്തീകരണത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം

ഈ പുതുയുഗത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. നാമെല്ലാവരും ഈ വസ്തുത ഉൾക്കൊള്ളുകയും…

നിങ്ങൾക്കൊരു ഉപദേഷ്ടാവിന്റെ സേവനം ആവശ്യമുണ്ടോ

ഇന്നത്തെ കാലത്ത് സാങ്കേതികവിദ്യയുടെ വളർച്ചയുടെ ഫലമായി ഓഹരി വിപണി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് പദ്ധതികൾ, തുടങ്ങിയ…

പണത്തെക്കുറിച്ചുള്ള ചില യാഥാർത്ഥ്യങ്ങൾ കുട്ടികളെ പഠിപ്പിക്കുവാനായി ചെയ്യേണ്ട കാര്യങ്ങൾ

കുട്ടികളെ അവരുടെ ചെറിയ പ്രായത്തിൽ തന്നെ പണത്തെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ ജീവിതത്തിലുടനീളം…