teaching-children-money-management-lessons

Sharing is caring!

ഇന്നത്തെ കാലത്ത് കുട്ടികളെല്ലാം തന്നെ അക്കാദമികമായി മികച്ച നിലവാരം പുലർത്തുന്നവർ ആണെങ്കിലും തൊഴിലില്ലായ്മ നിരക്ക് വളരെ കൂടുതലാണെന്ന് കാണുവാൻ കഴിയും. പുസ്തകങ്ങളിൽ നിന്ന് നേടുന്ന അറിവുകൾക്ക് ഉപരിയായി പുതിയകാലത്തിന് ആവശ്യമായ വൈദഗ്‌ദ്ധ്യവും കാര്യക്ഷമതയും നേടുവാൻ പരാജയപ്പെടുന്നതാണ് ഉയർന്ന തൊഴിലില്ലായ്മയുടെ പ്രധാന കാരണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും, മാതാപിതാക്കളിൽ നിന്നും പ്രായോഗിക തലത്തിലുള്ള പല അറിവുകളും ലഭിക്കാത്തതിനാലാണ് പല കുട്ടികളും അർഹിക്കുന്ന തരത്തിലുള്ള വളർച്ച കൈവരിക്കാത്തത്. കുട്ടികളുടെ കഴിവുകൾ വര്‍ദ്ധിപ്പിക്കുവാനും, പ്രായോഗികതലത്തിൽ അവ ഉപയോഗപ്പെടുത്താനും, സാമ്പത്തിക സാക്ഷരത നൽകുവാനും, മണി മാനേജ്മെന്റ്  മനസ്സിലാക്കി കൊടുക്കുവാനും മാതാപിതാക്കൾ എന്ന രീതിയിൽ നമുക്ക് എന്തെല്ലാം ചെയ്യാനാകും എന്ന് വിശദമായി പരിശോധിക്കാം.

ഇന്നത്തെ കാലത്തെ കുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കൾക്ക് സംഭവിക്കുന്ന ഏറ്റവും വലിയ തെറ്റ് കുട്ടികൾ ആഗ്രഹിക്കുന്ന അവസരത്തിൽ തന്നെ അവരുടെ എത്ര വലിയ ആഗ്രഹങ്ങളും മാതാപിതാക്കൾ നടത്തിക്കൊടുക്കാൻ തയ്യാറാകുന്നു എന്നതാണ്. എന്താണ് പണമെന്നും, പണത്തിന്റെ യാഥാർത്ഥ മൂല്യം എന്താണെന്നും, പണം നേടുന്നതിന് ആവശ്യമായ അധ്വാനം എത്രത്തോളം ആണെന്നും, പണം കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നും, കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ മാതാപിതാക്കൾ തയ്യാറാകേണ്ടതുണ്ട്.

parents-fulfilling-children's-needs

മാതാപിതാക്കൾ എന്ന നിലയിൽ പ്രധാനമായും കുട്ടികൾക്ക് നൽകേണ്ടത് സ്വയം തിരിച്ചറിയുവാനും തന്റെ കഴിവുകൾ ഉപയോഗിച്ച് സ്വന്തം നിലയിൽ വളരുവാനുമുള്ള ഇടമാണ്. കുട്ടിക്കാലം മുതൽ തന്നെ അധ്വാനത്തിന്റെ വിലയും പണത്തിന്റെ മൂല്യവും മനസ്സിലാക്കുന്നതിനായി കുട്ടികളെ പാർടൈം ജോലികൾ ചെയ്യുവാൻ അനുവദിക്കേണ്ടതാണ്. എന്നാൽ നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ വൈറ്റ് കോളർ ജോലി മാത്രം ചെയ്യണമെന്ന് നിർബന്ധമുള്ളവരാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസം നേടുവാനായി  ഈ  കുട്ടികൾ തന്നെ വിദേശരാജ്യങ്ങളിൽ ചെല്ലുമ്പോൾ അവരുടെ ചെലവുകൾക്കായി പാർടൈം ജോലികളെ ആശ്രയിക്കുന്നു എന്നതാണ് വസ്തുത.

നമ്മുടെ കുട്ടികളുടെ നല്ല ജീവിതത്തിന് ആവശ്യമുള്ള സാമ്പത്തിക സാക്ഷരതയും വൈദഗ്‌ദ്ധ്യവും നേടാനായി മാതാപിതാക്കൾ എന്ന നിലയിൽ നമുക്ക് ചെയ്യാനാവുന്ന 10 കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ക്രാഫ്റ്റ് വർക്കുകൾ വിൽപ്പന നടത്തുക

കുട്ടികളുടെ കലാപരമായ കഴിവുകൾ ഉപയോഗിച്ച് അവർ നിർമ്മിക്കുന്ന ക്രാഫ്റ്റ് വർക്കുകൾ ഒരു ഹോബി എന്നതിലുപരിയായി അവർക്ക് സ്വന്തം നിലയിൽ പണം നേടുവാനുള്ള മാർഗ്ഗമാക്കി മാറ്റാവുന്നതാണ്. കുട്ടികളുടെ വ്യത്യസ്ത തരത്തിലുള്ള ക്രാഫ്റ്റ് വർക്കുകൾ ഓൺലൈനിൽ വിൽക്കുവാൻ സഹായിക്കുന്ന പലതരം പ്ലാറ്റ്ഫോമുകൾ ഇന്ന് ലഭ്യമാണ്.

സ്വന്തം കഴിവുകളിൽ നിന്നും വരുമാനം ഉണ്ടാക്കുവാൻ സാധിക്കും എന്ന ബോധ്യം കുട്ടികൾക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ ലഭ്യമാകുന്നത് വഴി സമ്പത്ത് സൃഷ്ടിക്കപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കുവാൻ അവർക്ക് അവസരം ലഭിക്കുന്നു.

മികച്ച വസ്ത്രങ്ങൾ കണ്ടെത്തി വ്യാപാരം ചെയ്യുക

കൗമാരക്കാരായ കുട്ടികളിൽ പലരും വളരെ മികച്ച രീതിയിൽ വസ്ത്രധാരണം നടത്തുന്നവരാണ്. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാനുള്ള കുട്ടികളുടെ ഈ കഴിവിനെ ചെറിയ രീതിയിലുള്ള വസ്ത്ര വ്യാപാരമാക്കി മാറ്റുവാൻ മാതാപിതാക്കളുടെ സഹായത്തോടുകൂടി ശ്രമിക്കാവുന്നതാണ്. 

children-recommends-dress-for-others

ബന്ധുക്കൾക്ക് വേണ്ടിയും കുടുംബ സുഹൃത്തുക്കൾക്ക് വേണ്ടിയും അവർക്ക് അനുയോജ്യമായ മികച്ച ഡിസൈനുള്ള വസ്ത്രങ്ങൾ ഓൺലൈൻ സൈറ്റുകളിലൂടെ  കണ്ടെത്തി അത് വാങ്ങി വിൽപ്പന നടത്തുന്നതിലൂടെ കുട്ടികൾക്ക് ചെറിയ ലാഭം കണ്ടെത്താവുന്നതാണ്. ഇത്തരം കച്ചവടങ്ങളിലൂടെ ഉയർന്ന ലാഭം നേടുന്നതിൽ ഉപരിയായി ഒരു ബിസിനസ്സ് പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് കുട്ടികൾ കൃത്യമായി മനസ്സിലാക്കുന്നു. കുട്ടിക്കാലത്ത് നേടുന്ന ഈ അറിവുകൾ  ഭാവിയിൽ തങ്ങളുടെ അഭിരുചിയ്ക്ക് അനുസൃതമായ ബിസിനസ്സുകൾ ആരംഭിക്കുവാൻ കുട്ടികൾക്ക് പ്രചോദനമായി മാറും. 

വാദ്യോപകരണ പഠന ക്ലാസുകൾ

നിങ്ങളുടെ കുട്ടിക്ക് ഏതെങ്കിലും ഒരു വാദ്യോപകരണം ഉപയോഗിക്കുവാനുള്ള കഴിവുണ്ടെങ്കിൽ ആ കഴിവ് ഉപയോഗിച്ച് നിങ്ങളുടെ ബന്ധുക്കളുടേയും അയൽപക്കക്കാരുടേയും കുട്ടികളെ ആ വാദ്യോപകരണം പഠിപ്പിക്കുവാൻ സാധിക്കുമെങ്കിൽ ആ മേഖലയിലെ നിപുണത വളർത്തുന്നതിനോടൊപ്പം തന്നെ ഒരു വരുമാനമാർഗ്ഗം സൃഷ്ടിക്കുവാനും നിങ്ങളുടെ കുട്ടിക്ക് സാധിക്കുന്നതാണ്.  വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള തന്റെ കഴിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിലൂടെ തന്റെ കഴിവ് ഉപയോഗിച്ച് പണം നേടുവാനുള്ള സാധ്യതയുണ്ടെന്ന് കുട്ടികൾക്ക് തിരിച്ചറിയാനാകും. വലുതാകുമ്പോൾ തന്റെ സർഗ്ഗശേഷിയെ ജീവനോപാധിയാക്കി മാറ്റുവാനുള്ള സാധ്യതയുണ്ട് എന്ന തിരിച്ചറിവ് ആ കുട്ടിയെ ആത്മവിശ്വാസത്തോടെ ഉയരങ്ങൾ കീഴടക്കാൻ പ്രാപ്തനാക്കുന്നു.

വീടും പരിസരവും അലങ്കരിക്കുവാനുള്ള കഴിവ്

ചില കുട്ടികൾക്ക് തങ്ങളുടെ വീടും പരിസരവും പലതരം വസ്തുക്കൾ ഉപയോഗിച്ച് അലങ്കരിക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കും. തന്റെ ചുറ്റുവട്ടത്തുള്ള വീടുകളിലും ബന്ധുവീടുകളിലും നടക്കുന്ന ചെറിയ ചടങ്ങുകൾക്കും പരിപാടികൾക്കും ആവശ്യമായ അലങ്കാരങ്ങൾ ചെയ്യുവാൻ കുട്ടികളെ അനുവദിക്കുക, അതിലൂടെ വലിയ സാധ്യതയുള്ള ഒരു മേഖലയിലേക്കുള്ള ചുവടുവെപ്പാണ് നാം അവർക്ക് തുറന്നു കൊടുക്കുന്നത്.

children-earns-from-decorations

ഇത്തരം അലങ്കാര പണികളിലൂടെ നേടുന്ന വരുമാനത്തേക്കാൾ ഉപരിയായി തങ്ങൾ ചെയ്യുന്ന ജോലിയുടെ വിപണിമൂല്യം കൃത്യമായി കുട്ടികൾ തിരിച്ചറിയുന്നു. ഈ തിരിച്ചറിവുള്ള കുട്ടികൾ ആവട്ടെ ഈ മേഖലയിലുള്ള തങ്ങളുടെ കഴിവ് വികസിപ്പിക്കുവാൻ വളരെ ഉത്സാഹത്തോടെ തയ്യാറെടുക്കുകയും ചെയ്യും.

കാർ വാഷിംഗ്

കുട്ടികൾക്ക് ചെയ്യാൻ പറ്റിയ മറ്റൊരു ജോലിയാണ് കാർ വാഷിംഗ് എന്നത്. ഒരു പക്ഷേ നമ്മുടെ സമൂഹത്തിലെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾ കാർ വാഷിംഗ് ചെയ്യുന്നു എന്നത് നാണക്കേടായി തോന്നിയേക്കാം. എന്നാൽ വിദേശരാജ്യങ്ങളിൽ പ്രൊഫഷണലായി പ്രവർത്തിക്കുന്ന കാർ വാഷിംഗ് കമ്പനികൾ കോടിക്കണക്കിന് രൂപയാണ് നേടുന്നത്.

ഇങ്ങനെയുള്ള ജോലികൾ ചെയ്യുന്നത് നാണക്കേടാണ് എന്ന ചിന്ത കുട്ടികളിൽ സൃഷ്ടിക്കാതെ എല്ലാ ജോലികൾക്കും അതിന്റേതായ പ്രാധാന്യമുണ്ട് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാൻ മാതാപിതാക്കൾ ശ്രമിക്കണം. സ്വന്തം വീട്ടിലെ വാഹനങ്ങൾ കഴുകുവാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ആ ജോലി അവർ നന്നായി ചെയ്യുമ്പോൾ പ്രോത്സാഹനം എന്ന രീതിയിൽ അവർക്ക് പണം നൽകുകയും ചെയ്യുക. അതിനുശേഷം ചുറ്റുപാടുമുള്ള കുട്ടികളുമായി ഒരു ഗ്രൂപ്പ് സൃഷ്ടിച്ചുകൊണ്ട് കാർ വാഷിംഗ് ചെയ്യുവാൻ അവരെ പ്രേരിപ്പിക്കുക. അങ്ങനെ ഒരു ബിസിനസ്സ് മാതൃകയിൽ കൂട്ടായി പ്രവർത്തിക്കുമ്പോൾ ബിസിനസ്സുമായി ബന്ധപ്പെട്ട ചില അടിസ്ഥാനപരമായ കാര്യങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ തെറ്റില്ലാത്ത വരുമാനം നേടുവാനും അവർക്ക് സാധിക്കുന്നു. ഒരു പ്രൊഫഷണൽ സർവ്വീസ് എന്ന രീതിയിൽ കാർ വാഷിംഗിനെ മാറ്റിയെടുത്ത് മികച്ച ലാഭം നേടുന്ന ബിസിനസ്സായി വികസിപ്പിക്കുവാൻ പല യുവാക്കൾക്കും സാധിച്ചിട്ടുണ്ട്.

ചിത്രരചന

മനോഹരമായ ചിത്രങ്ങൾ വരയ്ക്കുവാനും നിറം നൽകുവാനും ശേഷിയുള്ള കുട്ടികൾ നമുക്കിടയിലുണ്ട്. ചിത്രരചന എന്നത് കുട്ടികൾക്ക് ജന്മനാ ലഭിക്കുന്ന കലാപരമായ കഴിവാണ്. തങ്ങളുടെ കുട്ടികൾ വളരെ നല്ല ചിത്രം വരയ്ക്കുമ്പോൾ സാധാരണ നിലയിൽ മാതാപിതാക്കൾ അവരെ വാക്കുകൾ കൊണ്ട് പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാൽ അങ്ങനെയുള്ള പ്രോത്സാഹനങ്ങൾക്ക് ഉപരിയായി കുട്ടികൾ വരയ്ക്കുന്ന മികച്ച ചിത്രങ്ങൾ ഫ്രെയിം ചെയ്യുവാനും ആ ചിത്രങ്ങളിൽ നിന്ന് വരുമാനം നേടുവാനും മാതാപിതാക്കൾക്ക് കുട്ടികളെ സഹായിക്കാവുന്നതാണ്.

children-earning-from-drawing-pictures

ചിത്രരചനകളിലൂടെ തങ്ങളുടെ കഴിവിന്റെ പ്രതിഫലമായി പണം നേടുവാൻ സാധിക്കുന്നു എന്നത് കുട്ടികൾക്ക് നൽകുന്നത് വളരെ വലിയ പ്രചോദനമാണ്. ഇതിലൂടെ അവർ തന്റെ കഴിവിന്റെ മൂല്യം തിരിച്ചറിയുകയും ആ കഴിവ് വളർത്തുവാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുന്നു. വാക്കുകൾ കൊണ്ടുള്ള കേവലമായ പ്രോത്സാഹനങ്ങളേക്കാൾ ഉപരിയായി അനന്തസാധ്യതകളിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുവാൻ മാതാപിതാക്കൾക്ക് മാത്രമേ സാധിക്കൂ.

ഗാർഡനിംഗ്

ചില കുട്ടികൾക്ക് പൂന്തോട്ട നിർമ്മാണവും പരിപാലനവും വളരെ താല്പര്യമുള്ള കാര്യങ്ങളായിരിക്കും. ഈ കാലത്ത് നമ്മുടെ നാട്ടിൽ നല്ലൊരു ശതമാനം വ്യക്തികളും തങ്ങളുടെ വീട്ടിൽ നിന്നും മാറി വിദേശത്ത് തുടർച്ചയായി ഏറെ കാലം ജോലി ചെയ്യുന്നവരാണ്. ഇങ്ങനെ സ്വന്തം വീട് ഉപേക്ഷിച്ച് വിദേശത്ത് ദീർഘകാലം താമസിക്കുന്നവർക്ക് വീടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇങ്ങനെയുള്ള വീടുകളിലെ പ്രായമായ മാതാപിതാക്കൾക്കൊപ്പം അല്ലെങ്കിൽ കുട്ടികൾ തനിച്ച് അവരുടെ ഒഴിവു സമയങ്ങളിൽ പൂന്തോട്ടം നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യാവുന്നതാണ്. ഇതിലൂടെ അവരുടെ ഒഴിവുസമയങ്ങൾ സന്തോഷകരമാക്കാനും കഴിവുകൾ വർദ്ധിപ്പിക്കുവാനും തങ്ങളുടെ കഴിവിലൂടെ വരുമാനം നേടുവാനും കുട്ടികൾക്ക് സാധിക്കുന്നു. 

നമ്മുടെ നാട്ടിൽ ഗാർഡനിംഗ് എന്നത് വളരെ സാധാരണമായ ഒരു കാര്യമാണെങ്കിലും വികസിത രാജ്യങ്ങളിൽ വളരെ പ്രൊഫഷണലായി ഗാർഡനിംഗ് സർവ്വീസുകൾ നൽകുന്ന ധാരാളം ബിസിനസ്സുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഗാർഡനിംഗിലുള്ള താല്പര്യം വളരെ പ്രൊഫഷണലായി വളർത്തിയെടുക്കാൻ സാധിച്ചാൽ നമ്മുടെ കുട്ടികൾക്ക് പ്രൊഫഷണൽ സർവ്വീസ് നൽകുന്ന ഒരു സ്ഥാപനമായി ഭാവിയിൽ ഇതിനെ വളർത്തിയെടുക്കുവാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.

വീട് വൃത്തിയാക്കൽ

കുട്ടികൾ പൊതുവെ താൽപര്യം കാണിക്കാത്ത കാര്യമാണ് വീട് വൃത്തിയാക്കുക എന്നത്. എന്നാൽ അവർക്ക് പ്രോത്സാഹനം എന്ന നിലയിൽ പണം നൽകുകയും അവരുടെ ജോലി ചെയ്യുവാൻ  അവരെ സഹായിക്കുകയും ചെയ്താൽ വീട് വൃത്തിയാക്കൽ വളരെ ഉത്തരവാദിത്വത്തോടെ കുട്ടികൾ ഏറ്റെടുക്കുവാൻ തയ്യാറാകും.

children-earning-from-house-keeping-services

 

തുടർച്ചയായി ഒരേ രീതിയിൽ വീട് വൃത്തിയാക്കുമ്പോൾ കുട്ടികൾക്ക് ആവർത്തന വിരസത അനുഭവപ്പെടുകയും വീട് വൃത്തിയാക്കുന്നത് ഏറ്റവും ലളിതമായി എങ്ങനെ ചെയ്യാം എന്ന് അവർ സ്വയം ചിന്തിക്കുകയും അതിനുള്ള പ്രതിവിധി കണ്ടെത്തുകയും ചെയ്യും. ഒരു പക്ഷേ ഭാവിയിൽ ഒരു പ്രൊഫഷണൽ രീതിയിൽ വലിയ ബിസിനസ്സ് എന്ന നിലയിലേക്ക് ഈ ജോലിയെ വളർത്തിയെടുക്കുവാനുള്ള പ്രചോദനം കുട്ടികൾക്ക് ഉണ്ടായേക്കാം.

നമ്മുടെ നാട്ടിൽ വീട്ട്ജോലി എന്ന രീതിയിൽ വളരെ വിലകുറച്ച് വീട് വൃത്തിയാക്കുന്നതിനെ കാണുമ്പോൾ വിദേശരാജ്യങ്ങളിൽ ഉയർന്ന ലാഭം നേടുന്ന പ്രൊഫഷണൽ സർവ്വീസ് എന്ന നിലയിലാണ് വീട് വൃത്തിയാക്കുന്നതിനെ കണക്കാക്കുന്നത്.

മറ്റു കുട്ടികൾക്ക് ട്യൂഷൻ എടുക്കുക

മികച്ച അക്കാദമിക നിലവാരം പുലർത്തുന്നവരാണ് ഇന്നത്തെ കാലത്തെ കുട്ടികൾ. വിദ്യാഭ്യാസത്തിലൂടെ അവർ നേടുന്ന അറിവ് മറ്റു കുട്ടികൾക്ക് പകർന്നു കൊടുക്കുന്നത് വഴി അറിവ് വർദ്ധിപ്പിക്കുവാനും അധ്യാപന പരിചയം നേടുവാനുമുള്ള അവസരവും കുട്ടികൾക്ക് ലഭിക്കുന്നതാണ്. മറ്റൊരാൾക്ക് അറിവ് പകർന്നു കൊടുക്കുമ്പോഴാണ് ഒരു വിദ്യാർത്ഥി കാര്യങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുക.  

earning-from-tutoring

ട്യൂഷൻ എടുക്കുക വഴി കുട്ടികളുടെ ആത്മവിശ്വാസവും ആശയവിനിമയത്തിനുള്ള ശേഷിയും വർദ്ധിക്കുന്നതിനോടൊപ്പം തന്നെ വരുമാന മാർഗ്ഗം എന്ന നിലയിലും ട്യൂഷൻ മികച്ച ഒരു അവസരമാണ്. 

പച്ചക്കറി കൃഷി

കുട്ടികളെ സംബന്ധിച്ച് അവർക്ക് വളരെ എളുപ്പത്തിൽ ചെയ്യുവാനാകുന്ന ഒരു കാര്യമാണ് പച്ചക്കറി കൃഷി. കൃഷി അന്യം നിന്നു പോകുന്ന ഈ കാലത്ത് പച്ചക്കറി കൃഷി ചെയ്യുവാനായി കുട്ടികളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. കൃഷിയിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ വിപണിയിലോ ചുറ്റുവട്ടത്തോ നൽകി വരുമാനം നേടുവാൻ അവരെ പ്രാപ്തരാക്കുകയും വേണം.

ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാൾ കുട്ടികളെല്ലാവരും ഒരു കൂട്ടമായി കൃഷി ചെയ്തു തുടങ്ങുമ്പോൾ അവർക്ക് കൃഷിയോടുള്ള താല്പര്യം വർദ്ധിക്കുകയും കൃഷിയിൽ നിന്ന് അവർക്ക് മാനസിക ഉല്ലാസം ലഭിക്കുകയും ചെയ്യുന്നു. ഇന്നത്തെ കാലത്ത് ഏറ്റവും ലാഭകരമായ ജോലികളിൽ ഒന്നായി പച്ചക്കറി കൃഷി മാറിയിരിക്കുന്നു. കൃഷിയിൽ കൂടുതൽ താല്പര്യം കാണിക്കുന്ന കുട്ടികൾക്ക് ഒരു ബിസിനസ്റ്റ് എന്ന നിലയിൽ അത് വളർത്തിയെടുക്കുവാനുള്ള പാഠങ്ങൾ കുട്ടിക്കാലത്തെ ഈ പച്ചക്കറി കൃഷിയിൽ നിന്ന് ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കുവാൻ പിന്തുടരേണ്ട ഏഴ് കാര്യങ്ങൾ

വ്യക്തവും പ്രായോഗികവുമായ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് സാമ്പത്തികമായ വിജയം കൈവരിക്കാൻ കഴിയുക. നിങ്ങളുടെ…

സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന അഞ്ച് ശീലങ്ങളും, അവ ഒഴിവാക്കുവാനായി പിന്തുടരേണ്ട കാര്യങ്ങളും

നിങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും പ്രാവർത്തികമാക്കുന്നതിന്  ചില അവസരങ്ങളിൽ മികച്ച സാമ്പത്തിക സ്ഥിതി അനിവാര്യമായി വന്നേക്കാം. ചിലപ്പോൾ…

റിട്ടയർമെന്റ് ആസൂത്രണം ചെയ്യുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ

20 വർഷത്തേക്കും 30 വർഷത്തേക്കും ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നത് പലർക്കും താല്പര്യമുള്ള കാര്യമല്ല. ഏറ്റവും കൂടിയാൽ…

പണപ്പെരുപ്പം നിക്ഷേപകരെ ബാധിക്കുന്നത് എങ്ങനെയാണ്

സമൂഹത്തിലെ ഇടത്തരക്കാരായ മനുഷ്യരുടെ ജീവിതത്തിൻറെ താളം തെറ്റിക്കുന്ന പ്രധാനപ്പെട്ട വില്ലനായി പണപ്പെരുപ്പം അല്ലെങ്കിൽ വിലക്കയറ്റം എന്ന…