win-the-game-of-money

Sharing is caring!

പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ടോണി റോബിൻസ് അതിസമ്പന്നരായ  വ്യക്തികളുമായി അഭിമുഖം നടത്തുകയും അവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ  സമ്പന്നരായ വ്യക്തികൾ പൊതുവായി പിന്തുടരുന്ന നിക്ഷേപ തന്ത്രങ്ങൾ എന്തെല്ലാമാണെന്ന്  കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ടോണി റോബിൻസ് കണ്ടെത്തിയ ഈ നിക്ഷേപ തന്ത്രങ്ങൾ സമ്പന്നരാകുവാനായി മത്സരിക്കുന്ന വ്യക്തികളെ എങ്ങനെയാണ് സഹായിക്കുന്നത് എന്ന് മനസ്സിലാക്കാം.

ചെറിയ കാലയളവിൽ ഉയർന്ന നേട്ടം നൽകുന്ന നഷ്ട സാധ്യത തീരെ ഇല്ലാത്ത നിക്ഷേപ സാധ്യതകൾ തേടുന്നവരാണ് നമുക്കിടയിൽ പലരും. എന്നാൽ മേൽപ്പറഞ്ഞ തരത്തിലുള്ള സുരക്ഷിതമായ ലാഭം മാത്രം നൽകുന്ന നിക്ഷേപ മാർഗ്ഗം ഏതാണ് എന്ന ചോദ്യത്തിന് പൊതുവായി ഒരു ഉത്തരം നൽകുവാൻ സാധിക്കുകയില്ല. 

വ്യക്തികളുടെ സാമ്പത്തിക ലക്ഷ്യങ്ങളും, സാമ്പത്തിക സ്ഥിതിയും അവർക്ക് എത്രത്തോളം നഷ്ട സാധ്യത മുന്നിൽ കണ്ട് കൊണ്ട് നിക്ഷേപത്തിൽ ഏർപ്പെടുവാൻ സാധിക്കുമെന്നതും അവർ പിന്തുടരുന്ന നിക്ഷേപമാർഗ്ഗത്തെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. അതിനാൽ തന്നെ എല്ലാ വ്യക്തികൾക്കും ഒരു പോലെ അനുയോജ്യമായ സുരക്ഷിത നിക്ഷേപ മാർഗ്ഗം  കണ്ടെത്തുവാൻ സാധിക്കുകയില്ല. 

നഷ്ട സാധ്യതയും നിക്ഷേപത്തിന്റെ സുരക്ഷിതത്വവും കണക്കിലെടുക്കാതെ വളരെ ചെറിയ കാലയളവിൽ ഉയർന്ന നേട്ടം എന്ന വാഗ്ദാനത്തിൽ മാത്രം വിശ്വസിച്ചുകൊണ്ട് തട്ടിപ്പ് കമ്പനികളുടെ ഇരകളായി മാറി കബളിപ്പിക്കപ്പെടുന്ന വ്യക്തികളും നമുക്കിടയിലുണ്ട്.

wealthy man story

എങ്ങനെ ആയിരിക്കണം ഒരു നിക്ഷേപകൻ 

ടോണി റോബിൻസിന്റെ അഭിപ്രായത്തിൽ ഒരു നിക്ഷേപകൻ  അടിസ്ഥാനപരമായി ലക്ഷ്യം വയ്ക്കേണ്ടത് തന്റെ കൈവശമുള്ള മൂലധനത്തിന് നഷ്ടം വരുത്താതിരിക്കുക എന്നതാണ്.

ഉദാഹരണത്തിന് നിങ്ങൾ ഒരു വ്യക്തിയുടെ പക്കൽ പണം നിക്ഷേപിച്ചു എന്ന് കരുതുക. ആ നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിച്ചാലും നഷ്ടം സംഭവിച്ചാലും നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം ആ വ്യക്തിക്ക് നൽകണമെന്ന നിബന്ധനയുണ്ടെങ്കിൽ അങ്ങനെയുള്ള ഒരു നിക്ഷേപത്തിന് നിങ്ങൾ തയ്യാറാകുമോ എന്നതാണ് ചോദ്യം. മേൽപ്പറഞ്ഞ രീതിയിലുള്ള ഒരു നിക്ഷേപം നടത്തുവാൻ സാധാരണഗതിയിൽ ആരും തയ്യാറാവുകയില്ല.

 എന്നാൽ ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കുന്നവരിൽ നിന്നും ഒരു നിശ്ചിത ശതമാനം തുക പലതരത്തിലുള്ള ചാർജ്ജുകൾ എന്ന രീതിയിൽ ഈടാക്കുന്നുണ്ട് എന്ന സത്യം പലരും തിരിച്ചറിയുന്നില്ല. സാധാരണഗതിയിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുമ്പോൾ നിക്ഷേപത്തിന്റെ 0.03  ശതമാനം  എന്ന നിലയിലും മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുമ്പോൾ നിക്ഷേപത്തിന്റെ 1 ശതമാനം എന്ന നിലയിലും ആണ് ചാർജ്ജ് ഏർപ്പെടുത്തുന്നത്.

മേൽപ്പറഞ്ഞ സംഖ്യ വളരെ ചെറുതായി തോന്നുമെങ്കിലും ദീർഘകാലത്തിലുള്ള നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ നിക്ഷേപകന് സംഭവിക്കുന്ന മൂലധന നഷ്ടത്തിന്റെ വ്യാപ്തി വളരെ വലുതാണ്. 

ശതമാന കണക്കിൽ പറയുമ്പോൾ വളരെ ചെറിയത് എന്ന് തോന്നിയേക്കാവുന്ന ചാർജ്ജുകൾ ആണെങ്കിൽ പോലും ദീർഘകാല അടിസ്ഥാനത്തിൽ ഭീമമായ തുകയാണ് നിക്ഷേപകന് നഷ്ടമാകുന്നത്. അതിനാൽ തന്നെ നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുൻപ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശങ്ങൾ സ്വീകരിക്കുകയും നിക്ഷേപിക്കുന്നതിനായി നൽകേണ്ടിവരുന്ന ചാർജ്ജുകളെ കുറിച്ച് ബോധവാന്മാരാകുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

സാധാരണക്കാരായ വ്യക്തികളെ മോഹിപ്പിക്കുന്ന ഉയർന്ന ലാഭ ശതമാന കണക്കുകളേക്കാൾ കൈവശമുള്ള മൂലധനം സുരക്ഷിതമായി നിലനിർത്തിക്കൊണ്ട് മികച്ച നേട്ടം നേടുവാനുള്ള മനോഭാവമാണ് നാം വളർത്തിയെടുക്കേണ്ടത്.

സാമ്പത്തിക ലക്ഷ്യങ്ങൾ ശരിയായി വിലയിരുത്താം 

എല്ലാ വ്യക്തികളും സാമ്പത്തികമായ ഉയർച്ച ആഗ്രഹിക്കുന്നവർ ആണെങ്കിൽ പോലും തന്റെ സാമ്പത്തിക ലക്ഷ്യം എന്താണെന്ന് തിരിച്ചറിയാത്തവരാണ് ഭൂരിഭാഗവും. സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ആദ്യം തന്റെ ലക്ഷ്യം എന്താണ് എന്ന് തിരിച്ചറിയുകയും അതിനുശേഷം മാത്രം ആ ലക്ഷ്യത്തിലേക്ക് എത്തുവാനായി പ്രയത്നിക്കുകയും ചെയ്യേണ്ടത്.

money-management-rules

സ്വന്തം സാമ്പത്തിക സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്താതെ വലിയ സംഖ്യകൾ സാമ്പത്തിക ലക്ഷ്യമായി കണക്കാക്കുന്നത് അർത്ഥ ശൂന്യമാണ്. പ്രായോഗികമായി ചിന്തിച്ചുകൊണ്ട് വ്യത്യസ്ത മാർഗ്ഗങ്ങളെ വിലയിരുത്തി കൈവരിക്കാനാക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയാണ് വേണ്ടത്.

വീടിന്റെ വാടക, കരണ്ട് ബില്ല് വാട്ടർ ബില്ല് തുടങ്ങിയ ചെലവുകൾ, ഭക്ഷണത്തിനായുള്ള ചെലവുകൾ, യാത്ര ചെലവുകൾ, ഇൻഷുറൻസ് തുടങ്ങിയ 5 മേഖലകളിലെ ചെലവുകൾ ജീവിതത്തിലെ അത്യാവശ്യ ചെലവുകളായി കണക്കാക്കാം. ഒഴിച്ചുകൂടാനാകാത്ത ഇത്തരം കാര്യങ്ങൾക്കായി ഒരു മാസം ചെലവഴിക്കുന്ന തുക കണക്കാക്കുക അതിനുശേഷം 20 വർഷത്തേക്കുള്ള ഒഴിച്ചു കൂടാനാകാത്ത ചെലവുകൾക്കായി കണ്ടെത്തേണ്ട തുക എത്രയാണെന്ന് കണ്ടുപിടിക്കുക. 

ഒരു വ്യക്തിയുടെ സാമ്പത്തിക ലക്ഷ്യം നിർണയിക്കുവാൻ സഹായിക്കുന്ന ഏറ്റവും ലളിതമായ രീതിയാണിത്. അടിസ്ഥാനപരമായി സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുകയും പ്രായോഗിക തലത്തിൽ ചിന്തിച്ചുകൊണ്ട് ലക്ഷ്യത്തിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യാവുന്നതാണ്. 

ടോണി റോബിൻസിന്റെ അഭിപ്രായത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് പണം മാറ്റിവയ്ക്കുന്ന കാലഘട്ടത്തിൽ 8 ശതമാനം മുതൽ 12 ശതമാനം വരെ ലാഭം ലഭിക്കുന്ന നിക്ഷേപങ്ങളിലാണ് നാം ഏർപ്പെടേണ്ടത്. എന്നാൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിച്ചതിനു ശേഷം നിക്ഷേപങ്ങൾ നടത്തുവാൻ ആയി ബാങ്ക് എഫ് ഡി പോലെയുള്ള സുരക്ഷിത നിക്ഷേപ മാർഗ്ഗങ്ങളെ ആശ്രയിക്കുന്നതാണ് നല്ലത്.

നിക്ഷേപങ്ങളുടെ വൈവിധ്യവൽക്കരണം 

ധനികരുടെ സാമ്പത്തിക ശീലങ്ങളെ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കിയ ടോണി റോബിൻസ് അവരുടെ നിക്ഷേപ ശൈലിയെ കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ്. ധനികരായ വ്യക്തികൾ ലാഭ സാധ്യതയുള്ള താരതമ്യേന സുരക്ഷിതത്വം കുറവായ നിക്ഷേപങ്ങൾക്കും നിശ്ചിതമായ നേട്ടങ്ങൾ നൽകുന്ന സുരക്ഷിത നിക്ഷേപങ്ങൾക്കും ഒരേ തരത്തിലുള്ള പ്രാധാന്യമാണ് നൽകുന്നത്.

നിക്ഷേപങ്ങൾക്ക് ആവശ്യമുള്ള വൈവിധ്യവൽക്കരണത്തിന് തയ്യാറാകാതെ ഒരേ സ്വഭാവമുള്ള നിക്ഷേപ മാർഗ്ഗങ്ങളെ ആശ്രയിക്കുന്നവർ നമുക്കിടയിൽ ഏറെയുണ്ട്. അതായത് എഫ്‌ ഡി, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ തുടങ്ങിയ സുരക്ഷിത നിക്ഷേപ മാർഗ്ഗങ്ങളിൽ മാത്രം നിക്ഷേപിക്കുന്നവരും മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി തുടങ്ങി താരതമ്യേന നഷ്ട സാധ്യതയുള്ള നിക്ഷേപ മാർഗ്ഗങ്ങളിൽ മാത്രം നിക്ഷേപിക്കുന്നവരെയും നമുക്കു കാണുവാൻ കഴിയും. 

സുരക്ഷിത നിക്ഷേപ മാർഗ്ഗങ്ങളെ മാത്രം ആശ്രയിക്കുന്നവർക്ക് പണപ്പെരുപ്പത്തെ തടയാൻ പോലും സാധിക്കാത്ത തരത്തിൽ ചുരുങ്ങിയ നേട്ടം മാത്രം ലഭിക്കുമ്പോൾ, നഷ്ട സാധ്യത കൂടിയ നിക്ഷേപ മാർഗ്ഗങ്ങളെ മാത്രം ആശ്രയിക്കുന്നവർക്ക് വിപണിയിലെ കയറ്റിറക്കങ്ങൾക്കനുസരിച്ച് നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. 

mutual funds

സ്ഥിരതയോടൊപ്പം മികച്ച നേട്ടം പ്രതീക്ഷിക്കുന്ന നിക്ഷേപകർ സുരക്ഷിത നിക്ഷേപ മാർഗ്ഗങ്ങളിലും മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി പോലുള്ള നിക്ഷേപ മാർഗ്ഗങ്ങളിലും തുല്യമായി നിക്ഷേപിക്കാൻ തയ്യാറാകണം.

പെൻഷൻ പദ്ധതികൾ, ലിക്വിഡ് ഫണ്ടുകൾ, ഗവൺമെന്റ് ബോണ്ടുകൾ തുടങ്ങിയ നിക്ഷേപ മാർഗ്ഗങ്ങളെ താരതമ്യേന സുരക്ഷിതമായ മാർഗ്ഗങ്ങളായി കണക്കാക്കാം. ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ തുടങ്ങിയ നിക്ഷേപ മാർഗ്ഗങ്ങളിൽ നഷ്ട സാധ്യത നിലനിൽക്കുമ്പോൾ തന്നെ ഉയർന്ന നേട്ടം കൈവരിക്കുവാനുള്ള  മാർഗ്ഗമായി അവയെ കണക്കാക്കേണ്ടതുണ്ട്.

ഒരു വ്യക്തി തന്റെ സാമ്പത്തിക ലക്ഷ്യങ്ങളെ വ്യക്തമായി നിർവചിക്കുകയും അതിനുശേഷം ആ ലക്ഷ്യങ്ങൾ നേടുവാനായി വ്യത്യസ്ത നിക്ഷേപ പദ്ധതികളിൽ ഭാഗമാവുകയും ചെയ്തു എന്ന് കരുതുക. തന്റെ നിക്ഷേപങ്ങളിൽ നിന്ന് മികച്ച ആദായം ലഭിച്ചു തുടങ്ങുമ്പോൾ ആ വ്യക്തിക്ക് കുറച്ചുകൂടി ഉയർന്ന സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാനുള്ള ആഗ്രഹം ഉണ്ടായേക്കാം. ഇവിടെ തന്റെ സാമ്പത്തിക ലക്ഷ്യങ്ങളെ ആ വ്യക്തി പുനർനിർവജിക്കുകയും അധിക നേട്ടങ്ങൾക്ക് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ തന്റെ ലക്ഷ്യങ്ങൾ സഫലീകരിക്കാനായി ഒരു നിക്ഷേപകൻ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് ടോണി റോബിൻസ് പറയുന്നുണ്ട്. 

ഓഹരി വിപണി മ്യൂച്വൽ ഫണ്ടുകൾ പോലെയുള്ള ഉയർന്ന നേട്ടം നൽകുന്ന മാർഗ്ഗങ്ങളിൽ നിന്ന് ലഭിച്ച ലാഭത്തിന്റെ ഒരു ഭാഗം സുരക്ഷിത നിക്ഷേപ മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുകയും മറ്റൊരു ഭാഗം മികച്ച നേട്ടം നൽകുവാൻ സാധിക്കുന്ന മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുകയും വേണം.

ഒരു നല്ല നിക്ഷേപകൻ തന്റെ നിക്ഷേപം വ്യത്യസ്ത തരത്തിലുള്ള മാർഗ്ഗങ്ങളിൽ നിക്ഷേപിക്കണമെന്നും, ധനം കൃത്യമായ രീതിയിൽ വിനിയോഗിക്കണമെന്നും, മൂലധനം സംരക്ഷിക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്നും ടോണി റോബിൻസ് തന്റെ എഴുത്തുകളിലൂടെ പറഞ്ഞുവയ്ക്കുന്നു. 

ലക്ഷങ്ങളും കോടികളും സ്വന്തമാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായാണ് സാധാരണക്കാർ കണക്കാക്കുന്നത്. വാസ്തവത്തിൽ ഒരു വ്യക്തിയെ സംബന്ധിച്ച് മാസ ശമ്പളത്തിന്റെ 20 ശതമാനത്തോളം തുക തുടർച്ചയായി നീണ്ട കാലയളവിൽ നിക്ഷേപിക്കാൻ സാധിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് നീണ്ട കാലയളവിൽ കൃത്യമായി നിക്ഷേപം നടത്തുവാൻ സാധിക്കുന്ന വ്യക്തികൾക്ക് കോടികളും ലക്ഷ്യങ്ങളും നേടുക എന്നത് അപ്രാപ്യമായ കാര്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മാസം തോറും 10000 രൂപ വരുമാനം നേടുവാൻ നിക്ഷേപം നടത്തേണ്ടത് എങ്ങനെയാണ്

ജോലി, ബിസിനസ്സ് തുടങ്ങി വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ വ്യക്തികൾ പണം സമ്പാദിക്കാറുണ്ട്. സമ്പാദിക്കുന്ന പണത്തിന്റെ  ഒരു  ഭാഗം…

നിക്ഷേപം ഇരട്ടിയാക്കാം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ

സാധാരണക്കാരായ വ്യക്തികൾ എല്ലാ കാലത്തും ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് നിക്ഷേപ…

വിദേശ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കേണ്ടതുണ്ടോ?

ഫെയ്സ്ബുക്ക്, ആമസോൺ, ആപ്പിൾ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വിദേശ കമ്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളും നമ്മളെല്ലാവരും തന്നെ വ്യാപകമായി…

നിക്ഷേപങ്ങളുടെ ലോകത്തിലേക്ക് ചുവട് വയ്ക്കുന്നത് എങ്ങനെയാണ്

നിക്ഷേപങ്ങളുടെ ലോകത്തിലേക്ക് ചുവട് വയ്ക്കുക എന്നത് നിങ്ങളെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ ശേഷിയുള്ള ഏറ്റവും സ്മാർട്ടായ…