hybrid-mutual-funds

Sharing is caring!

ധനനിക്ഷേപത്തിന് തയ്യാറാകുന്ന ഏതൊരു വ്യക്തിയേയും മോഹിപ്പിക്കുന്ന കാര്യമാണ് മാസ വരുമാനവും നിക്ഷേപ വളർച്ചയും ഒരുമിച്ചു ലഭിക്കുക എന്നത്. മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിലവിലുള്ള ഏറ്റവും മികച്ച സാധ്യതയാണ് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾ. 

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് ഓഹരികളിൽ ആയതിനാൽ ഉയർന്ന ലാഭ നഷ്ട സാധ്യതകൾ നിലനിൽക്കുന്നു. ഡെബ്റ്റ്   ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് ബോണ്ടുകൾ, കടപ്പത്രങ്ങൾ തുടങ്ങി സുരക്ഷിതമായ സാമ്പത്തിക ഉപകരണങ്ങളിൽ ആണെങ്കിലും ലഭിക്കുന്ന ആദായത്തിന്റെ നിരക്ക് താരതമ്യേന കുറവാണ്. ഇക്വിറ്റിയിലും ഡെബ്റ്റ് ഉപകരണങ്ങളിലും   മാത്രമായി നിക്ഷേപിക്കുന്ന  മ്യൂച്വൽ ഫണ്ടുകളെ കൂടാതെ ഇവ രണ്ടിലും, മറ്റു ആസ്തികളിലും കൃത്യമായ അനുപാതം നിലനിർത്തി നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടുകളെ ഹൈബ്രിഡ് മ്യൂച്ചൽ ഫണ്ടുകൾ എന്നു വിളിക്കാം.

ഇക്വിറ്റി  നിക്ഷേപത്തിന് പ്രാധാന്യം നൽകുന്ന ഹൈബ്രിഡ് ഫണ്ടുകളെ ഇക്വിറ്റി ഓറിയന്റഡ് ഫണ്ടെന്നും ഡെബിറ്റ്ന് പ്രാധാന്യം  നൽകുന്ന ഫണ്ടുകളെ ഡെബ്റ്റ്‌  ഓറിയന്റഡ് ഫണ്ടെന്നും വിളിക്കുന്നു. ഹൈബ്രിഡ് ഫണ്ടുകളേ  നിക്ഷേപ അനുപാതവും റിസ്കും കണക്കിലെടുത്ത് വ്യത്യസ്ത രീതിയിൽ തരം തിരിക്കാം.

ഹൈബ്രിഡ് ഫണ്ടുകൾ പലവിധം

different-types-of-hybrid-funds

ഇക്വിറ്റിയിലും ഡെബ്റ്റിലും  തുല്യമായ തോതിലോ അല്ലെങ്കിൽ 60:40 എന്ന തോതിലോ നിക്ഷേപം നടത്തുന്ന ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളെ ബാലൻസ്ഡ് ഫണ്ടുകൾ എന്നു പറയാം. തുല്യമായ അളവിൽ വിഭജനം നടത്തുന്നതുകൊണ്ട് ഓഹരിയിൽ നിന്ന് ഉയർന്ന റിസ്കിൽ ആദായം പ്രതീക്ഷിക്കുമ്പോൾ തന്നെ താരതമ്യേന സുരക്ഷിതമായ ഡെബ്റ്റ്  ഫണ്ടിൽ നിന്ന് സ്ഥിരമായ ലാഭവും പ്രതീക്ഷിക്കുന്നു. മ്യൂച്വൽ ഫണ്ടുകളിലെ ഇക്വിറ്റി  നിക്ഷേപത്തിന്റെ തോത് വർദ്ധിക്കുന്നതോടൊപ്പം റിസ്കും ലാഭനഷ്ട സാധ്യതയും വർദ്ധിക്കുന്നു. 

വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തി ഇക്വിറ്റിയിലേയും  ഡെബ്റ്റിലേയും  നിക്ഷേപത്തിന്റെ തോത് സാഹചര്യത്തിനനുസരിച്ച് മാറ്റം വരുത്തുന്ന തരത്തിലുള്ള ഹൈബ്രിഡ് ഫണ്ടുകളാണ് ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകൾ. അതായത് ഓഹരികളുടെ വില ഉയർന്നു നിൽക്കുന്ന സമയത്ത് ഡെബ്റ്റിലും  താഴുമ്പോൾ ഓഹരികളിലും നിക്ഷേപം നടത്തുന്നു. വിപണിയിലെ മാറ്റങ്ങളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി മികച്ച ലാഭം നേടുക എന്നതാണ് ഈ ഫണ്ടുകളുടെ ലക്ഷ്യം.

ഇക്വിറ്റിയിലേയും ഡെബ്റ്റിലേയും  നിക്ഷേപം കൂടാതെ സ്വർണ്ണം പോലെയുള്ള ആസ്തികളിലും നിക്ഷേപം നടത്തുന്ന ഹൈബ്രിഡ് ഫണ്ടുകളാണ് മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്. വിപണിയിൽ ഉണ്ടായേക്കാവുന്ന ഏതൊരു സാഹചര്യത്തിലും  നേട്ടം കൈവരിക്കുവാൻ ഈ ഫണ്ടുകൾ സഹായിക്കും. റിസ്ക് എടുക്കുവാനുള്ള നിക്ഷേപകന്റെ ശേഷി അനുസരിച്ച് നിക്ഷേപത്തിന്റെ വൈവിധ്യവൽക്കരണം നടത്താവുന്നതാണ്.     

മറ്റൊരു ഹൈബ്രിഡ് മ്യൂച്ചൽ ഫണ്ട് നിക്ഷേപമാണ് മന്ത്‌ലി പ്ലാൻ അല്ലെങ്കിൽ എം ഐ പി. മന്ത്‌ലി ഇൻകം  പ്ലാനിൽ 80 ശതമാനത്തോളം നിക്ഷേപം ഡെബ്റ്റ് ഉപകരണങ്ങളിലും  ബാക്കി ഓഹരിയിലും നിക്ഷേപം നടത്തുന്നു. ഡെബ്റ്റിൽ   നിന്നും കൃത്യമായി വരുമാനം ലഭിക്കുന്നതിനോടൊപ്പം തന്നെ ഓഹരി വിപണിയിലെ നേട്ടങ്ങളിലൂടെ നിക്ഷേപ വളർച്ചയും കൈവരിക്കാൻ ആകുന്നു. പ്രായമേറിയവർക്കും റിട്ടയർമെൻറ് എത്തിയവർക്കും  സ്വീകരിക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയാണ് എം ഐ പി. 

നിക്ഷേപകന്റെ മനോഭാവത്തിന് അനുസൃതമായാണ് ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്ന തോതുകളിൽ വ്യതിയാനം  സംഭവിക്കുന്നത് അതായത് ഉയർന്ന റിസ്കിൽ ഉയർന്ന ലാഭത്തിനായി നിക്ഷേപകന് കാത്തിരിക്കാം അല്ലെങ്കിൽ യാഥാസ്ഥിതികമായി ചിന്തിച്ച് സുരക്ഷിതമായ രീതിയിൽ തെറ്റില്ലാത്ത നേട്ടം കൈവരിക്കാം.

ഉയർന്ന റിസ്കിൽ ഉയർന്ന നേട്ടം പ്രതീക്ഷിക്കുന്നവർക്ക് 80 ശതമാനം വരെ നിക്ഷേപം ഓഹരി വിപണിയിൽ നടത്താവുന്നതാണ് മറിച്ച് ഏറ്റവും സുരക്ഷിതമായ രീതിയിൽ ചെറിയ നേട്ടം പ്രതീക്ഷിക്കുന്നവർക്ക് ഓഹരി നിക്ഷേപം 15% വരെ കുറയ്ക്കാവുന്നതാണ്. വ്യക്തിപരമായ ഘടകങ്ങൾക്ക് ഒപ്പം മികച്ച നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുവാൻ വിദഗ്ധ സഹായവും തേടാവുന്നതാണ്.

ഹൈബ്രിഡ് ഫണ്ടുകളുടെ ഗുണങ്ങളും ദോഷങ്ങളും

മറ്റ് നിക്ഷേപ മാർഗങ്ങളിൽ നിന്ന് ഹൈബ്രിഡ് ഫണ്ടുകളെ വ്യത്യസ്തമാക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഹൈബ്രിഡ്  ഫണ്ടുകളുടെ  ഏറ്റവും വലിയ പ്രത്യേകത എന്നത് വൈവിധ്യവൽക്കരണമാണ്. ഡെബ്റ്റ്  ഉപകരണങ്ങളായ ബോണ്ടുകളിലും കട പത്രങ്ങളിലും കൂടാതെ ഓഹരികളിലും മറ്റ് ആസ്തികളിലും നിക്ഷേപം നടത്തുന്നതിനാൽ നഷ്ട സാധ്യത ലഘൂകരിക്കാൻ കഴിയുന്നു.

വിവിധ മാർഗങ്ങളിലെ നിക്ഷേപതോതു ക്രമീകരിക്കാൻ സാധിക്കുന്നതിനാൽ ഏതു പ്രായക്കാർക്കും അവരുടെ റിസ്ക് എടുക്കുവാനുള്ള ശേഷിയുടെ അടിസ്ഥാനത്തിൽ ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപം നടത്താവുന്നതാണ്. ഹൈബ്രിഡ് ഫണ്ടുകളിലെ ഓഹരി നിക്ഷേപത്തിന്റെ പ്രധാന ഭാഗം ലാർജ് ക്യാപ്പ് ഓഹരികളിലും ബാക്കി ഭാഗം ഡെബിറ്റിലും ആയതിനാൽ  തുടരെയുള്ള കൊടുക്കൽ വാങ്ങലുകൾ കുറവാണ്.

അതുകൊണ്ടു തന്നെ ഹൈബ്രിഡ് ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിന്റെ ചിലവ് താരതമ്യേന കുറവാണ്. ഓഹരി വിപണിയിൽ വലിയ തോതിലുള്ള ഇടിവുകൾ സംഭവിക്കുമ്പോൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിന്റെ  മൂല്യം കുത്തനെ കുറയാറുണ്ട്. എന്നാൽ ഹൈബ്രിഡ്  മ്യൂച്വൽ ഫണ്ടുകളിൽ സുരക്ഷിതമായ ഡെബ്റ്റ്  നിക്ഷേപങ്ങൾ ഉൾപ്പെടുന്നതിനാൽ വലിയ ഇടവുകളിൽ പോലും കാര്യമായ നഷ്ടം ഉണ്ടാകുന്നില്ല. 

advantages-and-disadvantages-hybrid-mutual-funds

ഒരു നിക്ഷേപ പദ്ധതി എന്ന നിലയിൽ ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളുടെ പോരായ്മകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഓഹരി വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ മാർക്കറ്റിലെ വ്യതിയാനങ്ങളെ കൃത്യമായി ഉപയോഗിച്ച് ലാഭം ഉണ്ടാക്കാറുണ്ട്. എന്നാൽ നിശ്ചിതമായ തോതിൽ ഡെബ്റ്റിലും ഓഹരിയിലും നിക്ഷേപം നടത്തുന്ന ഹൈബ്രിഡ്  ഫണ്ടുകളിൽ പരിധിയിലധികം വൈവിധ്യവൽക്കരണം സാധ്യമല്ല.

അതുകൊണ്ടുതന്നെ മാർക്കറ്റിലെ ഗുണപരമായ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി നേട്ടം കൊയ്യുവാൻ  ഹൈബ്രിഡ് ഫണ്ടുകൾക്ക് പരിമിതിയുണ്ട്. എന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് നിക്ഷേപത്തിൽ മാറ്റം വരുത്തുവാൻ സാധിക്കുന്ന ഡയനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകൾ  വ്യത്യസ്ത സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുവാൻ പര്യാപ്തമാണ്. 

ഓഹരി വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം വിലയിരുത്താൻ നിഫ്ടി ലാർജ് ക്യാപ്പ്,  സ്മാൾ  ക്യാപ്പ് തുടങ്ങിയ സൂചികകളെ ഉപയോഗപ്പെടുത്താൻ സാധിക്കുമ്പോൾ ഡെബ്റ്റ്  ഉപകരണങ്ങളിൽ നിക്ഷേപം നടത്തുന്നതിനാൽ ഹൈബ്രിഡ്  ഫണ്ടുകളിൽ ഇത്തരത്തിലുള്ള താരതമ്യം പ്രായോഗികമല്ല, ഒരേ സ്വഭാവമുള്ള ഹൈബ്രിഡ് ഫണ്ടുകൾ താരതമ്യം ചെയ്യുകയാണ് പ്രായോഗികമായ ഏക മാർഗ്ഗം.

ഹൈബ്രിഡ് ഫണ്ട് കൈകാര്യം ചെയ്യുവാൻ ഉയർന്ന വൈദഗ്ധ്യം ആവശ്യമാണ്. ഡെബ്റ്റ് ഉപകരണങ്ങളിലും  ഓഹരി വിപണിയിലും ഒരുപോലെ വൈദഗ്ധ്യമുള്ള  മാനേജർക്ക് മാത്രമേ ഹൈബ്രിഡ് ഫണ്ടുകളെ കൈകാര്യം ചെയ്യുവാൻ സാധിക്കു. നഷ്ട സാധ്യത തീരെ ഇല്ലാത്തതായി ഹൈബ്രിഡ്  മ്യൂച്ചൽ ഫണ്ടുകളെ കണക്കാക്കുവാൻ കഴിയുകയില്ല. ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിലെ നഷ്ട സാധ്യത ഇക്വിറ്റി ഫണ്ടുകളെക്കാൾ കുറവും എന്നാൽ ഡെബ്റ്റ്   ഫണ്ടുകളേക്കാൾ  കൂടുതലുമാണ്.

നിക്ഷേപിക്കുന്നതിനു മുൻപ് എന്തെല്ലാം പരിഗണിക്കണം

ഒരു വ്യക്തിയുടെ റിസ്ക് എടുക്കുവാനുള്ള ശേഷി അനുസരിച്ച് വേണം ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപം നടത്തുവാൻ. ഉയർന്ന നിലയിലുള്ള റിസ്ക് എടുക്കുവാൻ താല്പര്യമുള്ളവർ 80 ശതമാനം വരെ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന രീതി പിന്തുടരുന്നതാണ് നല്ലത്.  ശരാശരി റിസ്ക് എടുക്കുവാൻ ശേഷിയുള്ളവർ 50% അല്ലെങ്കിൽ 60% ഓഹരി നിക്ഷേപമായി നിലനിർത്തുക. തീർത്തും യാഥാസ്ഥിതികമായി നഷ്ട സാധ്യത ഏറ്റവും കുറഞ്ഞ രീതിയിൽ നിക്ഷേപം നടത്തുവാൻ ഓഹരി വിപണിയിലെ നിക്ഷേപതോത് 15 മുതൽ 20 ശതമാനത്തിൽ നിലനിർത്തുക.

വിദഗ്ധ അഭിപ്രായം സ്വീകരിച്ച ശേഷം ശാസ്ത്രീയമായ രീതിയിൽ നഷ്ടസാധ്യത കണക്കിലെടുത്ത് വേണം നിക്ഷേപം നടത്തുവാൻ. ഹൈബ്രിഡ്  ഫണ്ടുകളിൽ നിക്ഷേപം നടത്തുമ്പോൾ ദീർഘകാല അടിസ്ഥാനത്തിലെ ലക്ഷ്യങ്ങൾ  മുൻനിർത്തി നിക്ഷേപത്തിൽ ഏർപ്പെടുന്നതാണ് നല്ലത്. മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള കാലയളയിലേക്ക് നിക്ഷേപം നടത്തുവാൻ ഹൈബ്രിഡ്  മ്യൂച്ചൽ ഫണ്ടുകൾ മികച്ച മാർഗമാണ്. നീണ്ട കാലയളവിലേക്ക് റിസ്ക് പരിഗണിക്കാതെ നിക്ഷേപം നടത്താൻ കഴിയുന്നവർക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് തന്നെയാണ് മികച്ച മാർഗ്ഗം.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

 ഓഹരികളുടെ വളർച്ച  വിലയിരുത്തുന്ന രീതിയിൽ ഹൈബ്രിഡ് ഫണ്ടുകളെ വിലയിരുത്താൻ സാധിക്കില്ല. വിപണിയിലെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ സ്ഥിരതയാർന്ന ലാഭം നൽകുക എന്നതാണ് ഹൈബ്രിഡ് ഫണ്ടിന്റെ അടിസ്ഥാന ലക്ഷ്യം. അതിനാൽ തന്നെ വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളിലെ  ഫണ്ടുകളുടെ പ്രകടനമാണ് ഹൈബ്രിഡ് ഫണ്ട് തിരഞ്ഞെടുക്കാനായി പരിഗണിക്കേണ്ടത്. മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവർ വിദഗ്ധ അഭിപ്രായം തേടിയതിനു ശേഷം മാത്രം നിക്ഷേപം നടത്തുന്നതാണ് അഭികാമ്യം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ മാസം തോറും വരുമാനം നേടുന്നത് എങ്ങനെയാണ്

നിക്ഷേപത്തിലെ വൈവിധ്യവൽക്കരണം, നിക്ഷേപം കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണൽ സഹായം, വളരെ വേഗം പണമാക്കി മാറ്റുവാൻ കഴിയുന്നു,…

കുറഞ്ഞ ചെലവിൽ നിക്ഷേപിക്കുവാൻ ഇൻഡക്സ് മ്യൂച്വൽ ഫണ്ടുകൾ 

ഓഹരികൾ, ഡെറ്റ് ഉപകരണങ്ങൾ, സ്വർണ്ണം തുടങ്ങി വ്യത്യസ്ത നിക്ഷേപമാർഗ്ഗങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്.…

ഒരു വ്യക്തി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ട പണം എങ്ങനെയാണ് കണക്കാക്കേണ്ടത്

ഒരു ദിവസം ഒരു ചിത്രകാരൻ തനിക്ക് കഴിയുന്നത്ര മനോഹരമായ ഒരു ചിത്രം വരയ്ക്കണം എന്നാഗ്രഹിച്ചു. അതിനായി…

ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നിയന്ത്രിക്കപ്പെടുന്നത് എങ്ങനെയാണ്

ഇന്ത്യയിലെ സാധാരണക്കാരായ നിരവധി വ്യക്തികളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്ന പ്രധാനപ്പെട്ട നിക്ഷേപ മാർഗ്ഗമായി…