man-sitting-with-currency

Sharing is caring!

ജോലി, ബിസിനസ്സ് തുടങ്ങി വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ വ്യക്തികൾ പണം സമ്പാദിക്കാറുണ്ട്. സമ്പാദിക്കുന്ന പണത്തിന്റെ  ഒരു  ഭാഗം തങ്ങളുടെ ഇഷ്ടാനുസരണം നീക്കിയിരിപ്പായി മാറ്റി വയ്ക്കാനോ, വ്യത്യസ്ത മാർഗ്ഗങ്ങളിലായി നിക്ഷേപിക്കുവാനോ വ്യക്തികൾ തയ്യാറാകാറുണ്ട്. നിക്ഷേപങ്ങളിലൂടേയും, ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ നീക്കിയിരിപ്പുകൾ സൃഷ്ടിച്ചു കൊണ്ടായാലും മാസം തോറും കൃത്യമായ വരുമാനം ലഭിക്കുന്നതിനായി പ്രായോഗികമായ പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ കൃത്യമായ ആസൂത്രണത്തിലൂടെ ഒരു വ്യക്തിക്ക് മാസം തോറും വരുമാനം നേടുവാൻ സാധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

വരുമാനത്തിന്റെ നിശ്ചിത ശതമാനം ബാങ്കുകളിലോ, പോസ്റ്റ് ഓഫീസിലോ നിക്ഷേപിക്കുന്നവർ പ്രാധാന്യം നൽകുന്നത് അവരുടെ പണത്തിന്റെ സുരക്ഷിതത്വത്തിനാണ്. ബാങ്കുകളിലേയും പോസ്റ്റ് ഓഫീസുകളിലേയും സ്ഥിരനിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം കൃത്യമായി മനസ്സിലാക്കിയതിനു ശേഷമാണ് ഇവിടെ വ്യക്തികൾ പണം നിക്ഷേപിക്കുന്നത്. മാസം തോറും 10000 രൂപ വരുമാനം ലഭിച്ചാൽ ഒരു വർഷത്തിൽ ആകെ മൊത്തം 120,000 രൂപയാണ് സ്ഥിരനിക്ഷേപ പദ്ധതികളിലൂടെ ലഭ്യമാകുന്നത്. സ്ഥിരനിക്ഷേപ പദ്ധതികളിൽ നിന്ന് ലഭ്യമായ പലിശ നിരക്ക് 6 ശതമാനം ആണെന്ന് കണക്കാക്കിയാൽ ഒരു വർഷം 120,000 രൂപ ലഭിക്കണമെങ്കിൽ ഏകദേശം 20 ലക്ഷത്തോളം രൂപയുടെ സ്ഥിരനിക്ഷേപം നടത്തേണ്ടതുണ്ട്.

കണക്ക് പ്രകാരം 20 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെങ്കിൽ 120,000 രൂപ ഒരു വർഷം പലിശ ലഭിക്കുമെങ്കിലും പ്രായോഗികതലത്തിൽ സ്ഥിര നിക്ഷേപത്തിന് ചുമത്തപ്പെടുന്ന റ്റി ഡി എസ് അഥവാ ടാക്സ് ഡിഡക്ടബിൾ ആറ്റ് സോഴ്സ് പരിഗണിക്കുമ്പോൾ നിക്ഷേപകന് മേൽപ്പറഞ്ഞ തുക ലഭിക്കുകയില്ല. പുതിയ നിയമമനുസരിച്ച് ഒരു വ്യക്തിക്ക് 40,000 രൂപയിൽ അധികം പലിശ വരുമാനം ലഭിക്കുകയാണെങ്കിൽ അധിക തുകയ്ക്ക് 10 ശതമാനം നികുതി നൽകേണ്ടതുണ്ട് മുതിർന്ന പൗരന്മാർക്ക് ഈ പരിധി 50,000 രൂപയാണ്.

time-money-withdrawal-mutual-fund

ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ഉദാഹരണമനുസരിച്ച് 120,000 രൂപ പലിശ വരുമാനം ലഭിക്കുകയാണെങ്കിൽ അതിൽ 80,000 രൂപയുടെ 10 ശതമാനമായ 8000 രൂപയാണ് ഒരു വർഷം റ്റി ഡി എസ് ആയി ഈടാക്കുന്നത്. റ്റി ഡി എസ് ആയി നൽകേണ്ട തുക പരിഗണിക്കുമ്പോൾ ഒരു മാസം നിക്ഷേപകന് സ്ഥിരനിക്ഷേപ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന തുക 9300 രൂപയാണ്. ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ബന്ധിപ്പിച്ചിട്ടുള്ളവർക്കാണ് 10 ശതമാനം നികുതി നിരക്ക് ബാധകമാകുന്നത്.  ബാങ്കുകളിൽ പാൻ വിവരങ്ങൾ നൽകാത്തവർക്ക് 20 ശതമാനം നിരക്കിലാണ് റ്റി ഡി എസ് ഈടാക്കുന്നത്. അതായത് ഇവിടെ 16000 രൂപ ഒരു വർഷം റ്റി ഡി എസ് ആയി നൽകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ബാങ്ക് അക്കൗണ്ടുമായി പാൻ നമ്പർ ബന്ധിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ടി ഡി എസ് ആയി ഈടാക്കുന്ന തുക എല്ലാ വ്യക്തികൾക്കും ഒരുപോലെ ബാധകമല്ല. ഇന്ത്യയിലെ പുതിയ നികുതി സ്ലാബ് അനുസരിച്ച് 3 ലക്ഷത്തിൽ താഴെ വരുമാനമുള്ള വ്യക്തികൾക്ക് നികുതി നൽകേണ്ട ബാധ്യതയില്ല. അതായത് ബാങ്കുകളിലൂടെ ലഭിക്കുന്ന പലിശ വരുമാനം കൂടി പരിഗണിച്ച് നിങ്ങളുടെ മൊത്ത വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയാണെങ്കിൽ നിങ്ങൾ നികുതി നൽകാൻ ബാധ്യസ്ഥനല്ല. ഇത്തരത്തിൽ വരുമാനം നികുതി സ്ലാബിന് താഴെ വരുന്ന വ്യക്തികൾക്ക്  റ്റി ഡി എസ് ഇളവ് ലഭിക്കുവാനായി സാധാരണ വ്യക്തികൾക്ക് ഫോം 15 ജീയും മുതിർന്ന പൗരന്മാർക്ക് ഫോം 15 എച്ചും ബാങ്കിൽ സമർപ്പിക്കാവുന്നതാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നികുതി സ്ലാബ് നിശ്ചയിക്കുന്നത് എല്ലാ മാർഗ്ഗങ്ങളിൽ നിന്നുമുള്ള നിങ്ങളുടെ മൊത്ത വരുമാനം കണക്കാക്കിയാണ്. എൻ ആർ ഐ പദവിയുള്ള വ്യക്തികൾക്ക് ഈ ഫോം സമർപ്പിച്ച് നികുതിയിളവ് അവകാശപ്പെടുവാൻ സാധിക്കില്ല.

മേൽപ്പറഞ്ഞ രീതിയിൽ 10000 രൂപ മാസ വരുമാനം ലഭിക്കണമെങ്കിൽ 20 ലക്ഷം പോലെ ഭീമമായ തുക കൈവശം ഉണ്ടായിരിക്കണം. കൂടുതൽ പലിശ നിരക്ക് ലഭിക്കുകയാണെങ്കിൽ അതിനനുസൃതമായി നിക്ഷേപിക്കുന്ന തുകയിൽ കുറവ് വരുത്തുവാൻ സാധിക്കുന്നതാണ്. ഇവിടെ ഉദാഹരണമായി എടുത്തിരിക്കുന്ന 10000 രൂപയിൽ കൂടുതലോ താഴെയോ മാസ വരുമാനം ആഗ്രഹിക്കുന്നവർക്ക് നിക്ഷേപിക്കേണ്ട തുകയിൽ അതിനനുസൃതമായി വ്യത്യാസം വരുത്താവുന്നതാണ്.

investment-strategies-by-a-man-doing-calculations

സാമ്പ്രദായകമായ സ്ഥിരനിക്ഷേപ പദ്ധതികൾ മാറ്റി നിർത്തിയാൽ ഓഹരി വിപണി, റിയൽ എസ്റ്റേറ്റ്, പല തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകൾ, തുടങ്ങിയ നിക്ഷേപ മാർഗ്ഗങ്ങളെ ആശ്രയിച്ച് മാസം തോറുമുള്ള സ്ഥിര വരുമാനം നേടാവുന്നതാണ്. മേൽപ്പറഞ്ഞ നിക്ഷേപ മാർഗ്ഗങ്ങളിൽ തന്നെ പ്രായോഗികവും ലളിതവുമായ നിക്ഷേപ മാർഗ്ഗമാണ് വ്യത്യസ്ത മൂലധന സ്രോതസ്സുകളെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം.

സ്ഥിരനിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ച തുകയായ 20 ലക്ഷം രൂപ തന്നെ ഡെറ്റ് ഉപകരണങ്ങൾ അടിസ്ഥാനപ്പെടുത്തിയ മ്യൂച്വൽ ഫണ്ടുകളിൽ 7 ശതമാനം നേട്ടം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപിക്കുകയാണെന്ന് കരുതുക.

ഒരു വലിയ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച ശേഷം കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക തവണകളായി പിൻവലിക്കുന്ന രീതിയായ സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ അഥവാ എസ് ഡബ്ലിയു പി മാതൃകയിലാണ് ഇവിടെ തുക മ്യൂച്വൽ ഫണ്ടിൽ നിന്നും പിൻവലിക്കുന്നത്. വലിയൊരു തുക കണ്ടെത്തുവാൻ സാധിക്കാത്തവർക്ക് കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ് ഐ പി മാതൃകയിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചുകൊണ്ട് തുക കണ്ടെത്തിയതിനു ശേഷം എസ് ഡബ്ലിയു പി ആയി തുക പിൻവലിക്കുന്ന രീതി പിന്തുടരാവുന്നതാണ്.

7 ശതമാനം നേട്ടം ലഭിക്കുന്ന മ്യൂച്വൽ ഫണ്ടിൽ 20 ലക്ഷം രൂപ നിക്ഷേപിച്ചതിനു ശേഷം മാസം തോറും 10000 രൂപ വീതം തുടർച്ചയായി 30 വർഷത്തേക്ക് പിൻവലിച്ചു കഴിഞ്ഞാൽ പോലും ആ നിക്ഷേപത്തിൽ 35 ലക്ഷത്തോളം രൂപ അവശേഷിക്കും. ഇവിടെയാണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന്റെ ഗുണം പ്രകടമാകുന്നത്. നിക്ഷേപം പിൻവലിക്കുമ്പോൾ തന്നെ നിക്ഷേപത്തിന് വളരാനുള്ള സമയം നൽകുന്നതിനാൽ നീണ്ട കാലയളവിന് ശേഷം തെറ്റില്ലാത്ത തുക നിക്ഷേപകന് ഇവിടെ സ്വന്തമാക്കുവാൻ സാധിക്കുന്നു. എന്നാൽ സ്ഥിരനിക്ഷേ പദ്ധതികൾ നിക്ഷേപിക്കുമ്പോൾ പലിശയായി ലഭിക്കുന്ന വരുമാനം പിൻവലിച്ചു കഴിഞ്ഞാൽ എത്ര വർഷങ്ങൾക്ക് ശേഷമാണെങ്കിലും നിക്ഷേപിച്ച തുക തന്നെയാണ് നിക്ഷേപകന് തിരികെ ലഭിക്കുന്നത്.

withdrawing-mutual-fund

പ്രായോഗിക തലത്തിൽ ചിന്തിക്കുമ്പോൾ നിക്ഷേപകർ കുറച്ചുകൂടി റിസ്ക് എടുക്കുവാൻ തയ്യാറാക്കുന്നവരാണ്. അതായത് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിലും ഇക്വറ്റി മ്യൂച്വൽ ഫണ്ടുകളിലും 10 മുതൽ 12 ശതമാനം വരെ നേട്ടം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപിക്കുവാൻ നല്ലൊരു ശതമാനം നിക്ഷേപകരും തയ്യാറാകാറുണ്ട്. മേൽപ്പറഞ്ഞ ഉദാഹരണത്തിൽ എന്നപോലെ 20 ലക്ഷം രൂപ 30 വർഷത്തേക്ക് 12 ശതമാനം നേട്ടം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപിക്കുമ്പോൾ 30 വർഷത്തേക്ക് എല്ലാ മാസവും 10000 രൂപ പിൻവലിച്ചത് ശേഷവും നിക്ഷേപകന് തിരികെ ലഭിക്കുന്നത് 2.93 കോടി രൂപയാണ്.

നിക്ഷേപത്തിൽ ഏർപ്പെടുന്ന വ്യക്തികളുടെ താൽപര്യത്തിനനുസരിച്ച് നിക്ഷേപിക്കേണ്ട തുകയിലും നിക്ഷേപം തുടരേണ്ട കാലയളവിലും വ്യത്യാസം വരുത്താവുന്നതാണ്.

സ്ഥിരനിക്ഷേപത്തിൽ എന്നപോലെ തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ ലാഭം നേടുമ്പോഴും ലഭ്യമാകുന്ന ലാഭത്തിനനുസരിച്ച് നിക്ഷേപകൻ നികുതി നൽകാൻ ബാധ്യസ്ഥനാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് നിക്ഷേപിക്കുന്ന കാലയളവ് അനുസരിച്ച് ഷോർട്ട് ടേം ക്യാപിറ്റൽ ഗെയിൻ എന്നും ലോങ്ങ് ടേം ക്യാപിറ്റൽ ഗെയിൻ വേർതിരിച്ചാണ് നികുതി ചുമത്തുന്നത്.

മ്യൂച്വൽ ഫണ്ടിൽ നികുതി ചുമത്തുന്നത് എപ്രകാരമാണെന്ന് മനസ്സിലാക്കാം. ഇവിടെ 20 ലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്നത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലാണെന്ന് കരുതുക. ഒരു വർഷത്തിൽ 120,000 രൂപയാണ് ഇവിടെ നാം പ്രതീക്ഷിക്കുന്ന നേട്ടം. നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന ലാഭം ഒരു ലക്ഷം രൂപയിൽ അധികമായാൽ അധികമുള്ള തുകയുടെ 10 ശതമാനമാണ് നികുതിയായി നൽകേണ്ടി വരിക. അതായത് 2000 രൂപ നികുതിയാണ് ഇവിടെ നിക്ഷേപകൻ നൽകേണ്ടി വരുന്നത്.

സ്ഥിരനിക്ഷേപ പദ്ധതിയിലൂടെയും, മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി, തുടങ്ങിയ നിക്ഷേപങ്ങളിലൂടെയും മാസം തോറും വരുമാനം നേടുന്നത് എങ്ങനെയാണെന്നാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഓരോ വ്യക്തിയുടേയും റിസ്ക് എടുക്കുവാനുള്ള ശേഷിയും, താൽപര്യവും അനുസരിച്ചാണ് അവർ അനുയോജ്യമായ നിക്ഷേപമാർഗ്ഗം കണ്ടെത്തേണ്ടത്. ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം പ്രതീക്ഷിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ട് പോലെയുള്ള നിക്ഷേപ മാർഗ്ഗങ്ങളിൽ നിന്ന് ഉയർന്ന നേട്ടം ലഭിക്കാനുള്ള സാധ്യത ഏറെയാണെന്ന് കാണുവാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഓഹരികൾ കൈമാറ്റം ചെയ്യാം : വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ

ഒന്നിൽ കൂടുതൽ ഡീമാറ്റ് അക്കൗണ്ടുകളിലൂടെ ഓഹരി വിപണിയിൽ നിക്ഷേപിച്ചിരിക്കുന്ന വ്യക്തികളിൽ പലരും തങ്ങളുടെ നിക്ഷേപങ്ങളെല്ലാം ഒരു…

സാമ്പത്തികമായി വിജയിച്ച സമ്പന്നരുടെ തന്ത്രങ്ങൾ

പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ടോണി റോബിൻസ് അതിസമ്പന്നരായ  വ്യക്തികളുമായി അഭിമുഖം നടത്തുകയും അവരിൽ നിന്നും ലഭിച്ച…

ബാങ്കുകൾ തകർന്നാൽ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് എന്ത് സംഭവിക്കും

ഉയർന്ന ലാഭം നൽകുന്ന പലവിധത്തിലുള്ള നിക്ഷേപമാർഗ്ഗങ്ങൾ ലഭ്യമാണെങ്കിലും സമൂഹത്തിലെ ഭൂരിഭാഗം വ്യക്തികളും തങ്ങളുടെ പണം നിക്ഷേപിക്കുവാൻ…

മൊമെന്റം ഇൻവെസ്റ്റിംഗിലൂടെ ഓഹരി വിപണിയിലെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താം

ഏറെക്കാലമായി നിലവിലുണ്ടായിരുന്ന നിക്ഷേപ തന്ത്രം ആണെങ്കിലും 1990ന് ശേഷമാണ് ഇന്ത്യയിൽ മൊമെന്റം ഇൻവെസ്റ്റിംഗ് രീതി കാര്യമായി…