journey-of-rich-wealthy-women

Sharing is caring!

സാമ്പത്തികമായി ഉയരണമെന്നും മികച്ച ജീവിത സാഹചര്യങ്ങൾ ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ആ അവസ്ഥയിൽ എത്തിച്ചേരുന്നതിൽ നിന്ന് നമ്മെ പിന്നോട്ട് വലിക്കുന്നത് നമ്മുടെ ചില സ്വഭാവ സവിശേഷതകളാണ്. വളർന്നുവന്ന ജീവിത ചുറ്റുപാടുകളിൽ നിന്നും  നേടിയ വിദ്യാഭ്യാസത്തിൽ നിന്നും കൂട്ടുകാരിൽ നിന്നുമെല്ലാം നമ്മുടെ ഉള്ളൽ പകർന്നു കിട്ടുന്ന സമ്പത്തുമായി ബന്ധപ്പെട്ട ചില ചിന്താഗതികൾ ജീവിതത്തിന്റെ ആകെയുള്ള ഗതി നിർണയിക്കാൻ തന്നെ ശക്തിയുള്ളവയാണ്.

നിങ്ങൾ പോലും അറിയാതെ സാമ്പത്തികപരമായ തളർച്ചയിൽ അല്ലെങ്കിൽ പിന്നോക്കാവസ്ഥയിൽ തുടരുവാനായി നിങ്ങളെ പ്രേരിപ്പിക്കുന്ന ചില സ്വഭാവസവിശേഷതകൾ എന്തെല്ലാമാണെന്നും അവയിൽ നിന്നുള്ള മോചനം എങ്ങനെ സാധ്യമാകുമെന്നും തിരിച്ചറിയേണ്ടതാണ് സാമ്പത്തികമായ ഉയർച്ചയ്ക്ക് ആവശ്യമുള്ള ആദ്യത്തെ ചുവടുവെപ്പ്.

വളരെ അസാധാരണമായ കഴിവുകളുള്ളവരാണ് മനുഷ്യർ പൊരുതി നേടുവാനുള്ള മനുഷ്യന്റെ മന:ശക്തിയാണ്  ഒരു മനുഷ്യനെ വിജയിയാക്കി മാറ്റുന്നത്. സാമ്പത്തികമായ വളർച്ചയ്ക്ക് മാത്രമല്ല ഏതൊരു കാര്യത്തിലും മനുഷ്യന്റെ വിജയം നിർണ്ണയിക്കുന്നത് വിജയിക്കുവാനുള്ള മനസ്സും ഇച്ഛാശക്തിയുമാണ്. ഈ മനോഭാവത്തിന്റെ അഭാവമാണ് പല വ്യക്തികളുടേയും സാമ്പത്തിക പരാധീനതകളുടെ മൂല കാരണം.

പലതരത്തിലുള്ള സാമ്പത്തികപരമായ അറിവുകളും ധാരണകളും കുട്ടികൾക്ക് മാതാപിതാക്കൾ പറഞ്ഞു കൊടുക്കാറുണ്ട്. ആരുടെയും കയ്യിൽ നിന്നും പണം കടം വാങ്ങരുത്, പണം കടം വാങ്ങിയാൽ എത്രയും വേഗം തിരിച്ചു നൽകണം, വളരെ അധ്വാനിച്ചാൽ മാത്രമേ പണമുണ്ടാക്കാൻ സാധിക്കുകയുള്ളൂ പണം വളരെ സൂക്ഷിച്ച്  ചെലവാക്കേണ്ടതാണ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മാതാപിതാക്കൾ പ്രധാനമായും പറയാറുള്ളത്.

journey-of-rich-advising-child

ജീവിതം കുറച്ചുകൂടി മുന്നോട്ടു പോകുമ്പോൾ ഈ കുട്ടികൾ സമൂഹവുമായി ഇടപെഴകുവാൻ തുടങ്ങുന്ന സമയത്ത് അവർ കേൾക്കുന്നത് ലോകത്തെ സകല തിൻമയുടേയും ഉറവിടം പണമാണ് എന്ന രീതിയിലുള്ള കാര്യങ്ങളാണ്. കൂടാതെ അൽപം ചെലവ് കൂടിയ ആഗ്രഹങ്ങൾ മാതാപിതാക്കളോടും സുഹൃത്തുക്കളോടും പറയുമ്പോൾ സാധാരണ ഗതിയിൽ അവർ പറയുക ഇത്തരം ചെലവേറിയ അഗ്രഹങ്ങൾ നേടുവാൻ  സാധാരണക്കാരായ നമുക്ക് ഒരിക്കലും സാധിക്കില്ല എന്നായിരിക്കും.

ധനികരായ വ്യക്തികളേക്കുറിച്ച് പൊതുവേ വികലമായ നീരീക്ഷണങ്ങളാണ് സമൂഹത്തിനുള്ളത്. ധനികർ പണം സമ്പാധിക്കുന്നത് തെറ്റായ മാർഗ്ഗങ്ങളിലൂടെയാണെന്നും, അവർ അത്യാഗ്രഹികളാണെന്നും, പാവപ്പെട്ടവരെ സഹായിക്കാത്തവരാണെന്നും തുടങ്ങി നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

മേൽപ്പറഞ്ഞ രീതിയിൽ ജീവിത അനുഭവങ്ങളിലൂടെ നിങ്ങൾ നേടുന്ന അറിവുകളാണ് നിങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്നത്. സാമ്പത്തികപരമായ കാര്യങ്ങളെക്കുറിച്ചുള്ള തെറ്റായ അറിവുകളും നിരീക്ഷണങ്ങളും ജീവിതത്തിൽ ഉടനീളം സാമ്പത്തിക രംഗത്ത് മോശമായ അനുഭവങ്ങൾ ആയിരിക്കും കുട്ടികൾക്ക് സമ്മാനിക്കുന്നത്.

ഓഹരി വിപണിയേയും, മ്യൂച്വൽ ഫണ്ടുകളേയും കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെ നിക്ഷേപം നടത്തി പണം നഷ്ടപ്പെടുത്തുന്ന വ്യക്തികളിൽ പലരും ഇങ്ങനെയുള്ള നിക്ഷേപങ്ങൾ എല്ലാം തന്നെ പറ്റിക്കലാണെന്ന അഭിപ്രായമുള്ളവരായിരിക്കും, ഈ ധാരണ അവർ മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയും ചെയ്യും. ഇങ്ങനെയുള്ള വ്യക്തികളുടെ തെറ്റായ സ്വാധീനത്താൽ വിപണിയിൽ ലഭ്യമായ വ്യത്യസ്ത നിക്ഷേപ മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുവാൻ മടിച്ചുനിൽക്കുന്ന സാധാരണക്കാരായ വ്യക്തികൾ സാമ്പത്തിക പുരോഗതി നേടുവാനുള്ള തങ്ങളുടെ അവസരമാണ് ഇല്ലാതാക്കുന്നത്. 

സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് പൊതുവായി നിലനിൽക്കുന്ന ചില തെറ്റായ ചിന്താഗതികൾ എന്തെല്ലാമാണെന്ന് നോക്കാം.

സ്വന്തം ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ തനിക്ക് പങ്കില്ല എന്ന ചിന്താഗതി

സമ്പന്നരായ വ്യക്തികൾ അവരുടെ ജീവിതം അവരുടെ ഇച്ഛയ്ക്ക് അനുസരിച്ച് മുന്നോട്ടു കൊണ്ടുപോകുന്നവരാണ് എന്നാൽ സാധാരണക്കാരായ വ്യക്തികൾ അവരുടെ ജീവിതം ഏതു ദിശയിലേയ്ക്കാണോ സഞ്ചരിക്കുന്നത് അവർ ആ ദിശയിൽ തന്നെ പോകുവാനാണ് ശ്രമിക്കുന്നത്. 

worry-about-future

ഇത്തരക്കാരുടെ ജീവിതത്തിൽ എന്ത് തെറ്റ് സംഭവിച്ചാലും അവർ ആ തെറ്റിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കാതെ മറ്റുള്ളവരുടെ  തലയിൽ കുറ്റം ചുമത്താൻ ശ്രമിക്കുന്നവരാണ്. എന്തിനും ഏതിനും ന്യായീകരണം കണ്ടെത്തുന്ന ശീലം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ മറ്റൊരു പ്രശ്നമാണ്. ഒരാൾ ധനികനായത് തെറ്റായ മാർഗ്ഗത്തിലൂടെ ആണെന്നും, അവർക്ക് പൈതൃക സ്വത്ത് ലഭ്യമായതിനാൽ മാത്രമാണെന്നും തുടങ്ങി പലതരത്തിലുള്ള യുക്തിസഹമല്ലാത്ത ന്യായീകരണങ്ങൾ ഇത്തരക്കാർ പറഞ്ഞു കൊണ്ടിരിക്കും.

തീർച്ചയായും ഒഴിവാക്കേണ്ട മറ്റൊരു ശീലമാണ് എല്ലാ കാര്യങ്ങളുടേയും തെറ്റായ വശം മാത്രം നോക്കി കാണുക എന്നത്. ഒരു കാര്യത്തിലും നല്ലത് കണ്ടെത്താനാകാത്തവരുടെ ജീവിതം ഒരിക്കലും മുന്നോട്ടു പോകുകയില്ല. സാമ്പത്തികമായും അല്ലാതെയും ഒരു മികച്ച ജീവിതമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ മേൽപ്പറഞ്ഞ ശീലങ്ങളെല്ലാം തന്നെ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടത് അനിവാര്യമാണ്

ജീവിതമാകുന്ന ഫുട്ബോൾ മത്സരത്തിൽ ഡിഫൻസ് കളിക്കാരനായി മാറുക

സാധാരണക്കാരായ വ്യക്തികളിൽ പലരും ഫുട്ബോൾ കളിയിൽ ഡിഫൻസ് കളിക്കാരൻ എന്ന പോലെ ജീവിതത്തിൽ ഡിഫൻസ് കളിയ്ക്കുവാൻ ശ്രമിക്കുന്നവരാണ്. അതായത് തന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയിൽ സംതൃപ്തി കണ്ടെത്തുകയും ജീവിത ചുറ്റുപാടിന് പുരോഗമനം ആഗ്രഹിക്കാതെ എങ്ങനെയെങ്കിലും മുന്നോട്ടു പോവുക എന്ന് മാത്രമായിരിക്കും ഇത്തരക്കാരുടെ ചിന്താഗതി.

future-plans

ഫുട്ബോൾ കളിയിൽ ഫോർവേഡ് കളിക്കാരന്റെ ദൗത്യമാണ് പോരാളിയായ ഒരു വ്യക്തി ജീവിതത്തിൽ പിന്തുടരേണ്ടത്. ഒരു ഫോർവേർഡ് പ്ലെയർ അവസാന നിമിഷം വരെ ഗോളടിക്കാൻ ശ്രമിക്കുന്ന കളിക്കാരനാണ്, അതുപോലെ തന്നെ ജീവിത വിജയത്തിനായി ഏത് സമയത്തും സാധ്യമായതെല്ലാം ചെയ്യുവാനുള്ള മനോഭാവം നിങ്ങൾക്കുണ്ടായിരിക്കണം. ഏത് സമയത്തായാലും ലക്ഷ്യത്തിലേക്ക് എത്തുക എന്ന ചിന്ത മാത്രം മനസ്സിൽ ഉറപ്പിച്ചുകൊണ്ട് പൊരുതുവാനായി ശ്രമിക്കുന്നവരുടെ മുന്നിൽ മാത്രമേ വിജയത്തിന്റെ വാതിൽ തുറക്കപ്പെടുകയുള്ളൂ.

അധ്വാനത്തിന് അനുസരിച്ച് പ്രതിഫലം ലഭിക്കണം

എത്രത്തോളം അധ്വാനിക്കുന്നുവോ അതിനനുസരിച്ച് കൂടുതൽ പ്രതിഫലം ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ വ്യക്തികളും. എന്നാൽ ഇന്നത്തെ കാലത്ത് സ്ഥാപനങ്ങളും സമൂഹം ആകെ തന്നെയും കഠിനാധ്വാനത്തിന് ഉപരിയായി നിങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലത്തിനാണ് പ്രാധാന്യം നൽകുന്നത്.

journey-of-rich

നിങ്ങൾ എട്ടു മണിക്കൂർ എടുത്ത് ഒരു ജോലി ചെയ്തു എന്ന് കരുതുക അതേ ജോലി തന്നെ മറ്റൊരാൾ ആറു മണിക്കൂറിൽ തീർക്കുകയാണെങ്കിൽ ആ വ്യക്തിയെക്കാൾ കൂടുതൽ പ്രതിഫലം നിങ്ങൾ ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല. ഇന്നത്തെ കാലത്ത് സ്ഥാപനങ്ങളും സമൂഹവും വിലകൽപ്പിക്കുന്നത് അധ്വാനത്തേക്കാൾ ഉപരിയായി നിങ്ങൾ അവർക്ക് നൽകുന്ന മൂല്യത്തിനാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ കൃത്യതയോടെ ചെയ്ത് തീർക്കുന്നവർക്ക് മാത്രമാണ് ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്തിൽ വിജയിക്കാനാകുന്നത്.

എല്ലാ കാര്യങ്ങളും തനിക്ക് അറിയാം എന്ന ഭാവം

നമ്മളെല്ലാവരും അസുഖ ബാധിതരാകുമ്പോഴാണ് വൈദ്യസഹായം തേടുന്നത് അതുപോലെ തന്നെ സാമ്പത്തികമായ തിരിച്ചടികൾ നേരിടുമ്പോഴാണ് പലരും സാമ്പത്തിക വിദഗ്ധരുടെ ഉപദേശങ്ങൾ തേടി പോകുന്നത്. തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകുമ്പോൾ അല്ലെങ്കിൽ സ്വയം എടുത്ത തീരുമാനങ്ങൾ തെറ്റായിപ്പോയി എന്ന് തോന്നുന്ന അവസരങ്ങളിൽ മാത്രമാണ് പലരും സാമ്പത്തിക വിദഗ്ധരുടെ സഹായം അന്വേഷിക്കുന്നത്.

journey-of-rich-angry-man

ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ വിപണിയെ ബാധിക്കുന്നത് എങ്ങനെയാണെന്നും, ശാസ്ത്രീയമായ രീതിയിൽ വിലയിരുത്തലുകൾ നടത്തി നിക്ഷേപങ്ങൾ സാഹചര്യങ്ങൾക്ക് അനുസൃതമായി എങ്ങനെ ക്രമീകരിക്കണമെന്നും നമ്മെ ഉപദേശിക്കുവാൻ ഒരു സാമ്പത്തിക  വിദഗ്ധന് സാധിക്കും. എന്നാൽ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ വിപണിയിൽ നിക്ഷേപങ്ങൾ നടത്തിയാൽ നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

എല്ലാ കാര്യങ്ങളും സ്വയം ചെയ്യണം എന്ന നിർബന്ധബുദ്ധി

എല്ലാ കാര്യങ്ങളും സ്വന്തം നിലയ്ക്ക് ചെയ്യണം എന്ന നിർബന്ധ ബുദ്ധിയുള്ള ധാരാളം പേർ നമുക്കിടയിലുണ്ട്. എന്നാൽ എല്ലാ കാര്യങ്ങളും ഒരു പോലെ മികച്ച രീതിയിൽ ചെയ്യുവാനുള്ള വൈദഗ്ധ്യവും സമയവും നിങ്ങൾക്ക് ലഭ്യമാകണമെന്നില്ല. ഇങ്ങനെയുള്ള നിർബന്ധബുദ്ധി കൊണ്ട് നേട്ടങ്ങളെക്കാൾ ഉപരിയായി നഷ്ടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

എല്ലാ വ്യക്തികൾക്കും അവരുടേതായ ശക്തിയും  ബലഹീനതയും ഉണ്ടായിരിക്കും. അവ കൃത്യമായ തിരിച്ചറിയുവാനും അതിനനുസരിച്ച് ജോലികൾ സ്വയം ചെയ്യുവാനും ശ്രമിക്കുക. അറിയാത്ത കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നേടുവാനുള്ള മനോഭാവം നല്ലതാണ്. എന്നാൽ എല്ലാവർക്കും അതിനുള്ള സാഹചര്യവും സമയവും ലഭിച്ചു എന്നു വരില്ല. ഒരുപക്ഷേ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ ശ്രമിക്കാതെ ഉത്തരവാദിത്വങ്ങൾ പങ്കിടുവാനും തുറന്ന മനസ്സോടെ സഹകരിച്ച് പ്രവർത്തിക്കുവാനും ശ്രമിക്കുമ്പോഴാണ് കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നത്.

future-plans

മേൽപ്പറഞ്ഞ ചിന്താഗതികളിൽ ഒന്നെങ്കിലും നിങ്ങൾക്കുണ്ടെന്ന് തോന്നുന്നുവെങ്കിൽ ജീവിത വിജയത്തിനായി അവ എത്രയും വേഗം ഒഴിവാക്കുവാൻ ശ്രമിക്കുക. ഒരു ജേതാവിനെ പോലെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ശ്രമിക്കുകയാണെങ്കിൽ ധനികനാകാനുള്ള യാത്രയിൽ നിങ്ങൾ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്ഥിരവരുമാനക്കാരല്ലാത്ത വ്യക്തികൾ പാലിക്കേണ്ട സാമ്പത്തിക ശീലങ്ങൾ

സ്ഥിരവരുമാനം ഉള്ളവർക്കും സ്ഥിരവരുമാനം ഇല്ലാത്തവർക്കും വരുമാന ലഭ്യതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും അവരുടെ ജീവിത ചെലവുകൾ ഒരുപോലെ തന്നെയാണ്.…

നിങ്ങൾ എന്തുകൊണ്ട് സാമ്പത്തികമായി അഭിവൃദ്ധിപെടുന്നില്ല ?

നമ്മളിൽ പലരും സ്വയം തിരിച്ചറിയാതെ തന്നെ സാമ്പത്തികപരമായ പല തെറ്റുകളും ജീവിതത്തിൽ ചെയ്തവരും ചെയ്യുന്നവരും ആയിരിക്കാം. സാമ്പത്തികപരമായി…

റിട്ടയർമെന്റ് ആസൂത്രണം ചെയ്യുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ

20 വർഷത്തേക്കും 30 വർഷത്തേക്കും ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നത് പലർക്കും താല്പര്യമുള്ള കാര്യമല്ല. ഏറ്റവും കൂടിയാൽ…

ബാങ്കിംഗ് സേവനങ്ങൾ വീടുകളിലേക്ക് എത്തിക്കാൻ ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക്

2018 ൽ ആർ ബി ഐയുടെ നിർദ്ദേശ പ്രകാരമാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ്…