post-office-savings-scheme

Sharing is caring!

സാധാരണക്കാരായ വ്യക്തികൾ എല്ലാ കാലത്തും ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളാണ്. മറ്റ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി നീണ്ട കാലയളവിൽ നിക്ഷേപം തുടർന്ന് കൊണ്ട് നിക്ഷേപ തുക ഇരട്ടിയാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര അല്ലെങ്കിൽ കെ വി പി. ഈ നിക്ഷേപ പദ്ധതിയുടെ ഗുണങ്ങളും, പോരായ്മകളും, ലാഭ ശതമാനവും, മറ്റു പ്രത്യേകതകളും വിശദമായി പരിശോധിക്കാം.

1988 ൽ കർഷകരുടെ ഉന്നമനത്തിനായി ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര, എന്നാൽ കർഷകരല്ലാത്ത വ്യക്തികൾ ഈ പദ്ധതി വ്യാപകമായി ദുരുപയോഗം ചെയ്യുവാൻ തുടങ്ങിയതിനാൽ 2011ൽ ഈ പദ്ധതി ഗവൺമെന്റ് നിർത്തലാക്കി. അതിനുശേഷം  അധികാരത്തിൽ വന്ന ഗവൺമെന്റ് എല്ലാവർക്കും നിക്ഷേപിക്കാവുന്ന രീതിയിൽ കിസാൻ വികാസ് പത്ര 2014 ൽ പുനരാരംഭിച്ചു.

kisan-vikas-patra

9 വർഷവും 7 മാസവും അല്ലെങ്കിൽ 115 മാസങ്ങൾക്ക് ശേഷം നിക്ഷേപിച്ച തുക ഇരട്ടിയാകുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇവിടെ ബാങ്കുകളിലെ സ്ഥിരനിക്ഷേപം എന്ന പോലെ നിശ്ചിത കാലയളവിലേക്ക് ഒറ്റത്തവണയായി നിക്ഷേപിക്കുകയും ആ കാലയളവിന് ശേഷം നിക്ഷേപത്തുക ഇരിട്ടിയായി ലഭിക്കുകയും ചെയ്യുന്നു.

ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക ആയിരം രൂപയാണ്. ആയിരത്തിന്റെ ഗുണിതങ്ങൾ എന്ന രീതിയിൽ എത്ര തുക വേണമെങ്കിലും ഈ പദ്ധതിയിൽ ഒരു വ്യക്തിക്ക് നിക്ഷേപിക്കുവാൻ സാധിക്കുന്നതാണ്. എന്നാൽ 50000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് പാൻ കാർഡ് നിർബന്ധമാണ്.

ബാങ്കുകളിലെ എഫ് ഡി, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ നൽകുന്നത് പോലെ തന്നെ നിക്ഷേപിച്ച തുകയും, കാലാവധിയും, ലഭ്യമായ പലിശ നിരക്കും രേഖപ്പെടുത്തിയ സാക്ഷ്യപത്രം കെ വി പിയിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപകന് ലഭിക്കുന്നതാണ്. കെ വി പി നിക്ഷേപത്തിലൂടെ നിക്ഷേപകന് ലഭ്യമാകുന്ന സാക്ഷ്യപത്രം ബാങ്കുകളിലേയും, മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേയും ലോണുകൾക്ക് ഈടായി ഉപയോഗിക്കാവുന്നതാണ്.

കിസാൻ വികാസ് പത്ര പദ്ധതിയുടെ പലിശ നിരക്കിൽ മൂന്ന് മാസം കൂടുമ്പോൾ ഗവൺമെന്റ് മാറ്റം വരുത്താറുണ്ടെങ്കിലും, ഈ പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ വാഗ്ദാനം നൽകുന്ന പലിശ  നിരക്ക് തന്നെയാണ് നിക്ഷേപ കാലാവധിയിൽ ഉടനീളം നിക്ഷേപകന് ലഭ്യമാകുന്നത്. നിലവിൽ കെ വി പി പദ്ധതിയിൽ ലഭ്യമായ പലിശ നിരക്ക് അനുസരിച്ച് 9 വർഷവും 7 മാസവും കഴിഞ്ഞ് നിക്ഷേപ തുക ഇരട്ടിയായി തിരികെ ലഭിക്കുന്നതാണ്.

ഈ പലിശ നിരക്ക് മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി തുടങ്ങിയ നിക്ഷേപമാർഗ്ഗങ്ങളേക്കാൾ കുറവാണെങ്കിലും സുരക്ഷിതമായി ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് തിരഞ്ഞെടുക്കാനാവുന്ന മാർഗ്ഗം തന്നെയാണ് കെ വി പി.

india-govt-scheme

18 വയസ്സ് പൂർത്തിയായ ഏത് ഇന്ത്യൻ പൗരനും കെ വി പിയിൽ നിക്ഷേപം നടത്താവുന്നതാണ്. ഉയർന്ന പ്രായപരിധി ഇല്ലാത്തതിനാൽ തന്നെ മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയിൽ നിക്ഷേപം നടത്താവുന്നതാണ്. ട്രസ്റ്റുകൾക്ക് കെ വി പിയിൽ നിക്ഷേപം നടത്താമെങ്കിലും കമ്പനികൾക്കും, എൻ ആർ ഐ പദവിയുള്ള വ്യക്തികൾക്കും ഈ പദ്ധതിയിൽ നിക്ഷേപം നടത്തുവാൻ സാധിക്കുകയില്ല. ജോയിന്റ് അക്കൗണ്ടായും, മാതാപിതാക്കൾക്ക് മക്കളുടെ പേരിലും ഈ പദ്ധതിയിൽ നിക്ഷേപം നടത്തുവാനുള്ള അവസരമുണ്ട്. 

മറ്റ് ഗവൺമെന്റ് നിക്ഷേപ പദ്ധതികളിൽ എന്നപോലെ കെ വി പിയിൽ നിക്ഷേപകന് നികുതിയിളവ് ലഭിക്കുന്നില്ല എന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ പോരായ്മയാണ്. സാധാരണഗതിയിൽ ബാങ്കുകളിൽ നിക്ഷേപം നടത്തുന്ന മുതിർന്ന പൗരന്മാരായ വ്യക്തികൾക്ക് ലഭിക്കാറുള്ള അധിക പലിശ നിരക്കും കെ വി പി യിൽ നിക്ഷേപിക്കുമ്പോൾ ലഭ്യമാകുന്നില്ല.

നിക്ഷേപ കാലയളവിന് മുൻപ് പണം പിൻവലിക്കുവാനുള്ള നിബന്ധനകൾ

ഒരു വർഷത്തിനു മുൻപ് നിക്ഷേപ തുക പിൻവലിച്ചാൽ ആ കാലയളവിലെ പലിശ നിക്ഷേപകന് ലഭിക്കുന്നില്ല എന്ന് മാത്രമല്ല നിക്ഷേപിച്ച തുകയ്ക്ക് അനുസൃതമായ പിഴയും നിക്ഷേപകന് നൽകേണ്ടതായി വരുന്നുണ്ട്.  ഒരു വർഷത്തിന് ശേഷം എന്നാൽ രണ്ട് വർഷം തികയുന്നതിന് മുൻപ് നിക്ഷേപ തുക പിൻവലിക്കുമ്പോൾ പിഴ നൽകേണ്ടി വരുന്നില്ല എന്നാൽ നിക്ഷേപിച്ച തുക മാത്രമാണ് നിക്ഷേപകന് ലഭ്യമാവുക. 

govt-scheme

രണ്ടര വർഷം നിക്ഷേപം തുടർന്നതിന് ശേഷമാണ് കെ വി പിയിൽ നിന്ന് നിക്ഷേപ തുക പിൻവലിക്കുന്നതെങ്കിൽ  പിഴ നൽകേണ്ടതില്ല എന്നതു മാത്രമല്ല ആ ദിവസം വരെയുള്ള പലിശ നിക്ഷേപകന് ലഭിക്കുകയും ചെയ്യുന്നുണ്ട്. നിക്ഷേപിച്ച തുക ഇരട്ടിയായി തിരികെ ലഭിക്കണമെങ്കിൽ നിക്ഷേപ കാലയളവായ 9 വർഷവും 7 മാസവും  നിക്ഷേപം തുടരേണ്ടതായിട്ടുണ്ട്.

കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്

സാധാരണ നിലയിൽ പോസ്റ്റ് ഓഫീസുകളിലൂടെയാണ് കെ വി പിയിൽ നിക്ഷേപം നടത്തുവാൻ സാധിക്കുന്നത്. ബാങ്കുകളിലൂടെ കെ വി പി യിൽ നിക്ഷേപിക്കാമെങ്കിലും ബാങ്കുകളുടെ ചില തിരഞ്ഞെടുത്ത ശാഖകളിൽ മാത്രമാണ് കെ വി പി നിക്ഷേപത്തിനുള്ള സൗകര്യം നിലവിലുള്ളത്.

നിങ്ങളുടെ വയസ്സും വിലാസവും തെളിയിക്കുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖ, 50000 രൂപയിൽ അധികം നിക്ഷേപിക്കുന്നവർക്ക് പാൻ കാർഡ് എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ ആവശ്യമുള്ള രേഖകൾ .  

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മൊമെന്റം ഇൻവെസ്റ്റിംഗിലൂടെ ഓഹരി വിപണിയിലെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താം

ഏറെക്കാലമായി നിലവിലുണ്ടായിരുന്ന നിക്ഷേപ തന്ത്രം ആണെങ്കിലും 1990ന് ശേഷമാണ് ഇന്ത്യയിൽ മൊമെന്റം ഇൻവെസ്റ്റിംഗ് രീതി കാര്യമായി…

ഡിവിഡന്റ് നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കേണ്ടതുണ്ടോ?

സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും, ഉയർന്ന ഡിവിഡന്റ് ഓഹരി ഉടമകൾക്ക് നൽകുകയും ചെയ്യുന്ന ചില കമ്പനികളുടെ…

വിപണി ഉയരങ്ങൾ കീഴടക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ

ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് വിപണി കുതിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിക്ഷേപകരുടെ വർദ്ധിച്ച ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്ന വാക്കാണ്…

ഓഹരികൾ കൈമാറ്റം ചെയ്യാം : വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ

ഒന്നിൽ കൂടുതൽ ഡീമാറ്റ് അക്കൗണ്ടുകളിലൂടെ ഓഹരി വിപണിയിൽ നിക്ഷേപിച്ചിരിക്കുന്ന വ്യക്തികളിൽ പലരും തങ്ങളുടെ നിക്ഷേപങ്ങളെല്ലാം ഒരു…