man-reading-a-book-lessons-from-napolean-hill

Sharing is caring!

സ്വപ്രയത്നത്താൽ സാമ്പത്തികമായി വളരെ ഉയർന്ന നിലയിലെത്തി നിൽക്കുന്നവരിൽ പലരും, സാമ്പത്തിക വിദഗ്ധരായ വ്യക്തികളും, സാമ്പത്തിക രംഗത്തെ മികച്ച എഴുത്തുകാരും വളരെ ആഴത്തിൽ വായിക്കുകയും അപഗ്രഥിക്കുകയും ചെയ്തിട്ടുള്ള പുസ്തകമായിരിക്കും നെപ്പോളിയൻ ഹില്ലിന്റെ തിങ്ക് ആൻഡ് ഗ്രോ റിച്ച് എന്നത്. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട പല മികച്ച രചനകളും തയ്യാറാക്കിയിരിക്കുന്നത് നെപ്പോളിയൻ ഹില്ലിന്റെ ഈ പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്.

ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് തിങ്ക് ആൻഡ് ഗ്രോ റിച്ച്. ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന പതിമൂന്ന് വിജയമന്ത്രങ്ങളിൽ തിരഞ്ഞെടുത്ത അഞ്ച് എണ്ണം വിശദമായി പരിശോധിക്കാം.

ജ്വലിക്കുന്ന ആഗ്രഹങ്ങൾ

നമുക്കു ചുറ്റുമുള്ള ഏതൊരു വ്യക്തിയെ എടുത്താലും ആ വ്യക്തികൾക്കെല്ലാം തന്നെ പലവിധത്തിലുള്ള ആഗ്രഹങ്ങളുണ്ട്. എന്നാൽ വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് അതിനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് ആവശ്യമുള്ളത് സാധാരണ ആഗ്രഹങ്ങളല്ല മറിച്ച് തീവ്രമായി ജ്വലിക്കുന്ന ആഗ്രഹങ്ങളാണ്. 

good-habits-for-success

നമുക്ക് ലഭ്യമായ സുഖകരമായ ചുറ്റുപാടുകളിൽ നിന്ന് പിന്മാറിക്കൊണ്ട് ഉറക്കം പോലും വേണ്ടെന്ന് വെച്ച് ലക്ഷ്യങ്ങൾക്കായി നിങ്ങളെ അധ്വാനിക്കാൻ പ്രേരിപ്പിക്കുന്ന ആഗ്രഹങ്ങളാണ് ജ്വലിക്കുന്ന ആഗ്രഹങ്ങൾ. പല കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ പെട്ടെന്നുണ്ടാകുന്ന പ്രചോദനത്താൽ ആദ്യത്തെ ചില ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ആരംഭ ശൂരത്വമല്ല ഇവിടെ പരാമർശിച്ചിരിക്കുന്നത്.

ജീവിതത്തിന്റെ ഗതി പോലും മാറ്റിമറിക്കുവാൻ സാധിക്കുന്ന വിധത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാനും വർദ്ധിച്ച ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാനും ജ്വലിക്കുന്ന ആഗ്രഹങ്ങൾ നിങ്ങളെ പ്രേരിപ്പിക്കും. ഒരു വീട് വയ്ക്കുക, കാർ വാങ്ങുക തുടങ്ങി സാധാരണ നിലയിൽ വ്യക്തികൾക്ക് ഉണ്ടായേക്കാവുന്ന ആഗ്രഹങ്ങൾക്ക് ഉപരിയായി സ്വയം തിരിച്ചറിഞ്ഞുകൊണ്ട് ഉയരങ്ങൾ കീഴടക്കുവാനുള്ള യാത്രയുടെ തുടക്കമാണ് കത്തിജ്വലിക്കുന്ന ആഗ്രഹങ്ങൾ.

ഉറച്ച തീരുമാനങ്ങൾ

പല വ്യക്തികളും അവരുടെ ജീവിതത്തിൽ നടപ്പിലാക്കേണ്ട തീരുമാനങ്ങളും പദ്ധതികളും തയ്യാറാക്കിയിരിക്കും. പലപ്പോഴും സമഗ്രമായ രീതിയിൽ തീരുമാനങ്ങൾ എടുക്കുവാൻ വ്യക്തികൾ പരാജയപ്പെടുന്നതിനാലാണ് അവരുടെ പദ്ധതികളും തീരുമാനങ്ങളും അവർക്ക് നടപ്പിലാക്കുവാൻ സാധിക്കാതെ വരുന്നത്. ജീവിത വിജയത്തിനായി ഒരു രൂപരേഖ തയ്യാറാക്കുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ആ ലക്ഷ്യത്തിന് കൃത്യത കൊണ്ടുവരിക എന്നതാണ് നിങ്ങൾ പ്രഥമമായി ചെയ്യേണ്ട കാര്യം.

അതായത് സമ്പന്നനായി തീരുക എന്നതാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ എത്രത്തോളം സമ്പത്ത് താൻ നേടണമെന്നും അതിനായി എത്ര സമയം തനിക്ക് ഉപയോഗിക്കാമെന്നും വ്യക്തമായ രീതിയിൽ തീരുമാനങ്ങൾ എടുക്കുവാൻ നിങ്ങൾ ശ്രമിക്കണം. പത്തു കോടി രൂപ സ്വന്തമാക്കുക എന്നതാണ് സമ്പന്നനാവുക എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ആ പത്തു കോടി രൂപ നേടുവാനുള്ള മാർഗ്ഗവും കാലയളവും അതിന് വേണ്ട പദ്ധതികളും വ്യക്തമായി ആവിഷ്കരിക്കാൻ നിങ്ങൾക്ക് സാധിക്കണം.

ഈ ലോകത്ത് ആർക്കും ഒന്നും വെറുതെ ലഭിക്കുന്നില്ല, നിങ്ങൾക്ക് ഗുണപരമായ എന്തെങ്കിലും സ്വന്തമാക്കണമെങ്കിൽ തീർച്ചയായും നിങ്ങൾ അതിന് പ്രതിഫലം നൽകേണ്ടിവരും. ആരെങ്കിലും നിങ്ങൾക്ക് ഒരു കാര്യം സൗജന്യമായി നൽകുന്നുണ്ടെങ്കിൽ നിങ്ങൾ പോലും അറിയാതെ നിങ്ങളെ അവർ തീർച്ചയായും ഉപയോഗപ്പെടുത്തിയിരിക്കും.

അതുപോലെതന്നെ സൗജന്യമായി ലഭിക്കുന്നതും, വളരെ ചെറിയ അധ്വാനമോ വിലയോ ആവശ്യമുള്ളതുമായ കാര്യങ്ങളാണ് നിങ്ങൾ തേടുന്നതെങ്കിൽ നിങ്ങളെ തേടി വരുന്നതും അങ്ങനെയുള്ള കാര്യങ്ങൾ ആയിരിക്കും. മൂല്യമുള്ള കാര്യങ്ങൾ നേടിയെടുക്കണമെങ്കിൽ ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് ഉറപ്പുള്ളതും കൃത്യതയുള്ളതുമായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്നതാണ്. അതിന് നിങ്ങൾ തയ്യാറായില്ലെങ്കിൽ നിങ്ങളുടെ തീരുമാനങ്ങൾ വെറും സ്വപ്നമായി തുടരാനുള്ള സാധ്യത ഏറെയാണ്.

കൃത്യതയാർന്ന അറിവ്

പുസ്തകങ്ങൾ, വീഡിയോകൾ, ബ്ലോഗുകൾ തുടങ്ങി പല മാർഗ്ഗങ്ങളിലൂടെ നിങ്ങൾ അറിവുകൾ നേടുന്നുണ്ടായിരിക്കാം. നേടുന്ന അറിവുകൾ ജീവിതത്തിൽ പ്രായോഗികമാക്കുവാൻ സാധിച്ചെങ്കിൽ മാത്രമേ അറിവ് നേടുന്നതിന് അർത്ഥമുണ്ടാവുകയുള്ളൂ.

learning-habits

ഇന്നത്തെ കാലത്ത് അറിവ് നേടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാൽ ശരിയായ അറിവ് നേടുക എന്നത് തീർത്തും ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നു. വിജ്ഞാനം വിരൽത്തുമ്പിൽ ലഭിക്കുന്ന ഈ കാലഘട്ടത്തിൽ കടലു പോലെ വിശാലമായ അറിവുകളുടെ കൂമ്പാരത്തിൽ നിന്ന് കൃത്യമായ അറിവ് നേടുവാൻ വ്യക്തികൾക്ക് സാധിക്കാതെ വരുന്നു.

ഉദാഹരണത്തിന് ഒരു വ്യക്തി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനെ കുറിച്ച് വീഡിയോകൾ വഴിയും പുസ്തകങ്ങൾ വഴിയും അറിവ് നേടുന്നു എന്ന് കരുതുക. പല തരത്തിലുള്ള അറിവുകൾ ആ വ്യക്തി നേടിയെങ്കിലും പ്രായോഗികമായ തലത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുവാൻ ഈ അറിവുകളിൽ സാധിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.

വളരെ രസകരമായ ഒരു ചൈനീസ് പഴഞ്ചൊല്ല് ഇങ്ങനെയാണ് “അറിവ് നേടിയിട്ടും ആ അറിവ് നിങ്ങൾ പ്രയോഗിക്കുന്നില്ലെങ്കിൽ അത് അറിവ് നേടാതിരിക്കുന്നതിന് തുല്യം തന്നെയാണ്”. ശരിയായ അറിവ് കൃത്യമായി കൈമാറേണ്ടതും പ്രായോഗിക തലത്തിൽ കൃത്യമായി നടപ്പിലാക്കേണ്ടതുമാണ്. ഒരു ചിത്രം വരയ്ക്കുവാൻ ചില കുത്തുകൾ യോജിപ്പിക്കുന്നതിലൂടെ സാധിക്കും എന്ന് കരുതുക എന്നാൽ ആ ചിത്രം വരയ്ക്കാതെ കുത്തുകളുടെ സ്ഥാനം മാത്രം അറിഞ്ഞതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ആഴത്തിലുള്ളതും കൃത്യതയുമാർന്ന അറിവുകൾ നേടിയാൽ മാത്രമേ നമ്മുടെ കഴിവുകൾ നമ്മുടെ വളർച്ചയ്ക്കായി ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ.

ശരിയായ ചിന്തകൾ

വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാനുള്ള പണിപ്പുരയായിട്ടാണ് നെപ്പോളിയൻ ഹിൽ ചിന്തകളെ വിലയിരുത്തുന്നത്. വലിയ ലക്ഷ്യങ്ങൾ നേടുവാനായി അറിവും മറ്റു ഘടകങ്ങളും നിങ്ങൾക്കുണ്ടെങ്കിൽ പോലും ശരിയായ ദിശയിലുള്ള ചിന്തകൾ അല്ലെങ്കിൽ സങ്കല്പങ്ങൾ നിങ്ങൾക്കില്ലെങ്കിൽ ആ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുക എന്നത് പ്രയാസകരമായിരിക്കും.

ലക്ഷ്യങ്ങൾ നടപ്പിലാക്കുവാൻ കൃത്യമായ പദ്ധതികൾ തയ്യാറാക്കേണ്ടത് അനിവാര്യമാണെങ്കിലും ഭാവനാപരമായ ചിന്തകളോടെ ആവിഷ്കരിക്കപ്പെട്ട പദ്ധതികളാണ് വിജയിക്കാനുള്ള സാധ്യത കൂടുതൽ. നിങ്ങളുടെ സങ്കൽപ്പത്തിൽ കടന്നുവരുന്ന സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള ദൃഢമായ വിശ്വാസമാണ് നിങ്ങളെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നയിക്കുന്നത്. ഓർക്കുക മനുഷ്യർക്ക് ചെയ്യുവാൻ സാധിക്കുന്ന കാര്യങ്ങൾക്ക് പരിധികളില്ല എന്നാൽ പരിമിതികൾ സൃഷ്ടിക്കുന്നത് മനുഷ്യ മനസ്സ് തന്നെയാണ്.

സമാന മനസ്കരുമായി ഒത്തുചേരുക

financial-advisory

മനുഷ്യർ വളരെ സ്വാർത്ഥതയുള്ളവരാണ് പല കാര്യങ്ങളും തനിയെ നേടുവാനായി അവർ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ സ്വന്തം ബലഹീനതകളും ശക്തികളും ശരിയായ രീതിയിൽ തിരിച്ചറിഞ്ഞു കൊണ്ട് പ്രവർത്തിച്ചില്ലെങ്കിൽ നാം ലക്ഷ്യത്തിലെത്താൻ വൈകുകയോ അല്ലെങ്കിൽ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാതിരിക്കുകയോ ചെയ്തേക്കാം.

എന്നാൽ ഒരേ ലക്ഷ്യത്തിനായി ആത്മാർത്ഥമായി ശ്രമിക്കുന്നവർ ഒപ്പമുണ്ടെങ്കിൽ, തങ്ങളുടെ കഴിവുകളും ബലഹീനതകളും തിരിച്ചറിഞ്ഞ് ഒരുമയോടെ പ്രവർത്തിക്കുവാൻ സാധിക്കുന്നവരാണ് അവരെങ്കിൽ ലക്ഷ്യത്തിലേക്കുള്ള യാത്ര വളരെ സുഗമമായിരിക്കും. ഇത്തരത്തിൽ ഒന്നായി പ്രവർത്തിക്കുവാൻ മനസ്സുള്ളവർ കൂടെയുണ്ടെങ്കിൽ വളരെ നേരത്തെ തന്നെ ലക്ഷ്യസ്ഥാനത്ത് എത്തുവാൻ നമുക്ക് സാധിക്കും.

ഒത്തുചേർന്ന് പ്രവർത്തിക്കാനായി വളരെ കുറച്ചുപേർ മാത്രമേ കൂടെയുള്ളൂവെങ്കിലും അവർ ആത്മാർത്ഥതയോടെ ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവർ ആയിരിക്കേണ്ടത് അനിവാര്യമാണ്. സമൂഹത്തിൽ പല സ്വഭാവക്കാരും പല താൽപര്യങ്ങളുമുള്ള വ്യക്തികളും ഉണ്ടാവാം, എന്നാൽ ഒരേ ലക്ഷ്യത്തിനായി കൈകോർത്ത് പ്രവർത്തിക്കുവാൻ കഴിയുന്നവർ മാത്രമേ നമ്മുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരികയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ സ്ത്രീ ശാക്തീകരണത്തിലേക്കുള്ള വാതിൽ തുറക്കാം

സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന നിമിഷത്തിലാണ് സ്ത്രീ ശാക്തീകരണത്തിലേക്കുള്ള വാതിൽ തുറക്കപ്പെടുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെ സ്ത്രീകളുടെ…

നല്ല നിക്ഷേപകനാകുവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലഭിക്കുന്ന വരുമാനം എത്ര തന്നെയായാലും ആ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരാണ്…

സമ്പന്നർ എന്തുകൊണ്ട് ഇൻകം ടാക്സ് അടക്കാതെ ജീവിക്കുന്നു

പലരും പറഞ്ഞു കേൾക്കുന്ന കാര്യം ആണ് സമ്പന്നർ എല്ലാവരും കള്ളപ്പണക്കാർ ആണ് ഇത്തരക്കാർ എല്ലാം ക്രമാതീതമായി…

സാമ്പത്തിക പുരോഗതിയിലേക്ക് എത്തിച്ചേരുവാൻ സഹായകരമാകുന്ന മാനസികാവസ്ഥ എങ്ങനെ വളർത്തിയെടുക്കാം

സ്വന്തം സാമ്പത്തിക സ്ഥിതി ഓർത്ത് വിഷമിക്കുന്നവരാണോ നിങ്ങൾ. സാമ്പത്തിക അരക്ഷിതാവസ്ഥ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടോ. ജീവിതത്തിൽ…