mistakes-to-be-avoided-in-rising-market

Sharing is caring!

ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് വിപണി കുതിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിക്ഷേപകരുടെ വർദ്ധിച്ച ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്ന വാക്കാണ് മാർക്കറ്റ് യൂഫോറിയ എന്നത്. അതായത് വിപണിയെക്കുറിച്ച് പ്രാഥമികമായ അറിവുകൾ പോലുമില്ലാതെ ഏത് ഓഹരിയിൽ നിക്ഷേപിച്ചാലും  നേട്ടം ലഭിക്കുന്ന വിപണിയുടെ അവസ്ഥയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.

അനുമാനങ്ങളും, പ്രവചനങ്ങളും ലംഘിച്ചു വിപണി മുന്നോട്ട് കുതിക്കുന്ന സാഹചര്യങ്ങളിൽ ടി.വി ചാനലുകളിലും, പത്രങ്ങളിലും, യൂട്യൂബ് വീഡിയോകളിലും ഉത്സവ പ്രതീതിയിലാണ് വിപണിയെക്കുറിച്ചുള്ള വാർത്തകൾ ആഘോഷിക്കപ്പെടുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ  ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന വ്യക്തികൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

കൂടുതൽ തുക ഒരുമിച്ച് നിക്ഷേപിക്കാതിരിക്കുക.

വിപണിയിൽ കുതിപ്പ് തുടരുന്ന സമയത്ത് ഉയർന്ന നേട്ടം പ്രതീക്ഷിച്ചുകൊണ്ട് കൈവശമുള്ള പണം ഒരുമിച്ച് നിക്ഷേപിക്കുന്ന പ്രവണത പൊതുവിൽ കാണാറുണ്ട്. വിപണി ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പോകുമ്പോൾ തനിക്ക് ലഭിക്കേണ്ട വലിയ ലാഭം നഷ്ടപ്പെടുമോ എന്ന ഭയമാണ് പലരെയും കയ്യിലുള്ള പണം ഒരുമിച്ച് നിക്ഷേപിക്കുവാൻ പ്രേരിപ്പിക്കുന്നത്.

എന്നാൽ വിപണി ഉയർന്ന നിലയിൽ വ്യാപാരം ചെയ്യുമ്പോൾ ഒരുമിച്ച് നിക്ഷേപിക്കുന്നതിന് പകരം കൈവശമുള്ള പണം ഗഡുക്കളായി നിക്ഷേപിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ രീതി. നിക്ഷേപിക്കാനായി ഗുണമേന്മയുള്ള ഓഹരികൾ തിരഞ്ഞെടുക്കുന്നതിനോടൊപ്പം തന്നെ വ്യത്യസ്ത നിക്ഷേപ മാർഗ്ഗങ്ങളിലായി നിക്ഷേപിച്ചുകൊണ്ട് നിക്ഷേപത്തിൽ വൈവിധ്യവൽക്കരണം നടത്തുന്നതും മികച്ച രീതിയാണ്.

വിപണി സൂചിക ഉയർന്ന നിൽക്കുമ്പോൾ നിക്ഷേപകർ പരിഗണിക്കേണ്ട മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് ബാലൻസ്ഡ് അഡ്വാൻറ്റേജ് മ്യൂച്വൽ ഫണ്ട് എന്നത്. ഇത്തരത്തിലുള്ള മ്യൂച്വൽ ഫണ്ടിന്റെ പ്രത്യേകത എന്തെന്നാൽ വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി ഓഹരികളിലും ഡെറ്റ് ഉപകരണങ്ങളിലുമായിട്ടുള്ള നിക്ഷേപത്തിന്റെ തോതിൽ കൃത്യമായി ഏറ്റക്കുറച്ചിലുകൾ വരുത്തി നിക്ഷേപത്തിന്റെ ആകെയുള്ള മൂല്യത്തിൽ കാര്യമായ വ്യതിയാനം സംഭവിക്കാതെ കൈകാര്യം ചെയ്യുന്നു എന്നതാണ്. 

ഉദാഹരണത്തിന് ഓഹരി വിപണി സൂചിക ഒരു പരിധിയിൽ അധികം ഉയരുമ്പോൾ ബാലൻസ്ഡ് അഡ്വാൻറ്റേജ് ഫണ്ടുകളിൽ ഓഹരി വിപണിയിൽ നിന്നുള്ള ലാഭമെടുപ്പ് നടക്കുകയും ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപ ശതമാനം ഉയർത്തുകയും ചെയ്യുന്നു. ഓഹരി വിപണിയിൽ താഴ്ന്ന നിലയിൽ വ്യാപാരം നടക്കുമ്പോൾ മികച്ച ഓഹരികളിൽ കൂടുതലായി നിക്ഷേപിക്കുകയും ഡെറ്റ് ഉപകരണങ്ങളിൽ അനുപാതികമായി നിക്ഷേപം കുറയ്ക്കുകയും ചെയ്യുന്നു. വിപണിയുടെ അവസ്ഥയ്ക്ക് അനുസൃതമായി സജീവമായ ഇടപെടലുകൾ നടക്കുന്നതിനാൽ തന്നെ വിപണിയുടെ ഏത് അവസ്ഥയിലും മികച്ച നേട്ടത്തിനൊപ്പം സുരക്ഷിതത്വം  നൽകുവാൻ ഈ ഫണ്ടുകൾക്ക് സാധിക്കുന്നു.

ചെറിയ കാലയളവിനുള്ളിൽ ഉയർന്ന നേട്ടം പ്രതീക്ഷിച്ചുകൊണ്ട് ഒറ്റത്തവണയായി നിക്ഷേപിക്കുമ്പോൾ വിപണിയിൽ സംഭവിക്കുന്ന മാറ്റം കൃത്യമായി തിരിച്ചറിയാനായില്ലെങ്കിൽ നിക്ഷേപകന് വലിയ നഷ്ടം സംഭവിക്കുന്ന സ്ഥിതി ഉണ്ടായേക്കാം. വിപണിയുടെ കയറ്റിറക്കങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം നിക്ഷേപിക്കുക. കൂടെയുള്ളവരെല്ലാം നിക്ഷേപിക്കുന്നതിനാൽ താനും നിക്ഷേപിക്കേണ്ടതുണ്ട് എന്ന് ചിന്തിക്കാതെ ദീർഘകാല അടിസ്ഥാനത്തിൽ നേട്ടം ലഭിക്കാനായി വ്യക്തമായ കാഴ്ച്ചപ്പാടോടുകൂടി നിക്ഷേപിക്കുന്നതാണ് നല്ലത്.

കൈവശമുള്ള മികച്ച ഓഹരികൾ ധൃതിപിടിച്ച് വിൽക്കാതിരിക്കുക

പലപ്പോഴും ഓഹരി വിപണി കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന സമയത്ത് പല നിക്ഷേപകരും വരുത്തുന്ന തെറ്റാണ് അവരുടെ കൈവശമുള്ള നല്ല ഓഹരികൾ ധൃതിപിടിച്ച് വിൽക്കുക എന്നത്. ഒരുപക്ഷേ കാലങ്ങൾക്ക് മുൻപ് കുറഞ്ഞ വിലയിൽ സ്വന്തമാക്കിയ നിലവാരമുള്ള ഓഹരികൾ 70 മുതൽ 80 ശതമാനം വരെ നേട്ടം നൽകുന്ന സമയത്ത് തനിക്ക് ഇതിനേക്കാൾ ലാഭം ഈ ഓഹരികളിൽ നിന്നും ലഭിക്കില്ല എന്ന തോന്നൽ ഉണ്ടാവുകയും വിപണിയിൽ ഉയർച്ച പ്രകടമാകുന്ന സമയത്ത് തന്നെ അവയിൽ നിന്ന് ലാഭം എടുക്കുവാനും ചില നിക്ഷേപകർ ശ്രമിക്കാറുണ്ട്.

sudden-selling-of-stocks-rising-market-condition

എടുത്തുചാടിയുള്ള ഇത്തരം തീരുമാനങ്ങൾ മൂലം നിങ്ങൾക്ക് ലഭിക്കാവുന്ന വലിയ നേട്ടം ലഭിക്കാതെ പോകുന്ന  സാഹചര്യം ചിലപ്പോൾ ഉണ്ടായേക്കാം. ഒരുപക്ഷേ വളരെ താഴ്ന്ന നിലയിൽ നിങ്ങൾ സ്വന്തമാക്കിയ മികച്ച ഓഹരികൾ ആ ഓഹരികളുടെ യഥാർത്ഥ മൂല്യത്തിൽ എത്തുന്നതിനു മുൻപായിരിക്കാം നിങ്ങൾ വിൽക്കുന്നത്. 

താഴ്ന്ന നിലയിൽ വ്യാപാരം നടന്നതിനുശേഷം വിപണിയിൽ പെട്ടെന്ന് ഉണ്ടാകുന്ന ദിശാമാറ്റത്തിൽ പ്രലോഭിതരായി താൽക്കാലിക നേട്ടത്തിന് വേണ്ടി മികച്ച അവസരങ്ങൾ ഇല്ലാതാക്കരുത്. ഒരു പ്രത്യേക മേഖലയിലെ ഏറ്റവും മികച്ച ഓഹരികൾ ആയിരിക്കാം ചിലപ്പോൾ  നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉണ്ടായിരിക്കുന്നത്. 

ചില നിക്ഷേപകർ തങ്ങളുടെ കൈവശമുള്ള ഓഹരികൾ വിൽക്കുകയും അതേ മേഖലയിലുള്ള കുറഞ്ഞ വിലയിൽ വ്യാപാരം ചെയ്യുന്ന മറ്റ് കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കുകയും ചെയ്യും. ഒരിക്കൽ മികച്ച  ഓഹരികളിൽ നിന്ന് ലാഭം ലഭിച്ചു എന്ന് കരുതി ഓഹരികളിൽ വ്യത്യാസം വരുത്തി അതേ മേഖലയിൽ തന്നെ നിക്ഷേപം തുടർന്നാലും നിക്ഷേപം നടത്തിയത് നിലവാരമില്ലാത്ത ഓഹരികളിൽ ആണെങ്കിൽ പിന്നീട് ഒരിക്കലും ആഗ്രഹിച്ച തരത്തിൽ നേട്ടം നേടാനായി എന്ന് വരില്ല.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ മാറ്റം വരുത്താതിരിക്കുക

പ്രതീക്ഷിക്കാത്ത സമയത്ത് വിപണിയിൽ കുതിപ്പ് പ്രകടമാകുമ്പോൾ ചില നിക്ഷേപകർ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപത്തിൽ പാലിച്ചിരുന്ന അച്ചടക്കവും മാറ്റിവെച്ച് കൂടുതൽ റിസ്ക് എടുക്കുവാനുള്ള പ്രവണത കാണിക്കാറുണ്ട്. വിപണിയിൽ തീർച്ചയായും ഉണ്ടാകുന്ന കയറ്റിറക്കങ്ങളുടെ വ്യാപ്തി തിരിച്ചറിഞ്ഞുകൊണ്ട് യുക്തിപരമായ തീരുമാനങ്ങൾ എടുക്കുവാൻ ശ്രമിക്കുക.

wrong-decisions-rising-market

വിപണിയിൽ കയറ്റിറക്കങ്ങൾ സംഭവിക്കുമ്പോഴും സ്വന്തം സാമ്പത്തിക സ്ഥിതിയും ലക്ഷ്യവും കൃത്യമായി വിലയിരുത്തി മാത്രം നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ ശ്രമിക്കുക. വൈകാരികമായ തീരുമാനങ്ങൾ ഒഴിവാക്കുവാനും ക്ഷമയോടെ വിപണിയെ നിരീക്ഷിക്കുവാനും ഒരു നല്ല നിക്ഷേപകന് സാധിക്കണം

പുതിയ ഓഹരികൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുക

ഓഹരി വിപണി കുതിക്കുന്ന സമയത്ത് പല നിക്ഷേപകരും പ്രത്യേകിച്ച് ഓഹരി വിപണിയിൽ പുതിയതായി കടന്നുവന്ന നിക്ഷേപകർ ഉയർന്ന മൂല്യത്തിൽ ഓഹരികൾ വാങ്ങി കൂട്ടുവാൻ തിടുക്കം കൂട്ടാറുണ്ട്. വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കുതിപ്പ് തുടരുമെന്ന് പ്രതീക്ഷയിലാണ് ഇത്തരക്കാർ ഓഹരികൾ വാങ്ങിക്കൂട്ടുന്നത്. വൻകിട നിക്ഷേപകർ ലാഭമെടുപ്പ് നടത്തുന്ന കാലയളവിൽ ആയിരിക്കാം ഇത്തരത്തിലുള്ള വാങ്ങലുകൾ തുടക്കക്കാരായ നിക്ഷേപകർ നടത്തുന്നത്.

ഇങ്ങനെയുള്ള അവസരങ്ങളിൽ ഓഹരികളുടെ ന്യായവിലയെക്കാൾ വളരെ ഉയർന്ന നിരക്കിൽ ആയിരിക്കാം വിപണിയിൽ വ്യാപാരം നടക്കുന്നത്. ഓഹരി വിപണിയിൽ കയറ്റിറക്കങ്ങൾ തുടർച്ചയായി സംഭവിക്കുന്ന പ്രക്രിയയാണ്. യാതൊരു വിധത്തിലുള്ള ചിന്തയും ഇല്ലാതെ ഉയർന്ന വിലയിൽ ഓഹരികൾ വാങ്ങിക്കൂട്ടിയാൽ വിപണിയിൽ തിരുത്തലുകൾ ഉണ്ടാവുന്ന സമയത്ത് വലിയ നഷ്ടം ആയിരിക്കും നിങ്ങൾക്കുണ്ടാകുന്നത്. 

overthinking-withdrawal-of-mutual-fund

ഐ ആർ സി ടി സി, റിലൈൻസ് ഇൻഡസ്ട്രീസ്, തുടങ്ങി പല ഓഹരികളുടേയും കഴിഞ്ഞ വർഷങ്ങളിലെ സൂചിക നിരീക്ഷിക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ സാഹചര്യങ്ങൾ നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും.

ഓഹരികളിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് വ്യത്യസ്ത സാഹചര്യങ്ങളിൽ വിപണിയിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങളെ വ്യക്തമായി വിലയിരുത്തുവാൻ പഠിക്കുക. പ്രത്യേകിച്ച് തുടക്കക്കാരായ വ്യക്തികൾ സാമ്പത്തിക വിദഗ്ധന്റെ ഉപദേശങ്ങൾ തേടിയതിനു ശേഷം മാത്രം വലിയ രീതിയിലുള്ള നിക്ഷേപങ്ങൾ നടത്തുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള മികച്ച സമയം ഏതാണ്

ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കുവാനുള്ള ശരിയായ സമയം ഏതാണെന്ന് കൃത്യമായി പറയുവാൻ സാധിക്കില്ല എന്നതാണ് വാസ്തവം.…

മാസം തോറും 10000 രൂപ വരുമാനം നേടുവാൻ നിക്ഷേപം നടത്തേണ്ടത് എങ്ങനെയാണ്

ജോലി, ബിസിനസ്സ് തുടങ്ങി വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ വ്യക്തികൾ പണം സമ്പാദിക്കാറുണ്ട്. സമ്പാദിക്കുന്ന പണത്തിന്റെ  ഒരു  ഭാഗം…

ബാങ്കുകൾ തകർന്നാൽ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് എന്ത് സംഭവിക്കും

ഉയർന്ന ലാഭം നൽകുന്ന പലവിധത്തിലുള്ള നിക്ഷേപമാർഗ്ഗങ്ങൾ ലഭ്യമാണെങ്കിലും സമൂഹത്തിലെ ഭൂരിഭാഗം വ്യക്തികളും തങ്ങളുടെ പണം നിക്ഷേപിക്കുവാൻ…

ഡിവിഡന്റ് നൽകുന്ന ഓഹരികളിൽ നിക്ഷേപിക്കേണ്ടതുണ്ടോ?

സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും, ഉയർന്ന ഡിവിഡന്റ് ഓഹരി ഉടമകൾക്ക് നൽകുകയും ചെയ്യുന്ന ചില കമ്പനികളുടെ…