mutual-fund-better-than-banks

Sharing is caring!

ടി.വി ചാനലുകളും പത്ര പരസ്യങ്ങളും ശ്രദ്ധിക്കുന്ന ഏതൊരു സാധാരണക്കാരനും സ്ഥിരമായി കാണുന്ന വാചകമാണ് മ്യുച്വൽ ഫണ്ടിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ് എന്നത്. ഈ വാചകത്തിലെ നഷ്ട സാധ്യത പരിഗണിച്ചു മാത്രം മ്യുച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്നും മാറി നിൽക്കുന്നത് ഉചിതമായ തിരുമാനമാണോ എന്ന് ചിന്തിക്കേണ്ട വിഷയമാണ്. ബാങ്ക് നിക്ഷേപങ്ങൾ 100% സുരക്ഷിതമാണെന്ന  പൊതുബോധത്തിൽ കഴമ്പുണ്ടോ എന്നും പരിശോധിക്കണം.

സ്വകാര്യ ധനമിടപാട്  സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ നിക്ഷേപങ്ങൾ നഷ്ടപ്പെട്ട് വഴിയാധാരമായവരുടെ കഥ  മലയാളികൾക്ക് സുപരിചിതമാണ്. മ്യുച്വൽ ഫണ്ട് നിക്ഷേപത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ പെട്ടെന്നൊരു ദിവസം ഇത്തരത്തിൽ പ്രവർത്തനം നിർത്തുമോ? ഇല്ല എന്ന് തന്നെ  ഉറപ്പിച്ചു പറയാൻ കഴിയും.

ബാങ്കുകളെ ആർബിഐ കർശനമായി നിയന്ത്രിക്കുന്നത് പോലെ തന്നെ  മ്യൂച്വൽ ഫണ്ട് ഹൗസുകളെ സെബിയും ( സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചസ് ബോർഡ് ഓഫ് ഇന്ത്യ ), ആംഫിയും ( അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ )  കർശനമായി നിയന്ത്രിക്കുന്നു. സർക്കാരിൻറെ നിയന്ത്രണത്തിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡികളുടെ കൃത്യമായ വിലയിരുത്തലുകൾക്കും പരിശോധനകൾക്കും മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങൾ വിധേയമാകുന്നുണ്ട്. 

ബാങ്കുകൾ പ്രവർത്തിക്കുന്നത് എങ്ങനെയാണ്

ബാങ്കുകളുടെ പ്രവർത്തനതത്വം   വളരെ ലളിതമാണ് കുറഞ്ഞ പലിശയിൽ നിക്ഷേപങ്ങൾ സ്വീകരിച്ച് ഉയർന്ന പലിശയ്ക്ക് ലോൺ നൽകുന്നു, ലോണിൽ നിന്നും ലഭിക്കുന്ന അധിക പലിശയിൽ  നിന്നും ബാങ്കുകൾ പ്രവർത്തിക്കാനുള്ള തുകയും ലാഭവും കണ്ടെത്തുന്നു. ഇതുമാത്രമല്ല മറ്റു വരുമാന മാർഗങ്ങളും ഉണ്ട് അതിലേക്കു നമ്മൾ കടക്കുന്നില്ല. ബാങ്കിൽ നിന്നും ലോൺ എടുക്കുന്നവർ കൃത്യമായി തിരിച്ചടവ് നടത്തിയാൽ മാത്രമേ ഒരു ബാങ്കിന്  നിലനിൽക്കാൻ സാധിക്കുകയുള്ളൂ.

നൽകിയ ലോണുകളിൽ നിന്ന് തിരിച്ചടവ് ലഭിക്കാതെ വരുന്ന അവസ്ഥയിൽ ബാങ്കുകളുടെ കിട്ടാക്കടം വർദ്ധിക്കുന്നു. തിരിച്ചുപിടിക്കാനാകാത്ത ലോണുകൾ പരിധിയിൽ അധികമാകുമ്പോൾ ബാങ്കുകൾ നഷ്ടം നേരിടുകയും തകർച്ചയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. ബാങ്ക് എന്നത് ഒരു  ബിസിനസ്സ്  സ്ഥാപനമായതിനാൽ  നിക്ഷേപകരേയും  കടം വാങ്ങുന്നവരേയും  ഉപഭോക്താക്കൾ എന്ന നിലയിലാണ് ഇവിടെ പരിഗണിക്കുന്നത്. കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ബിസിനസ്സ് സംരംഭമായ ബാങ്കിന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് ഉപഭോക്താവിന് നൽകുവാൻ കഴിയുന്നു. 

how-many-bank-accounts-do-you-need

ഏതൊരു ബിസിനസ്സ്  എന്നപോലെ ബാങ്കുകളും ലാഭനഷ്ട സാധ്യതകളെ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ബാങ്ക് നിക്ഷേപങ്ങൾ 100% സുരക്ഷിതം എന്നു കരുതുന്നത് തെറ്റാണ്.  ആർബിഐയുടെ കീഴിൽ വരുന്ന ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ എന്ന സ്ഥാപനമാണ് ബാങ്കുകളിൽ നടത്തുന്ന നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്.

ഒരു വ്യക്തി എത്രതന്നെ ബാങ്ക് നിക്ഷേപം നടത്തിയാലും, മുതലും പലിശയും ചേർത്ത് നിക്ഷേപം എത്ര വളർന്നാലും, ലഭിക്കാവുന്ന പരമാവധി ഇൻഷുറൻസ് പരിരക്ഷ എന്നത് അഞ്ച് ലക്ഷമാണ്. അതുകൊണ്ടുതന്നെ മറ്റേത്  നിക്ഷേപത്തിൽ എന്ന പോലെ ബാങ്കിൽ നടത്തുന്ന നിക്ഷേപത്തിനും 100% സുരക്ഷിതത്വം  ഉറപ്പു നൽകുവാൻ സാധിക്കുന്നില്ല. ആർബിഐയുടെ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ബാങ്കുകളിലെ നിക്ഷേപത്തിന് ലഭിക്കുന്ന വിശ്വാസ്യത ഗവൺമെൻറ് ഏജൻസികളുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന മ്യുച്വൽ ഫണ്ട് സ്ഥാപനങ്ങൾക്കും നിലനിൽക്കുന്നു എന്നതാണ് സത്യം.

ബാങ്ക് നിക്ഷേപവും മ്യുച്വൽ  ഫണ്ടുകളിലെ നിക്ഷേപവും തമ്മിലുള്ള വ്യത്യാസം

വ്യക്തികൾ നൽകുന്ന നിക്ഷേപത്തെ ബാങ്കുകൾ കൈകാര്യം ചെയ്യുന്നതുപോലെയല്ല മ്യുച്വൽ ഫണ്ടുകളിൽ കൈകാര്യം ചെയ്യുന്നത്. മ്യുച്വൽ ഫണ്ടിന്റെ പ്രത്യേകത അനുസരിച്ച് ഓഹരി വിപണിയിലും, ബോണ്ട്, ഡിബഞ്ചർ, സ്വർണം തുടങ്ങി മറ്റ് പല ആസ്തികളിലും ഫണ്ട് മാനേജർമാർ നിക്ഷേപം നടത്തി ലാഭം നേടുകയാണ് ചെയ്യുന്നത്.

ലാഭത്തെ മാത്രം മുൻനിർത്തി മ്യുച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിൽ അർത്ഥമില്ല. വ്യക്തമായ കാഴ്ചപ്പാടോടുകൂടി വിപണിയിലെ സാഹചര്യങ്ങൾ മനസ്സിലാക്കി നീണ്ട കാലയളവിലേക്ക് നേട്ടം കൈവരിക്കുവാനുള്ള നിക്ഷേപ മാർഗ്ഗമായി മ്യുച്വൽ ഫണ്ടുകളെ കണക്കാക്കണം.

എന്താണ് ബാങ്ക് നിക്ഷേപവും മ്യുച്വൽ ഫണ്ടുകളിലെ നിക്ഷേപവും തമ്മിലുള്ള വ്യത്യാസം എന്ന് പരിശോധിക്കാം. ഒരു പ്രത്യേക കാര്യത്തിനായി വ്യക്തികൾ നീക്കിയിരിപ്പ് നടത്തിയ പണം സുരക്ഷിതമായി സൂക്ഷിക്കുക എന്നത്  മാത്രമാണ് ബാങ്കിൽ നിക്ഷേപിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഇവിടെ മൂലധനത്തിന്റെ സുരക്ഷയ്ക്കാണ് പ്രഥമ  പരിഗണന.

നിശ്ചിതമായ ഒരു ലാഭം പലിശയിനത്തിൽ ലഭിക്കുന്നുണ്ടെങ്കിൽ പോലും പണപ്പെരുപ്പം തരണം ചെയ്യുവാൻ നിലവിലുള്ള സേവിങ്സ് സ്കീമുകൾക്ക്  സാധിക്കാത്തതിനാൽ തന്നെ ഹ്രസ്വകാലയളവിലുള്ള മൂലധന സംരക്ഷണത്തിന്  ഉപരിയായി  സേവിങ്സ് സ്കീമുകളെ ആശ്രയിക്കുന്നത് പ്രായോഗികം അല്ല.

മ്യുച്വൽ ഫണ്ടുകളിലെ അല്ലെങ്കിൽ ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യം മൂലധന വളർച്ചയാണ്. പണപ്പെരുപ്പത്തിന്റെ നിരക്ക് തരണം ചെയ്യുവാനും ഉയർന്ന ലാഭം നേടുവാനും ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ പര്യാപ്തം ആണെങ്കിലും നഷ്ടസാധ്യത ഇവിടെ നിലനിൽക്കുന്നു എന്നത് വസ്തുതയാണ്.

ഉയർന്ന ലാഭം പ്രതീക്ഷിക്കുന്ന നിക്ഷേപങ്ങളിലെ നഷ്ട സാധ്യതയും ഉയർന്നതാണ്. ദീർഘകാലയളവിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാനും  മൂലധന വളർച്ചയ്ക്കും വിപണിയിലെ നിക്ഷേപ പദ്ധതികളിൽ വ്യക്തമായ കാഴ്ചപ്പാടു കൂടി നിക്ഷേപിക്കുക എന്നതാണ് ഏകമാർഗ്ഗം.

മ്യുച്വൽ ഫണ്ടുകളിലെ റിസ്ക്

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ കുറിച്ചുള്ള പരസ്യങ്ങളിൽ പൊതുവായി കാണാറുള്ള വാക്കാണ് മാർക്കറ്റ് റിസ്ക് എന്നത്. എന്താണ് ഈ വാക്ക് സൂചിപ്പിക്കുന്നത് എന്നു പരിശോധിക്കാം. മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട് മാർക്കറ്റ് റിസ്ക് എന്ന വാക്ക് കേൾക്കുന്ന ഒരു വ്യക്തിയുടെ മനസ്സിൽ പ്രധാനമായും കടന്നുവരുന്നത് ഓഹരി വിപണിയാണ്.

എന്നാൽ മ്യുച്വൽ ഫണ്ട് എന്നത് വളരെയധികം വൈവിധ്യവൽക്കരണത്തിന് സാധ്യതയുള്ള നിക്ഷേപ മാർഗ്ഗമാണ്. ഇവിടെ ഓഹരി വിപണിയെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള നിക്ഷേപമല്ല നിലനിൽക്കുന്നത്. ഡെറ്റ് ഉപകരണങ്ങളിലും, സ്വർണത്തിലും, ഓഹരി വിപണിയിലും തുടങ്ങി വൈവിധ്യമാർന്ന മാർഗ്ഗങ്ങളിൽ ഇഷ്ടാനുസരണം നിക്ഷേപിക്കുവാൻ മ്യുച്വൽ ഫണ്ടുകളിൽ അവസരമുണ്ട്. “നമ്മൾ ചെയ്യുന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് റിസ്ക്” എന്ന് പറഞ്ഞത് ലോക പ്രശസ്ത ഇൻവെസ്റ്റർ വാറൻ ബഫറ്റാണ്. 

risk in mutual fund investments

ഉദാഹരണത്തിന്, നീന്തുവാൻ അറിയാത്ത വ്യക്തികളെ സംബന്ധിച്ചിടത്തോളം പുഴയിൽ നീന്തുക എന്നത് ഉയർന്ന റിസ്ക് ഉള്ള കാര്യമാണ്. എന്നാൽ നല്ലതുപോലെ നീന്തൽ അറിയുന്ന ഒരാൾക്ക് അത് വളരെ ഈസിയായി ചെയ്യാവുന്നതുമാണ്. അതായത് വ്യക്തമായ ധാരണയില്ലാതെ എന്തു ചെയ്താലും ആ പ്രവർത്തിയിൽ റിസ്ക് നിലനിൽക്കുന്നു.

അതുപോലെ തന്നെയാണ് ഓഹരി വിപണിയിലേയും  മ്യുച്വൽ ഫണ്ടിലേയും  നിക്ഷേപം. കൃത്യമായ ലക്ഷ്യബോധവും, വ്യക്തമായ ധാരണകളും, ആഴത്തിലുള്ള പഠനവും ഒരു നിക്ഷേപകന് അത്യാവശ്യം വേണ്ട ഗുണങ്ങളാണ്. ഈ ഗുണങ്ങളുള്ള ഒരു നിക്ഷേപകൻ ദിശാബോധത്തോടെ കൂടി നിക്ഷേപം നടത്തുമ്പോൾ അവിടെ റിസ്ക് എന്നത് പരിമിതമായി മാറുന്നു.

ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കമ്പോളത്തെ സ്വാധിനിക്കുന്നതാണ്  മാർക്കറ്റ് റിസ്ക് എന്ന് പറയാം. ഇത്തരത്തിലുള്ള നഷ്ട സാധ്യതകളെ പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപത്തെ പരുവപ്പെടുത്തുകയാണ് ഒരു മികച്ച നിക്ഷേപകൻ  ചെയ്യേണ്ടത്. 

 വ്യത്യസ്ത സാഹചര്യങ്ങളുള്ള  രണ്ടു വ്യക്തികൾ ഒരു പോലെ നിക്ഷേപം നടത്തുമ്പോൾ രണ്ടു വ്യക്തികളും റിസ്ക് കൈക്കൊള്ളുന്നത് വ്യത്യസ്ത രീതിയിലാണ് എന്നത് ഒരു ഉദാഹരണത്തിലൂടെ നോക്കിക്കാണാം. മാസം ഒരു ലക്ഷം രൂപ വരുമാനമുള്ള ഒരു വ്യക്തിയും പതിനായിരം രൂപ വരുമാനമുള്ള ഒരു വ്യക്തിയും 5000 രൂപ വീതം മ്യുച്വൽ ഫണ്ടിൽ എസ്ഐപി ആയി നിക്ഷേപിക്കുന്നു എന്ന് കരുതുക. ഒരാൾ വരുമാനത്തിന്റെ 50 ശതമാനവും മറ്റൊരാൾ വരുമാനത്തിന്റെ 5  ശതമാനവും മാസംതോറും നിക്ഷേപത്തിനായി മാറ്റിവയ്ക്കുമ്പോൾ, 50 ശതമാനം മാറ്റിവയ്ക്കുന്ന വ്യക്തി നീണ്ട കാലയളവിൽ കൃത്യമായി ആ നിക്ഷേപം തുടരുവാനുള്ള സാധ്യത കുറവാണ്.

ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നു വരുന്ന ചിലവുകൾക്കായി അദ്ദേഹത്തിന് തൻറെ നിക്ഷേപം നീക്കി വെക്കേണ്ടി  വരുവാനുള്ള സാധ്യത ഏറെയാണ്. ഇവിടെ കൂടുതൽ റിസ്ക് എടുത്ത് നിക്ഷേപം നടത്തുന്നത് 50% നിക്ഷേപിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ്. എല്ലാ വ്യക്തികൾക്കും എല്ലാ സാഹചര്യങ്ങളിലും ഒരുപോലെ പ്രായോഗികമായ നിക്ഷേപങ്ങൾ നിലവിലില്ല എന്ന സത്യം നിക്ഷേപത്തിൽ ഏർപ്പെടുന്ന വ്യക്തികൾ മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തി വേണം ഉചിതമായ തീരുമാനങ്ങളിൽ എത്തുവാൻ.

നിക്ഷേപമാർഗ്ഗം എങ്ങനെ തിരഞ്ഞെടുക്കാം

mutual-funds-vs-bank-deposits

ബാങ്കുകളിലെ  നിക്ഷേപത്തെ  മ്യുച്വൽ ഫണ്ട് നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടു മാർഗ്ഗങ്ങൾക്കും സുരക്ഷിതത്വവും ഒപ്പം റിസ്ക്കും ഉള്ളതായി കാണുവാൻ  കഴിയും. ഗവൺമെൻറ് ഏജൻസികളുടെ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ബാങ്കുകളും മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ബാങ്കുകളെക്കാൾ കൂടുതൽ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നതുകൊണ്ട്  തന്നെ മ്യുച്വൽ ഫണ്ട് സ്ഥാപനങ്ങൾ തകർച്ചയ്ക്ക് വിധേയമാകും എന്ന ആശങ്കയ്ക്ക് അർത്ഥമില്ല. ഹ്രസ്വകാലയളവിലേക്കുള്ള നീക്കിയിരിപ്പ് എന്ന നിലയിൽ പരിഗണയ്ക്കുമ്പോൾ ബാങ്കിലേയോ  പോസ്റ്റ്  ഓഫീസിലേയോ  നിക്ഷേപങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പത്തിന്റെ  നിരക്കിനേക്കാൾ വളരെ കുറഞ്ഞ നിരക്ക്  പലിശയായി ലഭിക്കുന്ന സേവിങ്സ്  സ്കീമുകളെ  ആശ്രയിക്കുന്ന വ്യക്തികൾക്ക് നീണ്ട കാലയളവിൽ അവരുടെ  വാങ്ങൽ ശേഷിയിൽ ഇടിവ് സംഭവിക്കുന്നു  എന്നതാണ് സത്യം.

എന്നാൽ നിങ്ങൾ മൂലധന വളർച്ചയാണ്  ലക്ഷ്യം വയ്ക്കുന്നതെങ്കിൽ മ്യുച്വൽ ഫണ്ടുകളിലോ ഓഹരി വിപണിയിലോ നിക്ഷേപിക്കാതെ മാറി നിൽക്കുന്നത്  പ്രായോഗികമല്ല. വർദ്ധിച്ചു വരുന്ന പണപ്പെരുപ്പമാണ്  ലോക സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും വലിയ പ്രത്യേകത. ആ പണപ്പെരുപ്പത്തെ തരണം ചെയ്യുവാനും സാമ്പത്തിക സ്ഥിരത കൈവരിക്കുവാനും തനിക്ക് അനുയോജ്യമായ നിക്ഷേപ മാർഗ്ഗം  കണ്ടെത്തുകയും കൃത്യമായി അതിൽ നിക്ഷേപിക്കേണ്ടതും അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ സവിശേഷതകൾ എന്തെല്ലാം

ചില നേരത്ത് നല്ല ഭാവിക്കായി നമുക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. സാമ്പത്തികമായ ചില പ്രതിബന്ധങ്ങൾ…

നിങ്ങൾക്കു യോജിച്ചത് ഏതു തരത്തിലുള്ള മ്യൂച്ചൽ ഫണ്ടുകളാണ്

വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും, ആ ലക്ഷ്യങ്ങൾ ഒരു നിശ്ചിത കാലയളവിനുള്ളിൽ കൈവരിക്കണം എന്ന ആഗ്രഹം…

ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നിയന്ത്രിക്കപ്പെടുന്നത് എങ്ങനെയാണ്

ഇന്ത്യയിലെ സാധാരണക്കാരായ നിരവധി വ്യക്തികളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്ന പ്രധാനപ്പെട്ട നിക്ഷേപ മാർഗ്ഗമായി…

നിക്ഷേപത്തിൽ നേട്ടം കൊയ്യാം എസ് ഐ പി നിക്ഷേപ മാതൃകയുടെ മാന്ത്രികതയാൽ

താരതമ്യേന കുറഞ്ഞ റിസ്കിൽ ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം സൃഷ്ടിക്കുവാൻ സഹായിക്കുന്ന ഏറ്റവും മികച്ച നിക്ഷേപ…