beautiful-home-owned-house-or-rental-house

Sharing is caring!

സാധാരണക്കാരായ വ്യക്തികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും ഒരു വീട് സ്വന്തമാക്കുക എന്നത്. ഇടത്തരം ചുറ്റുപാടുകളിൽ ജീവിക്കുന്ന പല വ്യക്തികളുടേയും സാമ്പത്തിക ലക്ഷ്യം തന്നെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് വയ്ക്കുക എന്നതായിരിക്കും.

സമകാലിക സാഹചര്യങ്ങളിൽ സ്വന്തം ഉടമസ്ഥതയിലുള്ള വീട്ടിലെ താമസത്തിന്റേയും വാടക വീട്ടിലെ താമസത്തിന്റേയും ഒരു താരതമ്യമാണ് ഇവിടെ നടത്തുന്നത്. ഒരു വ്യക്തിയുടെ ജീവിത സാഹചര്യങ്ങളും, ജോലിയും, സാമ്പത്തിക അവസ്ഥയും, താമസിക്കുന്ന സ്ഥലവും അനുസരിച്ച് വേണം ആ വ്യക്തിക്ക് അനുയോജ്യമായ താമസ സ്ഥലം തിരഞ്ഞെടുക്കേണ്ടത്. ചില നഗരങ്ങളിൽ സ്വന്തമായി ഒരു ഭവനം എന്നത് ഒരു തരത്തിലും പ്രായോഗികമാകുന്ന തീരുമാനം ആയിരിക്കില്ല എന്നാൽ ചിലയിടങ്ങളിൽ ഭവനം സ്വന്തമാക്കുക എന്നത് ലാഭകരമായ തീരുമാനം ആയിരിക്കാം.

പല വ്യക്തികളും സ്വന്തം ഭവനം എന്ന സങ്കല്പത്തെക്കുറിച്ച് വളരെ വൈകാരികമായി ചിന്തിക്കുന്നവരാണ് സാമ്പത്തിക ഘടകങ്ങളേക്കാൾ അത്തരം വ്യക്തികൾ അവരുടെ ആഗ്രഹങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുക. മേൽപ്പറഞ്ഞ രണ്ട് തീരുമാനങ്ങൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് സാഹചര്യങ്ങൾക്കനുസരിച്ച് അവയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചേക്കാം എന്ന് മാത്രം.

happy-family-in-a-home-owned-house-or-rental-house

കുറച്ചുകാലം മുൻപ് വരെ നമ്മുടെ നാട്ടിൽ വാടകയ്ക്ക് താമസിക്കുക എന്നത് വളരെ മോശം കാര്യമായി നോക്കിക്കാണുന്ന ഒരു പ്രവണത നിലനിന്നിരുന്നു. പക്ഷേ പടിഞ്ഞാറൻ രാജ്യങ്ങളിലും അമേരിക്കയിലും ഭൂരിപക്ഷം വ്യക്തികളും വാടകയ്ക്ക് തന്നെയാണ് താമസിക്കുന്നത്. വിദേശരാജ്യങ്ങളിൽ വാടകയ്ക്ക് താമസിക്കുക എന്നത് സർവ്വസാധാരണമായ കാര്യമാണ്.

കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന അറ്റകുറ്റപ്പണികൾ

വീട് സ്വന്തമായുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് ആ വീടിന്റെ പുനരുദ്ധാരണ ചെലവുകൾക്കായി വലിയ തുകയാണ് ചെലവാക്കേണ്ടി വരിക. വീടിന് മതിൽ പണിയുക, പെയിന്റിംഗ് പണികൾ, പ്ലംബിംഗ് പണികൾ, ഇലക്ട്രിക് റിപ്പയറിങ്ങുകൾ തുടങ്ങി വിവിധ കാര്യങ്ങൾക്കായി ഒരു വീട്ട് ഉടമസ്ഥൻ തുടർച്ചയായി പണം ചെലവഴിക്കേണ്ടി വരുന്നുണ്ട്. വളരെ വൈകാരികമായ രീതിയിൽ സ്വന്തം വീടിനോട് താല്പര്യമുള്ള വ്യക്തികൾ തന്റെ വീടിന് മോടി കൂട്ടാനായി കണക്കില്ലാതെ തുക ചെലവഴിക്കുന്നവരായിരിക്കും.

മേൽപ്പറഞ്ഞ ചെലവുകളൊന്നും തന്നെ വാടക വീടിനോ, വാടകയ്ക്കെടുത്ത അപ്പാർട്ട്മെന്റിനോ ബാധകമാകുന്നില്ല. വാടക വീട്ടിൽ നിന്നും താമസം മാറുന്ന സമയത്ത് അറ്റകുറ്റപ്പണികൾക്കും, പെയിന്റിംഗിനുമായി ഒരു നിശ്ചിത തുക പലപ്പോഴും നൽകേണ്ടി വരാറുണ്ട്. വലിയ നഗരങ്ങളിലെ ആഡംബര ഫ്ലാറ്റുകളിലും, അപ്പാർട്ട്മെന്റിലും വാടകയ്ക്ക് താമസിക്കുമ്പോൾ വെള്ളത്തിനും മാലിന്യ നീക്കത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി വാടകയ്ക്ക് ഒപ്പം മെയിന്റനൻസ് ചാർജ്ജ് എന്ന നിലയിൽ അധിക തുക നൽകേണ്ടി വരാറുണ്ട്.

വില്ലനായി മാറുന്ന ഭവന വായ്പകൾ

നല്ലൊരു ശതമാനം വ്യക്തികളും വീടുകൾ പണിയുന്നത് വളരെ നീണ്ട കാലയളവിലേക്കുള്ള ഉയർന്ന വായ്പ തുകയെ ആശ്രയിച്ചായിരിക്കും. 20 മുതൽ 25 വർഷം വരെയുള്ള നീണ്ട കാലയളവിലേക്ക് തുടരുന്ന ബാധ്യതയാണ് ഭവന വായ്പകൾ വഴി വ്യക്തികൾ വരുത്തി വയ്ക്കുന്നത്. ഉയർന്ന തുക ലോണായി എടുത്ത് വീട് പണിയുന്ന വ്യക്തികൾക്ക് അവരുടെ വീട് സ്ഥിതി ചെയ്യുന്ന നാട്ടിൽ നിന്ന് മാറി നിൽക്കുവാനും പുതിയ തൊഴിലുകളും അവസരങ്ങളും കണ്ടെത്തുവാനുമുള്ള സ്വാതന്ത്ര്യം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

ജീവിതത്തെ സംബന്ധിക്കുന്ന ഏതൊരു തീരുമാനം എടുക്കുമ്പോഴും തുടർച്ചയായി അടയ്ക്കേണ്ടിവരുന്ന വായ്പയുടെ ഉത്തരവാദിത്തം ആയിരിക്കും ഈ വ്യക്തികൾ ആദ്യം പരിഗണിക്കേണ്ടി വരിക. അപ്രതീക്ഷിതമായി ജീവിതത്തിൽ കടന്നു വന്നേക്കാവുന്ന ചെലവുകൾക്കൊപ്പം വായ്പ തിരിച്ചടവ് കൃത്യമായി അടക്കുവാൻ ബുദ്ധിമുട്ടുന്ന സാഹചര്യവും ഇത്തരം വ്യക്തികളുടെ ജീവിതത്തിലുണ്ടായേക്കാം.

loans-owned-house-or-rented-house

ജോലി സംബന്ധമായ ആവശ്യങ്ങൾക്കും കുട്ടികളുടെ വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങൾക്കും സ്വന്തം നാട്ടിൽ നിന്ന് മാറി നിൽക്കുവാൻ നിർബന്ധിതരാകുന്ന അവസ്ഥയിൽ ഉയർന്ന തുക മുടക്കി വച്ച നാട്ടിലെ വീട് പരിപാലിക്കുക എന്നത് തന്നെ വലിയ ബാധ്യതയായി മാറുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗം വിദേശത്ത് താമസിക്കുന്ന വ്യക്തികൾക്ക് നാട്ടിൽ പണിയുന്ന വീട് പരിപാലിക്കുവാനായി ഉയർന്ന തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. മേൽപ്പറഞ്ഞ സാഹചര്യത്തിലുള്ള വ്യക്തികളെ സംബന്ധിച്ച് ഒരു വീട് സ്വന്തമാക്കുക എന്നത് തീർച്ചയായും അവരെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടുന്ന ഒരു കാര്യമാണ്.

വാടകയ്ക്ക് താമസിക്കുന്ന വ്യക്തികളെ സംബന്ധിച്ച് വലിയൊരു തുക തവണയായി ചെലവഴിക്കേണ്ട സാഹചര്യമില്ലാത്തതിനാൽ തന്നെ അവർക്ക് മികച്ച നിക്ഷേപ മാർഗ്ഗങ്ങൾ കണ്ടെത്തി നിക്ഷേപിക്കുവാനുള്ള അവസരം ലഭിക്കുന്നു. ഇത്തരത്തിൽ നടത്തുന്ന നിക്ഷേപങ്ങളിൽ നിന്ന് ലഭിച്ചേക്കാവുന്ന മുലധന നേട്ടം ഉപയോഗിച്ച് ഭാവിയിൽ സ്വന്തം ആഗ്രഹം പ്രകാരം ഒരു വീട് സ്വന്തമാക്കുക എന്നതാണ് സാമ്പത്തികപരമായി മികച്ച തീരുമാനം.

ഭവന വായ്പയ്ക്കും വീട്ടു വാടകയ്ക്കും ലഭ്യമായ നികുതിയിളവ്

നികുതിയെ മുൻനിർത്തി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ രണ്ട് രീതിയിൽ താമസിച്ചാലും കാര്യമായ വ്യത്യാസം ഉണ്ടാകുന്നില്ല എന്ന് കാണാം. ഭവന വായ്പ ഉപയോഗിച്ച് വീട് പണിയുന്നവർക്ക് വായ്പയുടെ പലിശയിനത്തിൽ നികുതിയിളവ് ലഭിക്കുമ്പോൾ വാടകയ്ക്ക് താമസിക്കുന്നവർക്ക് അവർ വസിക്കുന്ന നഗരത്തിന് അനുസൃതമായി നൽകുന്ന വാടകയിൽ നികുതിയിളവ് അവകാശപ്പെടാവുന്നതാണ്. രണ്ടു താമസരീതികൾക്കും നികുതിയിളവ് ലഭിക്കുമെങ്കിലും ജീവിക്കുന്ന നഗരത്തിനും വായ്പയുടെ തവണകൾക്കും അനുസൃതമായി നികുതിയിളവ് വ്യത്യാസപ്പെട്ടിരിക്കും.

tax-withdrawal-of-mutual-fund

ചെലവാക്കുന്ന തുകയ്ക്ക് ലഭ്യമായ മൂലധന നേട്ടം

ഭവന വായ്പ ആശ്രയിച്ച് സ്വന്തമായി വീട് പണിയുമ്പോൾ മുതലും പലിശയും ചേർത്ത് വലിയൊരു തുകയാണ് നിങ്ങൾ തിരിച്ചടയ്ക്കേണ്ടി വരിക. ഉദാഹരണത്തിന് 50 ലക്ഷം രൂപ വായ്പയെടുത്ത് വീടുപണിയുന്ന ഒരു വ്യക്തിക്ക് 20 വർഷത്തെ വായ്പ കാലയളവിൽ ഏകദേശം ഇരട്ടിയോളം തുക തിരിച്ചടയ്ക്കേണ്ടതായി വരുന്നുണ്ട്. മേൽപ്പറഞ്ഞതു പോലെ 20 വർഷം കൊണ്ട് ഒരു കോടി രൂപയ്ക്കടുത്ത് സ്വന്തം വീടിനായി ചെലവഴിക്കുമ്പോൾ ഇവിടെ മൂലധന നേട്ടത്തിനുള്ള സാധ്യത താരതമ്യേന കുറവാണ്.

എന്നാൽ കൈവശം സാമാന്യം നീക്കിരിപ്പുള്ള ഒരു വ്യക്തി വാടകയ്ക്ക് താമസിക്കുകയും തന്റെ നീക്കിയിരിപ്പുകൾ മികച്ച രീതിയിൽ നിക്ഷേപിക്കുവാനും തയ്യാറായാൽ 20 വർഷംകൊണ്ട് മികച്ച നേട്ടം ഉണ്ടാക്കാൻ ആ വ്യക്തിക്ക് തീർച്ചയായും സാധിക്കും.

വീട് സ്വന്തമാക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപ്പാർട്ട്മെന്റ്, വില്ല പ്രോജക്ടുകൾ, വീടും സ്ഥലവും, തുടങ്ങിയ വസ്തുവകകളിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് സ്വന്തമാക്കുന്ന വസ്തുവിന്റേയോ കെട്ടിടത്തിന്റയോ വിപണിമൂല്യം തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ഉയർന്ന തുക ഒറ്റത്തവണയായി നിക്ഷേപം നടത്തുന്നതിനാൽ തന്നെ ഭാവിയിലുണ്ടായേക്കാവുന്ന മൂലധന നേട്ടം പരിഗണിച്ചുവേണം പണം ചെലവഴിക്കാൻ.

things-to-remember-before-house-constuction

ഒരു ജോലി ലഭിച്ചതിനു ശേഷം തന്റെ മുപ്പതുകൾക്ക് മുൻപ് തന്നെ ഒരു വീടിനായി പണം ചെലവഴിക്കുന്നതിനു മുൻപ് കുടുംബ ജീവിതം, നിങ്ങളുടേയും ജീവിത പങ്കാളിയുടേയും ജോലി, കുട്ടികളുടെ വിദ്യാഭ്യാസം, എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ വാസസ്ഥലം തിരഞ്ഞെടുക്കുവാൻ ശ്രമിക്കുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ലോകത്തിലെ ഏറ്റവും മികച്ച മണി മാനേജ്മെന്റ് രീതി പരിചയപ്പെടാം

സമൂഹത്തിലെ വ്യക്തികളെ അവരുടെ കൈവശമുള്ള പണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി വേർതിരിക്കുവാൻ സാധിക്കും. ആവശ്യത്തിന് പണം…

സമ്പന്നതയിലേക്ക് ചുവടുവെയ്ക്കാൻ വായിച്ചിരിക്കേണ്ട പുസ്തകം

കുറേക്കാലമായി കഠിനാധ്വാനം ചെയ്തിട്ടും എന്തുകൊണ്ടാണ് ഞാൻ സമ്പന്നനാകാത്തത് എന്ന ചോദ്യം പലരും സ്വയം ചോദിക്കാറുള്ളതാണ്. പണക്കാരനാവുക…

പണത്തെക്കുറിച്ചുള്ള ആകുലതകൾ ഒഴിവാക്കുവാനായി 5 വഴികൾ

പണത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കണക്കാക്കുന്ന ഇന്നത്തെ തിരക്കുള്ള ലോകത്ത് പണം തന്നെയാണ് ഭൂരിഭാഗം വ്യക്തികളുടേയും…

ഉറക്കത്തിലും വരുമാനം നൽകുന്ന സ്രോതസ്സുകൾ

വരുമാന സ്രോതസ്സുകളെ പ്രധാനമായും 2 ആയി തരം തിരിക്കാം. ഒരു വ്യക്തിയുടെ നേരിട്ടുള്ള ഇടപെടലുകൾ ആവശ്യമുള്ള…