investment-strategies-by-a-man-doing-calculations

Sharing is caring!

പ്രായം കൂടി വരുന്നതനുസരിച്ച് ഓരോ വ്യക്തിയും കൈവരിക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. കൂടാതെ ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വങ്ങളും ജീവിതസാഹചര്യങ്ങളും അവരുടെ ലക്ഷ്യങ്ങളെ തീർച്ചയായും സ്വാധീനിക്കും. പ്രായത്തിനനുസരിച്ച് വ്യക്തികൾ കൈവരിക്കേണ്ട ചില സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാം.

20 മുതൽ 30 വയസ്സുവരെയുള്ള കാലഘട്ടം

നിങ്ങളുടെ യൗവ്വന കാലത്തിൻ്റെ ആദ്യത്തെ ഘട്ടത്തിൽ വളരെ ഉത്തരവാദിത്വത്തോട് കൂടിയുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്. ഈ സമയത്ത് നിങ്ങൾ തീർച്ചയായും പിന്തുടരേണ്ട ചില ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

എമർജൻസി ഫണ്ട് സൃഷ്ടിക്കുക

ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നുവരുന്ന ഒഴിവാക്കാനാകാത്ത ചെലവുകൾക്കായി ഒരു സുരക്ഷിത വലയമായ എമർജൻസി ഫണ്ട് സൃഷ്ടിക്കുവാൻ തയ്യാറാവുക. മൂന്നു മുതൽ ആറു മാസം വരെയുള്ള നിങ്ങളുടെ ജീവിത ചെലവുകൾക്ക് ആവശ്യമായ പണമാണ് എമർജൻസി ഫണ്ടിൽ ഉണ്ടായിരിക്കേണ്ടത്.

emergency-board

മെഡിക്കൽ ബില്ലുകൾ, നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട റിപ്പയറിംഗ് തുടങ്ങി മുൻകൂട്ടി കാണാനാവാത്ത ചെലവുകൾക്കായി പണം കണ്ടെത്തുവാൻ ഇതിലൂടെ നിങ്ങൾക്ക് സാധിക്കും. അത്യാവശ്യ സാഹചര്യങ്ങളിൽ ഉയർന്ന പലിശ നൽകേണ്ടിവരുന്ന കടങ്ങൾ ഒഴിവാക്കുവാനും എമർജൻസി ഫണ്ട് സഹായിക്കുന്നു. ഒരു പടി കൂടെ കടന്ന് ചിന്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് തൊഴിൽ നഷ്ടമുണ്ടാകുന്ന ഒരു സാഹചര്യം ഉണ്ടായാൽ മറ്റൊരു മാർഗം കണ്ടെത്തുന്നതു വരെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ പോലും എമർജൻസി ഫണ്ട് സഹായകരമാകുന്നു.

മികച്ച ക്രെഡിറ്റ് സ്കോർ സ്വന്തമാക്കുക

വളരെ ഉത്തരവാദിത്വത്തോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. ക്രെഡിറ്റ് കാർഡ് ബില്ല് കൃത്യമായി തിരിച്ചടച്ചുകൊണ്ട് പോസിറ്റീവായ ക്രെഡിറ്റ് ഹിസ്റ്ററി സ്വന്തമാക്കുക. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ ഭാവിയിൽ ഒരു ലോൺ ആവശ്യമായി വന്നാൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ലോൺ സ്വന്തമാക്കുവാൻ സാധിക്കും. 

ക്രെഡിറ്റ് കാർഡ് ബില്ലിലെ മുഴുവൻ തുകയും എല്ലാ മാസവും ഡ്യൂ ഡേറ്റിന് മുൻപായി അടച്ചു തീർക്കുക. ക്രെഡിറ്റ് റിപ്പോർട്ട് തുടർച്ചയായി നിരീക്ഷിക്കുകയും അവയിൽ എന്തെങ്കിലും തെറ്റ് കടന്നു കൂടിയാൽ അവ തിരുത്തുവാൻ ശ്രമിക്കുകയും ചെയ്യുക.

ബഡ്ജറ്റ് തയ്യാറാക്കുക

നിങ്ങളുടെ വരുമാനവും, ചെലവുകളും, നീക്കിയിരിപ്പുകളും കൃത്യമായി കൈകാര്യം ചെയ്യുവാൻ ബഡ്ജറ്റ് തയ്യാറാക്കുക. ഒരു ബഡ്ജറ്റ് സൃഷ്ടിച്ച് അതിനനുസരിച്ച് പ്രവർത്തിക്കുക എന്നത് മികച്ച സാമ്പത്തിക അച്ചടക്കത്തിൻ്റെ സൂചനയാണ്. 

preparing-budget

സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് വളരെ വേഗം എത്തുവാൻ ബഡ്ജറ്റ് തയ്യാറാക്കുന്ന ശീലം നിങ്ങളെ സഹായിക്കും. കുട്ടികളുടെ വിദ്യാഭ്യാസം, സ്വന്തമായി ഒരു വീട്, റിട്ടയർമെൻ്റ് തുടങ്ങി ഏത് ലക്ഷ്യങ്ങൾ നേടുവാനുള്ള നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാനും ബഡ്ജറ്റ് സഹായകരമാകും.

മാത്രമല്ല കടങ്ങളിൽ എത്തിപ്പെടാതെ വരവ് അനുസരിച്ച് ചെലവുകൾ ചുരുക്കണമെങ്കിൽ കൃത്യമായ കണക്കുകൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ബഡ്ജറ്റ് തയ്യാറാക്കുന്നതിലൂടെ നിക്ഷേപങ്ങൾക്കായി പണം കണ്ടെത്തി നിങ്ങളുടെ നീക്കിയിരിപ്പുകൾ വളർത്തിയെടുക്കുവാൻ ശ്രദ്ധിക്കണം.

റിട്ടയർമെൻ്റിന് വേണ്ടിയുള്ള ആദ്യത്തെ ചുവടുവെപ്പ്

എത്രകാലമധികം നിങ്ങൾക്ക് നിക്ഷേപം തുടരുവാൻ സാധിക്കുന്നു അത്രയും നേട്ടം നിങ്ങൾക്ക് നിക്ഷേപത്തിൽ നിന്ന് നേടുവാൻ കഴിയും. നിങ്ങളുടെ ഇരുപതുകളിൽ നിങ്ങൾ നടത്തുന്ന നിക്ഷേപം വളരെ ചെറുതാണെങ്കിൽ പോലും നീണ്ട കാലയളവിലേക്കുള്ള നിക്ഷേപമായതിനാൽ വർഷങ്ങൾക്കു ശേഷം മികച്ച നേട്ടം സ്വന്തമാക്കുവാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കുന്നു. അതുകൊണ്ട് കഴിയുന്നത്ര വേഗം റിട്ടയർമെൻ്റ് മുന്നിൽ കണ്ടുകൊണ്ട് ചെറിയ രീതിയിലെങ്കിലും നിക്ഷേപം നടത്തുവാൻ ശ്രമിക്കുക.

റിട്ടയർമെന്റ് ശരിയായ രീതിയിൽ ആസൂത്രണം ചെയ്താൽ മാത്രമേ സമാധാനപൂർണമായ ഒരു ഭാവിജീവിതം നയിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ.

30 മുതൽ 50 വയസ്സ് വരെയുള്ള കാലഘട്ടം

മുപ്പതുകളിലേക്കും നാല്പതുകളിലേക്കും കടക്കുമ്പോൾ മുൻകാലങ്ങളെ അപേക്ഷിച്ച് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും, മുൻഗണന നൽകേണ്ട കാര്യങ്ങളിലും തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകും. 

ഒരു വീട് സ്വന്തമാക്കുക

സ്വന്തമായി ഒരു വീടുള്ളത് സാമ്പത്തിക സ്ഥിരതയുടെ സൂചനയാണ്. നിങ്ങളുടെ മുപ്പതുകളിൽ തന്നെ ഒരു വീട് സ്വന്തമാക്കുവാൻ സാധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

own-house

ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ പരിഗണിക്കുമ്പോൾ ഒരു വീടിനെ  ഏറ്റവും മൂല്യമുള്ള ഒരു ആസ്തിയായി തന്നെ കണക്കാക്കേണ്ടതുണ്ട്. തൻ്റെ നീക്കിയിരിപ്പുകളിലൂടെയാണെങ്കിലും ഭവന വായ്പയിലൂടെയാണെങ്കിലും ഒരു വീട് സ്വന്തമാക്കുക എന്നത് നിങ്ങളുടെ ജീവിതത്തിന് സുരക്ഷിതത്വബോധവും സ്ഥിരതയും കൊണ്ടുവരുന്ന കാര്യമാണ്.

കുട്ടികൾക്കായി നീക്കിയിരിപ്പുകൾ നടത്തുക

നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിജീവിതത്തിനുമായി നീക്കിയിരിപ്പ് സൃഷ്ടിക്കുവാൻ നിങ്ങൾക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ ഇവയാണ്.

  • നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തി ഒരു നിശ്ചിത ശതമാനം തുക കുട്ടികൾക്കായി മാറ്റിവയ്ക്കുക.
  • കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, മറ്റ് ചെലവുകൾ എന്നിവ കൃത്യമായി കണക്കാക്കുക.
  • ബഡ്ജറ്റ് തയ്യാറാക്കുമ്പോൾ അതിൻ്റെ ഒരു ഭാഗം മേൽപ്പറഞ്ഞ ചെലവുകൾക്കായി വകയിരുത്തുക.
  • കുടുംബത്തിന്റെയും കുട്ടികളുടെയും സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച് നിങ്ങളുടെ പദ്ധതികളിൽ മാറ്റം വരുത്തുക.

കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

നിങ്ങൾക്ക് കൂടുതൽ വരുമാനം നേടാനാകുന്ന വിധത്തിൽ നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കുവാനായി നിക്ഷേപങ്ങൾ നടത്തുക. നിങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സ്വന്തം വികസനത്തിനായി നിങ്ങൾ നടത്തുന്ന നിക്ഷേപം സുരക്ഷിതമായ ഭാവിക്കുവേണ്ടിയുള്ള ഏറ്റവും മികച്ച ചുവടുവയ്പ്പ് ആയിരിക്കും.

നിങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മാത്രമേ കുടുംബ ജീവിതത്തിൻ്റെ ഭാഗമായ ചെലവുകൾ, ഒരു വീട്, റിട്ടയർമെൻ്റ് എന്നിവയെല്ലാം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ  സാധിക്കുകയുള്ളൂ. നിങ്ങളുടെ മുപ്പതുകളിൽ നിങ്ങളുടെ പ്രവർത്തന മേഖലയിൽ വൈദഗ്ധ്യം നേടുവാനും ശോഭിക്കുവാനും സാധിച്ചാൽ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച നിലയിലേക്ക് എത്തിച്ചേരുവാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ.

നിങ്ങളുടെ ആസ്തികളുമായി ബന്ധപ്പെട്ട നിയമപരമായ രേഖകൾ തയ്യാറാക്കുക

ഒരു വ്യക്തിക്ക് തൻ്റെ മുപ്പതുകളിൽ ആവശ്യത്തിന് സമയവും ആരോഗ്യവും ഉണ്ടായിരിക്കും. എന്നിരുന്നാലും നമ്മുടെ നാളെകൾ പ്രവചനാതീതമായതിനാൽ നിങ്ങളുടെ സ്വത്തിന്റെ സുരക്ഷിതത്വത്തിനായി വിൽപ്പത്രം, പവർ ഓഫ് അറ്റോർണി തുടങ്ങിയ രേഖകൾ തയ്യാറാക്കി വയ്ക്കുക.

reading-credit-report

നമുക്ക് എന്ത് സംഭവിച്ചാലും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതം സുഗമമായി മുന്നോട്ടു പോകണമെങ്കിൽ ഇത്തരം കാര്യങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകണം. ഭാവി ജീവിതം ആസൂത്രണം ചെയ്യുമ്പോൾ എല്ലാ തരത്തിലുമുള്ള നിയമപരമായ രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പുവരുത്താൻ തയ്യാറാകുക.

50 വയസ്സിന് മുകളിലുള്ള കാലഘട്ടം

ഒരു വ്യക്തിയുടെ 50 വയസ്സിനു ശേഷമുള്ള കാലഘട്ടത്തിൽ ആ വ്യക്തി തൻ്റെ റിട്ടയർമെൻ്റ് ജീവിതത്തിനും കുടുംബത്തിൻ്റെ സുരക്ഷിതത്വത്തിനുമാണ് പ്രാധാന്യം നൽകേണ്ടത്. 

റിട്ടയർമെൻ്റിന് വേണ്ടി കഴിയാവുന്നത്ര നിക്ഷേപം നടത്തുക

ജീവിതത്തിൽ സാമ്പത്തിക സ്ഥിതി മാറിമറിയുവാനും അപ്രതീക്ഷിതമായ ചെലവുകൾ കടന്നുവരുവാനുമുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നുണ്ട്. സാമ്പത്തികപരമായ ബുദ്ധിമുട്ടുകളിൽ അടിപതറാതെ മുന്നോട്ടു പോകുവാൻ റിട്ടയർമെൻ്റിനായി നാം മാറ്റി വയ്ക്കുന്ന തുക നമുക്ക് ശക്തി പകരും.

റിട്ടയർമെന്റിനുള്ള സമയം അടുക്കുംതോറും കഴിയാവുന്നത്ര തുക റിട്ടയർമെൻ്റ് നിക്ഷേപത്തിലേക്കായി മാറ്റിവയ്ക്കുകയാണ് ചെയ്യേണ്ടത്. റിട്ടയർമെൻ്റിനു ശേഷമുള്ള ജീവിതത്തിനായി ആവശ്യമായ തുക കണ്ടെത്താനായാൽ മാത്രമേ സമാധാനപൂർണമായ ഒരു ജീവിതം നയിക്കുവാൻ സാധിക്കുകയുള്ളൂ.

കടങ്ങൾ ഒഴിവാക്കുക

ഉയർന്ന പലിശ നൽകേണ്ടി വരുന്ന ലോണുകൾ പ്രത്യേകിച്ച് ക്രെഡിറ്റ് കാർഡ് ലോണുകൾ ഈ കാലഘട്ടത്തിൽ ഒഴിവാക്കുവാൻ ശ്രമിക്കുക. സുരക്ഷിതത്വവും സമാധാനവുമുള്ള ഒരു റിട്ടയർമെൻ്റ് ജീവിതം ആസ്വദിക്കുവാൻ കടങ്ങൾ ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

ആരോഗ്യ ഇൻഷുറൻസ് സ്വന്തമാക്കുക

health-insurance-importance

പ്രായം കൂടുന്നതിനനുസരിച്ച് ആരോഗ്യ പരിപാലനത്തിനായി ചെലവാക്കേണ്ട തുകയിലും വർദ്ധനവ് ഉണ്ടാകും. എല്ലായിപ്പോഴും ഒരു ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായിരിക്കുവാൻ ശ്രമിക്കുക. റിട്ടയർമെന്റ് ജീവിതത്തിന് ആവശ്യമുള്ള നീക്കിയിരിപ്പുകൾ ആശുപത്രി ചെലവുകൾക്കായി ഉപയോഗിക്കേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാകരുത്. 

നിയമപരമായ രേഖകൾ തയ്യാറാക്കുക

നമുക്ക് ശേഷം നമ്മളുടെ വേണ്ടപ്പെട്ടവരിലേക്ക് നമ്മുടെ ആസ്തികൾ കൃത്യമായി എത്തിച്ചേരുമെന്ന് ഉറപ്പുവരുത്തുവാൻ ആവശ്യമുള്ള രേഖകൾ തയ്യാറാക്കുക. ഏതുതരത്തിലുള്ള നിക്ഷേപം നടത്തിയാലും നോമിനേഷൻ റജിസ്റ്റർ ചെയ്യുവാൻ മറക്കരുത്. ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് ഇത്തരം കാര്യങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പണവുമായി ബന്ധപ്പെട്ട് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 8 യാഥാർത്ഥ്യങ്ങൾ

സന്തോഷം നിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ ആവശ്യമുള്ള ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പണം. സാമ്പത്തിക…

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന 5 രഹസ്യങ്ങൾ

എന്താണ് സാമ്പത്തിക സ്വാതന്ത്ര്യം. സ്വന്തം സാമ്പത്തിക നിലയെ കുറിച്ച് വ്യാകുലപ്പെടാതെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ ഒരു വ്യക്തിയെ…

വാറൻ ബഫറ്റിന്റെ നിക്ഷേപ തന്ത്രങ്ങൾ

ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, നിക്ഷേപകരുടെ ഏറ്റവും വലിയ പ്രചോദനമായ വാറൻ ബഫറ്റിന്റെ…

മാർവാടികൾ സമ്പന്നരാകുന്നത് എങ്ങനെയാണ്

ആദിത്യ ബിർള, ഒല, മിന്ത്ര, ബജാജ്, സ്നാപ്ഡീൽ, ഫ്ലിപ്പ്കാർട്ട്, സൊമാറ്റോ, തുടങ്ങി നമ്മൾ നിത്യവും കേട്ട്…