selling-of-shares-public-sector-companies

Sharing is caring!

നിലവിൽ വാർത്ത മാധ്യമങ്ങളിൽ തുടർച്ചയായി നിറഞ്ഞു നിൽക്കുന്ന വാർത്തയാണ് പൊതുമേഖലയിലെ കമ്പനികളുടെ ഓഹരികൾ ഗവൺമെന്റ് വിറ്റഴിക്കുന്നു എന്നത്. എന്നാൽ കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കുമ്പോൾ സംഭവിക്കുന്നത് എന്താണെന്ന കൃത്യമായ ധാരണ ഇല്ലാതെയാണ് പലരും ഈ വാർത്തയോട് പ്രതികരിക്കുന്നത്.

1950 മുതലാണ് ഇന്ത്യയിൽ നെഹ്റു ഗവൺമെന്റ് പൊതുമേഖല സ്ഥാപനങ്ങൾക്ക് ആരംഭം കുറിക്കുന്നത്. ലാഭം നേടുക എന്നത് മാത്രമായിരുന്നില്ല ആക്കാലത്ത് പൊതുമേഖല കമ്പനികളുടെ ലക്ഷ്യം സാങ്കേതിക മേഖലയിൽ രാജ്യത്തിന്റെ ഉയർച്ചയും കുറെയേറെ പേർക്ക് തൊഴിൽ നൽകുക എന്നതും മുന്നിൽ കണ്ടുകൊണ്ടാണ് അന്നത്തെ ഗവൺമെന്റ് പൊതുമേഖല സ്ഥാപനങ്ങൾ ആരംഭിച്ചത്. ഗവൺമെന്റിന്റെ ഇടപെടലുകളില്ലാതെ വലിയ വ്യവസായങ്ങൾ ആരംഭിക്കുവാൻ പല പരിമിതികളും നിലനിന്നിരുന്ന കാലമായിരുന്നു അത്. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയ പല വ്യവസായങ്ങളും പൊതുമേഖലയിൽ തന്നെ സ്ഥാപിക്കപ്പെട്ടത്.

രാജ്യത്തിലെ വ്യവസായവൽക്കരണത്തിന്റെ ആദ്യത്തെ ദശകത്തിൽ സ്ഥാപിക്കപ്പെട്ട എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും തന്നെ അവയുടെ സ്ഥാപക ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. ഇന്ന് പല പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ മേഖലയിൽ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. കുറഞ്ഞ ഉൽപാദന ക്ഷമതയും ന്യൂതന സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നതിനുള്ള കാലതാമസവും പൊതുമേഖലാ സ്ഥാപനങ്ങളെ തകർച്ചയുടെ വക്കിൽ എത്തിച്ചിരിക്കുന്നു.

public-sector-companies

പൊതുമേഖല സ്ഥാപനങ്ങളുടെ തളർച്ചയ്ക്ക് പ്രധാന കാരണം 1990 കാലഘട്ടത്തിൽ ആരംഭിച്ച ഉദാരവൽക്കരണ നയങ്ങളാണ്. ഉദാരവൽക്കരണത്തിലൂടെ വിപണിയിൽ ആഗോള തലത്തിലുള്ള വ്യാപാരങ്ങൾ നടക്കുകയും വിദേശ ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണി കീഴടക്കുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു. മെച്ചപ്പെട്ട സേവനങ്ങളും ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാവുകയും തദ്ദേശീയമായി നിർമിച്ച ഉയർന്ന വിലയുള്ള സാങ്കേതികമായി പിന്നാക്കം നിൽക്കുന്ന പല ഉൽപ്പന്നങ്ങളും വിപണിയിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.

ഉദാരവൽക്കരണത്തിനു ശേഷമുള്ള കിട മത്സരത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലാകുവാൻ ഉപഭോക്താക്കൾ എന്ന നിലയിൽ എല്ലാ വ്യക്തികൾക്കും പങ്കുണ്ട് എന്ന് നാം മനസ്സിലാക്കണം. പൊതുമേഖല സ്ഥാപനങ്ങളുടെ തളർച്ചയിൽ ഉപഭോക്താവിന്റെ പങ്ക് ശരിയായി മനസ്സിലാകണമെങ്കിൽ ഗവൺമെന്റിനെ നാം ഒരു ബിസിനസ്സുകാരൻ അല്ലെങ്കിൽ നമ്മളിൽ ഒരാളായ ഒരു വ്യക്തിയായി കാണുവാൻ തയ്യാറാകണം.

ഉദാഹരണത്തിന് ഒരു വ്യക്തി ഒരു ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകുവാൻ ശ്രമിക്കുമ്പോൾ പൊതുമേഖല ഇൻഷുറൻസ് കമ്പനികളേക്കാൾ കുറഞ്ഞ നിരക്കിൽ ആകർഷകമായ ഓഫറുകൾ നൽകുന്ന പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികളെ ആയിരിക്കാം ആ വ്യക്തി പരിഗണിക്കുന്നുണ്ടാവുക. മറ്റൊരു ഉദാഹരണം എടുത്താൽ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ പൊതുമേഖല ബാങ്കുകൾക്ക് പകരം പല വ്യക്തികളും സാങ്കേതികവിദ്യയിൽ മുന്നിട്ടു നിൽക്കുന്ന കൂടുതൽ ബാങ്കിംഗ് സൗകര്യങ്ങൾ നൽകുന്ന പ്രൈവറ്റ് ബാങ്കുകളിൽ അക്കൗണ്ട് ആരംഭിക്കുവാൻ താല്പര്യപ്പെടാറുണ്ട്. ഗവൺമെന്റിന്റെ ഉടമസ്ഥതയിൽ എയർ ഇന്ത്യ നിലവിൽ ഉണ്ടായിരുന്ന സമയത്ത് കൂടുതൽ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ നൽകുന്ന പ്രൈവറ്റ് വിമാന കമ്പനികളേയാണ് കൂടുതൽ പേരും ഉപയോഗിച്ചിരുന്നത്.

മേൽപ്പറഞ്ഞ ഉദാഹരണങ്ങളിൽ എന്നപോലെ സ്വന്തം ആവശ്യങ്ങൾ വരുമ്പോൾ എല്ലാവരും മികച്ച സേവനങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ, മെച്ചപ്പെട്ട സൗകര്യങ്ങൾ, കുറഞ്ഞ നിരക്ക് എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. പൊതുമേഖലയിൽ നിന്നായാലും സ്വകാര്യ മേഖലയിൽ നിന്നായാലും മെച്ചപ്പെട്ട സേവനങ്ങളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാ കാര്യങ്ങൾക്കും സ്വകാര്യ മേഖലയെ ആശ്രയിക്കുന്ന നമ്മൾ തന്നെയാണ് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കാര്യം കേൾക്കുമ്പോൾ അതിനെ കണ്ണടച്ച് എതിർക്കുന്നത്.

discussions-investment-decisions

നമ്മൾ സ്വയം ഒരു ബിസിനസ്സുകാരൻ ആണെന്ന് ചിന്തിക്കുക ആ ബിസിനസ്സിന്റെ ഭാഗകമായ സാധനങ്ങൾക്കും സേവനങ്ങൾക്കും ആവശ്യക്കാരില്ലാതെ വരികയും, ബിസിനസ്സിൽ നിന്ന് നമുക്ക് നഷ്ടം മാത്രം ഉണ്ടാകുന്ന അവസ്ഥ ഉണ്ടാവുകയും, വരുമാനസ്രോതസ്സുകൾ നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ ബിസിനസ്സുമായി മുന്നോട്ട് പോകുന്നത് പ്രായോഗികമല്ല എന്ന് നമുക്ക് മനസ്സിലാകും. ഇതേ രീതിയിൽ തന്നെയാണ് നാം പൊതുമേഖല സ്ഥാപനങ്ങളെ വിലയിരുത്തേണ്ടത്. തുടർച്ചയായി നഷ്ടം മാത്രം നൽകുന്ന സ്ഥാപനങ്ങൾ മുന്നോട്ടു കൊണ്ടു പോകുവാൻ ഒരു ബിസിനസ്സുകാരനും തയ്യാറാകില്ല എന്നതുപോലെ തന്നെയാണ് നഷ്ടത്തിലാകുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ കാര്യത്തിൽ ഗവൺമെൻറ് കൈക്കൊള്ളുന്ന നിലപാട്.

നികുതി വരുമാനം, നികുതിയിതര വരുമാനം, കടങ്ങൾ എന്നിങ്ങനെ ഗവൺമെന്റിന്റെ വരുമാന സ്രോതസ്സുകളെ മൂന്നായി വേർതിരിക്കാനാകും. എല്ലാ ബഡ്ജറ്റിലും നികുതി വർദ്ധിപ്പിക്കാറുണ്ടെങ്കിലും വർദ്ധിച്ചുവരുന്ന ചെലവുകൾക്കുള്ള തുക കണ്ടെത്തുവാനും, പൊതുകടം നിയന്ത്രണ വിധേയമാക്കുവാനും നികുതിയിതര വരുമാനസ്രോതസ്സുകളിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്തുവാൻ ഗവൺമെന്റ് ശ്രമിക്കാറുണ്ട്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ചുകൊണ്ട് ഗവൺമെന്റിന് ലഭിക്കുന്ന പണം നികുതിയിതര വരുമാനമായിട്ടാണ് കണക്കാക്കുന്നത്.

ജനങ്ങൾക്കിടയിൽ പൊതുവായി ഉയർന്നുവരുന്ന ചോദ്യമാണ് ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നത് എന്തിനാണ് എന്നത്. ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുവാൻ ഒരുദാഹരണത്തിലൂടെ വളരെ എളുപ്പത്തിൽ സാധിക്കും. നിങ്ങൾ ഒരു നിക്ഷേപകൻ ആണെന്ന് കരുതുക നിങ്ങളുടെ കയ്യിലുള്ള ഒരു കമ്പനിയുടെ ഓഹരികളുടെ മൂല്യം തുടർച്ചയായി ഇടിയുന്ന സാഹചര്യം ഉണ്ടാവുകയും ആ ഓഹരികളിൽ നിന്ന് നേട്ടം നേടുവാനുള്ള സാധ്യത കുറഞ്ഞു വരികയും ചെയ്യുമ്പോൾ കൂടുതൽ നഷ്ടമുണ്ടാകുന്നതിനു മുൻപ് ആ ഓഹരികൾ വിറ്റഴിക്കുവാൻ ഒരു നിക്ഷേപകൻ എന്ന നിലയിൽ നിങ്ങൾ തീർച്ചയായും ശ്രമിക്കും. ഇവിടെ നിക്ഷേപകൻ എന്ന നിലയിൽ നിങ്ങൾ പിന്തുടരുന്ന അതേ രീതി തന്നെയാണ് പൊതുമേഖല സ്ഥാപനങ്ങളുടെ കാര്യത്തിൽ ഗവൺമെന്റ് കൈക്കൊള്ളുന്നത്. അതായത് ഒരു പൊതുമേഖല സ്ഥാപനം നഷ്ടത്തിലാകുവാൻ കാത്തിരിക്കാതെ ലാഭത്തിൽ പ്രവർത്തിക്കുന്ന സമയത്ത് തന്നെ ആ സ്ഥാപനത്തിന്റെ ഓഹരികൾ വിറ്റഴിക്കുകയാണെങ്കിൽ ഗവൺമെന്റിന് കൂടുതൽ വരുമാനം നേടുവാനുള്ള അവസരമാണ് ലഭിക്കുന്നത്.

public-sector-companies

തങ്ങളുടെ നിക്ഷേപത്തിന് ഉയർന്ന മൂല്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് തന്നെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടം സഹിച്ചും പ്രവർത്തിപ്പിക്കണം എന്ന പൊതുവികാരം സമൂഹത്തിൽ നിലനിൽക്കുന്നത് തീർത്തും വൈരുദ്ധ്യമായ കാര്യമാണ്. സാമ്പത്തികപരമായി ചിന്തിക്കുമ്പോൾ ഒരു കമ്പനി വില്പന നടത്തി വരുമാനം നേടേണ്ടത് ആ കമ്പനി ലാഭത്തിൽ പ്രവർത്തിക്കുന്ന സമയത്താണ് മറിച്ച് നഷ്ടത്തിലാകുമ്പോൾ അല്ല.

ഓഹരി വിറ്റഴിക്കുക എന്നാൽ എന്താണ്

ഒരു പൊതുമേഖല സ്ഥാപനത്തിന്റെ ഓഹരി വിറ്റഴിക്കുന്ന വാർത്ത പുറത്തുവരുമ്പോൾ സാധാരണക്കാരായ വ്യക്തികൾ ചിന്തിക്കുന്നത് ആ സ്ഥാപനം പൂർണ്ണമായി അദാനിയേയും അംബാനിയേയും പോലെയുള്ള ധനികർക്ക് കുറഞ്ഞ വിലയിൽ വിൽക്കുന്നു എന്ന തരത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങളെല്ലാം ഇത്തരത്തിൽ പൂർണ്ണമായി സ്വകാര്യവൽക്കരിക്കപ്പെടുന്നു എന്നത് തീർത്തും തെറ്റായ ധാരണയാണ്. ഇവിടെ നാം മനസ്സിലാക്കേണ്ടത് ഓഹരി വിപണിയിലൂടെ മാത്രമേ ഒരു കമ്പനിയുടെ ഓഹരികൾ വ്യാപാരം ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന വസ്തുതയാണ്.

ഒരു കമ്പനിയുടെ ഓഹരി ഇനീഷ്യൽ പബ്ലിക് ഓഫറിങ് അല്ലെങ്കിൽ ഐ പി ഒ മുഖേന വിറ്റഴിക്കുന്ന അവസരത്തിൽ ഓഹരികൾ ആദ്യം ലഭ്യമാകുന്നത് പ്രൈമറി മാർക്കറ്റിൽ ആണ്. ഓഹരികൾ പ്രൈമറി മാർക്കറ്റിൽ ലഭ്യമാകുന്ന അവസരത്തിൽ വൻകിട നിക്ഷേപകർക്കും സാധാരണക്കാരായ വ്യക്തികൾക്കും ഓഹരികൾ സ്വന്തമാക്കുവാനുള്ള അവസരം നിലവിലുണ്ട്. കൃത്യമായ നിബന്ധനകൾ പാലിച്ചു മാത്രമേ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പ്രൈമറി മാർക്കറ്റിലൂടെ ഓഹരികൾ സ്വന്തമാക്കുവാൻ സാധിക്കുകയുള്ളൂ. മൊത്തം ഓഹരിയുടെ നിശ്ചിത ശതമാനം ചെറുകിട നിക്ഷേപകർക്കും വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്കുമായി വ്യക്തമായി വീതിച്ച് നൽകിയിട്ടുണ്ട്.

selling-public-sector-companies

ഒരു കമ്പനിയുടെ ഓഹരികൾ വിറ്റഴിക്കുമ്പോൾ ആ ഓഹരികൾ സ്വന്തമാക്കുക വഴി ഏതൊരു സാധാരണക്കാരനും ആ കമ്പനിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നു എന്നതാണ് വാസ്തവം. പ്രൈമറി മാർക്കറ്റിലൂടെ ഓഹരികൾ സ്വന്തമാക്കുവാനുള്ള ആവശ്യക്കാരുടെ എണ്ണം അധികമാണെങ്കിൽ നറുക്കെടുപ്പിലൂടെയാണ് നിക്ഷേപകർക്ക് ഓഹരികൾ ലഭ്യമാകുന്നത്.

ഇത്തരത്തിൽ ലഭിക്കുന്ന ഓഹരികൾ സെക്കൻഡറി മാർക്കറ്റിൽ അതായത് സാധാരണഗതിയിൽ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്ന ഓഹരി വിപണിയിൽ നിക്ഷേപകർക്ക് വ്യാപാരം ചെയ്യാൻ സാധിക്കുന്നതാണ്. വ്യക്തികൾക്ക് പണത്തിന് ആവശ്യം വരുമ്പോൾ അവരുടെ വ്യത്യസ്ത തരത്തിലുള്ള നിക്ഷേപങ്ങൾ വിറ്റഴിച്ചുകൊണ്ട് ആവശ്യങ്ങൾക്കായി പണം കണ്ടെത്തുന്നത് പോലെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഗവൺമെന്റിന് പണം കണ്ടെത്തുവാനായി ഗവൺമെന്റിന്റെ പക്കലുള്ള സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നത് വഴി സാധിക്കുന്നു.

ഒരു കമ്പനിയുടെ 50 ശതമാനത്തിലേറെ ഓഹരികൾ ഗവൺമെന്റിന്റെ കൈവശം ആണെങ്കിൽ അങ്ങനെയുള്ള കമ്പനികളെ പൊതുമേഖല കമ്പനികളായി തന്നെ കണക്കാക്കേണ്ടതുണ്ട്. ഗവൺമെന്റിന്റെ കീഴിലുള്ള കമ്പനികളുടെ നിശ്ചിത ശതമാനം വിറ്റഴിച്ചുകൊണ്ട് ഗവൺമെൻറ് വരുമാനം കണ്ടെത്തുമ്പോൾ അത്തരം കമ്പനികൾ പൂർണ്ണമായും സ്വകാര്യവൽക്കരിക്കപ്പെട്ടു എന്ന ധാരണ തീർത്തും തെറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *