early-retirement-enjoying-life-with-family

Sharing is caring!

60 അല്ലെങ്കിൽ 65 വയസ്സ് വരെ ജോലി ചെയ്യുകയും അതിനുശേഷം റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവേ നമ്മുടെ സമൂഹത്തിൽ കാണുവാൻ കഴിയുന്നത്. അമേരിക്കയിൽ ആരംഭിച്ച് ലോകം മുഴുവൻ എത്തിയിരിക്കുന്ന ഫയർ മൂവ്മെൻറ് അഥവാ ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് റിട്ടയർ ഏർലി എന്ന ആശയം അറുപതിന് ശേഷമുള്ള റിട്ടയർമെന്റ് എന്ന സമ്പ്രദായകമായ ചിന്തയിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.

35 വയസ്സിലോ 40 വയസ്സിലോ റിട്ടയറായതിനുശേഷം ബാക്കിയുള്ള ജീവിതം കുടുംബവുമൊത്ത് ആസ്വദിച്ച് ജീവിക്കുന്ന രീതിയാണ് ഫയർ മൂവ്മെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുവാൻ ആവശ്യമുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടത് ഉയർന്ന ബുദ്ധിശേഷിയോ കഠിനാധ്വാനമോ അല്ല മറിച്ച് സാമ്പത്തിക അച്ചടക്കമാണ്.

ഫയർ പ്രസ്ഥാനം ഒരു ആശയം എന്നതിലുപരിയായി അമേരിക്കയിലും യൂറോപ്പിലും ഒട്ടേറെ മനുഷ്യർ അവരുടെ ജോലിയിൽ നിന്ന് തന്നെ നേടിയെടുക്കുന്ന കാര്യമാണ്. ഉയർന്ന ശമ്പളമുള്ള ജോലിയോ, ഉയർന്ന വരുമാനം നൽകുന്ന ബിസിനസ്സോ, പാരമ്പര്യ സ്വത്തോ ഇല്ലെങ്കിൽ പോലും കൃത്യമായ ആസൂത്രണത്തിലൂടെയും അച്ചടക്കത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും ഏതൊരു സാധാരണക്കാരനും സാമ്പത്തിക സ്വാതന്ത്ര്യം നേടുവാൻ സാധിക്കും. ഉയർന്ന വരുമാനം ഉണ്ടായിട്ടും പല വ്യക്തികളും സാമ്പത്തികമായി മെച്ചപ്പെടാത്തത് സമയത്തിന്റേയും അച്ചടക്കത്തിന്റേയും അഭാവം മൂലം മാത്രമാണ്.

man-planning-retirement

നേരത്തെയുള്ള റിട്ടയർമെന്റിന് ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഘടകം എന്നത് മൂന്ന് പേഴ്സന്റ് റൂൾ നടപ്പിലാക്കുവാനുള്ള ആ വ്യക്തിയുടെ സാമ്പത്തിക സാഹചര്യമാണ്. അതായത് ഒരു വ്യക്തി റിട്ടയർ ചെയ്യുമ്പോൾ ആ വ്യക്തിയുടെ കൈവശമുള്ള ആകെ തുകയുടെ 3 ശതമാനം ഉപയോഗിച്ച് ആ വ്യക്തിക്ക് തന്റെ ഒരു വർഷത്തെ ആകെ ചെലവ് നടത്തുവാൻ സാധിക്കണം. ഇത്തരത്തിലുള്ള വലിയൊരു തുക നിങ്ങൾക്ക് സമാഹരിക്കാനായാൽ സാമ്പത്തിക ഭദ്രതയുള്ള ഒരു റിട്ടയർമെന്റ് ജീവിതം സാധ്യമാണെന്നാണ് ഈ നിയമം പറയുന്നത്.

സാമ്പത്തിക സ്വാതന്ത്ര്യം എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുവാൻ നാം അറിഞ്ഞിരിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്, ഒന്നാമത്തെ കാര്യം വരുമാനത്തിൽ നിന്ന് ചെലവുകൾ നടത്തിയതിനു ശേഷം നീക്കിയിരിപ്പായി പണം മാറ്റിവയ്ക്കുന്നതിന് പകരമായി വരുമാനത്തിൽ നിന്ന് ആവശ്യമുള്ള നീക്കിയിരിപ്പുകൾ കണ്ടെത്തിയതിന് ശേഷം മാത്രം പണം ചെലവാക്കാൻ ശ്രമിക്കുക.

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നമ്മെ എത്തിക്കുന്ന രണ്ടാമത്തെ കാര്യം എന്നത് കോമ്പൗണ്ടിംഗ് എഫക്ട് ആണ്. നിക്ഷേപിക്കുന്ന തുക, നിക്ഷേപത്തിന് ലഭിക്കുന്ന ലാഭ ശതമാനം എന്നിവയെക്കാൾ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന നേട്ടത്തിനെ സ്വാധീനിക്കുന്ന ഘടകം എന്നത് എത്ര കാലയളവ് നിക്ഷേപം തുടർന്നു എന്നതാണ്. ഒരു ലളിതമായ ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കുവാൻ ശ്രമിക്കാം.

ഒരു വ്യക്തി മാസംതോറും പതിനായിരം രൂപ വീതം 15 ശതമാനം നേട്ടം ലഭിക്കുന്ന തരത്തിൽ 35 വർഷത്തേക്ക് നിക്ഷേപിച്ചാൽ നിക്ഷേപ കാലയളവിന് ശേഷം ആ വ്യക്തിക്ക് ലഭ്യമാകുന്ന തുക 15 കോടിക്ക് അടുത്താണ് . ഈ വ്യക്തി തന്റെ നിക്ഷേപം 15 ശതമാനം നേട്ടത്തിൽ അടുത്ത അഞ്ചു വർഷത്തേക്ക് കൂടി തുടരുകയാണെങ്കിൽ നിക്ഷേപ കാലയളവിന് ശേഷം ആ വ്യക്തിക്ക് ലഭിക്കുന്ന തുക 31 കോടിയിൽ അധികമാണ്. അതായത് അഞ്ചു വർഷം അധികം നിക്ഷേപം തുടർന്നപ്പോൾ ആ വ്യക്തിക്ക് ഇരട്ടിയിൽ അധികം നേട്ടമാണ് ലഭിക്കുന്നത്. ഇവിടെ കോമ്പൗണ്ടിങ്ങിന്റെ മാന്ത്രികതയാണ് നമുക്ക് കാണുവാൻ കഴിയുന്നത്. കുറച്ചധികം വർഷങ്ങൾ ക്ഷമയോടെ കാത്തിരിക്കുന്ന വ്യക്തികൾക്ക് വലിയ നേട്ടമാണ് നിക്ഷേപത്തിലൂടെ ലഭ്യമാകുന്നത്.

സാമ്പത്തിക സ്വാതന്ത്ര്യം നേടുവാനായി നിങ്ങൾ പിന്തുടരേണ്ട 5 കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ലോണുകളോട് ‘നോ’ പറയുക

നിങ്ങൾക്ക് ലോണുകളോ മറ്റു കടങ്ങളോ ഉണ്ടായിരിക്കരുത്, അഥവാ നിങ്ങൾക്ക് ലോണുകളോ കടങ്ങളോ ഉണ്ടെങ്കിൽ അവ വീട്ടുന്നതിനായിരിക്കണം നിങ്ങൾ പ്രഥമ പരിഗണന നൽകേണ്ടത്. ഏതു ആവശ്യത്തിനും രണ്ടാമതൊന്ന് ചിന്തിക്കാതെ ലോണുകളെ ആശ്രയിക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കിൽ ആ ശീലം തീർച്ചയായും ഒഴിവാക്കുവാൻ ശ്രമിക്കുക. വരവ് ചെലവുകൾ കൃത്യമായി മനസ്സിലാക്കി പെട്ടെന്ന് ഉണ്ടാകുന്ന ആവശ്യങ്ങൾക്കായി നീക്കിയിരിപ്പ് സൃഷ്ടിക്കാനായി ശ്രമിക്കേണ്ടതുണ്ട്. നിലവിലുള്ള കടങ്ങൾ പൂർണ്ണമായി ഒഴിവാക്കുവാനായി നിങ്ങളുടെ വരുമാനത്തിനനുസരിച്ച് പ്രായോഗികമായ പദ്ധതികൾ ആവിഷ്കരിക്കുകയും വേണം.

ചെലവുകൾ കുറയ്ക്കുക

man-preparing-budget-doing-calculations

ചെലവുകൾ കുറയ്ക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ കാര്യങ്ങളിലും അനാവശ്യമായ പിശുക്ക് കാണിക്കുക എന്നല്ല മറിച്ച് അടിസ്ഥാനപരമായി ആവശ്യമുള്ള കാര്യങ്ങൾ ചെയ്തതിനു ശേഷം അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക എന്നതാണ്. വസ്ത്രങ്ങൾ, പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കായി അനാവശ്യമായി പണം ചെലവഴിക്കാതിരിക്കുക. മദ്യപാനം, പുകവലി അമിതമായ ഹോട്ടൽ ഭക്ഷണം, തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുന്നത് പണം ലാഭിക്കുന്നതിനോടൊപ്പം ആരോഗ്യപരിപാലനത്തിനും സഹായിക്കുന്നു.

വരുമാനം വർദ്ധിപ്പിക്കുക

വ്യക്തിജീവിതത്തിന് ആവശ്യമായ ചെലവുകൾ കുറയ്ക്കുന്നതിന് പരിമിതികൾ ഉണ്ട്. 60 വർഷം ജീവിക്കാൻ ആവശ്യമായ തുക കണ്ടത്തിയതിനു ശേഷം മാത്രം റിട്ടയർ ചെയ്യുക എന്നതാണ് ഫയർ മൂവ്മെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യക്തികൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനത്തോളം നീക്കിവെച്ചുകൊണ്ട് വളരെ നേരത്തെയുള്ള റിട്ടയർമെന്റ് നടപ്പിലാക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. ഫയർ മൂവ്മെന്റിന്റെ ഭാഗമായി വളരെ കുറഞ്ഞ കാലയളവിൽ റിട്ടയർമെന്റിന് ആവശ്യമായ പണം കണ്ടെത്തുവാൻ വരുമാനം വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത്യന്തികമായി ഒരു വ്യക്തി വരുമാനം വർദ്ധിപ്പിക്കേണ്ടത് ആ വ്യക്തിക്ക് ചെയ്യാനാകുന്ന പ്രവർത്തികളുടെ മൂല്യ വർദ്ധനവിലൂടെയാണ്. ഒരു വ്യക്തിക്ക് കഠിനാധ്വാനത്തിലൂടെയും, വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിലൂടെയും മൂല്യ വർദ്ധനവ് സൃഷ്ടിക്കുവാൻ സാധിക്കും.

നിങ്ങൾ ഒരു ജോലി ചെയ്യുന്ന വ്യക്തിയാണെങ്കിൽ മികച്ച രീതിയിൽ ആ ജോലി ചെയ്യുക, ഫ്രീലാൻസ് ജോലികൾ ചെയ്യുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ കൂടുതൽ ജോലി ചെയ്യാൻ ശ്രമിക്കുക, മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കാൻ ശ്രമിക്കുക, ഓവർ ടൈം ജോലി ചെയ്യുവാനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുക, വാടക വരുമാനം ലഭിക്കുവാൻ സാധ്യതയുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തുക, ഒഴിവു സമയങ്ങളിൽ ചെയ്യാനാകുന്ന മറ്റു ജോലികൾ കണ്ടെത്തുക, എന്നിങ്ങനെ കൂടുതൽ വരുമാനം നേടുവാനുള്ള എല്ലാ മാർഗ്ഗങ്ങളും കൃത്യമായി ഉപയോഗിക്കുക.

നിങ്ങളുടെ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ നിങ്ങളാൽ കഴിയാവുന്നതിന്റെ പരമാവധി വരുമാനം നേടുവാൻ ശ്രമിക്കുക. അങ്ങനെ കഠിനാധ്വാനം ചെയ്തുകൊണ്ട് നേടുന്ന വരുമാനം ഉപയോഗിച്ച് ശിഷ്ടകാലം സമാധാനപൂർണ്ണമായ ഒരു ജീവിതം നയിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. ഏക വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിക്കാതെ നിങ്ങളാൽ കഴിയുന്ന മറ്റൊരു വരുമാന സ്രോതസ്സ് കണ്ടെത്തിയാൽ മാത്രമേ വിലക്കയറ്റത്തെ തരണം ചെയ്യുവാനും സാമ്പത്തിക സ്വാതന്ത്ര്യം നേടുവാനും സാധിക്കുകയുള്ളൂ.

പണത്തിന് വളരുവാനുള്ള അവസരങ്ങൾ നൽകുക

മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങളും കൃത്യമായി പിന്തുടരുന്ന വ്യക്തികളിൽ പലരും ശ്രമിക്കാത്ത കാര്യമാണ് അവരുടെ കൈവശമുള്ള പണം കൃത്യമായി വളർത്തിയെടുക്കുക എന്നത്. കൈവശമുള്ള പണം എഫ് ഡിയായും, ആർ ഡിയായും പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും നിക്ഷേപിക്കുമ്പോൾ വിലക്കയറ്റത്തെ തരണം ചെയ്യുവാനുള്ള നേട്ടം ലഭിക്കാത്തതിനാൽ തന്നെ പണത്തിന് വളരുവാനുള്ള അവസരമാണ് നാം ഇല്ലാതാക്കുന്നത്.

നിങ്ങളുടെ പണം വളർന്ന് കൂടുതൽ പണം സൃഷ്ടിക്കുമ്പോഴാണ് നിങ്ങൾ സമ്പന്നനായി മാറുന്നത്. അതിനാൽ തന്നെ വിപണിയിലെ പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതൽ നേട്ടം നൽകാനാകുന്ന നിക്ഷേപ സാധ്യതകൾ കണ്ടെത്തി നിക്ഷേപിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉയർന്ന നേട്ടം നൽകുവാൻ ആകുന്ന ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ മികച്ച നിക്ഷേപ സാധ്യതകൾ കണ്ടെത്തി നിക്ഷേപിക്കാൻ ശ്രമിക്കുക. ഏത് നിക്ഷേപ മാർഗ്ഗത്തെ ആശ്രയിച്ചാലും അവിടെ ബാധകമായ നഷ്ട സാധ്യതയും, പ്രതീക്ഷിക്കുന്ന നേട്ടവും, സുരക്ഷിതത്വവും പരിഗണിച്ച് വേണം നിക്ഷേപിക്കാനുള്ള തീരുമാനങ്ങൾ എടുക്കാൻ.

ലൈഫ് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകുക

എല്ലാ വ്യക്തികളും അവരവരുടെ കുടുംബത്തെ സംരക്ഷിക്കുക എന്നത് പരമപ്രധാനമായി കണക്കാക്കുന്ന കാര്യമാണ്. എന്നിരുന്നാലും നല്ലൊരു ശതമാനം വ്യക്തികളും ലൈഫ് ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാകുവാൻ ശ്രമിക്കാറില്ല. ലൈഫ് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകുന്നവരിൽ ബഹുഭൂരിപക്ഷവും ക്ലെയിമുകൾ ഇല്ലാതെ ഒരു നിശ്ചിത കാലാവധിക്ക് ശേഷം നിക്ഷേപിച്ച തുക ബോണസ് ഉൾപ്പെടെ തിരികെ ലഭിക്കുന്ന എൻഡോവ്മെന്റ് ഇൻഷുറൻസ് പദ്ധതികൾ ആണ് തെരഞ്ഞടുക്കുന്നത്.

term-insurance-for-family

ഒരു നിക്ഷേപമെന്ന നിലയിൽ കൂടി ലൈഫ് ഇൻഷുറൻസ് പദ്ധതികളെ സമീപിച്ച് എൻഡോമെന്റ് ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാകുമ്പോൾ അവിടെ ലഭ്യമാകുന്ന കവറേജ് താരതമ്യേന കുറവായിരിക്കും. സാധാരണക്കാരായ വ്യക്തികൾ 10 മുതൽ 15 ലക്ഷം രൂപ കവറേജ് വരുന്ന എൻഡോമെന്റ് ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാവുകയാണ് ചെയ്യുന്നത്. ഒരു വ്യക്തിക്ക് ജീവഹാനി സംഭവിച്ചാൽ ആ വ്യക്തിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് തുടർന്നുള്ള ജീവിതകാലഘട്ടത്തിൽ സാമ്പത്തിക ആശ്രയമായി മാറുവാൻ മേൽപ്പറഞ്ഞ തുക മതിയാവുകയില്ല.

തങ്ങളുടെ അഭാവത്തിലും കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകരാതിരിക്കുവാൻ ചെറിയ പ്രീമിയത്തിൽ വളരെ വലിയ തുക കവറേജ് ലഭിക്കുന്ന ടേം ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാകുവാനാണ് നാം ശ്രമിക്കേണ്ടത്. ചെറിയ പ്രീമിയത്തിൽ വലിയ തുക കവറേജ് ലഭിക്കുന്നതിനാൽ തന്നെ ഇത്തരം പദ്ധതിയിൽ പ്രീമിയമായി അടയ്ക്കുന്ന തുക തിരികെ ലഭിക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പ്രവാസികൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ

നമ്മുടെ നാട്ടിൽ ജീവിക്കുന്ന സാധാരണ വ്യക്തികളെക്കാൾ പ്രവാസികൾക്ക് നിക്ഷേപ പദ്ധതികളിൽ ഏർപ്പെടുവാൻ ചില നിയന്ത്രണങ്ങൾ നിലവിലുണ്ട്.…

മണി മാനേജ്മെന്റ് കുട്ടികൾക്ക് പകർന്നു നൽകാം : ലളിതമായ വഴികളിലൂടെ

ഇന്നത്തെ കാലത്ത് കുട്ടികളെല്ലാം തന്നെ അക്കാദമികമായി മികച്ച നിലവാരം പുലർത്തുന്നവർ ആണെങ്കിലും തൊഴിലില്ലായ്മ നിരക്ക് വളരെ…

പണപ്പെരുപ്പം നിക്ഷേപകരെ ബാധിക്കുന്നത് എങ്ങനെയാണ്

സമൂഹത്തിലെ ഇടത്തരക്കാരായ മനുഷ്യരുടെ ജീവിതത്തിൻറെ താളം തെറ്റിക്കുന്ന പ്രധാനപ്പെട്ട വില്ലനായി പണപ്പെരുപ്പം അല്ലെങ്കിൽ വിലക്കയറ്റം എന്ന…

ജീവിത വിജയത്തിന് ആവശ്യമായ നല്ല ശീലങ്ങൾ

ശീലങ്ങളെക്കുറിച്ച് അരിസ്റ്റോട്ടിലിന്റെ  വാക്കുകൾ ഇങ്ങനെയാണ് “ഒരു മനുഷ്യൻ ചെയ്യുന്ന 95 ശതമാനം കാര്യങ്ങളും അവൻറെ ശീലങ്ങളിൽ…