teach-child-value-of-money

Sharing is caring!

കുട്ടികളെ അവരുടെ ചെറിയ പ്രായത്തിൽ തന്നെ പണത്തെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ ജീവിതത്തിലുടനീളം പണവുമായി ബന്ധപ്പെട്ട മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഈ അറിവുകൾ അവരെ പ്രാപ്തരാക്കും. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുവാൻ കുട്ടികൾ പഠിക്കേണ്ടത് അവരുടെ വീട്ടിൽ നിന്ന് തന്നെയാണ്. ഇത്തരം അറിവുകൾ കുട്ടികളുടെ ജീവിത വിജയത്തിന് ശക്തി പകരുന്ന അടിത്തറ ആണെന്ന് തന്നെ പറയാനാകും. മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികൾക്ക് തീർച്ചയായും പകർന്നു നൽകേണ്ട ചില അറിവുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

പണത്തെക്കുറിച്ച് കുട്ടികളുമായി സംസാരിക്കുക

സാധാരണ ജീവിതത്തിൽ ദിവസേന നടക്കുന്ന പണമിടപാടുകളെ കുറിച്ച് കുട്ടികളോട് സംസാരിക്കുക. ചെറിയ പണമിടപാടുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പണം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അവരെ ബോധ്യപ്പെടുത്തുക.

journey-of-rich-advising-child

ഉദാഹരണത്തിന് നിങ്ങൾ കടയിൽ സാധനം വാങ്ങുവാൻ പോകുമ്പോൾ അവരെ ഒപ്പം കൂട്ടുക. സാധനങ്ങളുടെ ബില്ല് അവരെ കാണിക്കുകയും പണമിടപാടുകൾ നടത്തുന്നത് എങ്ങനെയാണെന്ന് അവരെ പഠിപ്പിക്കുവാനും ശ്രമിക്കുക. കുട്ടികൾക്ക് താല്പര്യമുള്ള ഒരു കളിപ്പാട്ടമോ, പുസ്തകമോ വാങ്ങുവാനായി പണം മാറ്റിവയ്ക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞു കൊടുക്കുക. പലയിടങ്ങളിലായി വില വിവരങ്ങൾ തിരക്കുവാനും ഏറ്റവും ലാഭകരമായി സാധനങ്ങൾ വാങ്ങുന്നത് എങ്ങനെയെന്നും കുട്ടികൾക്ക് കാണിച്ചു കൊടുക്കുക.

പ്രായോഗിക തലത്തിൽ പണത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുവാൻ മേൽപ്പറഞ്ഞ കാര്യങ്ങൾ ഉപകരിക്കും. നിങ്ങളുടെ കുട്ടികൾക്ക് പണത്തിന്റെ ലോകത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുവാൻ ഇത്തരം അനുഭവങ്ങൾ മുതൽക്കൂട്ടാകും. അങ്ങനെ അവർക്ക് ഭാവിയിൽ സ്വന്തം നിലയ്ക്ക് മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയും ചെയ്യും.

പണപ്പെട്ടി തയ്യാറാക്കി നൽകുക

പണം നീക്കിയിരിപ്പായി മാറ്റിവയ്ക്കുക എന്നത് ഒരു വിത്ത് നടന്നത് പോലെയാണ്. ഒരു മഞ്ഞു കട്ട കുന്നിൽ നിന്ന് താഴേക്ക് ഉരുണ്ടു വന്നുകൊണ്ടിരിക്കുമ്പോൾ അത് വലുതാകുന്നത് പോലെയാണ് നീക്കിയിരിപ്പായി മാറ്റിവയ്ക്കുന്ന പണം സമയത്തിന് അനുസരിച്ച് വളരുന്നത്.

മാതാപിതാക്കൾ കുട്ടികൾക്ക് ഒരു പണപ്പെട്ടി നൽകുവാൻ തയ്യാറാവുക.  മനോഹരമായ ഒരു പണപ്പെട്ടി കാണുമ്പോൾ തന്നെ അതിൽ പണം സൂക്ഷിക്കുവാൻ കുട്ടികളിൽ ആഗ്രഹം ഉടലെടുക്കും. പണം നീക്കിയിരിപ്പായി മാറ്റിവയ്ക്കുന്നതിന്റെ ഗുണങ്ങൾ കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക. ചെറിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് പണം സൂക്ഷിച്ചുവെക്കുവാൻ കുട്ടികൾക്ക് പ്രോത്സാഹനം നൽകുക.

money-saving-habits-in-children

ഉദാഹരണത്തിന് ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ കളിപ്പാട്ടങ്ങളോ, പുസ്തകങ്ങളോ മുതലായവ വാങ്ങാനായി പണം മാറ്റി വയ്ക്കുവാൻ പ്രേരിപ്പിക്കുക. ഈ കുട്ടികൾ വളർന്നു വരുന്നതിനനുസരിച്ച് അവരുടെ സമ്പാദ്യ ശീലം വളർത്തിയെടുക്കുവാൻ ശ്രദ്ധിക്കണം. ഇത്തരത്തിൽ അവരുടെ ഭാവി വിദ്യാഭ്യാസത്തിനു പോലും ഉപയോഗപ്പെടുന്ന രീതിയിൽ ഒരു നിക്ഷേപം സൃഷ്ടിച്ചെടുക്കുവാൻ സാധിക്കുന്നതാണ്.

കുട്ടികൾ വളർന്നു വരുന്നതിനനുസരിച്ച് മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുള്ള നിക്ഷേപ മാർഗങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ അവർക്ക് നൽകേണ്ടതായിട്ടുണ്ട്. നിക്ഷേപം നടത്തുന്നതിന്റെ ഗുണങ്ങളും വ്യത്യസ്ത നിക്ഷേപ മാർഗങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും വിവരിച്ച് കൊടുക്കുക. അങ്ങനെ സാമ്പത്തിക സാക്ഷരത നേടി വളരുന്ന കുട്ടികൾ ഭാവിയിൽ സ്വന്തം നിലയിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുമെന്ന് ഉറപ്പാണ്.

പണത്തെ കുറിച്ച് പഠിപ്പിക്കുവാൻ പണം നൽകാം

കൃത്യമായ ഇടവേളകളിൽ പോക്കറ്റ് മണിയായി ഒരു നിശ്ചിത തുക കുട്ടികൾക്ക് നൽകുക. അതായത് ചെറുതാണെങ്കിലും ഒരു വരുമാനം തനിക്കുണ്ടെന്ന് കുട്ടികൾക്ക് തോന്നലുണ്ടാവണം.

ലഭിക്കുന്ന ചെറിയ തുക ആ കുട്ടിയുടെ പല ആവശ്യങ്ങൾക്കായി വീതിച്ച് ഉപയോഗിക്കുവാനും ആ തുകയുടെ നിശ്ചിത ശതമാനം സൂക്ഷിച്ചു വെക്കുവാനും പ്രേരിപ്പിക്കുക. ഉദാഹരണത്തിന് തുകയുടെ ഒരു ഭാഗം കുട്ടിക്ക് ഇഷ്ടമുള്ള എന്തെങ്കിലും വാങ്ങുവാൻ കൂട്ടിവയ്ക്കാം, കുറച്ചുഭാഗം കൂട്ടുകാരുമായി ചേർന്ന് ചെലവഴിക്കാം ബാക്കി നീക്കിയിരിപ്പായി മാറ്റിവയ്ക്കാം. അങ്ങനെ പലവിധ കാര്യങ്ങൾക്കായി ലഭ്യമായ പണം ആസൂത്രണം ചെയ്ത് ഉപയോഗിക്കുമ്പോൾ കുട്ടിയെ ബഡ്ജറ്റിംഗിന്റെ ബാലപാഠം പഠിപ്പിക്കുകയാണ് നാം ചെയ്യുന്നത്.

കുട്ടികൾക്ക് ബാങ്കിംഗ് പരിചയപ്പെടുത്താം

കുട്ടികളുടെ പേരിൽ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുക. ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ചും ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും കുട്ടികളോട് വിവരിക്കുക.

teach-banking-to-child

ഉത്തരവാദിത്വത്തോട് കൂടി പണം ചെലവഴിക്കേണ്ടത് എങ്ങനെയാണെന്നും ബാങ്കിൽ നിന്ന് ലഭ്യമായ സേവനങ്ങൾ എന്തെല്ലാമാണെന്നും കുട്ടികളെ പഠിപ്പിക്കുക. നിക്ഷേപിച്ച തുകയ്ക്ക് പലിശ ലഭിക്കുമ്പോൾ തങ്ങളുടെ നിക്ഷേപം വളരുന്നത് എങ്ങനെയാണെന്ന് കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കുവാൻ സാധിക്കും. ഇതിലൂടെ പ്രായോഗിക തലത്തിൽ എങ്ങനെ പണം വിനിയോഗിക്കണം എന്നതിൻ്റെ അടിസ്ഥാന പാഠങ്ങൾ കുട്ടികൾ ഹൃദിസ്ഥമാക്കുന്നു.

സാമ്പത്തിക കാര്യങ്ങളിൽ പിന്തുടരേണ്ട മൂല്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുക

പണത്തെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് കുട്ടികളുമായി തുറന്ന സംഭാഷണത്തിന് തയ്യാറാവുക. കൂട്ടായ ചർച്ചകളിലൂടെ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുക. പണവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തെക്കുറിച്ചുള്ള സംശയങ്ങളും ചിന്തകളും മാതാപിതാക്കളുമായി ചർച്ച ചെയ്യുവാനുള്ള സാഹചര്യം വീട്ടിൽ സൃഷ്ടിക്കുക.

കൂടാതെ നിങ്ങളുടെ വരുമാനം, നീക്കിയിരിപ്പ്, ചെലവുകൾ എന്നിവയെക്കുറിച്ച് കുട്ടികളുമായി ചർച്ച ചെയ്യുക. ഇങ്ങനെയുള്ള തുറന്ന ചർച്ചകളിലൂടെ കുട്ടികളുടെ മനസ്സിൽ നല്ല സാമ്പത്തിക ശീലങ്ങൾ വളർന്നു വരിക തന്നെ ചെയ്യും.

ക്രിയാത്മകമായി ചിന്തിക്കുവാൻ പ്രേരിപ്പിക്കുക

ഭാവിയിൽ സ്വന്തം ആശയങ്ങൾ പ്രായോഗിക തലത്തിൽ നടപ്പിലാക്കുവാൻ ശേഷിയുള്ള വ്യക്തികളായി കുട്ടികളെ മാറ്റുവാനും സ്വയം സംരംഭകത്വം അവരിൽ വികസിപ്പിക്കുവാനും കുട്ടികളെ ക്രിയാത്മകമായി ചിന്തിക്കുവാൻ പ്രേരിപ്പിക്കുക. അവരുടെ ചിന്തകളെയും കഴിവുകളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്വന്തം സർഗ്ഗശേഷിയിൽ നിന്ന് വരുമാനം കണ്ടെത്തേണ്ടത് എങ്ങനെയാണെന്ന് അവരെ പഠിപ്പിക്കുക. ഉദാഹരണത്തിന് കുട്ടികൾ വരച്ച ചിത്രങ്ങൾ, ക്രാഫ്റ്റ് വർക്കുകൾ അല്ലെങ്കിൽ ട്യൂഷൻ എടുക്കുക വഴി എന്നിങ്ങനെ അവർക്ക് സാധ്യമായ മാർഗ്ങ്ങളിൽ നിന്ന് അവർക്ക് വരുമാനം കണ്ടെത്താവുന്നതാണ്.

സംഗ്രഹം

കുട്ടികളെ പണത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്നത് വളരെ സാവധാനം സാധ്യമാകുന്ന ഒന്നാണ്. നിത്യ ജീവിതത്തിലെ അനുഭവങ്ങളിൽ നിന്ന് വേണം അവർക്ക് ജീവിതത്തിനു മുതൽക്കൂട്ടാവുന്ന കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ. ഉത്തരവാദിത്വമുള്ള ശീലങ്ങൾ വളർത്തിയെടുത്താൽ അവർ മുതിർന്നവരായി മാറുമ്പോൾ അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാക്കി മാറ്റുവാനുള്ള ശേഷി അവർ നേടിയിരിക്കും. അതുകൊണ്ട് കുട്ടികളെ പണത്തെക്കുറിച്ച് തീർച്ചയായും പഠിപ്പിക്കുക. സാവധാനം ആണെങ്കിൽ പോലും അവർ സ്വന്തം നിലയിൽ പണം കൈകാര്യം ചെയ്യുവാൻ പഠിക്കുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സമ്പന്നരുടെ വരുമാന സ്രോതസ്സുകൾ ഏതെല്ലാമാണ്

സാധാരണക്കാരെ അപേക്ഷിച്ചു സമ്പന്നർക്ക് എപ്പോഴും ഒന്നിൽ കൂടുതൽ വരുമാന സ്രോതസ്സുകൾ ഉണ്ടായിരിക്കും. അത്തരത്തിലുള്ള വരുമാന സ്രോതസ്സുകൾ…

നെപ്പോളിയൻ ഹിൽ നൽകുന്ന പാഠങ്ങൾ

സ്വപ്രയത്നത്താൽ സാമ്പത്തികമായി വളരെ ഉയർന്ന നിലയിലെത്തി നിൽക്കുന്നവരിൽ പലരും, സാമ്പത്തിക വിദഗ്ധരായ വ്യക്തികളും, സാമ്പത്തിക രംഗത്തെ…

ലോകത്തിലെ ഏറ്റവും മികച്ച മണി മാനേജ്മെന്റ് രീതി പരിചയപ്പെടാം

സമൂഹത്തിലെ വ്യക്തികളെ അവരുടെ കൈവശമുള്ള പണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി വേർതിരിക്കുവാൻ സാധിക്കും. ആവശ്യത്തിന് പണം…

സാമ്പത്തിക അച്ചടക്കം കൈവരിക്കുവാൻ പിന്തുടരേണ്ട ശീലങ്ങൾ

സാമ്പത്തിക അച്ചടക്കം എന്നത് ഒരു രാത്രി കൊണ്ട് നേടിയെടുക്കുവാൻ ആകുന്ന ഒന്നല്ല. അത് ഒരു ജീവിതരീതി…